PRAVASI

ഭൂമിയിലെ കെരൂബുകൾ

Blog Image

കെരൂബുകൾ എന്ന് മലയാളത്തിലും  ചെറുബുകൾ   
എന്ന് ഇംഗ്ലീഷിലും നാം പറയുന്ന , വിശേഷിപ്പിക്കുന്നു മാലാഖ വൃന്ദങ്ങൾ ബൈബിളിൽ പരാമർശിക്കപ്പെടുന്ന ഇവരെ  പരിചയപ്പെടുന്നത് ഉത്പത്തിയുടെ പുസ്തകത്തിലാണ് .
അന്നും ഇന്നും എനിക്ക് ആശയക്കുഴപ്പങ്ങൾ നൽകുന്നതും നല്കിയിരുന്നതും  ഉത്പത്തിയുടെ ആദ്യതാളുകൾ  .
ഏത്ര ആവർത്തി വായിച്ചുകഴിഞ്ഞാലും മനസ്സിലാകാത്ത സൃഷ്ടിയുടെ ആ ഏഴു ദിവസങ്ങൾ.  

വീണ്ടുമൊന്നു ശ്രമിക്കാമെന്നു കരുതിയത് ആകസ്മികമൊന്നുമായിരുന്നില്ല .
ആവശ്യം സൃഷ്ടിയുടെ മാതാവെന്ന മനോഭാവം ഈ വൈകിയവേളയിലെങ്കിലും എന്നിൽ കടന്നു വന്നിരിക്കുന്നു .

ഇപ്പോൾ എനിക്കൊരു കഷ്ടതയുടെ നാളുകൾ വന്നിരിക്കുന്നു . ആഴങ്ങളിൽ നിന്നും ഞാൻ ദൈവത്തെ വിളിച്ചു നിലവിളിച്ചു . മനസിലാകാത്ത ഉത്പത്തിയുടെ പുസ്തകം എന്റെ അകങ്ങളിലേക്കിറങ്ങുന്നിപ്പോൾ .

ആദിയിൽ ഒരു ശുന്യതയുണ്ടായിരുന്നു , ഇതിനോടൊപ്പം രൂപരഹിതമായ ഭൂമിയും .  വെള്ളത്തിന് മുകളിൽ ദൈവത്തിന്റെ ആത്മാവ് ചലിച്ചുകൊണ്ടിരുന്നു എന്നാണ് ഉത്പത്തിയുടെ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത് .
പലതവണ വായിക്കാൻ ശ്രെമിച്ചിട്ടും സാധിക്കാതിരുന്ന ആ വലിയ ദൗത്യം ( ബൈബിൾ പൂർണമായി വായിക്കുവാൻ കഴിഞ്ഞിട്ടില്ല ഇത് വരെ ) ഇത്തവണ സാധിക്കുമെന്ന് കരുതട്ടെ . ദൈവത്തിന്റെ ആത്മാവ് എന്റെ ഉള്ളിൽ ഇപ്പോൾ ചലിക്കുന്നുണ്ടെന്നു പൂര്ണമായിട്ടു വിശ്വസിക്കുന്നു.

നന്മതിന്മകളെ വേർതിരിച്ചറിയാൻ കഴിവുള്ള  ഫലങ്ങൾ  നൽകുന്ന ആ ഒറ്റമരത്തിലുള്ള പഴങ്ങൾ ഭക്ഷിക്കരുതെന്നുള്ള ദൈവത്തിന്റെ ഉത്തരവ്  പാലിക്കാതിരുന്ന   ആദാമിനെയും ഹൗവ്വയെയും  ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കിയ ഉടയതമ്പുരാൻ വീണ്ടുമവർക്കു നൽകി മറ്റൊരു ആജ്ഞ ; " നിങ്ങൾ ഇനി ജീവന്റെ മരത്തിൽ നിന്നും ഭക്ഷിക്കരുതെന്നു"  .

ജീവന്റെ മരത്തിനു കാവൽക്കാരായി അദ്ദേഹം കെരൂബുകളെ സൃഷ്ടിച്ചു .
തിളങ്ങുന്ന മൂർച്ചയുള്ള വാളുകൾ കൈയിലേന്തി നിൽക്കുന്ന കെരൂബുകൾ.  ജീവന്റെ മരത്തിൽ നിന്നും മനുഷ്യൻ ഫലങ്ങൾ ഭക്ഷിക്കാതിരിക്കാനാണ് ഉടയതമ്പുരാൻ ഇത് ചെയ്തതെന്ന്  വിശ്വസിക്കുമ്പോഴും  മനസ്സിൽ ഒരു കൗതുകം .

ഞാൻ ഇവിടെ ആദ്യമായി നിങ്ങളെ പരിചയപ്പെടുത്താൻ ആഗ്രഹിക്കുന്നത് സോഷ്യൽ മീഡിയയിലും വാട്സാപ്പിലൂടെയും നമ്മുടെ ജീവിതത്തെ മാറ്റിമറിക്കാൻ തീവ്രമായി ശ്രമിക്കുന്ന കുറെയധികം പരോപകാരി കെരൂബുകളെയാണ് .
ഇവരിൽ പുരോഹിതരും,  അല്മേനികൾ , മതപണ്ഡിതന്മാർ , കലാകാരൻമാർ സാഹിത്യസാംസ്കാരിക സാമുദായിക നായകന്മാർ , രാഷ്ട്രീയ നേതാക്കന്മാർ  എന്നിവർ ഉൾപ്പെടുന്നു .

ഇവരിൽ നിന്നെല്ലാം വ്യത്യസ്തമായ,
സ്വന്തം ജീവിതത്തിലെ പരാജയങ്ങളുടെ കാരണക്കാർ മറ്റുള്ളവരാണെന്നു സ്വയം വിശ്വസിക്കുന്ന   കെരൂബുകൾ ചിലരെങ്കിലും . ഇവർ വളരെ ഉപദ്രവകാരികൾ . സോഷ്യൽ മീഡിയയിലൂടെയും മറ്റു സൈബർ ഇടങ്ങളിലുമായി   മാരകമായ സയനൈഡ്  
പോലെ  ഇവർ  തങ്ങളുടെ എതിരാളികളേ  നശിപ്പിക്കാൻ ശ്രമിക്കുന്നു .

അഭിനവ  മത മൗലിക  കെരൂബുകൾ

ഇവർ എല്ലാമതവിഭാഗങ്ങളിലുമൂഉണ്ട് . തങ്ങൾ മാത്രമാണ് ശരിയെന്നു സ്ഥാപിക്കാൻ ശ്രമിക്കുന്ന ഇവർ പലപ്പോഴും ബൈബിളെയും , ഖുറാനിലെയും , രാമായണഭഗവത്ഗീതയിലെയും ചിലഭാഗങ്ങൾ അടർത്തിയെടുത്തു സോഷ്യൽ മീഡിയയിലും , വാർത്താമാധ്യമങ്ങളിലൂടെയും തുടർച്ചയായി പ്രചരിപ്പിക്കുന്നു .

പൊതുജനത്തെ പരസ്പരം അകറ്റിനിർത്താൻ മാത്രമേ ഇത്തരം പോസ്റ്റുകൾ സഹായിക്കുകയുള്ളൂ എന്നറിഞ്ഞുകൊണ്ടാണിവർ ഈ സാഹസത്തിനു മുതിരുന്നത് .

സാധാരണ ജനങ്ങൾക്കു ഇത്തരം പോസ്റ്റുകൾ പലപ്പോഴും നൽകുന്നത് ആശയക്കുഴപ്പവും നിസ്സംഗതയും .

പരലോകത്തിൽ ചെല്ലുമ്പോൾ ലഭിക്കാൻ പോകുന്ന സൗഭാഗ്യങ്ങൾ വാഗ്‌ദാനം ചെയ്തുള്ള ഈ പ്രകടനങ്ങളിൽ , നിത്യ ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും വിസ്മരിക്കപ്പെടുന്നു.

പക്ഷെ ദൈവം എന്ന പ്രതിഭാസത്തെ വികൃതമാക്കിയതും മനുഷ്യ കെരൂബുകൾ  തന്നെ . വളരെ സൗകര്യപൂർവം മനുഷ്യൻ അവന്റെ  ഭാവനയിൽ വിരിഞ്ഞ ബിംബങ്ങളെ   , ചേരിതിരിഞ്ഞു ആരാധിക്കാൻ തുടങ്ങി .

സ്വയം ജീവിക്കുകയും മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കുകയും ചെയ്യുക എന്ന പ്രകൃതിയുടെ നിയമം പോലും ഇവർ പാലിക്കുന്നില്ല .

പ്രകൃതിയുടെ നിയമം മനുഷ്യൻ മറക്കുമ്പോൾ , യൂണിവേഴ്സിറ്റികളിൽ ഒരിക്കലും പഠിച്ചിട്ടില്ലാത്ത , എന്തിനും ഏതിനും ഗവേക്ഷണങ്ങൾ ചെയ്തിട്ടില്ലാത്ത മൃഗങ്ങളും പക്ഷികളും ഇപ്പോഴും പ്രകൃതി ആവശ്യപ്പെടുന്നത് പോലെ ജീവിക്കുന്നു .

ഇവിടെയാണ് ചൈനീസ് ചിന്തകനായിരുന്ന  ടാവോയുടെ  ജീവിത വീക്ഷണങ്ങൾക്കു പ്രസക്തിയേറുന്നത് . പ്രകൃതിയും മനുഷ്യനും ഒത്തൊരുമിച്ചു ജീവിച്ചാൽ എത്രയോ മഹായുദ്ധങ്ങൾ നമുക്കൊഴിവാക്കാമായിരുന്നു .  
പിന്നാലെ എഴായിരം വർഷങ്ങൾക്കു ശേഷം  വയലാർ  എഴുതി യേശുദാസ് പാടി
" മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങളും മനുഷ്യനും ദൈവങ്ങളെ സൃഷ്ടിച്ചു
അവർ മണ്ണ് പങ്കിട്ടു "

ഇപ്പോഴും അവർ പങ്കിട്ടുകൊണ്ടേയിരിക്കുന്നു അങ്ങ്   പാലസ്റ്റിനയിലും , ഇസ്രയേയിലും , ഭൂമിയിലെ ഏറ്റവും മനോഹരമായിരുന്ന ലെബനോനിലും , മണ്ണിനെയും പെണ്ണിനേയും .


ഷാരോണിലെ  സുന്ദരിമാരും , വയലിലെ ലില്ലിപ്പൂക്കളും , കരുത്താർന്ന ദേവദാരുവിന്റെ ശാഖകളും ഞെരിഞ്ഞമർന്നു ഒടിഞ്ഞു തകരുന്നു മനുഷ്യനിർമിത ബോമ്പ് സ്പോടനകളിൽ .

ഞാൻ ഇതെഴുതുമ്പോൾ , അങ്ങ് മിഡിൽ ഈസ്റ്റിൽ പോർ വിമാനങ്ങളുടെയും ബാലിസ്റ്റിക് മിസൈലുകളുടെയും ഇരമ്പലുകൾ . മരിച്ചു വീഴുന്ന കെരൂബുകൾ അല്ലാത്ത കുറെ ഹതഭാഗ്യർ . ജീവന്റെ മരത്തിനു കാവൽ നിൽക്കുന്ന ചില കെരൂബുകൾ ഇവിടെ പരസ്പരം യുദ്ധം ചെയ്യുന്നു . മനുഷ്യർ നിർമിച്ച ദൈവങ്ങൾക്ക് വേണ്ടിയുള്ള ഈ യുദ്ധം . ഒൻപതു വൃന്ദം മാലാഖമാരെ അയച്ചു ദൈവങ്ങൾക്ക് നിർത്തിക്കൂടെ ഈ അനാവശ്യമായ യുദ്ധങ്ങൾ .

പരോപകാരി കെരൂബുകൾ

നിത്യ ജീവിതത്തിൽ നാം കെരൂബുകളെ കാണാറുണ്ട് , ഇവരിൽ കുറെ കെരൂബുകളെ പരിചയപെടുത്തട്ടെ .
വാട്സാപ്പുകളിലും ഫേസ് ബുക്കിലുമൊക്കെ പലപ്പോഴും കാണുന്ന , സ്വയം കെരൂബുകളായി തിളങ്ങുന്ന വാളുകളുമായി നിൽക്കുന്ന കുറെയധികം
വ്യക്തികൾ .

എല്ലാ ആഘോഷവേദികളിലും , പൊതുവേദികളിലും
കാണാമിത്തരം കെരൂബുകളെ , വലിയ പൊതുപരിപാടികളിലൊക്കെ ആരും ആവശ്യപ്പെടാതെ  ഇവർ കുട്ടികളെയും സ്ത്രീകളെയും തിരുത്താനും , ഇരുത്താനുമൊക്കെ കഠിനമായി പരിശ്രമിക്കുമിവർ  .

പലപ്പോഴും ഇങ്ങനെ കടന്നു വരുന്നവരിൽ ചുരുക്കം ചിലരുടെയെങ്കിലും  ഉദ്ദേശം മറ്റുപലതാണ് .

സ്ത്രീകളെ ഒന്ന് തൊടാനും , കൊച്ചുകുട്ടികളെ ലൈന്ഗീകമായി പീഡിപ്പിക്കാനും ഇവർ ശ്രമിച്ചുകൂടെന്നില്ല  .

ചില സോഷ്യൽ മീഡിയ ന്യൂസൗട്ലെറ്റുകൾ ഇത്തരം പീഡന വാർത്തകൾ നൽകാറുമുണ്ട് . പലതും സത്യങ്ങളോ അർത്ഥസത്യങ്ങളോ ആവാം . അല്പം ...... തെ ഇച്ചിരി നാറാറില്ലല്ലോ ?  ഏറ്റവും വലിയ തമാശ , പ്രസ്തുത ആരോപണവിധേയർ എത്ര ഒളിപ്പിച്ചുവച്ചാലും സത്യം പുറത്തു വരികയും അവർ പിടിക്കപ്പെടുകയും ചെയ്യുമെന്നുള്ളതാണ് .


ഇത്തരം ഒരു കെരൂബ്  ( പരോപകാരി ) അറുപതുകളിൽ കുട്ടനാട്ടിലെ പ്രമുഖമായ ഒരു പള്ളിയിൽ ഉണ്ടായിരുന്നു . മിക്കവാറും അൽമായരുടെ പ്രാർത്ഥനകളെല്ലാം  വളരെ ഉച്ചത്തിൽ വായിക്കാറുണ്ടായിരുന്ന അദ്ദേഹത്തിന്റെ " ഒൻപതു വൃന്ദം മാലാഖമാർ " എന്നുള്ള വായന ഞങ്ങൾ ചെറുപ്പക്കാരുടെ ഇടയിൽ കൗതുകമുണർത്തിയിരുന്നു . കുറെ നാളുകൾക്കുശേഷം ഇദ്ദേഹത്തെ നാട്ടുകാർ കയ്യോടു പിടികൂടി , ഒരു കൊച്ചുകുട്ടിയെ ലൈംഗീകമായി പീഡിപ്പിക്കാൻ ശ്രമിച്ചതിൽ . അറുപതുകളുടെ ആരംഭത്തിൽ ആയതുകൊണ്ടും , മറ്റു രീതികളിൽ ടിയാൻ നല്ലവനായിരുന്നത് കൊണ്ട് നല്ലവരായ നാട്ടുകാർ ഈ അഭിനവ കെരൂബിനെ വെറുതെ വിട്ടു .

നാട്ടിലും പ്രവാസിലോകത്തും കെരൂബുകൾ സുലഭമാണ് . ജനസംഖ്യയുടെ ആനുപാതികമായി നോക്കിയാൽ കെരൂബുകളേറെയും പ്രവാസിലോകത്താണ് . ഓരോ വിദേശനഗരങ്ങളിലും നിരവധി ആരാധനാലയങ്ങൾ . വിശ്വാസവും ആരാധനകളും ഒന്നാണെങ്കിൽ പോലും അവർക്കു തന്നെ പല ആരാധനാക്രമങ്ങൾ .
കലാസാംസ്കാരിക സാമുദായിക സംഘടനകളും വ്യക്തികളുടെ രുചിക്കും ഇഷ്ടങ്ങൾക്കും അനുസരണമായി ഓരോവർഷവും കൂണുകൾ പോലെ മുളച്ചു പൊന്തി കൊണ്ടിരിക്കുന്നു .

ഇവരിലധികവും നിരുപദ്രകാരികളും എന്നാൽ കുറെയധികം കെരൂബുകൾ നന്മമരങ്ങളുമാണ് .
നന്മമരങ്ങളെ മുട്ടിയിട്ടു നടക്കാൻ മേലാതായിരിക്കുന്നു .

പ്രവാസി പത്രങ്ങളിൽ നന്മമരങ്ങളുടെ ഫോട്ടോകൾ ആയിരക്കണക്കിന് എല്ലാ ആഴ്ചകളിലും . വിവിധങ്ങളായ ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന ഇവരിൽ പലരെയും തിരിച്ചറിയണമെങ്കിൽ മാഗ്നിഫയിങ് ഗ്ലാസ്സുകൾ വേണമെന്നായിരിക്കുന്നു . കാരണം 150 ൽ കുറവ് മെമ്പർഷിപ്പുള്ള സംഘടനകളും അവരുടെ ഭാരവാഹികളും കൂടെ ചേർന്ന് നിന്നുള്ള പരസ്യങ്ങളിൽ 20 /20  കാഴ്ചയുള്ളവർക്കുപോലും കാണാൻ കഴിയുക പ്രെസിഡന്റിനേയും സെക്രെട്ടറിയയും മാത്രം . വർക്കിംഗ് പ്രെസിഡന്റിനേയും  അഞ്ചിലധികം സെക്രെട്ടറിമാരെയും പിന്നെ ബോർഡ് മെംബേർസ് സ്റ്റാന്റിംഗ് കമ്മിറ്റിക്കാരെയുമൊക്ക കാണണമെങ്കിൽ മാഗ്നിഫയിങ് ഗ്ലാസ് വേണമെന്നായിരിക്കുന്നു .

സാഹിത്യകാരന്മാർ , കലാകാരൻമാർ , സ്റ്റാറുകൾ സൂപ്പർസ്റ്റാറുകൾ , സാംസ്കാരികനായകന്മാർ , മതമേലധികാരികൾ , അദ്ധ്യാപകർ ബിസിനെസ്സുകാർ , ഇവരിലൊക്കെയാണ് കൂടുതൽ മാലാഖമാരെ നാം കാണുന്നത് .

ഇവരെ തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല . ഇവരുടെ ചുമതലകൾക്കു  പുറമെ ,ഒത്തിരി മുകളിലേക്ക് , ഉയരങ്ങളിലേക്ക് കയറുമ്പോൾ , പെട്ടെന്നിവർക്കൊരു മാലാഖ പരിവേഷം ലഭിക്കുന്നു , അല്ലെങ്കിൽ നാമവർക്കു നൽകുന്നു . ഇത്തരക്കാർ ചില അവസരങ്ങളിൽ കപടമായൊരു ഗൗരവഭാവം കാണിക്കുന്നു .

കപട മാലാഖ വേഷക്കാരെയാണ് നാം ഏറ്റവും ഭയപ്പെടേണ്ടത് . ഇവരുടെ മൂടുപടം ഒരിക്കലും അഴിഞ്ഞു വീഴുകയില്ല . പൊതു സദസ്സുകളിൽ അമിതമായ വിനയവും സഹാനുഭൂതിയും പ്രകടിപ്പിക്കുന്ന ഇവർ നിങ്ങളെ ഒറ്റയ്ക്ക് കിട്ടിയാൽ ചതികുഴിയിലേക്കു തള്ളിയിടും . ആട്ടിൻ തോലിട്ട ചെന്നായ്കളാണിവർ .

കഴിഞ്ഞ കുറെ വര്ഷങ്ങളായി സമൂഹത്തിൻറെ വിവിധമേഖലകളിൽ ഒരു വിപ്ലവാഗ്നിയായി കത്തിപ്പടർന്ന മി ടൂ മൂവേമെന്റ് ഇപ്പോൾ കേരളത്തിന്റെ സിനിമാ വ്യവസായത്തിലേക്കു വ്യാപിച്ചിരിക്കുന്നു .

അസാധാരണമായ അഭിനയപാടവം ഉള്ള ഈ നടൻമാർ അധികാരവും ,സൗന്ദര്യവും , സ്വാധീനവും, കഠിനവും കപടവുമായ  ഗൗവരവഭാവവും ഉപയോഗിച്ച് വനിതാ അഭിനേത്രികളെ കിടക്കപങ്കിടാൻ നിർബന്ധിച്ചു കീഴടക്കിയ എത്രയോ സംഭവങ്ങൾ , പുറത്തു വന്നതും ഇനി വരാനിരിക്കുന്നതും .
മലയാളത്തിൽ ഇപ്പോൾ ചില നടന്മാരുടെ നടത്തവും ഭാവവും കണ്ടാൽ അവർ ജനിച്ചത് തന്നെ ഈ രൂപത്തിലാണെന്ന രീതിയിൽ . ചുറ്റുമൊന്നു നോക്കാറില്ല , ആരുടെയും കണ്ണുകളിലേക്കു നോക്കാതെയുള്ള ആ നടത്തത്തിൽ മനസിലാക്കാം കാപട്യവും " ഞാൻ നിന്നെ പിന്നെ പ്രൈവറ്റായി കണ്ടോളാം " എന്നുള്ള അഹങ്കാരവും . ബില് ഗേറ്റിസിനും , എലോൺ മുസ്‌കിനും അംബാനിക്കുമില്ല ഈ ശുംഭ കോടിപതികളുടെ  അഹംഭാവം .

ഇവർ കേസരി ബാലകൃഷ്ണ പിള്ളയോ അതോ ടി എസ് എലിയട്ട്  മാരോ .

ഈ അടുത്തയിടെ മലയാളത്തിലെ സോഷ്യൽ ക്രിറ്റിസത്തിൽ പ്രമുഖനായ അഡ്വക്കേറ്റ് ജയശങ്കർ നടത്തിയ രസകരമായ ഒരു പരാമർശം യൂ ട്യൂബിൽ കാണാനും ശ്രവിക്കാനും ഇടയായി .

അദ്ദേഹം പറഞ്ഞത് പ്രസ്  ക്ലബ് സംഘാടകരെ കുറിച്ചായിരുന്നു എന്നെനിക്കു തോന്നിയതിൽ ആദ്യമേ ക്ഷമ ചോദിക്കുന്നു .
പക്ഷെ ചിലപ്പോഴെങ്കിലും സംശയം തോന്നിയിട്ടുണ്ട് എന്താണീ നന്മരങ്ങളായ കെരൂബുകൾ സമൂഹത്തിനു സമ്മാനിക്കുന്നതെന്നു .
കേസരി ബാലകൃഷ്ണ പിള്ളയോ ടി എസ്  എലിയെറ്റിനെ പോലെയുള്ള പ്രഗര്ഭർ നൽകിയ സാമൂഹ്യ പഠനങ്ങളോ , അനീതിക്കെതിരെയുള്ള പോരാട്ടങ്ങളോ നടത്തിയിട്ടില്ലാത്ത ഒരു കൂട്ടം ആളുകൾ
വർഷത്തിലൊരിക്കൽ ഏതെങ്കിലും നഗരത്തിലെ മുന്തിയ കൺവെൻഷൻ സെന്ററുകളിലോ ഹോട്ടലുകളോ താമസിച്ചു നടത്തുന്ന ഒരു  പരിപാടി . നാട്ടിൽ നിന്നും വരുന്ന സ്ഥിരം ക്ഷണിതാക്കൾ ഓരോ വർഷവും നൽകുന്ന പ്രസംഗ ചർവ്വതചാർവാണങ്ങൾ .

മറ്റു ചില കെരൂബുകൾ  സംഘടനകളുടെ മറവിൽ അമേരിക്കയിൽ നിന്നും കേരളത്തിൽ വന്നു കോൺക്ലേവുകൾ നടത്തുന്നൂ . കോണ്ക്ലേവുകളുടെ അർത്ഥം അറിയാമോ ഇവർക്കെന്ന സംശയം അസ്ഥാനത്തല്ല .
അടച്ചിട്ട മുറിയിൽ ഒരു കൂട്ടം തിരഞ്ഞെടുക്കപ്പെട്ട വ്യക്തികൾ സുപ്രധാനമായ തീരുമാനമെടുക്കുന്നു . പോപ്പ്‌ കോണ്ക്ലേവുകൾ പോലെ . ചിമ്മിനിയിലൂടെ വെളുത്ത പുക പുറത്തേക്കു  വരുന്നതുവരെ ഇവർ ഇവിടെ ഈ മുറിയിൽ തന്നെ തുടരിന്നിവർ കർദിനാളുമാർ .
ആവൊ നന്മരങ്ങളിവർ ഭൂമിയിലെ കെരൂബുകൾ .

ജോസഫ് ചാണ്ടി കാഞ്ഞൂപ്പറമ്പിൽ 

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.