PRAVASI

കെ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കുടുംബം ഹർജി നൽകി

Blog Image

കണ്ണൂർ എഡിഎം ആയിരുന്ന കെ നവീൻ ബാബുവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കുടുംബം ഹർജി നൽകി. കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ഹൈക്കോടതി ഡിവിഷൻ ബഞ്ചിനെയാണ് കുടുംബം സമീപിച്ചിരിക്കുന്നത്. നേരത്തേ ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ സിംഗിൾ ബഞ്ച്, കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണം എന്നാവശ്യം തള്ളിയിരുന്നു. ഈ വിധി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീൽ നൽകിയിരിക്കുന്നത്.

മരണത്തിൽ തുടക്കം മുതലേ ദുരൂഹത ആരോപിച്ചിരുന്ന നവീൻ ബാബുവിന്റെ കുടുംബം, മരണം കൊലപാതകമാണെന്ന സംശയമാണ് ഹർജിയിൽ ഉന്നയിക്കുന്നത്. പ്രതിയുടെ രാഷ്ട്രീയസ്വാധീനം കാരണം പോലീസ് ശരിയായ അന്വേഷണം നടത്തില്ലെന്നാണ് ആരോപണം.

തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ നവീൻ ബാബുവിന്റെ അടിവസ്ത്രത്തിലെ രക്തക്കറ പോലീസ് അവഗണിച്ചതും ഇൻക്വസ്റ്റ് തിടുക്കത്തിൽ നടത്തിയതും സംശയകരമാണെന്ന വാദവും കുടുംബം ആവർത്തിച്ചു. കോടതി നിർദേശിച്ചാൽ അന്വേഷണം ഏറ്റെടുക്കാമെന്ന നിലപാട് നേരത്തേ സിബിഐ വ്യക്തമാക്കിയിരുന്നു.

ജില്ലാപഞ്ചായത്ത് മുൻ പ്രസിഡന്റും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായിരുന്ന പിപിദിവ്യയാണ് ആത്മഹത്യാപ്രേരണക്കേസിലെ പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയ നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ അദ്ദേഹത്തെ അഴിമതിക്കാരനായി ചിത്രീകരിച്ച് ദിവ്യ പ്രസംഗിച്ചിരുന്നു. പിറ്റേന്ന്, ഒക്ടോബർ 15ന് പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിലാണ് നവീൻ ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.