അമേരിക്കയിൽ കുടിയേറ്റക്കാരായ ഏതൊരു വ്യക്തിയും മനസ്സിലാക്കിയിരിക്കേണ്ട ചില പ്രാഥമിക യാഥാർത്ഥ്യങ്ങളാണ് മൂന്ന് ഭാഗങ്ങളായി എഴുതിയിട്ടുള്ള “അമേരിക്കൻ ക്രിസ്ത്യാനിത്വം” എന്ന ഈ ലേഖന പരമ്പരയിൽ Dr. Thomas Ambumkayathu അവതരിപ്പിച്ചിരിക്കുന്നത്. ഭാഗം - I: കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും; ഭാഗം - II: അമേരിക്കയുടെ ക്രിസ്തീയ അടിസ്ഥാനം; ഭാഗം - III: ക്രിസ്തീയ ദേശീയത്വവും ക്രിസ്ത്യാനിത്വവും. (അമേരിക്കൻ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ഇംഗ്ലീഷിൽ എഴുതി, താൻ തന്നെ മലയാളത്തിലേക്ക് വിവർത്തനം ചെയ്തതാണ് ഈ ലേഖന പരമ്പര). “ദൈവരാജ്യം - ഇന്നിന്റെ വെളിച്ചവും നാളെയുട പ്രത്യാശയും” എന്ന പുസ്തകത്തിൻറെ രചയിതാവും, ആനുകാലിക പ്രാധാന്യമുള്ള വിവിധ വിഷയങ്ങളും ലേഖനങ്ങളിലൂടെ വായനക്കാരുടെ മുൻപിൽ എത്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു സ്വതന്ത്ര ചിന്തകനാണ് ഈ എഴുത്തുകാരൻ. തൻറെ പുസ്തകത്തിന്റെ കോപ്പികൾക്കോ, പുസ്തകത്തിലും ലേഖനങ്ങളിലും പരാമർശിച്ചിട്ടുള്ള വിഷയങ്ങളെ കുറിച്ച് നിങ്ങളുടെ അഭിപ്രായം അറിയിക്കുന്നതിനോ തന്നെ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. Email: vathomas.pvi@gmail.com.
കഴിഞ്ഞ ചില ലക്കങ്ങളിലൂടെ നാം ചിന്തിച്ചു കൊണ്ടിരിക്കുന്നത് മലയാളികൾ അടങ്ങുന്ന കുടിയേറ്റക്കാരുടെ രാജ്യമായ അമേരിക്ക എന്ന മഹാരാജ്യത്തിന്റെ ആത്മീക, സാംസ്കാരിക, രാഷ്ട്രീയ ചരിത്രം; ഈ ചരിത്രം കുടിയേറ്റക്കാരോടുള്ള ഇന്നത്തെ സമീപനത്തെ എങ്ങനെ വിശദീകരിക്കുന്നു എന്നുള്ളതാണ്. ഒരു ക്രിസ്തീയ രാജ്യത്തിൻറ വിഭാവനമായിരുന്നു സ്ഥാപക പിതാക്കന്മാരിലും സ്ഥാപിത പ്രമാണങ്ങളിലും ഉണ്ടായിരുന്നത്; പ്രസ്തുത വിഭാവനം വീണ്ടെടുക്കേണ്ടത് ക്രിസ്തീയ വിശ്വാസികളുടെ ആത്മീക കടപ്പാടാണ് എന്നുള്ള വാദഗതിയും നാം അല്പമായ അവലോകനത്തിന് വിധേയമാക്കി. അതോടൊപ്പം തന്നെ, കുടിയേറ്റക്കാരോടുള്ള ഇന്നത്തെ നിർദ്ധയമായ സമീപനത്തെ ന്യായീകരിക്കുന്ന ഒരു വാദഗതിയാണ്, ‘വിവിധ ജാതി-മതസ്ഥരായ കുടിയേറ്റക്കാരുടെ അതിപ്രസരം അമേരിക്കയുടെ തനിതായ രൂപഘടനയ്ക്ക് സാരമായ വ്യത്യാസം വരുത്തുന്നു' എന്നുള്ളതും. ഈ വാദഗതി എത്രമാത്രം പൊള്ളയാണ് എന്നത് ചരിത്രത്തിൻറെ അടിസ്ഥാനത്തിലും രേഖകളുടെ പിന്താങ്ങലോടും കൂടെ കഴിഞ്ഞ ലക്കങ്ങളിൽ അവതരിപ്പിച്ചിട്ടുണ്ട്. അടുത്ത രണ്ട് ലക്കങ്ങളിലായി ‘അമേരിക്കയുടെ ക്രിസ്തീയ മൗലികത (identity)’ പുനഃസ്ഥാപിക്കുവാനുള്ള ഒരു ബഹുപക്ഷം ക്രിസ്ത്യാനികളുടെയും ക്രിസ്തീയ നേതാക്കന്മാരുടെയും ആവേശകരമായ ആഹ്വാനത്തിന്റെ പരാജയം വേദപുസ്തകത്തിൻറെ അടിസ്ഥാനത്തിൽ ചൂണ്ടിക്കാണിക്കുവാൻ ആഗ്രഹിക്കുന്നു. ഇങ്ങനെ ഒരു പരിശ്രമത്തിന്റെ പ്രചോദനം പലതാണെങ്കിലും, ഏറ്റവും അടിസ്ഥാനപരമായ പ്രചോദനം, ‘യഥാർത്ഥ ക്രിസ്തീയ വിശ്വാസം കളങ്കപ്പെടുന്നു; ക്രിസ്തുവിൻറ സന്ദേശം തെറ്റിദ്ധരിക്കപ്പെടുന്നു; ധാരാളം നിഷ്കളങ്കരായ ക്രിസ്തീയ വിശ്വാസികൾ സ്ഥാപിത തൽപര്രുടെ ചൂഷണത്തിന് വിധേയമാകുന്നു’ എന്നുള്ളതാണ്. ഈ ലേഖന പരമ്പര വായിക്കുന്ന ചിലരുടെയെങ്കിലും കണ്ണ് തുറക്കുവാൻ ഇടയാകട്ടെ എന്നുള്ള ആത്മാർത്ഥമായ പ്രാർത്ഥനയോടെ തുടരട്ടെ.
എത്ര വിശദീകരിച്ചാലും, എങ്ങനെ ഒരു ക്രിസ്തീയ വിശ്വാസിയായ ഒരു വ്യക്തിക്ക്, വിശേഷിച്ച് ക്രിസ്തീയ സുവിശേഷത്തിന്റെ വക്താവായ ഒരുവന് ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്; അല്ല എങ്കിൽ അത് അങ്ങനെ ആക്കണം’ എന്നുള്ള വാദഗതിയെ വിമർശിക്കുവാൻ കഴിയുന്നു എന്ന ചോദ്യം ചിലരുടെ എങ്കിലും ഹൃദയങ്ങളിൽ അവശേഷിക്കും എന്ന് എനിക്കറിയാം. അതിന് ഉത്തരം: ഒന്നാമതായി, കഴിഞ്ഞ ലക്കങ്ങളിൽ ഞാൻ വ്യക്തമാക്കിയിട്ടുള്ളത് പോലെ ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാണ്' എന്നുള്ളത് തെറ്റായ ഒരു സങ്കല്പമാണ്. രണ്ടാമതായി, അമേരിക്കയെ ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുവാനുള്ള പരിശ്രമം അമേരിക്കയ്ക്ക് ‘മതസ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ ഉള്ള അതുല്യതയെ അവഗണിക്കുന്നത് ആയിരിക്കും. കൂടാതെ, ക്രിസ്തീയ വിശ്വാസം മറ്റുള്ളവരുടെ മുകളിൽ അടിച്ചേൽപ്പിക്കുന്ന ഒന്നല്ല; അങ്ങനെ ഒരു പരിശ്രമം തന്നെ ക്രിസ്ത്യാനിത്വത്തിന്റെ അടിസ്ഥാന പ്രമാണങ്ങളെ ലംഘിക്കുന്നതാണ്. എല്ലാറ്റിലും ഉപരി, സ്നേഹത്തിലൂടെ അല്ലാതെ, നിയമത്തിന്റെ ശക്തി ഉപയോഗിച്ചും, മറ്റു മാനുഷിക സ്വാധീനങ്ങൾ ഉപയോഗിച്ചും ക്രിസ്ത്യാനിത്വം അടിച്ചേൽപ്പിക്കുവാൻ ശ്രമിക്കുമ്പോൾ, മഹനീയമായ ക്രിസ്തീയ സന്ദേശം തന്നെ മലിനപ്പെടുകയും സന്ദേശകർ ക്രിസ്തുവിന് അപവാദം സൃഷ്ടിക്കുകയും മാത്രമായിരിക്കും ചെയ്യുന്നത്.
ക്രിസ്തീയ ദേശീയതയും ക്രിസ്ത്യാനിത്വവും - രണ്ട് ധ്രുവങ്ങൾ!
അടുത്ത കാലങ്ങളിൽ വളരെ വിവാദത്തിന് വിധേയമായി കൊണ്ടിരിക്കുന്ന ഒരു വിഷയമാണ് ‘ക്രിസ്തീയ ദേശീയത.” ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യം’ എന്ന സങ്കൽപ്പത്തോടു യോജിക്കുന്നവരും അതിനെ ശക്തമായി എതിർക്കുന്നവരും അവരുടെ കാഴ്ചപ്പാടുകൾ വിവിധ മാധ്യമങ്ങളിലൂടെ - എഴുത്തുകൾ, പ്രസംഗപീഠങ്ങൾ, സാമൂഹ്യ മാധ്യമങ്ങൾ എന്നിവകളിലൂടെ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഈ വിഷയത്തിൽ ഗവേഷണം ചെയ്യുന്ന മതപണ്ഡിതന്മാരും സാമൂഹ്യശാസ്ത്രജ്ഞന്മാരും വെളിപ്പെടുത്തുന്നത്, ‘അമേരിക്ക’ ക്രിസ്ത്യാനിത്വത്തിന്റെ ‘യഥാർത്ഥ നിർവചനം’ എന്നുള്ള ഒരു അടിസ്ഥാന സങ്കല്പമാണ് ക്രിസ്തീയ ദേശീയത്വം എന്നാണ്. തങ്ങളുടെ മതവിശ്വാസത്തിന് ദേശീയ അംഗീകാരം ലഭിക്കുന്നതും തങ്ങളുടെ വിശ്വാസവും തങ്ങളെ ഉൾക്കൊള്ളുന്ന രാജ്യത്തിൻറ മതവിശ്വാസവും ഒന്നാണ് എന്നുള്ള ബോധ്യം ക്രിസ്ത്യാനികൾക്ക് പൊതുവേ അഭിമാനം ഉളവാക്കുന്ന ഒരു വിഷയമാണ് എന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. എന്നാൽ, നാം ഒരു വശത്ത് ക്രിസ്തീയ വേദ പുസ്തകം തുറന്ന് വെച്ചും, മറുവശത്ത് മത പീഡനത്തിന്റെ ചരിത്ര പുസ്തകങ്ങളും - ഇപ്രകാരമുള്ള ഒരു ആത്മാർത്ഥ അവലോകനം നടത്തിയാൽ ഹൃദയമുള്ള ഏതൊരു ക്രിസ്ത്യാനിക്കും അഭിമാനം അല്ല; മറിച്ച്, ഹൃദയ വേദനയായിരിക്കും ഉണ്ടാവുക.
യഥാർത്ഥത്തിൽ, എന്താണ് ക്രിസ്ത്യാനിത്വം? വീണ്ടെടുപ്പിന്റെ വീക്ഷണകോണിൽ നിന്നും (Redemptive perspective) നോക്കിയാൽ, ‘ക്രിസ്ത്യാനിത്വം യേശുക്രിസ്തുവിന്റെ ക്രൂശിലെ പ്രായശ്ചിത്ത മരണം കൊണ്ട് മനുഷ്യനെ നിത്യ നരകത്തിൽ നിന്നും വീണ്ടെടുത്ത സദ് വാർത്തയാണ്.’ ദൈവ രാജ്യത്തിൻറെ വീക്ഷണ കോണിൽ (Kingdom perspective) നിന്നും നോക്കിയാൽ, ‘ക്രിസ്ത്യാനിത്വം, ഇന്ന് നാം കാണുന്ന - സ്വാർത്ഥതയും വിദ്വേഷവും നിറഞ്ഞു, മനുഷ്യനെ ദൈവത്തിൽ നിന്നും മനുഷ്യനെ പരസ്പരവും അകറ്റിയിരിക്കുന്ന - പാപം കൊണ്ട് ജീർണ്ണിച്ച വ്യവസ്ഥിതിയെ മാറ്റി, പകരം സ്നേഹത്തിന്റെയും സമ്പൂർണ്ണതയുടെയും ഐക്യത്തിന്റെയും ഒരു രാജ്യം ക്രിസ്തുവിലൂടെ ആഗതമാകുന്നു എന്ന പ്രഖ്യാപനമാണ്. ഇത് രണ്ടായാലും, ഒരു ക്രിസ്തീയ വിശ്വാസിയുടെയും, ക്രിസ്തീയ സഭയുടെയും ദൗത്യം, വികലവും ശിഥിലവുമായ മനുഷ്യ സമൂഹത്തിൽ ക്രിസ്തുവിലൂടെ മനുഷ്യനെ ദൈവത്തോടും, മനുഷ്യരെ പരസ്പരവും അനുരഞ്ജനപെടുത്തുന്ന ഒരു നിരപ്പിന്റെ ശുശ്രൂഷയാണ്.
ക്രിസ്തീയ ദേശീയത്വം ക്രിസ്ത്യാനിത്വവുമായി വിവിധ രീതികളിൽ വ്യത്യസ്തമാണ്. എന്നാൽ, സ്ഥലത്തിന്റെയും സമയത്തിന്റെയും പരിമിതി കണക്കിലെടുത്തുകൊണ്ട് പ്രധാനമായ മൂന്ന് വ്യത്യാസങ്ങൾ മാത്രം - ചുരുക്കമായി പ്രതിപാദിക്കുവാൻ ഞാൻ ആഗ്രഹിക്കുന്നു. പ്രധാന വ്യത്യാസങ്ങൾ: 1) പ്രചോദനം; 2) ലക്ഷ്യം; 3) ലക്ഷ്യം പ്രാപിക്കുന്നതിന് തിരഞ്ഞെടുത്തിരിക്കുന്ന മാർഗം. ഈ ലക്കത്തിൽ, എന്താണ് ഈ രണ്ട് ചിന്താഗതികളുടെയും അടിസ്ഥാന പ്രചോദനം എന്ന് നമുക്ക് ചിന്തിക്കാം.
1) പ്രചോദനം:
‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുക’ എന്നത് ഏറെക്കുറെ ഒരു ആത്മീക ദൗത്യമായി കരുതുകയും, അത് അങ്ങനെയായി കാണുവാൻ ആഗ്രഹിക്കുകയും ചെയ്യുന്ന - മലയാളികൾ അടക്കം - ഒരു നല്ല കൂട്ടം ക്രിസ്ത്യാനികൾ ഇവാഞ്ചലിക്കൽ സഭാ വിഭാഗങ്ങളിൽ ഉണ്ട് എന്ന് പറയുന്നതിൽ തെറ്റില്ല. ഈ താല്പര്യത്തോട് യോജിക്കുകയോ, വിയോജിക്കുകയോ ചെയ്യുന്നതിനു മുമ്പ് അടിസ്ഥാനപരമായ ചില ചോദ്യങ്ങൾ നാം ചോദിക്കേണ്ടിയിരിക്കുന്നു: ഇങ്ങനെയൊരു താല്പര്യത്തിന്റെ പ്രചോദനം എന്താണ്? വീണ്ടും ജനന അനുഭവം പ്രാപിക്കാതെ തങ്ങളുടെ പാപങ്ങളിൽ മരിച്ച്, നിത്യ നാശത്തിലേക്ക് നയിക്കപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മാക്കളെ കുറിച്ചുള്ള ഭാരമാണോ? അതോ, വിവിധ ജാതി-മതസ്ഥരായ കുടിയേറ്റക്കാരുടെ പ്രവാഹം കൊണ്ട് മാറി കൊണ്ടിരുന്ന സമൂഹത്തിൻറെ ധാർമിക-സാംസ്കാരിക നിലപാടുകളെ കുറിച്ചുള്ള ഉത്കണ്ഠ ആണോ? ചരിത്രത്തിൻറെ പിന്നിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ, പത്തൊമ്പതാം നൂറ്റാണ്ടിൻറെ പ്രാരംഭ കാലത്ത്, 1880 – 1920 വരെയുള്ള കാലയളവുകളിൽ ‘കുടിയേറ്റത്തിന്റ തിരമാല’ (The great wave) എന്ന് ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള കുടിയേറ്റം അന്നത്തെ അമേരിക്കയുടെ രൂപഘടനയ്ക്ക് സാരമായ മാറ്റം വരുത്തി. ‘കുടിയേറ്റക്കാരും ക്രിസ്തീയ അമേരിക്കയും’ എന്ന എൻറെ ആദ്യത്തെ ലേഖനത്തിൽ (Part – 2) ഈ വിഷയം ഞാൻ പരാമർശിച്ചിട്ടുണ്ട്. ലോകത്തിൻറെ വിവിധ രാജ്യങ്ങളിൽ നിന്നും തുടർന്നുകൊണ്ടിരുന്ന വൻതോതിൽ ഉള്ള ഈ കുടിയേറ്റം, ‘ശ്രേഷ്ഠരും സ്വദേശികൾ എന്നും സ്വയം കണക്കാക്കിയിരുന്ന വെളുത്ത വർഗ്ഗക്കാർക്ക്' ഒരു ഭീഷണിയായി മാറി. അതിൻറെ പ്രത്യാഘാതമായി, സംഘടിതമായ എതിർപ്പുകൾ രാജ്യം ഒട്ടാകെ ഉയരുകയും അത് രണ്ട് രീതികളിൽ പ്രത്യക്ഷമാവുകയും ചെയ്തു.
ഒന്ന്, 1865 - ൽ രൂപം കൊണ്ട ‘KKK’ (Ku Klux Klan) എന്ന വർഗീയ തീവ്രവാദ പ്രസ്ഥാനം ആയിരുന്നു. ഇവരുടെ സന്ദേശം: ‘അമേരിക്ക വെളുത്ത വർഗ്ഗക്കാരുടെ രാജ്യമാണ് എന്നും, മറ്റ് ഏത് വർഗ്ഗക്കാരുടെയും കുടിയേറ്റം യഥാർത്ഥ അമേരിക്കയുടെ തനിതായ രൂപത്തിന് കളങ്കം വരുത്തുന്നതും ആണ്’ എന്നതായിരുന്നു. കുടിയേറ്റത്തിനെതിരെ ഉയർന്ന മറ്റൊരു പ്രതികരണം ആയിരുന്നു, 1924 - ൽ പാസാക്കപ്പെട്ട ‘കുടിയേറ്റ നിയന്ത്രണ നിയമം’ (Immigration Restriction Act). ഈ രണ്ട് പ്രതികരണങ്ങൾക്ക് പിന്നിലും പ്രവർത്തിച്ചത്, അന്നത്തെ ഇവാഞ്ചലിക്കൽ (protestant) ക്രിസ്ത്യാനികൾ ആയിരുന്നു എന്നത് പ്രത്യേകം ശ്രദ്ധേയമാണ്. കുടിയേറ്റത്തിനെതിരെ രൂപം കൊണ്ട പ്രതിരോധ മനോഭാവത്തോടൊപ്പം ഉടലെടുത്ത ഒരു സങ്കല്പമാണ്, യഥാർത്ഥ അമേരിക്കൻ ‘വെളുത്ത വർഗ്ഗക്കാരൻ ആയ ഇവാഞ്ചലിക്കൽ ക്രിസ്ത്യാനി’ എന്നത്. ഇങ്ങനെയാണ്, ക്രിസ്ത്യാനിത്വത്തിന്റെ പര്യായപദമായി അമേരിക്ക അറിയപ്പെടുവാൻ തുടങ്ങിയതും. ഇന്ന്, പ്രസ്തുത വർഗീയ-മത വികാരത്തിനും മനോഭാവത്തിനും കുറേക്കൂടി ആകർഷികമായ ആവരണം (packaging) - സദാചാരത്തിന്റെയും ആത്മീകതയുടെയും - ആവരണം നടത്തിയിട്ടുണ്ട് എങ്കിലും, ഉള്ളടക്കവും പ്രചോദനവും പണ്ടത്തേതു തന്നെ! ഇത് മനസ്സിലാക്കുവാൻ കഴിയാത്ത മലയാളികൾ അടങ്ങുന്ന ഒരു കൂട്ടം കുടിയേറ്റക്കാരായ ക്രിസ്ത്യാനികൾ ആണ് ആത്മീകതയുടെ മയക്കുമരുന്നിൽ മത്തരായി, സ്ഥാപിത തൽപര്രായ വർഗീയ- ശക്തികൾക്കും, അവസരവാദികളായ രാഷ്ട്രീയക്കാർക്കും കൈ കൊടുത്തു, ‘അമേരിക്ക ക്രിസ്തീയ രാജ്യം’ എന്ന മുദ്രാവാക്യം ആവർത്തിച്ച് ആക്രോശിക്കുന്നത് എന്ന് പറയാതിരിക്കാൻ നിവൃത്തിയില്ല.
എന്നാൽ, തങ്ങളുടെ സ്വന്തം ജീവിതത്തിൽ അനുഭവമാക്കിയിട്ടുള്ള രക്ഷയുടെ സുവിശേഷം ജീവിതത്തിൽ ഏറ്റുവാങ്ങുവാൻ കഴിയാതെ ആയിരങ്ങൾ നിത്യ നരകത്തിലേക്ക് നയിക്കപ്പെടുന്നു എന്ന ആത്മഭാരമാണ് - ആ അർത്ഥത്തിലാണ് ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യം’ ആയി കാണുവാൻ ആഗ്രഹിക്കുന്നത് എങ്കിൽ അത് മനസ്സിലാക്കുവാൻ കഴിയാവുന്നതേയുള്ളൂ. അങ്ങനെയെങ്കിൽ, പുതിയ കുടിയേറ്റക്കാരോടുള്ള അവരുടെ പ്രതികരണവും തികച്ചും വ്യത്യസ്തമായിരിക്കും. ഞാൻ ഇന്നും ഓർക്കുന്നു, 1981 - ൽ ഞാൻ ആദ്യമായി അമേരിക്കയിൽ വരുമ്പോൾ, എൻറെ തൊട്ട് അടുത്ത സീറ്റിൽ ഇരുന്നിരുന്ന ഒരു വിദേശീയ മിഷനറിയുമായി പരിചയപ്പെട്ടത്. അദ്ദേഹത്തിൻറെ പേര്, Ralph Reeb. അമേരിക്കൻ ഉച്ചാരണ രീതി കൊണ്ട് അദ്ദേഹം പറഞ്ഞ പല കാര്യങ്ങളും എനിക്ക് മനസ്സിലായില്ല. എന്നാൽ, അദ്ദേഹത്തിന് ഞാൻ പറഞ്ഞത് എല്ലാം തന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞു; കാരണം, ഭാരതത്തിലും മറ്റ് പല രാജ്യങ്ങളിലും ഒരു ക്രിസ്തീയ മിഷനറിയായി താൻ യാത്ര ചെയ്യുകയും ജീവിക്കുകയും ചെയ്തിട്ടുള്ള ഒരു വ്യക്തിയായിരുന്നു. അമേരിക്കയിൽ, അദ്ദേഹം താമസിച്ചിരുന്നത്, ഞാനും എൻറെ ഭാര്യയും താമസിക്കുവാൻ തിരഞ്ഞെടുത്ത Philadelphia സിറ്റിയിൽ നിന്നും 30 മിനിറ്റ് ദൂരത്തിൽ, Jenkintown എന്ന town - ൽ ആയിരുന്നു. ഞാൻ അമേരിക്കയിൽ എത്തി, ഒരാഴ്ച കഴിഞ്ഞപ്പോൾ അദ്ദേഹം ഞങ്ങളെ തൻറെ വീട്ടിലേക്ക് അതിഥികളായി ക്ഷണിക്കുകയും, അവിടെ ഒരു നല്ല സ്നേഹബന്ധം ആരംഭിക്കുകയും ചെയ്തു. ആ സുഹൃത്ത് ബന്ധം വളരെക്കാലം നിലനിന്നു.
ആ ബന്ധത്തിൽ നിന്നും അദ്ദേഹത്തിന് പ്രത്യേകിച്ച് ഒരു പ്രയോജനവും ഉണ്ടായിരുന്നില്ല. എങ്കിലും, അതിന് അദ്ദേഹത്തെ പ്രേരിപ്പിച്ച കാരണം: “ഞാൻ ലോകത്തിലെ പല രാജ്യങ്ങളും സന്ദർശിച്ച് പലരെയും കണ്ടുമുട്ടി, ക്രിസ്തുവിനെ പരിചയപ്പെടുത്തുകയും സുവിശേഷം പങ്കുവെക്കുകയും ചെയ്യുന്ന ഒരു മിഷനറിയാണ്. ഇവിടെ, അങ്ങനെ ഒരു രാജ്യത്തുനിന്ന് ഒരു വ്യക്തി എൻറെ നാട്ടിലെത്തി എൻറെ അയൽക്കാരനായി മാറിയിരിക്കുന്നു. ചുരുക്കത്തിൽ, ഒരിക്കൽ അതിവിദൂരമായിരുന്ന മിഷൻ ഫീൽഡ് ചുരുങ്ങി ഇന്ന് ഹൃസ്വദൂരത്തിൽ - എൻറെ അയൽപക്കത്ത് എത്തിയിരിക്കുന്നു.” ഈ തിരിച്ചറിവാണ് തന്നിൽ നിന്നും തികച്ചും വ്യത്യസ്തനായ - നിറം, ഭാഷ, സംസ്കാരം, ചിന്താഗതി, വിശ്വാസം എന്നിങ്ങനെ എല്ലാ രീതികളിലും വിദൂരനായിരുന്ന എന്നെ രണ്ടു കരങ്ങളും നീട്ടി ഹാർദ്ദവമായി സ്വീകരിക്കുവാൻ അദ്ദേഹത്തെ പ്രചോദിപ്പിച്ചത്. ഒരു കുടിയേറ്റക്കാരനും കൂടി തൻറെ രാജ്യത്തിലെത്തി അവൻറെ സംസ്കാരവും ജീവിത രീതികളും കൊണ്ട് തൻറെ സമൂഹത്തെ അശുദ്ധമാക്കുമെന്നോ സ്വാധീനിക്കും എന്നോ ഉള്ള ഭയം തനിക്ക് ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ഭീഷണി തന്നിൽ ഉണ്ടായിരുന്നു എങ്കിൽ എന്നോടുള്ള തൻറെ സമീപനം തികച്ചും വ്യത്യസ്തം ആയിരിക്കുമായിരുന്നു. എന്നാൽ, തന്നിൽ ഉണ്ടായിരുന്നത് തന്നിൽ നിന്നും തികച്ചും വ്യത്യസ്തരും വിദൂരരും ആയ മനുഷ്യരെ സ്നേഹിച്ച ക്രിസ്തുവിൻറെ സ്നേഹമായിരുന്നു .
യേശുക്രിസ്തുവിന്റെ മഹത്തായ അനുശാസന - The Great Commission - ജീവിതത്തിൽ ഏറ്റുവാങ്ങിയിട്ടുള്ള ഏതൊരു ക്രിസ്ത്യാനിയുടെയും സമീപനം അതുതന്നെയായിരിക്കും എന്ന് ഞാൻ വിശ്വസിക്കുന്നു. ‘അമേരിക്ക ഒരു ക്രിസ്തീയ രാജ്യമാക്കി മാറ്റുക’ എന്ന പ്രചോദനം - ഈ അനുഗ്രഹിക്കപ്പെട്ട ഭൂപ്രദേശത്ത് കാലുകുത്തുന്ന ഓരോ വ്യക്തിയോടും അവരറിഞ്ഞിട്ടില്ലാത്ത ക്രിസ്തീയ സുവിശേഷം പങ്കുവെക്കുവാനുള്ള ആർദ്രവമായ ആഗ്രഹത്തിൽ നിന്നും ഉളവാകുന്നതാണ് എങ്കിൽ അതിനെ ചോദ്യം ചെയ്യുകയല്ല; മറിച്ച് ആശ്ലേഷിക്കുക മാത്രമേ എനിക്ക് ചെയ്യുവാൻ കഴിയൂ!
(തുടരും)
.jpg)
Dr. V. A. Thomas (Dr. Thomas V. Ambumkayathu)

