PRAVASI

(പുസ്തകപരിചയം) കൂത്താണ്ടവർ

Blog Image

വേണുഗോപാലൻ കോക്കാടൻ തന്റെ 'കൂത്താണ്ടവർ' എന്ന നോവലിന്റെ ആമുഖത്തിൽ പറയുന്നു അദ്ദേഹവും കുടുoബവും  ഉറങ്ങാൻ നേരം മക്കളോട് കഥ പറയുന്ന ഒരു പതിവുണ്ടെന്ന്. അത് കൗതുകകരവും ഹൃദ്യവുമായി തോന്നി.

നോവലിലുടനീളം വരികൾക്കിടയിലൂടെ മറ്റൊരാൾ കഥ പറഞ്ഞു മനസ്സിലാക്കി തരുന്നതു പോലെ തോന്നി. നോവൽ സുഗമമായി വായിക്കാo. വ്യത്യസ്തമായ ഒരു പ്രണയ കഥ.

കഥ തുടങ്ങുന്നത് കോയമ്പത്തൂരിലെ സെഗുഡന്തലി എന്ന ഗ്രാമത്തിൽ. അഞ്ചoഗ കുടുംബത്തിലെ മൂന്നു മക്കളിൽ രണ്ടാമനാണ് സോമു. സോമുവിന് സുഗന്ധ എന്ന ജ്യേഷ്ഠത്തിയും ശരവണ എന്ന അനുജനുമുണ്ട്. സോമുവിന്റെ അച്ഛൻ, കുമരേശൻ പ്രൈമറി സ്‌കൂൾ വാദ്ധ്യാരും അമ്മ ഗോമതി, കുടുംബിനിയും.

സോമു നാലാം ക്‌ളാസ്സിൽ പോകുന്നതുവരെ ആൺകുട്ടികളുടെ വസ്ത്രമായിരുന്നു ധരിച്ചിരുന്നത്, പക്ഷേ ശബ്ദം പെണ്ണിന്റേതും. അഞ്ചാം ക്‌ളാസ് തൊട്ട് അവനിൽ സ്ത്രീ ലക്ഷണങ്ങൾ കണ്ടു തുടങ്ങി... തുടർന്നവൻ ആൺകുട്ടികളുടെ വേഷം ഉപേക്ഷിച്ചു പെൺവസ്ത്രം ധരിക്കാൻ തുടങ്ങി... ഈ മാറ്റം അച്ഛന് ഉൾക്കൊള്ളാനാവാതെ, അവളുടെ നെറ്റിയിലെ പൊട്ട് മായ്ക്കാനും മുടിയിലെ റിബ്ബണും പാവാടയും വലിച്ചെറിയാനും തുടങ്ങി...!

സോമുവിന് പെൺവേഷത്തിൽ സ്‌കൂളിൽ പോകുന്നതും സഹോദരി സുഗന്ധ അവളൊപ്പം സ്‌കൂളിലേക്ക് പോകാത്തതും, ആൺകുട്ടികളുടെ ഇടയിൽ ഇരിക്കുന്നതും അസഹ്യമായിരുന്നു. സോമുവിന്റെ സഹപാഠികളും അദ്ധ്യാപകരും അവളുടെ സ്വരത്തിൽ അവളെ കളിയാക്കി! ചില സഹവിദ്യാർത്ഥിനികൾ അവരുടെ കൂടെ കളിക്കാൻ പോലും അവളെ അനുവദിച്ചില്ല! ചില ആൺകുട്ടികൾ അവൾ ബാത്ത് റൂമിൽ പോകുമ്പോൾ ഒളിഞ്ഞുo മറഞ്ഞും നോക്കി. മറ്റുചിലർ അവളുടെ പാവാട പൊക്കിയും നോക്കി.   

പഠിത്തത്തിൽ മിടുക്കിയായ സോമു ഏഴാം ക്‌ളാസ്സിൽ എത്തിയതോടെ അവളുടെ സ്തനങ്ങൾ വളർന്നു തുടങ്ങി. ചില സഹവിദ്യാർത്ഥികൾ അവളുടെ സ്തനങ്ങൾ പിടിക്കാനും മാറിൽ ഉരസാനും ശ്രമിച്ചു! കൂടെ പഠിക്കുന്നവരുടെ ശല്യം കാരണം, ഏഴാം ക്‌ളാസ്സിനു ശേഷം അവൾ സ്‌കൂൾ തുടർന്നില്ല! അപ്പോഴേക്കും അവൾ 14 വയസ്സായ സുന്ദരിയായി മാറിയിരുന്നു. മാരിയമ്മൻ കോവിലിലെയും മറ്റും ഉത്സവത്തിനു പോകുമ്പോൾ പൂവാലന്മാരുടെ ശൃംഗാരച്ചുവയുള്ള നോട്ടങ്ങൾ അവൾക്കിഷ്ടമായിരുന്നു.

എങ്കിലും അച്ഛൻ നാട്ടുകാരുടെ ഇടയിൽ നാണക്കേടുണ്ടാക്കുന്നു, നശിച്ച ജന്മം എന്നൊക്കെ പറഞ്ഞു അവളെ ശകാരിക്കാനും ഉപദ്രവിക്കാനും തുടങ്ങി. സുഗന്ധയുo അവളുടെ കല്യാണം മുടക്കുന്നു എന്നീ കുത്തുവാക്കുകൾ എറിഞ്ഞുകൊണ്ടിരുന്നു!! അമ്മയും ശരവണനുo കുമരേശന്റെ സഹപ്രവർത്തകൻ വൈദ്യലിംഗവും മാരിയമ്മൻ കോവിലും അവൾക്ക് വളരെ ആശ്വാസമായിരുന്നു.

കുമരേശൻ എപ്പോൾ അവളെ മർദ്ദിക്കുമ്പോഴും ശരവണൻ സോമുവിനെ കെട്ടിപ്പിടിച്ചു കരയും; ആശ്വസിപ്പിക്കും. അമ്മ മൂകമായി കണ്ണീർ വാർക്കും!

ഒരു വൈകുന്നേരം കുമരേശൻ അമിതമായി മദ്യപിച്ചെത്തി സോമു കല്യാണം മുടക്കുന്നു എന്നാക്രോശിച്ചു. അവളെ ക്രൂരമായി തല്ലി. അവ ൾക്ക് എല്ലുകൾ നുറുങ്ങിയതുപോലെ തോന്നി. അന്നാദ്യമായി ഗോമതി ഭർത്താവിനെ എതിർത്തു. ആ കാളരാത്രിയിൽ സോമു മാരകവിഷo കഴിച്ചു. ഒരാഴ്ചത്തെ തീവ്ര ഹോസ്പിറ്റൽ പരിചരണത്തിനു ശേഷം, അവൾ മരണത്തിൽ നിന്ന് കരകയറി.

ഹോസ്പിറ്റലിൽ വൈദ്യലിംഗo അവൾക്ക് സഹായഹസ്തം നീട്ടി. അദ്ദേഹത്തിനറിയാo. സോമു ഇനിയും സ്വഭവനത്തിൽ നിന്നാൽ ശരിയാകില്ലെന്ന്!

വൈദ്യലിംഗo അറിയുന്ന പെരുമാൾ സ്വാമി എന്നൊരാൾ ബോംബെയിലുണ്ട്. അദ്ദേഹം പെരുമാളുമായി ബന്ധപ്പെട്ടു... പെരുമാൾ അവളെ ബോംബെയിലേക്ക് കൊണ്ടുപോകാൻ തയ്യാറായി വന്നു. പെരുമാൾ കോയമ്പത്തൂരിലെ 'കൂത്താണ്ടവർ' എന്ന ക്ഷേത്രത്തിൽ വർഷംതോറും നടക്കുന്ന transgender ഉത്സവസംഗമത്തിൽ പങ്കെടുക്കാൻ വരുമായിരുന്നു.

പെരുമാൾ പുരുഷനെപ്പോലെ തോന്നിക്കുമെങ്കിലും, സാരിയുടുത്ത സ്വാമിയെ സോമു അറച്ചറച്ചാണ് ആദ്യം കണ്ടിരുന്നതെങ്കിലും, ക്രമേണ അദ്ദേഹം നല്ലൊരു രക്ഷിതാവായി അവൾക്കനുഭവപ്പെട്ടു. സ്വാമി സോമുവിന്റെ പേര് സുമതിയാക്കി

സുമതി ബോമ്പെ കാമാത്തിപ്പുരയ്ക്ക(ചുവന്ന തെരുവ്)ടുത്തുള്ള സ്വാമിയുടെ വീട്ടിൽ വരുമ്പോൾ സുനന്ദ എന്ന ബീഹാറി യുവതി അവിടെ ഉണ്ടായിരുന്നു. സുനന്ദ ഏഴുമക്കളുള്ള കൃഷിപ്പണിക്കാരന്റെ ആറാമത്തെ മകളാണ്. സുനന്ദക്ക് 13 വയസ്സുള്ളപ്പോൾ ഒരു ഏജന്റ് നല്ല ജോലി വാങ്ങികൊടുക്കാമെന്ന് പറഞ്ഞു, അവളുടെ രക്ഷിതാക്കൾക്ക് 1000 ക കൊടുത്തു അവളെ ബോമ്പെയിലേക്ക് കൊണ്ടുവന്നു. കുപ്രസിദ്ധമായ കാമാത്തിപ്പുരയിലാണ് ജോലി എന്ന ഹൃദയഭേദകമായ കൊടുംചതി അറിഞ്ഞു വരുമ്പോഴേക്കും സമയം വൈകിയിരുന്നു!

ഒന്നരവർഷത്തിന് ശേഷം ആ വേശ്യാലയo റെയ്‌ഡ്‌ ചെയ്തപ്പോൾ, പൊലീസിന്റെ സഹായത്തോടെ സ്വാമി അവളെ അയാളുടെ വീട്ടിലേക്ക് കൊണ്ടുവന്നു.

സുമതിക്കും സുനന്ദക്കും അടുത്ത ക്ഷേത്രത്തിൽ സ്വാമി ഒരു ജോലി ശരിയാക്കിക്കൊടുത്തു. ജോലി കഴിഞ്ഞാൽ സോമു സ്വാമിയുടെ സുഹൃത്ത് വിജയിയുടെ ചായക്കടയിൽ വന്നിരിക്കും.

 

ആ അവസത്തിൽ 90 കളുടെ നടുവിൽ, 22 വയസ്സുള്ള കംപ്യൂട്ടർ വിദഗ്ദ്ധനായ കഥാനായകൻ ഗോപു ജോലി തേടി ബോംബെയിലെത്തുന്നതും, 22 വയസ്സുകാരിയായ സുമതിയെ പരിചയപ്പെടുന്നതും. ഗോപു സുമതിയെ പരിചയപ്പെടുമ്പോൾ അവൾ ഓർമ്മിപ്പിച്ചു താൻ ഹിജഡയാണെന്ന്.

നല്ല സൗന്ദര്യമുള്ള പെണ്ണ് അങ്ങനെ പറഞ്ഞത് ഗോപുവിന് പെട്ടെന്ന് ഉൾക്കൊള്ളാനായില്ല. എങ്കിലും ഗോപുവും സുമതിയും ക്രമേണ ആത്മാർത്ഥ സുഹൃത്തുക്കളായി മാറി. അവർ ബീച്ചിലും പാർക്കിലുമായി ഇണക്കിളികളെപ്പോലെ ഒഴിവുനേരം ചെലവഴിച്ചു. അങ്ങനെ ഉല്ലാസമായി നീങ്ങുമ്പോഴാണ് സുമതിയിൽ ഒരാശയം ഉദിക്കുന്നത്:സുനന്ദയും കൂടി സായാഹ്നസഞ്ചാരത്തിന് വന്നാലോ? സുനന്ദക്ക് സുഹൃത്തായി ആരുമില്ല. ജോലി കഴിഞ്ഞു വന്നാൽ അവൾ അന്തർമുഖിയായി മുറിയിൽ ഇരിക്കും. അവളുടെ ബോറഡി മാറ്റാൻ ഈ കൂട്ട് സഹായിക്കും. ഗോപു എതിർത്തില്ല...

മൂവരും ബീച്ചിലും ചൗപ്പാത്തി പരിസരങ്ങളിലും കറങ്ങി ഉറ്റ സുഹൃത്തുക്കളായി. സുനന്ദക്ക് ആ സൗഹൃദം ഏറെ ഹൃദ്യമായി. പെരുമാളും അവരിൽ പ്രകടമായ സംതൃപ്തി ശ്രദ്ധിച്ചു. അങ്ങനെ നീങ്ങുമ്പോഴാണ് സുമതിയിൽ മറ്റൊരാശയം പൊങ്ങിവരുന്നത്: 'ഗോപു സുനന്ദയെ വിവാഹം കഴിച്ചാലോ...?'

ഗോപു വിചാരിച്ചിരുന്നത് സുമതി തന്നോട് അവളെ വിവാഹം കഴിക്കാൻ അഭ്യർത്ഥിക്കുമെന്നായിരുന്നു. ആ സന്ദേഹം ഗോപു സുമതിയുടെ മുന്നിൽ വച്ചെങ്കിലും, അവൾക്ക്  പ്രത്യുല്പാദന ശേഷിയില്ലല്ലോ എന്നായിരുന്നു പ്രതികരണം.

അതിനിടെ സുമതിയുടെ ആഗ്രഹപ്രകാരം 12 വർഷത്തിനു ശേഷം ഗോപു അവളുടെ കോയമ്പത്തൂരിലെ ഗൃഹത്തിൽ പോയി. അവിടത്തെ സ്ഥിതി അതിദയനീയമായിരുന്നു: സുമതിയുടെ ജീവന്റെ ജീവനായ സഹോദരൻ ആത്മഹത്യ ചെയ്‌തു. അമ്മ ശരശയ്യയിൽ; അച്ഛൻ അവശൻ! സുഗന്ധയുടെ വിവാഹം കഴിഞ്ഞെങ്കിലും, മദ്യപനായ പതി അവളേയും രണ്ടു കുട്ടികളേയും അവളുടെ വീട്ടിൽ കൊണ്ടുവിട്ടു...

ഇതെല്ലാം കേട്ടു സുമതിയുടെ ഹൃദയം തകർന്നു.

ഗോപു സുമതിയുടെ വീട്ടിൽ പോയതും അയാൾ സുനന്ദക്ക് വിവാഹവാഗ്ദാനം നൽകിയതും സ്വാമി അറിഞ്ഞു. സ്വാമി ആ വിവാഹത്തെ എതിർത്തു... സ്വാമി മുമ്പുതന്നെ ചില നിബന്ധനകൾ നിരത്തിയിരുന്നു. അത്: സുമതിയും സുനന്ദയും അവരുടെ വീടുമായി യാതൊരു ബന്ധവും പാടില്ലെന്നും ഇരുവരും വിവാഹം കഴിക്ക രുതെന്നുo!! വിവാഹിതരായാൽ അവരെ സമൂഹം അംഗീകരിക്കപ്പെടാത്ത സാഹചര്യത്തിൽ ആ ദാമ്പത്യം ദുരിതഭരിതമാവും...! പ്രത്യേകിച്ചു ഗോപുവിനെപ്പോലെയുള്ള അഭ്യസ്‌തവിദ്യരായവരുടെ കുടുംബവുമാകുമ്പോൾ...!

സ്വാമിയുടെ ഹൃദയംവിങ്ങി: ‘അതിനെതിരെ പ്രവർത്തിച്ചതിന്റെ ഫലമായി എന്റെ പ്രിയപ്പെട്ട രണ്ടു മക്കളും എനിക്ക് നഷ്ടപ്പെട്ടു, എനിക്കിനി ആരുണ്ട്?'

സ്വാമി തുടർന്നു: 'അവർ ഒരിക്കലും ആത്മഹത്യ ചെയ്യരുതായിരുന്നു; അതൊഴിവാക്കാമായിരുന്നു...' സ്വാമി കരളലിയിക്കുംവിധം വിതുമ്പിക്കൊണ്ടിരുന്നു...

സ്വാമിക്കും സുമതിയെപ്പോലെ ദുരനുഭവമായിരുന്നു അയാളുടെ വീട്ടിലും നാട്ടിലും 30 കൊല്ലം മുമ്പുണ്ടായിരുന്നത്! അങ്ങനെ അതിവേദന അനുഭവിക്കുമ്പോളാണ് ഒരാൾ പെരുമാളിനെ ബോമ്പെയിലേക്ക് കൊണ്ടുവന്നത്. അന്ന് പെരുമാൾ പ്രതിജ്ഞയെടുത്തതാണ് സമൂഹo മ്ലേച്ഛമായി അവഗണിക്കപ്പെടുന്നവരെ സംരക്ഷിക്കണമെന്ന്.

 

ഇതെല്ലാം അറിയുന്ന കഥാനായകൻ ഏതോ മായാലോകത്തിലാണ് ജീവിക്കുന്നതെന്ന് തോന്നുന്നു. അല്ലെങ്കിൽ ഒന്നരവർഷം വേശ്യയായി ജീവിച്ചവളെ നായകൻ കല്യാണം കഴിച്ചു ലോകത്തിനു മുന്നിൽ താൻ മാതൃകാപുരുഷനെന്ന് കാണിച്ചു കൊടുക്കാനോ? അതോ, നോവലിൽ ഒരു twist ഉണ്ടാക്കി ഒരു surprise അന്ത്യം സൃഷ്ടിക്കാനോ? രചന രചിച്ചു കഴിഞ്ഞാൽ വായനക്കാർക്ക് എങ്ങനെയും വ്യാഖ്യാനിക്കാം എന്നതുപോലെ രചയിതാവിനും സ്വാതന്ത്ര്യം ഉണ്ടെന്ന് അറിയിക്കാനോ?

ജീവനുതുല്യം സ്നേഹിച്ച മാനസപങ്കാളിയെ നായകൻ അവഗണിച്ചും കൊണ്ടു സുനന്ദയെ പരിഗണിക്കാൻ ശ്രമിക്കുന്നു. സുമതിക്ക് മാറും മുലയും മോഹനമായ മുടിയും അഴകുമുണ്ട്. അവൾ വായനക്കാരുടെ പ്രീതിപാത്രവുമാകുന്നു...

സുമതിക്ക് ഹോർമോൺ തെറാപ്പിയിലൂടെ കൂടുതൽ സ്ത്രീത്വം നേടാം; സർജറിയിലൂടെ യോനിയും സൃഷ്ടിക്കാo ...

വിശാലഹൃദയിയായ സുമതിയുടെ ആവലാതി, തനിക്ക് സന്താന ലബ്ധി ഉണ്ടാകില്ലല്ലോ എന്നാണെങ്കിലും...

ഈ ആധുനിക വൈദ്യശാസ്ത്രത്തിൽ സർജറിയിലൂടെ ഗർഭപാത്രവും വച്ച് പിടിപ്പിക്കാo. അതല്ലെങ്കിൽ നായകൻ സ്നേഹത്തിനു അത്ര മാഹാത്മ്യം കല്പിച്ചില്ലെന്ന് വായനക്കാർക്ക് തോന്നപ്പെടുന്നു... 

 

ഈ നോവലിൽ സോമു/സുമതി ഭാഗ്യവതിയാണ്. കാരണം സുമതിയെ സാന്ത്വനിപ്പിക്കാൻ അമ്മയും ശരവണനും മാരിയമ്മൻ കോവിലും, ആപൽഘട്ടങ്ങളിൽ വൈദ്യലിംഗവുo ഉണ്ടായിരുന്നു. നരകയാതന അനുഭവിക്കുന്ന സ്വഭവനത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്ന  പാജിയെന്ന് ബഹുമാനത്തോടെ വിളിക്കുന്ന പെരുമാളും ഉണ്ടായിരുന്നു.

പലപ്പോഴും യഥാർത്ഥ ജീവിതത്തിൽ പലരുടെയും അനുഭവം കെട്ടുകഥയേക്കാൾ വിചിത്രവും പരിതാപകരവുമാണ്! ചിലപ്പോൾ അവർ ഹിജഡകളൊ, ശിഖണ്ഡികളൊ, ഭിന്നലിംഗക്കാരൊ, ഗെയോ LGBQT+ ഓ മറ്റൊ ആണെങ്കിലും അല്ലെങ്കിലും, കുടുംബo നിയന്ത്രിക്കുന്ന ആണോ പെണ്ണോ ആ കുടുംബാoഗത്തെ ഇഷ്ടപ്പെടുന്നില്ല എന്ന ഒറ്റ കാരണത്താൽ, ആ വ്യക്‌തിക്ക് ഒന്ന് ദീർഘമായി നിശ്വസിക്കാൻ പോലും സ്വാതന്ത്ര്യo അനുവദിക്കാത്ത തരത്തിൽ ആ ആളെ ഒറ്റപ്പെടുത്തുന്നു/ ആ ആൾ ഒറ്റപ്പെടുന്നു. അവർക്ക് കുടുംബത്തിലും സമൂഹത്തിലും എവിടെയും വിലക്കുകളേയുള്ളു. 'തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ കണ്ടാൽ ദോഷമുള്ളോർ' എന്ന ചൊല്ലു പോലെ, എവിടെ നിന്നും ആക്രമിക്കപ്പെടുമ്പോൾ അവർ നീറി നീറി മരിക്കുന്നു! അത്തരം ചുറ്റുപാടുകളിൽ അവർ ആത്മാഹുതി ഒരു പുറത്തേക്കുള്ള വഴിയായി തെരഞ്ഞെടുക്കേണ്ടി വരുന്നു!

കുടുംബം ഒരു ഹിജഡയെ എത്ര ക്രൂരമായി പെരുമാറുന്നു എന്നതിന് ഒരു ഉദാഹരണമാണ് സുമതി. സമൂഹം ഒരു gay യെ എത്ര ഹീനമായി കാണുന്നു എന്നതിന്റെ മറ്റൊരു പൈശാചിക ഉദാഹരണ സംഭവമാണ് മാത്യു ഷെപേഡ്. Gay ആയിരുന്ന മാത്യുവിനെ അമേരിക്കയിലെ വയോമിങ് എന്ന സ്റ്റേറ്റിലെ രണ്ടു സമൂഹദ്രോഹികൾ 1998 October 6ൽ വന്യമായി വധിച്ചു!

ഹിജഡകൾ പുരാതനകാലം മുതൽ ഉള്ളവരാണ്. അവരെ അറബിയിൽ 'ഖുൻസു' എന്ന് വിളിക്കുന്നു. ഇസ്ലാമിലെ നാലാം ഖലീഫയും നബിയുടെ ജാമാതാവുമായ അലിയാർ തങ്ങൾ 1400 വർഷംമുമ്പ് അരുൾ ചെയ്തിരുന്നു: 'അവർ സ്ത്രീകളൊ പുരുഷരൊ അല്ല. അവരെ മാനുഷികമായ പരിഗണനയോടെ കാണണം; അവരെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണo.'

കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും സ്വന്തം ഭരണാധിപരിൽ നിന്നുo വിരക്തിയും വിവേചനവും നേരിടുന്ന ഇരകളുടെ കണ്ണീരൊപ്പാൻ ശ്രമിക്കുന്ന എഴുത്തുകാരേയും കലാകാരന്മാരേയും സാംസ്‌കാരികനായകരേയും എത്ര പ്രശംസിച്ചാലും മതിവരില്ല...

380 രൂപ വിലയുള്ള, ഈ അഞ്ചാം പതിപ്പിലെത്തിയ നോവൽ ഒരു DC പ്രസിദ്ധീകരണമാണ്.

അബ്ദുൾ പുന്നയൂർക്കുളം

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.