PRAVASI

പാലാ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ സമ്പൂര്‍ണ്ണ തുടയെല്ല് മാറ്റിവെക്കല്‍ വിജയകരം

Blog Image

പാലാ: സന്ധി മാറ്റിവെക്കല്‍ ചികിത്സാ രംഗത്ത് മറ്റൊരു ചുവടുകൂടി വെച്ച് മാര്‍ സ്ലീവാ മെഡിസിറ്റി പാലാ. 72 വയസ്സുള്ള രോഗിയുടെ തുടയെല്ല് പൂര്‍ണമായും അതോടൊപ്പം ഇടുപ്പും കാല്‍മുട്ടും ഉള്‍പ്പെടുന്ന ഭാഗങ്ങളും വിജയകരമായി മാറ്റിവെച്ചു. അത്യപൂര്‍വമായ ഈ ശസ്ത്രക്രിയയ്ക്കു ശേഷം രോഗി അടുത്ത ദിവസം തന്നെ നടന്നു തുടങ്ങുകയും അഞ്ചാം ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തു.
അര്‍ബുദ ചികിത്സയുടെ ഭാഗമായി ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഇടുപ്പും തുടയെല്ലിന്‍റെ പകുതിയും മാറ്റിവെക്കേണ്ടി വന്ന രോഗിക്ക് പിന്നീട് ജോലിയുടെ ഭാഗമായി ദീര്‍ഘനേരം നില്ക്കേണ്ടി വന്നതിനെ തുടര്‍ന്ന് വീണ്ടും വേദന അനുഭവപ്പെട്ടു. പല ചികിത്സകളും നടത്തിയിട്ടും വേദന കുറയാതെ വന്നപ്പോള്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ നടത്തിയ പരിശോധനയില്‍ മുന്‍പ് സ്ഥാപിച്ചിരുന്ന കൃത്രിമ സന്ധിക്ക് ഇളക്കം സംഭവിച്ചതായും തുടയിലെ എല്ല് ദ്രവിച്ചതായും കണ്ടെത്തി. ഇതിനെത്തുടര്‍ന്ന് സങ്കീര്‍ണ്ണമായ തുടയെല്ല് മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്താന്‍ ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. രാജീവ് പി.ബി. നിര്‍ദ്ദേശിക്കുകയായിരുന്നു.
മനുഷ്യശരീരത്തിലെ ഏറ്റവും നീളംകൂടിയ അസ്ഥിയാണ് തുടയെല്ല് അഥവാ ഫീമര്‍. ഇടുപ്പ് സന്ധിയും കാല്‍മുട്ട് സന്ധിയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ അസ്ഥിയിലേക്കാണ് കാല്‍ ചലിപ്പിക്കാനുള്ള നിരവധി പേശികള്‍ ബന്ധിപ്പിച്ചിരിക്കുന്നത്. അതിനാല്‍ത്തന്നെ തുടയെല്ല് നീക്കം ചെയ്ത് കൃത്രിമ അസ്ഥി ഘടിപ്പിക്കുന്നത് അതിസങ്കീര്‍ണ്ണമായ ഒരു ശസ്ത്രക്രിയയാണ്. തുടയില്‍ ഉണ്ടാകുന്ന അര്‍ബുദം പേശികളിലേക്കും ഞരമ്പുകളിലേക്കും വ്യാപിക്കാന്‍ സാദ്ധ്യതയുള്ളതിനാല്‍, അവ നീക്കം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധയും പരിചയസമ്പത്തും അനിവാര്യമാണ്. അല്ലാത്തപക്ഷം അര്‍ബുദം അതേ ഭാഗത്ത് വീണ്ടും വളരാനുള്ള സാഹചര്യം ഉണ്ടാകും. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി ആയാസരഹിതമായി നടക്കാന്‍ പേശികളും ഞരമ്പുകളും ശരിയായി പുനഃസ്ഥാപിക്കേണ്ടതുണ്ട്.
ഓര്‍ത്തോപീഡിക്സ് വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. രാജീവ് പി.ബി.യുടെ നേതൃത്വത്തില്‍ മൂന്നു മണിക്കൂര്‍ നീണ്ടുനിന്ന ശസ്ത്രക്രിയയില്‍, അനസ്തീഷ്യ വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്‍റ് ഡോ. അനു ഗംഗാധരന്‍, ഓര്‍ത്തോപീഡിക്സ് വിഭാഗത്തിലെ ഡോ. സിബിന്‍ സൈഫുദ്ദീന്‍ എന്നിവര്‍ പങ്കാളികളായി.
അര്‍ബുദ ചികിത്സാ രംഗത്ത് പുതിയ സാദ്ധ്യതകള്‍ തുറക്കുന്നതോടൊപ്പം കാന്‍സര്‍ കെയറും ഗവേഷണവും സംയോജിപ്പിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്‍ററിന് ഒരു നാഴികക്കല്ലാണ് ഈ ശസ്ത്രക്രിയയുടെ വിജയം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.