PRAVASI

മിണ്ടാതെ മുഖ്യമന്ത്രി; ലഭിച്ച അവസരത്തില്‍ ആഞ്ഞടിച്ച് സിപിഐ; ഭാരതാംബ ചിത്രത്തില്‍ വിവാദം കൊഴുക്കുന്നു

Blog Image

അടിമുടി ആര്‍എസ്എസുകാരനായ രാജേന്ദ്ര ആര്‍ലേക്കര്‍ ഗവര്‍ണറായി കേരളത്തില്‍ എത്തിയതു മുതല്‍ പ്രതീക്ഷിച്ചിരുന്ന വിവാദമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നത്. രാജ്ഭവനിലെ ഔദ്യോഗിക ചടങ്ങില്‍ കാവിക്കൊടി പിടിച്ച ഭാരതാംബയുടെ ചിത്രം സ്ഥാപിച്ചതില്‍ പ്രതിഷേധിച്ച് കൃഷി മന്ത്രി പി പ്രസാദ് ചടങ്ങ് ബഹിഷ്‌കരിച്ചതില്‍ തുടങ്ങിയ വിവാദത്തില്‍ കടുത്ത നിലപാടിലാണ് സിപിഐ. രാജ്ഭവനെ ആര്‍എസ്എസ് കേന്ദ്രമാക്കി എന്ന പ്രചരണമാണ് സിപിഐ നടത്തുന്നത്. കൂടാതെ രാഷ്ട്രപതിക്ക് തന്നെ പരാതി നല്‍കി വിവാദത്തെ ദേശീയ ശ്രദ്ധയിലും എത്തിക്കുന്നുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയും സിപിഎമ്മും ഗവര്‍ണറോട് മൃദുസമീപനം പുലര്‍ത്തുമ്പോഴാണ് സിപിഐയുടെ ഈ കടുത്ത നിലപാട്. ഗവര്‍ണറെ അനാവശ്യമായ പ്രകോപിപ്പിക്കാതെ മുന്നോട്ട് പോകാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനോട് തെറ്റിയതു പോലെ ഒരു പ്രതിസന്ധി മുഖ്യമന്ത്രി ആഗ്രഹിക്കുന്നില്ല എന്നത് വ്യക്തമാണ്. തടവുകാരെ വിടാനുള്ള മന്ത്രിസഭാ തീരുമാനം മടക്കിയും നിയമസ പാസാക്കിയ ബില്‍ പിടിച്ചു വച്ചും ഗവര്‍ണര്‍ പ്രകോപനം സൃഷ്ടിച്ചെങ്കിലും മുഖ്യമന്ത്രി കാര്യമായ പ്രതികരണം നടത്തിയിട്ടില്ല. ആര്‍എസ്എസ് നേതാവിനെ രാജ്ഭവനില്‍ എത്തിച്ച് പ്രഭാഷണ പരമ്പര നടത്തിയിട്ടും വലിയ വിമര്‍ശനം ഒന്നും ഉണ്ടായില്ല.


മുഖ്യമന്ത്രിയുടെ ജന്‍മദിനത്തിന് ക്ലിഫ് ഹൗസില്‍ എത്തി സമ്മാനം നല്‍കി ഗവര്‍ണറും ഒന്നിച്ച് പോകാം എന്ന സന്ദേശം നല്‍കി. അങ്ങനെ മുന്നോട്ടു പോകുന്നതിനിടെയാണ് പൊടുന്നനെയുള്ള ഭാരതാംബ വിവാദം. സിപിഐ ശക്തമായ നിലപാട് എടുത്തതോടെ മുഖ്യമന്ത്രിക്കും പിന്നോട്ട് പോകാന്‍ കഴിയാത്ത അവസ്ഥയായി. അതോടെയാണ് രാജ്ഭവനിലെ സര്‍ക്കാര്‍ പരിപാടി ദര്‍ബാര്‍ ഹാളിലേക്ക് മാറ്റാന്‍ തീരുമാനം എടുത്തത്.

സിപിഐ ഈ വിഷയം വലിയ രീതിയില്‍ ഉയര്‍ത്തി മുന്നോട്ടു പോവുകയാണ്. ഭരണഘടനാ വിരുദ്ധമായ നടപടി സ്വീകരിച്ച ഗവര്‍ണറെ തിരിച്ചു വിളിക്കണമെന്ന ആവശ്യവും സിപിഐ ഉന്നയിച്ചിട്ടുണ്ട്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.