"എന്‍റെ നാരായണാ...മദ്യവിമുക്തമായ കിനാശ്ശേരി; അതായിരുന്നു ഗാന്ധിജി കണ്ട സ്വപ്നം. അതുവല്ലോം ഇവനറിയാമോ?"
'മനസ്സിനക്കരെ' എന്ന സിനിമയില്‍ ഇന്നസെന്‍റ് പറയുന്ന ഈ ഡയലോഗ് ഇപ്പോള്‍ ഓര്‍ക്കുവാന്‍ ഒരു കാരണമുണ്ട്.
'മദ്യവിമുക്തമായ ഒരു കേരളം' സ്വപ്നം കണ്ടുകൊണ്ട് ഒരു അഭിനവ ഗാന്ധി ഇറങ്ങിയിട്ടുണ്ട്-സാക്ഷാല്‍ സുധീരന്‍.
'ധീരാ വീരാ വി.എം. സുധീരാ
ധീരതയോടെ നയിച്ചോളൂ
ലക്ഷം ലക്ഷം പിന്നാലെ...'
എന്‍റെ യൗവനകാലത്ത്, കേരളത്തിലെ കലാലയങ്ങളില്‍ മുഴങ്ങിക്കേട്ട ഒരു മുദ്രാവാക്യമായിരുന്നു അത്. സഖാവ് പിണറായി ഭരിച്ച പത്തു വര്‍ഷക്കാലം, വായില്‍ പഴം തിരുകി നടക്കുകയായിരുന്ന ധീരനായ ഈ വീരന്‍. 'കമാ'ന്നൊരു അക്ഷരം മിണ്ടാന്‍ അന്ന് അങ്ങേര്‍ക്ക് ധൈര്യമില്ലായിരുന്നു. വല്ലതും എതിര്‍ത്തു പറഞ്ഞിരുന്നെങ്കില്‍ വിവരമറിഞ്ഞേനേ!
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ ഭരണത്തുടര്‍ച്ച ഇല്ലാതാക്കിയതും ഇങ്ങേരുടെ 'മദ്യനയം' ആയിരുന്നു. പാവം കുഞ്ഞൂഞ്ഞിനെ ഇയാള്‍ നിലം തൊടീച്ചില്ല.
കോണ്‍ഗ്രസിലെ രണ്ട് കപട ആദര്‍ശവാദികളാണ് അറയ്ക്കല്‍ ആന്‍റണിയും ആലപ്പുഴ സുധീരനും. രണ്ടും കാലഹരണപ്പെട്ട ആശയങ്ങളുമായി ഇടയ്ക്കിടെ വാ തുറക്കും. വെള്ളമടിച്ചിട്ടാണോ ഇവര്‍ ഈ വിഡ്ഢിത്തങ്ങളൊക്കെ വിളമ്പുന്നത് എന്നെനിക്ക് ബലമായ സംശയമുണ്ട്.
ആന്‍റണി, ചാരായം നിരോധിച്ചതു കൊണ്ടാണ് കേരളത്തില്‍ കള്ളവാറ്റും ലഹരി ഉപയോഗവും വര്‍ദ്ധിച്ചത്.
വീര്യം കൂടിയ മദ്യം, വീര്യം കുറഞ്ഞ മദ്യം, അവയ്ക്ക് ഈടാക്കുന്ന നികുതി-ഇതിന്‍റെയൊക്കെ പേരിലാണ് പോര്.
വീര്യം കൂടിയ വീഞ്ഞ് വാറ്റിയെടുക്കുവാന്‍ ഡിസ്റ്റലറി ലൈസന്‍സുള്ള ഒരു ബിഷപ്പും കളത്തിലിറങ്ങിയിട്ടുണ്ട്.
മലയോര കര്‍ഷകരുടെ വോട്ടുകളെല്ലാം തന്‍റെ കുപ്പായക്കീശയിലാണെന്നുള്ള ഒരു ധാരണയാണ് പുള്ളിക്കാരന്. ഇവരൊക്കെ ഏതു ലോകത്താണോ ജീവിക്കുന്നത്? ബിഷപ്പുമാരും സമുദായ നേതാക്കന്മാരും വാറോല ഇറക്കിയാല്‍ വിദ്യാസമ്പന്നരായ വോട്ടര്‍മാര്‍ ചിഹ്നം മാറ്റി കുത്തുമെന്നാണോ ഇവര്‍ കരുതുന്നത്. ആ കാലമൊക്കെ കഴിഞ്ഞുപോയെന്ന് ഇവരെ എങ്ങനെയാണൊന്നു പറഞ്ഞു മനസ്സിലാക്കുക?
കുടിക്കുകയാണെങ്കില്‍ വീര്യം കൂടിയ മദ്യം തന്നെ കുടിക്കണമെന്ന അഭിപ്രായക്കാരനാണ് ഞാന്‍. അടിച്ചങ്ങു പൂക്കുറ്റിയാകണം. വീര്യം കുറഞ്ഞ മദ്യം കഴിച്ച് എന്തു ചെയ്യുവാനാണ്? ഉറുമ്പു കടിക്കുന്നതുപോലെ ഒരു ഫീലിംഗ്. കൈയിലെ കാശ് വെറുതേ കളയാമെന്നു മാത്രം. അതിലും നല്ലത് ഉപ്പിട്ട ഒരു സോഡാനാരങ്ങാവെള്ളം കുടിക്കുന്നതാണ്.
ചരിത്രാതീത കാലം മുതലേ മദ്യത്തിന്‍റെ ഉല്പാദനവും ഉപയോഗവും ഉണ്ടായിരുന്നു. പുരാണങ്ങളിലെല്ലാം ഇതു രേഖപ്പെടുത്തിയിട്ടുണ്ട്.

'കാനായിലെ കല്യാണനാളില്‍
കല്‍ഭരണിയിലെ വെള്ളം
മുന്തിരി നീരായി...' എന്നു ദാസേട്ടന്‍ പാടിയിട്ടുണ്ട്.
"മനോവ്യസനമുള്ളവനു മദ്യം കൊടുക്കുവിന്‍, അവന്‍ കുടിച്ചു തന്‍റെ ദാരിദ്ര്യം മറക്കുകയും തന്‍റെ കഷ്ടം ഇനി ഓര്‍ക്കാതിരിക്കുകയും ചെയ്യട്ടെ" എന്ന് ജ്ഞാനിയായ ശാലോമന്‍ പറഞ്ഞിട്ടുണ്ട്.
വിവാഹസല്‍ക്കാരത്തില്‍ സംബന്ധിച്ചു മടങ്ങുന്ന ഒരു അമേരിക്കന്‍ മലയാളിയോട്, 'എങ്ങനെയുണ്ടായിരുന്നു കല്യാണം' എന്നു ചോദിച്ചാല്‍-
"എന്‍റെ പൊന്നളിയ, ഒന്നും പറയണ്ടാ. അടിപൊളി കല്യാണം, ഇഷ്ടംപോലെ കള്ള്..."
മദ്യത്തിന്‍റെ ലഭ്യതയാണ് വിവാഹസല്‍ക്കാരത്തിന്‍റെ മേന്മയുടെ അളവുകോല്‍.
തങ്ങളുടെ വീട്ടിലെ മുന്തിയ ഇനം മദ്യശേഖര ബാറിന്‍റെ മുന്നില്‍ 'ചിയേഴ്സ്' പറഞ്ഞു ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ഫോട്ടോ പടമാണ് ഇന്നു പലരും 'പ്രൊഫൈല്‍ പിക്ചര്‍' ആയി പോസ്റ്റ് ചെയ്യുന്നത്.
മദ്യം നിരോധിച്ചാലും ഷാപ്പുകള്‍ അടച്ചാലും ബാറുകള്‍ പൂട്ടിയാലും കുടിക്കേണ്ടവന്‍ കുടിച്ചിരിക്കും.
നയാപൈസാ കൈയിലില്ലാതെ, ഭാര്യയെ ഒരു തൊഴിയും തൊഴിച്ച്, പിള്ളേരെ എടുത്തു കിണറ്റിലിട്ട് പുറത്തേക്കു പോകുന്ന മലയാളി, കുടിച്ചു ലക്കുകെട്ടു, നാലുകാലില്‍ തിരിച്ചു വീട്ടിലെത്തുന്നത്, കേരളത്തില്‍ മാത്രം നിലവിലുള്ള ഒരു അത്ഭുത പ്രതിഭാസമാണ്.
കോണ്‍ഗ്രസിന്‍റെ ശത്രുക്കള്‍ എന്നും കോണ്‍ഗ്രസുകാര്‍ തന്നെയാണ്. കസേര കിട്ടാത്തവരെല്ലാം പാരപണിയുമായി തെക്കുവടക്കു നടക്കുകയാണ്.
തരക്കേടില്ലാതെ ആ സതീശന്‍ജി, തട്ടീംമുട്ടീം, ഇടയ്ക്കിടെ ഇംഗ്ലീഷും പേശി ഒരഞ്ചുകൊല്ലം തികച്ചേനേ!
അപ്പോഴാണ് സുധീരനെപ്പോലെ 'എക്സ്പയറി ഡേറ്റ്' കഴിഞ്ഞ ആദര്‍ശധീരന്മാര്‍ വിടുവായത്തം പറഞ്ഞുകൊണ്ട് പത്രസമ്മേളനം നടത്തുന്നത്.
ഒരു പൊടിക്കൊന്നടങ്ങു സുധീരാ-
ആ സതീശന്‍ സാര്‍ തുടങ്ങിയതല്ലേയുള്ളൂ, കുറച്ചു നാളത്തേക്കൊരു സ്വൈര്യം കൊടുക്കൂ... പ്ലീസ്!
വാല്‍ക്കഷണം: "വീഞ്ഞ് ചുവന്ന പാനപാത്രത്തില്‍ മിന്നി ഇമ്പമായി ഇറങ്ങുന്നത് നോക്കരുത്. ഒടുവില്‍ അതു സര്‍പ്പം പോലെ കടിക്കും; അണലി പോലെ വിഷം കുത്തും." ഇതു ദൈവവചനം.
.jpeg)
രാജു മൈലപ്ര

