PRAVASI

പ്രതീക്ഷയുടെ പുഞ്ചിരികൾ വിരിയിച്ച് നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ഹോമിൽ പിറന്നാളാഘോഷം

Blog Image

ചിക്കാഗോ: സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ CML യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കിവരുന്ന “Share with Joy, Prayer with Care” പിറന്നാൾ ചാരിറ്റി പദ്ധതിയുടെ ഭാഗമായി ഓഗസ്റ്റ് മാസത്തെ ആഘോഷം നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ബോയ്സ് ഹോമിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 30-നായിരുന്നു ആഘോഷ പരിപാടികൾ.

അതേ ദിവസം ചിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ ഓഗസ്റ്റ് മാസത്തിൽ പിറന്നാൾ ആഘോഷിക്കുന്ന ഇടവകാംഗങ്ങൾക്കായി പ്രത്യേക അനുഗ്രഹ ശുശ്രൂഷയും നടന്നു. ഇടവകാംഗങ്ങളുടെ പിറന്നാൾ സന്തോഷം അർഹരായ കുട്ടികളുമായി പങ്കുവയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വേറിട്ട കാരുണ്യപദ്ധതി നടപ്പാക്കുന്നത്.

ഇന്ത്യൻ ഡൊമിനിക്കൻ ഫാദേഴ്സിന്റെ നേതൃത്വത്തിലുള്ള സാമൂഹിക വികസന സംഘടനയായ Indian Centre for Integrated Development (ICID)-ന്റെ പ്രധാന സംരംഭമാണ് യുവജ്യോതി സ്ട്രീറ്റ് ബോയ്സ് ഹോം. പിന്നാക്ക സാഹചര്യങ്ങളിൽ നിന്നുള്ള 40 സ്കൂൾ വിദ്യാർത്ഥികളായ ആൺകുട്ടികൾക്ക് സുരക്ഷിതവും സ്നേഹപൂർണ്ണവുമായ താമസവും സംരക്ഷണവും വിദ്യാഭ്യാസവും ഇവിടെ ലഭ്യമാക്കുന്നു. കുടുംബാന്തരീക്ഷത്തിൽ വളരുന്നതിനൊപ്പം വിദ്യാഭ്യാസം, ആരോഗ്യപരിചരണം, കൗൺസലിംഗ്, ജീവിതനൈപുണ്യ പരിശീലനം, വ്യക്തിത്വ വികസനം എന്നിവയിലൂടെ കുട്ടികളെ ആത്മവിശ്വാസവും ഉത്തരവാദിത്വബോധവും സ്വയംപര്യാപ്തതയും ഉള്ള വ്യക്തികളാക്കി വളർത്തുന്നതിനും സ്ഥാപനം ശ്രദ്ധിക്കുന്നു.

“Share with Joy, Prayer with Care” പദ്ധതിയിലൂടെ സഹായം ലഭിക്കുന്ന പതിനൊന്നാമത്തെ സ്ഥാപനമാണ് നാഗ്പൂരിലെ യുവജ്യോതി സ്ട്രീറ്റ് ബോയ്സ് ഹോം. സ്വന്തം പിറന്നാൾ ആഘോഷത്തെ മറ്റൊരാളുടെ ജീവിതത്തിൽ സന്തോഷവും പ്രതീക്ഷയും പകരുന്ന അവസരമാക്കി മാറ്റുകയാണ് പദ്ധതിയുടെ പ്രത്യേകത.

അടുത്ത മാസത്തോടെ ഈ പിറന്നാൾ ചാരിറ്റി പദ്ധതി സമാപിക്കും. പദ്ധതിയുടെ അവസാനഘട്ടം പുന്നത്തറയിലെ ബാലികാഭവനിൽ നടത്തും.

പിറന്നാൾ ദിനത്തിലെ സന്തോഷം സ്വന്തം ആഘോഷത്തിൽ മാത്രം ഒതുക്കാതെ, അത് മറ്റുള്ളവരുമായി പങ്കുവച്ച് സ്നേഹത്തിന്റെയും കരുതലിന്റെയും സന്ദേശമാക്കുന്ന ഈ സംരംഭം, “സന്തോഷം പങ്കിടാം, കരുതലോടെ പ്രാർത്ഥിക്കാം” എന്ന മനോഹരമായ സന്ദേശമാണ് മുന്നോട്ടുവയ്ക്കുന്നത്.


Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.