PRAVASI

വിവാഹബന്ധത്തിലുള്ള ഒരു സ്ത്രീക്ക് മറ്റൊരു പുരുഷനെ പ്രണയിക്കാൻ കഴിയുമോ?

Blog Image

വിവാഹബന്ധത്തിലുള്ള ഒരു സ്ത്രീക്ക്  മറ്റൊരു പുരുഷനെ പ്രണയിക്കാൻ കഴിയുമോ?  നമ്മുടെ സമൂഹം സദാചാരലംഘനമെന്ന് പറഞ്ഞു മാറ്റിനിർത്തുന്ന ഈ ചോദ്യമാണ് ഇന്നേക്ക് മുപ്പതുവർഷങ്ങൾക്ക് മുമ്പിറങ്ങിയ "ബ്രിഡ്ജസ് ഓഫ് മാഡിസൺ കൗണ്ടി" എന്ന ക്ലാസിക് സിനിമ ചർച്ച ചെയ്യുന്നത്. റോബർട്ട് വാലറിന്റെ നോവലിനെ ആസ്പദമാക്കി ക്ലിന്റ് ഈസ്റ്റ് വുഡ് സംവിധാനം ചെയ്യുകയും അദ്ദേഹവും മെറിൽ സ്ട്രീപ്പും മത്സരിച്ച് അഭിനയിക്കുകയും ചെയ്ത ഈ ചിത്രം അമേരിക്കയിലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നാണ്. 
വിവാഹം കഴിഞ്ഞ ദമ്പതികൾ , വിവാഹത്തിന്റെ ആദ്യത്തെ ചൂടും ചൂരുമെല്ലാം കഴിയുമ്പോൾ എത്തിച്ചേരുന്ന ഒരു മടുപ്പുണ്ട്. രാവിലെ എഴുന്നേൽക്കുന്നത് മുതൽ രാത്രി ഉറങ്ങുന്നത് വരെ വീട്ടിലെ മുഴുവൻ പണിയും ചെയ്യുകയും എന്നാൽ ആരെങ്കിലും ചോദിച്ചാൽ ഞാൻ ജോലിക്ക് പോവുന്നില്ല, വെറുമൊരു വീട്ടമ്മ മാത്രമെന്ന് പറയുന്ന സ്ത്രീകളെ സംബന്ധിച്ച് പ്രത്യേകിച്ചും. ഒരു ക്ലോക്ക് വർക്ക് പോലെ പോകുന്ന , പലപ്പോഴും ദാമ്പത്യത്തിലെ  പഴയ നല്ല  ഓർമ്മകൾ അയവിറക്കാൻ പോലും സമയം കിട്ടാത്ത ഒരു ജീവിതം. നിങ്ങൾ സന്തോഷവതിയയാണോ എന്നാരും ചോദിക്കാനില്ലാത്ത ഒന്ന്. അതിനിടയിലേക്ക് ചിലപ്പോഴെങ്കിലും മൂന്നാമതൊരാൾ കടന്നുവരും. അയാൾ നിങ്ങളോട് നിങ്ങളുടെ ഭർത്താവ് ചോദിയ്ക്കാൻ മറന്നു പോകുന്ന ചില ചോദ്യങ്ങൾ ചോദിക്കും. നിങ്ങൾക് സുഖമാണോ, ഭക്ഷണം കഴിച്ചോ , സന്തോഷമാണോ എന്നൊക്കെയുള്ള കൊച്ചുചോദ്യങ്ങളിൽ നിങ്ങൾ പ്രണയം കണ്ടെത്തും.  കുറച്ചു നേരത്തേക്കെങ്കിലും നിങ്ങൾ പണ്ടത്തെ പോലെ ഒരു പ്രണയിനിയാകും. ഓരോ വിളിക്കും കാതോർക്കും, അയാളുടെ ഓരോ സന്ദര്ശനത്തിലും നിങ്ങൾ ഒരായുസിനുള്ള കാര്യങ്ങൾ സംസാരിച്ചു തീർക്കും. അന്നുവരെ അറിയാത്ത , ഒരിടത്തേക്ക് അയാൾ നിങ്ങളെ കൊണ്ടുപോകും. പക്ഷെ ആ യാത്ര ആരംഭിക്കുന്നതിന് മുൻപ് നിങ്ങൾക്ക് നിങ്ങളുടെ ഭർത്താവിനെ കുറിച്ചും, കുട്ടികളെ കുറിച്ചും ഓർമ വരും. നിങ്ങൾ നിങ്ങളെ തന്നെ തടയും. പുതിയ കാമുകന് മുന്നിൽ ഒരു പക്ഷെ നിങ്ങൾ കുറച്ചു നേരത്തേക്ക് തുറന്നുവച്ച നിങ്ങളുടെ മനസ് കൊട്ടിയടക്കും. നിങ്ങളുടെ ജീവിതം ഭർത്താവിനും കുട്ടികൾക്കും ഉള്ളതാണെന്നും, അവരുടെ ജീവിതമാണ് തന്റെ സന്തോഷത്തേക്കാൾ വലുതെന്നും നിങ്ങൾ തീരുമാനിക്കും. ജീവിതം പഴയ പോലെ മുന്നോട്ട് പോകും. (ഈ പറഞ്ഞതെല്ലാം സ്ത്രീകൾക്ക് മാത്രമല്ല ഭർത്താക്കന്മാർക്കും ബാധകമാണ്)
(spoiler alert after this )
തങ്ങളുടെ അമ്മ മരിച്ചപ്പോൾ, വിൽപത്രത്തിൽ, അമ്മയുടെ  മൃതശരീരം , തന്റെ  ഭർത്താവിന്റെ  കൂടെ അടക്കരുതെന്നും, മറിച്ച്, ശരീരം ദഹിപ്പിച്ച്, ആ ചാരം , വീടിനടുത്തുള്ള ഒരു പാലത്തിൽ നിന്ന് താഴേക്ക് വിതറണം എന്നുമുള്ള ഒരു വിചിത്ര ആവശ്യത്തിൽ നിന്നാണ് ഈ സിനിമ തുടങ്ങുന്നത്. ആദ്യമൊക്കെ ഈ ആവശ്യത്തോട് മുഖം തിരിച്ച കുട്ടികൾ, അമ്മയുടെ ഡയറി വായിക്കുമ്പോൾ, അവർ സ്കൂളിൽ  പഠിക്കുമ്പോൾ, നാലു ദിവസങ്ങൾ വീട്ടിൽ നിന്ന് അച്ഛനുമായി മാറിനിന്ന സമയത്ത്, അമ്മയ്ക്കുണ്ടായ ഒരു പ്രണയാനുഭവം ഡയറിക്കുറിപ്പികളിലൂടെ വായിച്ചറിയുന്നു. 
നാഷണൽ ജോഗ്രഫിക്ക് മാഗസിന് വേണ്ടി , അയോവ സംസ്ഥാനത്തെ മാഡിസൺ കൗണ്ടി പാലങ്ങളുടെ ഫോട്ടോ എടുക്കാൻ വന്ന റോബെർട്ടിനോട്, ഈ പാലങ്ങളുടെ അടുത്ത് ഭർത്താവും  വീട്ടമ്മയായ ഫ്രാൻസെസ്‌കയ്ക്ക് ഉണ്ടാകുന്ന പ്രണയമാണ് ഈ സിനിമയുടെ കാതൽ. സാധാരണ പോലെ ഒരു വിവാഹം കഴിച്ച്, ഭർത്താവും കുട്ടികളുമായി "സന്തോഷത്തോടെ" ജീവിക്കുന്ന ഒരു വീട്ടമ്മ, പുതിയൊരാൾ ജീവിതത്തിലേക്ക് ആകസ്മികമായി വരുമ്പോൾ മാത്രമാണ്, ഈ ദാമ്പത്യ ബന്ധത്തിൽ പ്രണയം എന്നെ നഷ്ടപ്പെട്ടുകഴിഞ്ഞിരിക്കുന്നു എന്ന് മനസിലാക്കുന്നത്. പുതിയ ബന്ധത്തിൽ അവർ  പ്രണയത്തിന്റെ പുതിയ തലങ്ങൾ തിരിച്ചറിയുന്നു. ഇതൊരു ടിപ്പിക്കൽ പ്രണയകഥയല്ല, മറിച്ച്,  മടിച്ച് മടിച്ച് പ്രണയത്തിൽ ഏർപ്പെടുന്ന രണ്ടു  മുതിർന്നവരുടെ കഥയാണ്. അതുകൊണ്ടുതന്നെ അതിശക്തമായ സംഭാഷണങ്ങൾ ഈ ചിത്രത്തിന്റെ ആത്മാവാണ്. 
"മനുഷ്യ ഹൃദയം വിചിത്രമായ ഒന്നാണ്.  ഒരായിരം കഷ്ണങ്ങളായി നുറുങ്ങി വീണുകഴിഞ്ഞിട്ടും, (ഒരു പുതിയ പ്രണയം വന്നുകഴിയുമ്പോൾ) വീണ്ടും മുറിവുണക്കി വലുതാകാനുള്ള കഴിവ് അതിനുണ്ട്..." 
"ഒരിക്കൽ ഒരാൾ നിങ്ങളെ സ്നേഹത്തോടെ  ചുംബിക്കുകയും, ദയാവായ്‌പോടെ ഒരു വാക്ക് പറയുകയും ചെയ്തുകഴിഞ്ഞാൽ പിന്നെ അവൾ അത് വീണ്ടും ആഗ്രഹിക്കുന്നതിൽ തെറ്റ് പറയാൻ കഴിയില്ല..."
"പഴയ സ്വപ്‌നങ്ങൾ നല്ല സ്വപ്നങ്ങളായിരുന്നു, അവ വിജയിച്ചില്ല. പക്ഷെ ആ സ്വപ്‌നങ്ങൾ ഉണ്ടായിരുന്നു എന്നതിൽ ഞാൻ സന്തോഷവതിയിയാണ്."
"ഒരു സ്ത്രീ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും തീരുമാനിക്കുമ്പോൾ ഒരു തരത്തിൽ, അവളുടെ ജീവിതം ആരംഭിക്കുന്നു, എന്നാൽ മറ്റൊരു വിധത്തിൽ, അത് അവസാനിക്കുന്നു"
ഇതുപോലെ അനേകമനേകം അർത്ഥവത്തായ സംഭാഷങ്ങൾ ഉള്ളത് കൊണ്ട് എത്ര തവണ കണ്ടാലും മതിയാകാത്ത ഒന്നാണീ ചിത്രം. ഓരോ വാക്കും ഓരോ നോട്ടവും നമ്മുടെ ഹൃദയത്തെ കൊളുത്തിപിടിക്കുന്ന ഒരനുഭവം. 
വിവാഹബന്ധത്തിലുള്ള ഒരാൾ മറ്റൊരു പ്രണയത്തിൽ ചെന്ന് ചാടുന്നത് സെക്‌സിന് വേണ്ടിയാണെന്നുള്ള ഒരു കാഴ്ചപ്പാട് ചിലർക്കെങ്കിലുമുണ്ട്. അത് എല്ലാ ബന്ധങ്ങളിലും ശരിയാകണമെന്നില്ല എന്നൊരു ഓർമപ്പെടുത്തൽ കൂടി ഇതിലുണ്ട്. കാരണം റോബെർട്ടിന്റെയും ഫ്രാൻസിസ്കയുടെയും പ്രണയത്തിലെ സ്വാഭാവികമായ ഒരു കാര്യം മാത്രമാണ് സെക്സ് കടന്നുവരുന്നത്. ഇതിന്റെ യഥാർത്ഥ കാതൽ, രണ്ടുപേർ തമ്മിലുള്ള, മനസും ഹൃദയവും അറിഞ്ഞുള്ള പ്രണയത്തിലാണ്. നമ്മൾ ഏറ്റവും പ്രണയിക്കുന്ന  ഒരാളെ വിട്ടുകൊടുക്കുന്നതും പ്രണയമാണെന്നുള്ള തിരിച്ചറിവിലാണ് ഈ സിനിമ അവസാനിക്കുന്നത്. അവസാന നിമിഷം വരെ ഫ്രാന്സിസ്ക തന്റെ കൂടെ ഇറങ്ങിവരുമെന്നു പ്രതീക്ഷിച്ചു നിൽക്കുന്ന റോബെർട്ടിനെ അവഗണിച്ചുകൊണ്ട്, തന്റെ ഭർത്താവിന്റെയും മക്കളുടേയുയും കൂടെ പോകുന്ന ഫ്രാന്സിസ്കയുടെ സീൻ അവിസ്മരണീയമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നത്. മരണം വരെ അവിവാഹിതനായി കഴിയുന്ന റോബർട്ട് , തന്റെ മരണശേഷം തന്റെ ക്യാമറയും, ഫോട്ടോകളും എല്ലാം അയച്ചുകൊടുക്കുന്നത് ഫ്രാന്സിസ്കയ്ക്കാണ്.  ഫ്രാന്സിസ്ക തന്റെ വിൽപത്രത്തിൽ ഇങ്ങിനെ എഴുതുന്നു. 
"ഞാൻ എന്റെ ജീവിതം മുഴുവൻ എന്റെ കുടുംബത്തിന് നൽകി. മരണശേഷം ബാക്കിയുള്ളതെങ്കിലും എനിക്ക് റോബെർട്ടിന് നൽകണം. I gave my life to my family, I wish to give Robert what is left of me" )
മാഡിസൺ കൗണ്ടിയിലെ പാലത്തിൽ നിന്ന് അമ്മയെ ദഹിപ്പിച്ച ചാരം കുട്ടികൾ താഴേക്ക് വിതറുമ്പോൾ ഈ സിനിമ അവസാനിക്കുന്നു. 

നസീർ ഹുസ്സൈൻ കിഴക്കേടത്ത് ,ന്യൂജേഴ്‌സി 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.