PRAVASI

ദൈവവിശ്വാസികളേ മടിക്കാതെ കടന്നുവരൂ, നിങ്ങളാണ് നമ്മുടെ ഐശ്വര്യമെന്ന് സിപിഎം

Blog Image

“വിശ്വാസികളാണ് സിപിഎമ്മിന്‍റെ ഏറ്റവും വലിയ കരുത്ത്… സിപിഎം വിശ്വാസികളല്ല, മറിച്ച് ദൈവവിശ്വാസികളാണ്. ആ വിശ്വാസികളാണ് വർഗീയതക്കെതിരായ പോരാട്ടത്തിൽ മുൻപന്തിയിലെ പോരാളികൾ”- ഇപ്പറഞ്ഞത് സിപിഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നാല് വോട്ടിന് വേണ്ടി തരാതരം പോലെ ദൈവിശ്വാസത്തെ ഒരു രാഷ്ടീയ പാർട്ടി ഉപയോഗിക്കുന്നതിൻ്റെ ഏറ്റവും പുതിയ തെളിവാണ് നിലമ്പൂരിലെ ഈ ഏറ്റുപറച്ചിൽ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ ദൈവിശ്വാസികളായ വോട്ടർമാരെ പരമാവധി സ്വാധീനിക്കാനാണ് അദ്ദേഹം ഈ പുതിയ വെളിപാട് ഇറക്കിയത് എന്നുവേണം കരുതാൻ.

2006ൽ സിപിഎമ്മിൻ്റെ നിയമസഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ട എംഎം മോനായിയും ഐഷാ പോറ്റിയും പാർട്ടി ശാസനക്ക് വിധേയരാകേണ്ടി വന്നത് ദൈവവിശ്വാസം പൊതുസമൂഹത്തിൽ ഏറ്റുപറഞ്ഞതിനാണ്. രണ്ട് പ്രധാന യുഡിഎഫ് നേതാക്കളെ തറപറ്റിച്ചാണ് ഇരുവരും തിളക്കമാർന്ന വിജയം നേടിയത്. കുന്നത്തുനാട്ടിൽ കെപിസിസി മുൻ പ്രസിഡൻ്റ് പി പി തങ്കച്ചനേയും കൊട്ടാരക്കരയിൽ ആർ ബാലകൃഷ്ണപിള്ളയേയും തോൽപിച്ച് സഭയിലെത്തിയ മോനായിയും ഐഷാ പോറ്റിയും ദൈവനാമത്തിൽ പ്രതിജ്ഞ എടുത്താണ് പാർട്ടിയുടെ കണ്ണിൽകരടായത്. അന്ന് പാർട്ടി സെക്രട്ടറിയായിരുന്ന പിണറായി വിജയൻ ഇരുവരേയും പരസ്യ ശാസനയ്ക്ക് വിധേയമാക്കി.

“പാര്‍ട്ടി ഏരിയാ കമ്മിറ്റി അംഗങ്ങളായ സഖാക്കള്‍ എം എം മോനായി, ഐഷാ പോറ്റി എന്നിവര്‍ എംഎല്‍എമാരായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്തത് പാര്‍ട്ടിക്കാകെ അപമാനം വരുത്തിവച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദത്തില്‍ ഉറച്ചുനില്‍ക്കുന്ന ഒരാളാണ് പാര്‍ട്ടി അംഗത്വത്തിലേക്ക് വരുന്നത്. ദീര്‍ഘകാലമായി പാര്‍ട്ടി അംഗങ്ങളായി തുടരുകയും ഏരിയാ കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്ത ഈ സഖാക്കള്‍ക്ക് തങ്ങളുടെ രഹസ്യമാക്കി വെച്ചിരുന്ന ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച് പാര്‍ട്ടിയെയാകെ അപമാനിക്കുന്നതിന് ഒരു പ്രയാസവുമുണ്ടായില്ല. ഇത്തരത്തില്‍ പരസ്യമായി പാര്‍ട്ടിയുടെ നിലപാടുകള്‍ ധിക്കരിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ ചെയ്തികള്‍ പാര്‍ട്ടി ഘടകങ്ങള്‍ കണ്ടില്ലെന്ന് നടിക്കരുത്. പാര്‍ട്ടി നിലപാടുകളില്‍ പാര്‍ട്ടി അംഗങ്ങളെയാകെ ഉറച്ചുനില്‍ക്കുന്നതിന് സഹായിക്കുന്ന ഇടപെടലുകള്‍ പാര്‍ട്ടി ഘടകങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാവണം”. (സിപിഎം പാർട്ടി കത്ത് 2006)

ദൈവ വിശ്വാസികളായ രണ്ട് എം എൽ എ മാരെ ശാസിച്ച പിണറായി വിജയൻ്റെ പാർട്ടി കത്ത് നിയമസഭയിൽ പരാമർശിക്കപ്പെട്ടപ്പോൾ മന്ത്രി തോമസ് ഐസക് പറഞ്ഞ മറുപടി ഇതായിരുന്നു: “ഈശ്വരവിശ്വാസികളായ ധാരാളം പേർ പാർട്ടിയിലുണ്ട്. പക്ഷേ മാർക്‌സിസ്‌റ്റ് ദർശനത്തിനു ചേരാത്ത രീതിയിൽ പ്രവർത്തിക്കരുത്.” സിപിഎം ഏരിയ കമ്മിറ്റി അംഗങ്ങൾ കൂടിയായിരുന്ന ഇരുവരും ദൈവനാമത്തിൽ പ്രതിജ്‌ഞയെടുത്തത് പാർട്ടിക്ക് നിരക്കാത്ത നടപടിയായി സിപിഎം സംസ്‌ഥാന കമ്മിറ്റിയും വിലയിരുത്തിയിരുന്നു. പിന്നീട് രണ്ട് തവണ എംഎൽഎ ആയപ്പോഴും ഐഷാ പോറ്റി ദൃഢപ്രതിജ്ഞയെടുത്തു. ദൈവവിശ്വാസം പരസ്യമായി പ്രകടിപ്പിച്ച മോനായിയുടെ പാർലമെൻ്ററി ജീവിതം പിന്നീട് കൂമ്പടഞ്ഞു പോയി.

എന്നാൽ 2021ലെ തിരഞ്ഞെടുപ്പിൽ സിപിഎം ടിക്കറ്റിൽ വിജയിച്ചുവന്ന വീണ ജോർജ്, ആൻ്റണി ജോൺ , ദലീമ ജോജോ എന്നിവർ ദൈവനാമത്തിലാണ് നിയമസഭയിൽ പ്രതിജ്ഞ എടുത്തത്. ഇവരുടെ കാര്യത്തിൽ പരസ്യശാസനയും പാർട്ടി സെക്രട്ടറി വക വിരട്ടലും ഒന്നുമുണ്ടായില്ല എന്നതാണ് ശ്രദ്ധേയം. അക്കാലത്ത് വീണാജോർജ് ഏരിയാകമ്മിറ്റി അംഗവും ആന്റണി ജോൺ ലോക്കൽ കമ്മിറ്റി അംഗവും, ദലീമ ബ്രാഞ്ച് അംഗവുമായിരുന്നു. മൂന്നുപേരും കടുത്ത ഈശ്വര വിശ്വാസമുള്ള ക്രൈസ്തവ വിഭാഗക്കാരാണ്. മുമ്പെങ്ങും ഇല്ലാത്ത വിധത്തിൽ സിപിഎമ്മിന് 2016ലും 2021ലും ക്രൈസ്തവ വിഭാഗങ്ങളുടെ ശക്തമായ പിന്തുണ ലഭിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് സത്യപ്രതിജ്ഞാ കാര്യത്തിൽ കടുംപിടുത്തതിന് സിപിഎം നിൽക്കാഞ്ഞത്.

സിപിഎം കേന്ദ്ര കമ്മിറ്റിയുടെ തെറ്റുതിരുത്തൽ രേഖയനുസരിച്ചു പാർട്ടി ഭാരവാഹികളും പ്രധാന നേതാക്കളും ജില്ലാ – സംസ്ഥാനകമ്മിറ്റി അംഗങ്ങളുമെല്ലാം വിശ്വാസവുമായി ബന്ധപ്പെട്ട ആചാരാനുഷ്ഠാനങ്ങളിൽ നിന്നു വിട്ടുനിൽക്കണം. മതപരമായ ചടങ്ങുകൾ സംഘടിപ്പിക്കാനോ വ്യക്തിപരമായി അതിൽ പങ്കെടുക്കാനോ പാടില്ല. പുറത്തൊന്നും അകത്തു മറ്റൊന്നും എന്ന രീതി അനുവദനീയമല്ല, എന്നൊക്കെയാണ് പാർട്ടി രേഖയിൽ എഴുതി വെച്ചിരിക്കുന്നത്. മിക്കപ്പോഴും ഇതൊന്നും പ്രയോഗത്തിൽ വരുത്താറില്ല. നിലപാടുകൾ തരാതരം പോലെ സ്വീകരിക്കാമെന്ന് പാർട്ടി തന്നെ അണികളെ പഠിപ്പിക്കുകയാണ്.

2017 സെപ്റ്റംബറിൽ സിപിഎം സംസ്ഥാന കമ്മറ്റി അംഗവും ദേവസ്വം മന്ത്രിയുമായിരുന്ന കടകംപള്ളി സുരേന്ദ്രൻ ഗുരുവായൂർ അമ്പലത്തിൽ തൊഴുതതും വിവാദമായിരുന്നു. അഷ്ടമിരോഹിണി ദിനത്തിൽ ഗുരുവായൂരിലെത്തിയ കടകംപള്ളി ഷർട്ട് ഊരി ക്ഷേത്രത്തിൽ പ്രവേശിക്കുകയും ഗുരുവായൂരപ്പനെ തൊഴുകയും ചെയ്തിരുന്നു. കുടുംബാംഗങ്ങളുടെ പേരിൽ വഴിപാടും കഴിപ്പിച്ചു. വൈകിട്ടു ചേർന്ന സമ്മേളനത്തിൽ ‘ഇതു ധന്യവും മനോഹരവുമായ നിമിഷങ്ങൾ’ എന്നു പറഞ്ഞ് കടകംപള്ളി മന്ത്രി വാചാലനായി. ഗുരുവായൂരിലെ മന്ത്രിയുടെ ഭക്തിയുടെ പേരിൽ പാർട്ടി നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്ന് അക്കാലത്ത് ചേർന്ന സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തിയിരുന്നു.

ക്ഷേത്രാചാരങ്ങള്‍ ചിലര്‍ അനാവശ്യമായി വിവാദമാക്കുകയാണ് എന്നായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെയും വിശദീകരണം. ഇക്കാര്യം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടേറിയറ്റിൽ റിപ്പോർട്ടു ചെയ്തു. തുടർന്നു നടന്ന ചർച്ചയിൽ മന്ത്രിക്കെതിരെ വിമർശനം ഉയർന്നു. എങ്കിലും കൂടുതൽ വിവാദങ്ങൾക്ക് പോകേണ്ടതില്ല എന്ന പൊതുനിലപാടാണ് യോഗം സ്വീകരിച്ചത്. അക്കാലത്ത് വേങ്ങര ഉപതിരഞ്ഞെടുപ്പ് പ്രചരണം നടക്കുകയായിരുന്നു. ഇക്കാര്യത്തിലെ കൂടുതൽ ചർച്ചകൾ പൊതുസമൂഹത്തിനു മുന്നിൽ തെറ്റായ സന്ദേശം നൽകുമെന്നാണ് അന്ന് പാർട്ടി സെക്രട്ടേറിയറ്റ് വിലയിരുത്തിയത്.
2021ലെ തിരഞ്ഞെടുപ്പിൽ വിജയിച്ച 99 എൽഡിഎഫ് എംഎൽഎമാരിൽ 17 പേരാണു ദൈവനാമത്തിൽ പ്രതിജ്ഞ ചൊല്ലിയത്. 1980ൽ ഇടതുപക്ഷ മുന്നണി രൂപീകരിച്ച ശേഷം ഇക്കാര്യത്തിലുള്ള ഏറ്റവും ഉയർന്ന സംഖ്യയാണിത്. 2011ൽ 7 പേർ മാത്രമായിരുന്നു ദൈവനാമത്തിൽ പ്രതിജ്ഞയെടുത്തത്. 2016ൽ 10 പേരും. ഇടതുപക്ഷക്കാരുടെ ദൈവ വിശ്വാസത്തിന് വെച്ചടിവെച്ചടി കയറ്റമെന്ന് കാണാം. ബിജെപി ദൈവവിശ്വാസം ഉപയോഗിച്ച് നിയമസഭാ തിരഞ്ഞെടുപ്പുകളും പാർലമെൻ്റും വരെ പിടിച്ചടക്കിയതോടെ, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന മാർക്സിയൻ താത്വിക അവലോകം ചുരുട്ടി പരണത്ത് വെച്ചതിൻ്റെ തുറന്നുപറച്ചിലാണ് എം വി ഗോവിന്ദൻ്റെ കുമ്പസാരം.

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.