ചിക്കാഗോ : ഭാരതത്തിലെ ഏറ്റവും വലിയ പ്രൊട്ടസ്റ്റന്റ് സഭയും വിശ്വാസികളുടെ എണ്ണം കൊണ്ട് ഭാരതത്തിലെ രണ്ടാമത്തെ വലിയ സഭയുമായ ദക്ഷിണേന്ത്യാ സഭയുടെ (സി എസ് ഐ ) 79-ആം സ്ഥാപക ദിനാഘോഷം സെപ്റ്റംബർ 27-ആം തീയതി ശനിയാഴ്ച ഡെസ്‌പ്ലെയിൻസിലുള്ള സി എസ് ഐ ക്രൈസ്റ്റ് ചർച്ചിൽ (1095 E Thacker st ,DesPlains ) വെച്ച് നടത്തപ്പെടുകയാണ് .
പ്രസ്തുത ആഘോഷം ഉദ്‌ഘാടനം ചെയ്യുന്നത് ദക്ഷിണേന്ത്യാ സഭയുടെ പരമാധ്യക്ഷനും,സി എസ് ഐ നോർത്ത് അമേരിക്കൻ ഇടവകകളുടെ ബിഷപ്പ് ഇൻ ചാർജുമായ സി എസ് ഐ മോഡറേറ്റർ അഭിവന്ദ്യ ദി മോസ്റ്റ് റെവ ഡോ :കെ രൂബേൻ മാർക്ക് തിരുമേനിയാണ് .
സെപ്റ്റംബർ 27 ശനിയാഴ്ച ഉച്ചക്ക് 2ന് ആരംഭിക്കുന്ന ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ ചിക്കാഗോയിലെ മലയാളം ,തമിഴ് ,തെലുങ്ക് സഭകളിലെ വിശ്വാസികളും സി എസ് ഐ നോർത്ത് അമേരിക്കൻ സഭയുടെ ഭാരവാഹികളും ഉൾപ്പെടെ നിരവധി വിശ്വാസികൾ പങ്കെടുക്കുമെന്ന് ഇടവക വികാരി റെവ :ജോ വർഗീസ് മലയിൽ അറിയിച്ചു .
4.5 മില്യൺ വിശ്വാസികൾ ഉള്ള സി എസ് ഐ സഭ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സഭയും ഒന്നാമത്തെ പ്രൊട്ടസ്റ്റന്റ് സഭയുമാണ് .1947 സെപ്റ്റംബർ 27 ന് വ്യത്യസ്ത പ്രൊട്ടസ്റ്റന്റ് സഭ വിഭാഗങ്ങൾ ഒരൊറ്റ സഭയായി മാറിയതിന്റെ ചരിത്ര മുഹൂർത്തമാണ് സ്ഥാപക ദിനമായി സഭ ആഘോഷിക്കുന്നത് .
ദേശ ,ഭാഷ ജാതി വേർതിരിവുകൾക്കതീതമായി വളർന്ന ദക്ഷിണേന്ത്യാ സഭ,ഇന്നും ഒരു മിഷനറി സഭയായി വളർന്നു കൊണ്ടിരിക്കുന്നു . ചിക്കാഗോയിലെ എല്ലാ സി എസ് ഐ ഇടവകകളും ചേർന്ന് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു .


