കോട്ടയം : മൂന്ന് ദേശീയ പുരസ്‌കാരങ്ങൾ കരസ്ഥമാക്കി കാരിത്താസ് ആശുപത്രി ആതുര ചികിത്സാ മേഖലയിൽ മുന്നേറ്റം തുടരുന്നു . ഡിജിറ്റൽ ഹെൽത്ത് ,ഹോസ്പിറ്റൽ ഓപ്പറേഷൻസ് [നോൺ ക്ലിനിക്കൽ ] ,എമർജൻസി സർവീസസ് എന്നീ മേഖലകളിലാണ് കാരിത്താസ് ആശുപത്രി പുരസ്‌കാരങ്ങൾ നേടിയത്. ഒരേ സമയം വിവിധ മേഖലകളിൽ മൂന്നു പുരസ്കാരങ്ങൾ ലഭിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ആശുപത്രിയായി കാരിത്താസ് ആശുപത്രി മാറപ്പെട്ടു. അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്സ് (ഇന്ത്യ)യുടെ നേതൃത്വത്തിൽ രാജ്യത്താകമാനമുള്ള ആശുപത്രികളിൽ നിന്ന് മികച്ച പ്രവർത്തനങ്ങൾ നടത്തുന്ന ആശുപത്രികളാണ് ഈ പുരസ്‌കാരത്തിന് അർഹമാകുന്നത്. ആരോഗ്യപൂർണമായ ഒരിന്ത്യയെ നിർമ്മിച്ചെടുക്കുന്നതിനുവേണ്ടി , താഴെത്തട്ടിലുള്ള കമ്മ്യൂണിറ്റികളുടെയും വ്യക്തികളുടെയുംആരോഗ്യം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്ന സംഘടനയാണ് അസോസിയേഷൻ ഓഫ് ഹെൽത്ത്കെയർ പ്രോവൈഡേഴ്‌സ് . ഇന്ത്യയിലുടനീളമുള്ള ഏകദേശം 20,000 ആശുപത്രികളെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ഇത്. സാധാരണക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും ആരോഗ്യപൂർണമായ ഇന്ത്യ കെട്ടിപ്പടുക്കുന്നതിനും സർക്കാരുമായും സമൂഹവുമായും സഹകരിച്ച് പ്രവർത്തിക്കുന്നതിനും ആരോഗ്യ സംരക്ഷണ ദാതാക്കളുടെ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിനും വേണ്ടിയാണ് ഇത്തരം പുരസ്‌കാരങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് .ഓരോ ആശുപത്രിയുടെയും വികസനത്തിനും രോഗീ പരിചരണത്തിനും ഊന്നൽ നൽകിക്കൊണ്ടുള്ള പരിശ്രമങ്ങൾക്കാണ് പ്രാധാന്യം നൽകേണ്ടത് എന്ന് അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇൻ ഇന്ത്യ (എഎച്ച്പിഐ) കരുതുന്നതായി എഎച്ച്പിഐ കേരള ചാപ്റ്റർ പ്രസിഡൻ്റ് ഡോ എം ഐ സഹദുള്ള അഭിപ്രായപെട്ടു. ദേശീയ ആരോഗ്യ മേഖലയിൽ കാരിത്താസ് ആശുപത്രിയുടെ പങ്ക് വിളിച്ചോതുന്ന അവസരമായി ഇത് മാറപ്പെട്ടു എന്ന് ആശുപത്രി ഡയറക്ടർ റവ ഫാ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു. പുരസ്‌ക്കാര ദാന ചടങ്ങിൽ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇൻ ഇന്ത്യ (എഎച്ച്പിഐ) രക്ഷാധികാരി ഡോ അലക്സാണ്ടർ തോമസ്, ഡയറക്ടർ ജനറൽ ഡോ ഗിരിധർ ഗനി ,എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺസൺ വാഴപ്പിള്ളി , ലോകനാഥ് ബെഹ്‌റ ഐപിഎസ് (റിട്ട.) ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമി എന്നിവർ സന്നിഹിതരായിരുന്നു.
പുരസ്‌ക്കാര ദാന വേദിയിൽ അസോസിയേഷൻ ഓഫ് ഹെൽത്ത് കെയർ പ്രൊവൈഡേഴ്‌സ് ഇൻ ഇന്ത്യ (എഎച്ച്പിഐ) രക്ഷാധികാരി ഡോ അലക്സാണ്ടർ തോമസും റിട്ട ഡിജിപി ലോകനാഥ് ബെഹ്‌റ ഐപിഎസ് ചലച്ചിത്ര താരം ലക്ഷ്മി ഗോപാലസ്വാമിയും ചേർന്ന് ആശുപത്രി ജോയിൻ ഡയറക്ടർമാരായ ഫാ സ്റ്റീഫൻ തേവർപറമ്പിലിനും ഫാ. ജിസ്മോൻ മഠത്തിലിനും ചീഫ് ഓപ്പറേറ്റിങ് ഓഫീസർ ഡോ അജിത്ത് വേണുഗോപാലിനും സമ്മാനിക്കുന്നു. ഡയറക്ടർ ജനറൽ ഡോ ഗിരിധർ ഗനി ,എക്‌സിക്യൂട്ടീവ് ഡയറക്ടർ ഫാ ജോൺസൺ വാഴപ്പിള്ളി , എന്നിവർ സമീപം.