തിരുവനന്തപുരം: മാസപ്പടിക്കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ റെയ്ഡ് നടത്തി മടങ്ങുന്നതിനിടെ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട കേസിൽ പുതിയ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചു. അഡ്വ. എ. സന്തോഷ് കുമാറിനെയാണ് പ്രോസിക്യൂട്ടറായി നിയമിച്ചിരിക്കുന്നത്. നിലവിലുണ്ടായിരുന്ന പ്രോസിക്യൂട്ടർ ഗീനാ കുമാരിക്ക് പകരമാണ് ഈ നിയമനം. ജൂൺ 29ന് തിരുവനന്തപുരം സെഷൻസ് കോടതിയിൽ കേസ് പരിഗണിക്കുമ്പോൾ സന്തോഷ് കുമാർ പ്രോസിക്യൂഷന് വേണ്ടി ഹാജരാകും.
2011-15 കാലയളവിൽ തിരുവനന്തപുരം ജില്ലാ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു അഡ്വ. എ. സന്തോഷ് കുമാർ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് വേണ്ടിയും ഇദ്ദേഹം പലതവണ കോടതിയിൽ ഹാജരായിട്ടുണ്ട്. കല്ലുവാതുക്കൽ വിഷമദ്യ ദുരന്തം, ചെറിയതുറ വെടിവെപ്പ് തുടങ്ങിയ കേസുകളിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറായി പ്രവർത്തിച്ച പരിചയം ഇദ്ദേഹത്തിനുണ്ട്. കേസിലെ ഒൻപതാം പ്രതി ഹരീഷ് കുമാറിനെ വീണ്ടും കസ്റ്റഡിയിൽ ആവശ്യമില്ലെന്ന് പ്രോസിക്യൂട്ടർ ഗീനാ കുമാരി മുൻപ് കോടതിയെ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. എന്നാൽ, പ്രതിക്ക് ജാമ്യം ലഭിക്കാൻ പ്രോസിക്യൂട്ടർ ഒത്തുകളിച്ചുവെന്ന് അന്വേഷണ സംഘമായ പൊലീസ് ആരോപിച്ചു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം സിറ്റി പൊലീസ് കമ്മീഷണർക്ക് കത്ത് നൽകിയിരുന്നു.
ഗീനാ കുമാരിയെ മാറ്റിക്കൊണ്ടുള്ള ഔദ്യോഗിക ഉത്തരവ് ഇന്ന് വൈകിട്ടോടെ പുറത്തിറങ്ങും. പ്രതികളുടെ ജാമ്യാപേക്ഷയ്ക്കെതിരെ പൊലീസ് ഹൈക്കോടതിയെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ ഈ അപ്പീലിൽ നിലവിലെ പ്രോസിക്യൂട്ടർ ഗീനാ കുമാരിയെക്കൂടി എതിർകക്ഷിയാക്കാനാണ് പൊലീസിന്റെ തീരുമാനം. ഒരു കേസിൽ സ്വന്തം പ്രോസിക്യൂട്ടറെത്തന്നെ എതിർകക്ഷിയാക്കി അപ്പീൽ നൽകുന്നത് നിയമരംഗത്ത് തികച്ചും അസാധാരണമാണ്. ജൂൺ 29ന് ഒൻപതാം പ്രതി ഹരീഷ് കുമാറിന്റെയും പന്ത്രണ്ടാം പ്രതി ലെനിൽ രാജിന്റെയും ജാമ്യാപേക്ഷകളിൽ കോടതി വിശദമായ വാദം കേൾക്കും.

