തടവറകളിലും അവഗണിക്കപ്പെട്ട ഇടങ്ങളിലും പ്രത്യാശയുടെ വെളിച്ചം തെളിയിച്ച പ്രിസൺ ഫെലോഷിപ്പ് ഇന്ത്യയുടെ സ്ഥാപകനായ ഡോ. കുഞ്ഞുമോൻ ചാക്കോയുടെ നിര്യാണത്തിൽ അനുശോചിക്കുന്നു. അദ്ദേഹത്തിന്റെ ആത്മീയ–സാമൂഹിക സേവനങ്ങളെ നന്ദിയോടെ ഓർമ്മിക്കുന്നു.
കോട്ടയം അരീപ്പറമ്പ് ഇൻഡ്യാ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരിയിൽ അധ്യാപനവും ആത്മീയ പരിശീലനവും നൽകിയിരുന്ന അദ്ദേഹം, 1973ൽ കൊൽക്കത്ത പോർട്ട് ഷിപ്പിംഗ് കമ്പനിയിലെ ജോലി രാജിവച്ച് സുവിശേഷ സേവനത്തിലേക്ക് തിരിഞ്ഞു.
തുടർന്ന് സർക്കാർ അനുമതിയോടെ കേരളത്തിലെ ജയിലുകളിൽ പ്രവർത്തനങ്ങൾ ആരംഭിച്ച് തടവുകാരുടെ ഇടയിൽ ജീവിതം സമർപ്പിച്ചു. “പ്രിസൺ ഫെലോഷിപ്പ് ഇന്ത്യ”യുടെ സ്ഥാപകനായ അദ്ദേഹം പിന്നീട് പ്രിസൺ ഫെലോഷിപ്പ് ഇന്റർനാഷണലിന്റെ ഏഷ്യൻ ഡയറക്ടറായും പ്രവർത്തിച്ചു.
തടവുകാരുടെ പുനരധിവാസം, കുടുംബ സംരക്ഷണം, കുട്ടികളുടെ വിദ്യാഭ്യാസം എന്നിവ ലക്ഷ്യമാക്കി ആരംഭിച്ച “പ്രഷ്യസ് ചിൽഡ്രൻ വില്ലേജ്” അദ്ദേഹത്തിന്റെ സാമൂഹിക ദർശനത്തിന്റെ പ്രധാന അടയാളമായി. അരീപ്പറമ്പിൽ ആരംഭിച്ച ഇൻഡ്യാ ബാപ്റ്റിസ്റ്റ് തിയോളജിക്കൽ സെമിനാരി അനേകം ദൈവശാസ്ത്ര വിദ്യാർത്ഥികളുടെ പരിശീലന കേന്ദ്രമായി വളർന്നു.
അദ്ദേഹം പ്രസംഗകനും എഴുത്തുകാരനും സംഘാടകനുമായിരുന്നു. “തടവുകാരന്റെ ഡയറി”, “തടവുകാരെ തേടി” (ആത്മകഥ) തുടങ്ങിയ കൃതികൾ അദ്ദേഹത്തിന്റെ സേവനാനുഭവങ്ങളെ പ്രതിഫലിപ്പിക്കുന്നു.
അദ്ദേഹവുമായി ഉണ്ടായ വ്യക്തിപരമായ ബന്ധം ഇന്നും എന്റെ ഓർമ്മയിൽ നിലനിൽക്കുന്നു. കൊൽക്കത്തയിൽ ഞാൻ താമസിച്ചിരുന്ന കാലത്ത് അദ്ദേഹത്തെ കാണാനും പരിചയപ്പെടാനും എനിക്ക്അവസരങ്ങൾ ലഭിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ രാജു എന്റെ സുഹൃത്തായിരുന്നു .
സുവിശേഷ പ്രവർത്തനത്തിനായി കേരളത്തിലേക്ക് മടങ്ങുന്നതിന് മുൻദിനം അദ്ദേഹം ഞങ്ങളുടെ വീട്ടിൽ വന്നത് ഒരു പ്രത്യേക ഓർമ്മയായി തുടരുന്നു.
അദ്ദേഹത്തിന്റെ കുടുംബത്തിന് സംഗീതത്തോടും ആത്മീയതയോടും ചേർന്ന ഒരു പാരമ്പര്യമുണ്ട്. പ്രശസ്ത ഗായകൻ ബിനോയ് ചാക്കോ അദ്ദേഹത്തിന്റെ സഹോദരനാണ്.
“വിളക്കുകൾ ഇല്ലാത്ത വീഥികളിൽ…”എന്ന ഗാനം അവരുടെ പിതാവ് ആലപിച്ചതാണ് ഞാൻ ഒരു ടേപ്പ് റെക്കോഡിൽ കൂടി കേൾക്കുന്ന ആദ്യ ഗാനം. അത് ഇന്നും മനസ്സിൽ തുളുമ്പി നിലനിൽക്കുന്ന ഒരു ഓർമ്മയാണ്.
സേവനത്തിന്റെയും സമർപ്പണത്തിന്റെയും ഈ ജീവിതം, തടവറകളിലും മറന്നുപോയ മനുഷ്യരിലേക്കും പ്രത്യാശയുടെ വെളിച്ചം പകർന്നിരുന്നു .
അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

DR KUNJUMON CHACKO
.jpg)
ANDREWS ANCHERY

