കേരളത്തെ ഞെട്ടിച്ച നെന്മാറ ഇരട്ടക്കൊലക്കേസിലെ പ്രതി ചെന്താമര അതിവിദഗ്ധനായ ക്രിമിനലെന്ന് പാലക്കാട് എസ്പി രാജേഷ്‌കുമാർ. നാട്ടുകാരുമായി ചേർന്ന് പോലീസ് നടത്തിയ തിരച്ചിൽ അവസാനിപ്പിച്ചെന്ന പ്രതീതിയുണ്ടാക്കിയാണ് പ്രതിയെ പോലീസ് വലയിലാക്കുന്നത്. മണിക്കൂറുകളോളം ഒളിച്ചിരുന്ന പോത്തുണ്ടി മലയെ കുറിച്ച് അയാൾക്ക് കൃത്യമായ ധാരണയുണ്ട്. എവിടെ ഒളിക്കണമെന്നും പ്രതിക്ക് കൃത്യമായറിയാം. മലയുടെ മുകളിൽ മറഞ്ഞിരുന്ന് പോലീസിന്‍റെ നീക്കങ്ങളെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു. വിശപ്പു സഹിക്കാനാകാതെ രാത്രി പുറത്തുവരികയായിരുന്നുവെന്ന് എസ്പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ഏറെ നാളായുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇന്നലെ രാത്രി പത്തരയോടെയാണ് പ്രതിയെ പിടികൂടിയത്. മണിക്കൂറുകൾ നീണ്ട ശ്രമത്തിനു ശേഷമാണ് ഇത് സാധ്യമായത്. ഇയാളെ വിവിധ സ്ഥലങ്ങളിൽനിന്ന് കണ്ടതായി ആളുകൾ പറയുകയുണ്ടായി. എല്ലായിടത്തും പോലീസ് അന്വേഷിച്ചു. ഒടുവിൽ വീടിനു സമീപത്തെ വയലിൽനിന്നാണ് പിടിയിലായത്. കസ്റ്റഡിയിലുള്ള പ്രതിയെ ഇതിനോടകം ഒരുതവണ വിശദമായി ചോദ്യം ചെയ്തിട്ടുണ്ട്. പ്രാഥമിക വിവരങ്ങൾ ലഭിച്ചെങ്കിലും വീണ്ടും ചോദ്യം ചെയ്യുമെന്നും എസ്പി രാജേഷ് കുമാർ പറഞ്ഞു.
2019ല്‍ അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് കൊലപാതകങ്ങൾ നടത്തിയത്. സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ഇയാൾ വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം ഒളിവിൽ പോയ പ്രതിയെ രണ്ട് ദിവസമായിട്ടും പിടികൂടാൻ പോലീസിന് സാധിച്ചിരുന്നില്ല. ഇത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിനിടയിൽ ഇന്നലെ രാത്രി പോത്തുണ്ടിക്ക് സമീപം മാട്ടായിയിലെ വീടിന് സമീപത്തെ വയലിൽ നിന്നാണ് ചെന്താമര പിടിയിലായത്.

