PRAVASI

പിടികൊടുക്കാതെ ചക്കക്കൊമ്പൻ; മയക്കുവെടി ദൗത്യം രണ്ടാം ദിവസവും വിഫലം, തിരച്ചിൽ നാളെയും തുടരും

Blog Image

ഇടുക്കി: ചക്കക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം രണ്ടാം ദിവസവും ലക്ഷ്യം കണ്ടില്ല. വൈകിട്ട് മൂന്നരയോടെ ആന ദൗത്യസംഘത്തിന് തൊട്ടടുത്ത് എത്തിയെങ്കിലും, ഡാർട്ടിംഗിന് അനുകൂലമായ സാഹചര്യമായിരുന്നില്ല. ഏലക്കാട്ടിൽ നിന്ന ആനയെ അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും, വെളിച്ചക്കുറവ് മൂലം വൈകിട്ട് അഞ്ച് മണിയോടെ ഇന്നത്തെ ദൗത്യം അവസാനിപ്പിക്കുകയായിരുന്നു. ജനവാസ മേഖലയോട് ചേർന്നാണ് ആന നിന്നതെന്നതും ദൗത്യത്തിന് പ്രതിസന്ധിയായി. ദൗത്യം നാളെയും (നവംബർ 26) തുടരും.

തുടർച്ചയായ രണ്ടാം ദിവസവും ദൗത്യസംഘത്തിന് പിടികൊടുക്കാതെയാണ് ചക്കക്കൊമ്പൻ മുന്നേറിയത്. രാവിലെ അഞ്ച് മണിയോടെ ചെമ്പകത്തൊഴുകുടി ഭാഗത്ത് ആനയെ ലൊക്കേറ്റ് ചെയ്തിരുന്നു. എന്നാൽ ആനയിറങ്കൽ ജലാശയത്തിന് തൊട്ടടുത്തുള്ള സ്ഥലമായതിനാൽ മയക്കുവെടി വയ്ക്കാൻ സാധിച്ചില്ല. ഉച്ചയ്ക്ക് 12 മണി വരെ ഇവിടെ തുടർന്ന ചക്കക്കൊമ്പൻ, പിന്നീട് 301 കോളനി ഭാഗത്തേക്ക് ജലാശയം നീന്തിക്കടന്നു. ദൗത്യസംഘവും പിന്നാലെ എത്തി. ഇതിനിടെ ആന ദൗത്യസംഘത്തിന് നേരെ തിരിഞ്ഞെങ്കിലും, 301-ലെ അങ്കണവാടിക്ക് സമീപത്തുവെച്ച് ചോലക്കാട്ടിലേക്ക് കടന്നു.

തുടർന്ന് അരമണിക്കൂറോളം ആന ദൗത്യസംഘത്തിന്റെ നിരീക്ഷണ വലയത്തിൽ നിന്നും മാറിനിന്നു. വൈകിട്ട് മൂന്നരയോടെ ചെമ്പകത്തൊഴുകുടി ഭാഗത്തെ ഏലത്തോട്ടത്തിൽ ആന വീണ്ടുമെത്തി. ജലാശയത്തിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള ഈ പ്രദേശം മയക്കുവെടി വയ്ക്കാൻ അനുയോജ്യമായിരുന്നുവെങ്കിലും, ഏലം ചെടികൾ ദൗത്യത്തിന് തടസ്സമായി. പടക്കം പൊട്ടിച്ച് ആനയെ ഏലത്തോട്ടത്തിൽ നിന്ന് മാറ്റാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. വൈകിട്ട് അഞ്ച് മണിയോടെ വെളിച്ചം കുറഞ്ഞതോടെ ഇന്നത്തെ ദൗത്യം നിർത്തിവയ്ക്കുകയായിരുന്നു.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.