(ഉല്പത്തി 17-ന്‍റെ 1 മുതല്‍ 10 വരെ)
ദൈവത്തിന്‍റെ വാഗ്ദത്തങ്ങളെല്ലാം നിറവേറപ്പെടുന്നതിന് കാലങ്ങളോ, കണക്കുകൂട്ടലുകളോ, ഒന്നും തടസ്സമായി നില്‍ക്കുവാന്‍ പാടുള്ളതല്ല. മനുഷ്യന്‍റെ ദൃഷ്ടിയില്‍ പലതും അസാധ്യം എന്ന് തോന്നും. എന്നാല്‍ ദൈവം തന്‍റെ വാഗ്ദത്തങ്ങള്‍ തക്കസമയം ഭംഗിയായും ചെയ്യും. അപ്രകാരമുള്ള ഒരു വാഗ്ദത്തെക്കുറിച്ച് ചിന്തിപ്പാനാണ് ഈ ലേഖനം കൊണ്ട് ഉദ്ദേശിക്കുന്നത്. അത് എല്ലാവര്‍ക്കും അനുഗ്രഹപ്രദം ആയിരിക്കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. ഉല്പത്തി പുസ്തകം പതിനേഴാം അദ്ധ്യായം 1 മുതല്‍ 10 വരെയുള്ള വാക്യങ്ങളില്‍ കൂടെ യഹോവയായ ദൈവം അബ്രഹാമിനോട് ചില നിയമങ്ങള്‍ അറിയിക്കുന്നുണ്ട്. അബ്രഹാമിന് 99 വയസ്സായപ്പോള്‍ യഹോവ അബ്രഹാമിന് പ്രത്യക്ഷനായി പറഞ്ഞത്. ഞാന്‍ സര്‍വ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്‍റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാന്‍ എന്‍റെ നിയമം സ്ഥാപിക്കും. നിന്നെ അധികമധികമായി വര്‍ദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. അപ്പോള്‍ അബ്രഹാം സാഷ്ടാംഗം വീണു. ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാല്‍ എനിക്കു നിന്നോടു ഒരു നിയമമുണ്ട്, നീ ബഹുജാതികള്‍ക്കു പിതാവാകും. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു, ഞാന്‍ നിന്നെ ബഹു ജാതികള്‍ക്ക് പിതാവാക്കിയിരിക്കയാല്‍ നിന്‍റെ പേര്‍ അബ്രാഹാം എന്നിരിക്കേണം. ഇതാണ് അബ്രഹാമിനോടുള്ള ദൈവീക ഉടമ്പടിയും വാഗ്ദത്തവും.
സര്‍വ്വശക്തിയുള്ള ദൈവം (Elshaddai) GOD'S SELF-REVELATION.
സര്‍വ്വശക്തിയുള്ള ദൈവത്തിന്‍റെ മുന്‍പാകെ എപ്രകാരമായിരിക്കണം അബ്രഹാമിന്‍റെ നടപ്പ് എന്ന് പ്രത്യേകം എടുത്തു പറയുന്നു. നിഷ്കളങ്കനായി നടക്കണം എന്നുള്ള ഉപദേശം നേരത്തെ കൊടുത്തിരുന്ന നിയമത്തേക്കാള്‍ ഈ നിയമം ജീവിതത്തില്‍ നടക്കണമെങ്കില്‍ ദൈവ മുന്‍പാകെ നിഷ്കളങ്കന്‍ ആയിരിക്കേണം.
നേരത്തെ അബ്രഹാമിനോട് സംസാരിച്ച നിയമത്തെക്കാള്‍ നിന്നെ ബഹു ജാതികള്‍ക്ക് പിതാവാക്കും എന്നുള്ള വാഗ്ദത്വം നിവര്‍ത്തിക്കുവാന്‍ അല്പം കൂടെ ദൈവസന്നിധി നിഷ്കളങ്കന്‍ ആയിരിക്കണം. ഉല്പത്തി 15-ല്‍ ദൈവം അബ്രഹാമിന് ദര്‍ശനത്തില്‍ പറഞ്ഞത് ഞാന്‍ നിന്‍റെ പരിചയവും അതിമഹത്തായ പ്രതിഫലവും ആകുന്നു എന്നാണ്. അപ്പോള്‍ അബ്രഹാമിനുള്ള ദൈവത്തോടുള്ള ചോദ്യം യഹോവേ നീ എനിക്ക് എന്ത് തരും എന്നായിരുന്നു. ഉള്ളതുകൊണ്ട് തൃപ്തിപ്പെടുവാനുള്ള തത്രപ്പാടായിരുന്നു അപ്പോള്‍ അബ്രഹാമിന്. അതായത് മക്കളില്ലാത്തതു കൊണ്ട് ദമ്മേശേക്കുകാരനായ എല്യേയാസര്‍ മതി എന്ന ചിന്തയായിരുന്നു. ദൈവം പറഞ്ഞത് അവന്‍ നിന്‍റെ അവകാശി ആകയില്ല. നിന്‍റെ ഉദരത്തില്‍ നിന്ന് പുറപ്പെടുന്നവന്‍ തന്നെ അവകാശിയാകും എന്ന് പറഞ്ഞു. ആ സമയത്താണ് സാറയ്ക്ക് കുബുദ്ധി തോന്നിയത് മൂലം മിസ്രയീം ദാസിയായ ഹാഗാറിലൂടെ അബ്രഹാമിന് യിശ്മായില്‍ ജനിക്കുന്നത്. അബ്രഹാം അതിലൂടെ തൃപ്തി നേടി. എന്നിലൂടെ ഉണ്ടായ മകന്‍ ആണല്ലോ എന്ന് ചിന്തിച്ചു. സ്നേഹത്തോടെ വളര്‍ത്തി ഇതിനിടയില്‍ സാറയും ഹാഗറും തമ്മിലുള്ള പോരു മുറുകുകയും ഹാഗാര്‍ ഭവനം വിട്ട് പോവുകയും ചെയ്തപ്പോള്‍ ദൂതന്‍ പ്രത്യക്ഷപ്പെട്ടതും അവനെയും ഒരു ജാതി ആക്കുകയും ചെയ്തു. ഇതിനിടയില്‍ അഗ്രചര്‍മ്മം എന്ന നിത്യനിയമം അബ്രാഹമിനോട് അറിയിക്കുന്നു. അബ്രഹാമും ഭവനത്തിലുള്ള പുരുഷപ്രജകള്‍ ഒക്കെയും അനുസരിക്കുന്നു. ആ കൂട്ടത്തില്‍ യിശ്മായേലും പരിച്ഛേദന ഏറ്റപ്പോള്‍ അവന് 13 വയസ്സായിരുന്നു.
ഉല്പത്തി 18ല്‍ യഹോവയായ ദൈവം വാഗ്ദത്ത സന്തതിയുടെ വിഷയം പറയുകയും അബ്രഹാമിന്‍റെ 99-ാമത്തെ വയസ്സിലാണ് യിസഹാക്ക് എന്ന വാഗ്ദത്ത സന്തതി സാറായിലൂടെ ജന്മം എടുക്കുന്നത്.
യിസഹാക്കിന്‍റെ ജനനശേഷം അബ്രഹാമിന്‍റെ ഭവനത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തു. സകലത്തിനും ഉത്തരവാദി അബ്രഹാം ആണെന്ന് സാറായി പ്രഖ്യാപിച്ചു. അബ്രഹാം എന്ത് ചെയ്യണമെന്ന് അറിയാതെ ചെകുത്താനും കടലിനും മധ്യേ എന്ന് പറയും പോലെ ആയി. ഈ സമയത്താണ് ദൈവം അബ്രഹാമിനോട് പറയുന്നത് സാറായിയുടെ വാക്കുപോലെ ചെയ്യുവാന്‍. നീറുന്ന ഹൃദയത്തോടും വിറക്കുന്ന കൈകളോടും കൂടെ കയ്യില്‍ അല്പം അപ്പവും തോളില്‍ ഒരു തുരുത്തി വെള്ളവും കൊടുത്ത് ഹാഗാറിനെയും, യിശ്മായേലിനെയും ഭവനത്തില്‍ നിന്ന് പുറത്താക്കുന്നത്. എങ്ങോട്ട് എന്നറിയാതെ ഹാഗറും, മകനും മരുഭൂമിയില്‍ ഉഴുന്നു നടന്നു. പക്ഷേ അബ്രഹാമിനോടുള്ള ദൈവത്തിന്‍റെ നീതി നിമിത്തം അവരെ കൈവിട്ടില്ല. അവനെയും ദൈവം ഒരു ജാതി ആക്കി മാറ്റി. യിസ്ഹാക്ക് വളര്‍ന്നുവന്നു ദൈവം അബ്രഹാമിനെ പരീക്ഷിച്ചു. നിന്‍റെ ഏകജാതനായ മകനെ ഞാന്‍ കാണിപ്പാന്‍ ഇരിക്കുന്ന ദേശത്ത് കൊണ്ട് ചെന്ന് യാഗ അര്‍പ്പിക്കുവാന്‍. യിശ്മായേല്‍ മതി എന്ന് ദൈവത്തോട് പറഞ്ഞതാണ് എങ്കിലും ദൈവം ഞങ്ങളുടെ വാര്‍ദ്ധക്യകാലത്ത് വാഗ്ദത്ത സന്തതിയായി യിസ്ഹാക്കിനെ തന്നതാണ്. ഇപ്പോള്‍ അവനെ യാഗം അര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നു. യിശ്മായേല്‍ നഷ്ടപ്പെട്ടു. ഏക സന്തോഷം യിസ്ഹാക്ക് ആയിരുന്നു. അവനെയും ദൈവം ആവശ്യപ്പെടുന്നു. സാറയോട് പോലും ചോദിക്കാതെ ദൈവം പറഞ്ഞത് നിവര്‍ത്തിക്കുവാന്‍ യിസ്ഹാക്കുമായി യാത്ര പുറപ്പെട്ടു. മോറിയ ദേശത്ത് ദൈവം കാണിച്ചുകൊടുത്ത മലയില്‍ തകര്‍ന്ന ഹൃദയവുമായി യിസ്ഹാക്കിനെ യാഗപീഠത്തില്‍ കിടത്തി. കത്തിയെടുത്ത് വെട്ടുവാന്‍ യാതൊരു മടിയും കാണിക്കാത്ത അബ്രഹാമിന്‍റെ കൈയ്ക്ക് പിടിച്ച്. ബാലന്‍റെ മേല്‍ കൈവയ്ക്കരുത് എന്ന് കല്‍പ്പിച്ച യഹോവ അബ്രഹാമിന്‍റെ വിശ്വാസത്തെ പരീക്ഷിച്ചു അറിഞ്ഞു. ഈ സമയത്ത് ദൈവം അരുളി ചെയ്തത് പോലെ അബ്രാം ഹൃദയത്തില്‍ ഉറപ്പിച്ചു. രണ്ടു ജാതികള്‍ 1)യിശ്മായേലും 2) യിസ്ഹാക്കും. ദൈവം അരുളി ചെയ്തതുപോലെ കാര്യങ്ങള്‍ സുഗമമായി മുന്നോട്ടു പോകും എന്ന് കരുതി. ആ സമയത്താണ് സാറയുടെ മരണം. അബ്രഹാമിന് 137 വയസ്സ് ഉള്ളപ്പോള്‍ ആയിരുന്നു സാറയുടെ മരണം. അത് അബ്രഹാമിനെ വല്ലാതെ വിഷമിപ്പിച്ചു. ഇതിനിടയില്‍ യിസ്ഹാക്കിന് ഭാര്യയെ കണ്ടെത്തുവാന്‍ എല്യേയാസറിനെ അയയ്ക്കുന്നു. അങ്ങനെ റിബേക്കയെ യിസ്ഹാക്ക് വിവാഹം കഴിക്കുന്നു. അബ്രഹാമിന്‍റെ പ്രതീക്ഷകള്‍ ഒക്കെ അസ്തമിച്ചു എന്നു പറയാം. കാരണം അബ്രഹാമിന് 137 വയസ്സുള്ളപ്പോള്‍ സാറ മരിച്ചു. യിസ്ഹാക്ക് വിവാഹിതനായി. ഇനിയും ദൈവം പറഞ്ഞതുപോലെ എന്‍റെ പേരു മാറി. ബഹുജാതികള്‍ക്ക് പിതാവ് എന്ന അര്‍ത്ഥം വരുന്ന അബ്രഹാം എന്ന പേര് ലഭിച്ചു. ഇനിയുള്ള കാലം ദൈവം തരുന്ന ആയുസ്സ് തികയ്ക്കണം എന്നായിരുന്നു അബ്രഹാമിന്‍റെ ചിന്ത. അങ്ങനെ അബ്രഹാം ദൈവീക വാഗ്ദത്തങ്ങള്‍ക്ക് അതിര്‍വരമ്പ് വെച്ചു. ഇനിയും എന്ത്?.. അങ്ങനെ 140 വയസ്സ് ഉള്ളപ്പോള്‍ അബ്രഹാം കെതുറാ എന്ന ഒരു സ്ത്രീയെ വിവാഹം കഴിച്ചു. ഏകാന്ത ജീവിതത്തിന് ഒരു പരിഹാരം എന്നോണം ആയിരുന്നു വിവാഹം കഴിച്ചത്. തന്‍റെ ഭവനത്തിലെ മറ്റ് അംഗങ്ങള്‍ ഒക്കെ അടക്കം പറച്ചില്‍ ചെയ്തു കാണും. ഈ മനുഷ്യന് എന്തിന്‍റെ സുഖക്കേടാണ്, ഇപ്പോഴാണോ വിവാഹം, ആ പെണ്ണിന്‍റെ ഭാവി നശിപ്പിക്കാന്‍ അല്ലേ, താന്‍ ആരോടും ആലോചിക്കാതെ വിവാഹം കഴിച്ചത്. പലരും ആ വിഷയത്തില്‍ എതിര്‍പ്പുകള്‍ നടത്തി കാണും. അബ്രഹാമിനെ ഈ വിഷയത്തില്‍ ഉത്സാഹിപ്പിച്ചവര്‍ തന്നെ എതിരാളികള്‍ ആയി.
ഇവിടെയാണ് ദൈവത്തിന്‍റെ അബ്രഹാമിനോടുള്ള നിയമത്തിന്‍റെ പൂര്‍ത്തീകരണമായത്. കെതുറ യിലൂടെ ആറു ജാതികളെ കൂടെ ദൈവം ഉത്ഭവിപ്പിച്ചു. അബ്രഹാം രണ്ട് ജാതികളെ കൊണ്ട് തൃപ്തിപ്പെട്ടതാണ്. പക്ഷേ ദൈവം അരുളി ചെയ്തതിന് യാതൊരു മാറ്റവും ഇല്ലാതെ അബ്രഹാമിന്‍റെ 140-ാമത്തെ വയസ്സില്‍ ബഹുജാതികള്‍ക്ക് പിതാവ് എന്ന വാഗ്ദത്തം ദൈവം നിറവേറ്റി കൊടുത്തു. ഒരുപക്ഷേ അബ്രഹാം വിവാഹം കഴിച്ചപ്പോള്‍ എതിരായി നിന്നവരൊക്കെ യഹോവ തന്‍റെ വാഗ്ദത്തം പൂര്‍ത്തീകരിക്കുവാന്‍ ആയിരുന്നു. കെതുറയെ വിവാഹം കഴിക്കാന്‍ പ്രേരിതനായത് എന്ന് തിരിച്ചറിയാന്‍ സാധിച്ചു. പ്രിയ ദൈവജനമേ നമ്മേകുറിച്ചുള്ള ദൈവിക ഉദ്ദേശങ്ങള്‍ എന്താണ് എന്ന് തിരിച്ചറിയാതെ ഇരിക്കുന്നതാണ് കാരണം. നാം ഓരോ വിഷയത്തിനും ഒരു പരിധി നിശ്ചയിച്ചിട്ടുണ്ട് അത്രയും മതിയെന്ന്. എന്നാല്‍ ദൈവം തന്‍റെ ഉദ്ദേശം നമ്മളിലൂടെ ഏത് വിധത്തില്‍ എങ്കിലും സാധിപ്പിച്ചെടുക്കും. അതിനു പ്രായപരിധി ഇല്ല. ഒന്നും ദൈവത്തിന് വിഷയമല്ല. നാം ദൈവ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുത്താല്‍ മാത്രം മതി. അബ്രഹാമിനോട് പറഞ്ഞത് നീ എന്‍റെ മുന്‍പില്‍ നിഷ്കളങ്കനായി നടന്നാല്‍ മാത്രം മതി ബാക്കി ചെയ്യുവാനുള്ളത് മുഴുവന്‍ ഞാന്‍ ചെയ്തു കൊള്ളാം. പ്രിയ വായനക്കാരേ! ദൈവീക വാഗ്ദത്തങ്ങള്‍ നിങ്ങളിലൂടെ പൂര്‍ത്തീകരിക്കുന്നതിന് തടസ്സമായി അതിര്‍ വരമ്പുകള്‍ നാം വെച്ചിട്ടുണ്ട്. എങ്കില്‍ തിരിച്ചറിയുക ദൈവം സര്‍വ്വശക്തനാണ്. യഹോവയ്ക്ക് കഴിയാത്ത വല്ല കാര്യവും ഉണ്ടോ?. അബ്രഹാമിനോട് വാഗ്ദത്തം ചെയ്തതിന് വള്ളി, പുള്ളി വ്യത്യാസം ഇല്ലാതെ ദൈവം നിവര്‍ത്തിച്ചു കൊടുത്തു. അതില്‍ പ്രായ വ്യത്യാസം ഒന്നും ദൈവത്തിന് വിഷയമല്ല. നാം ദൈവസന്നിധിയില്‍ നിഷ്കളങ്കരായി നടക്കുന്നുവെങ്കില്‍ ദൈവം തന്‍റെ വാഗ്ദത്തങ്ങളെ നമ്മളിലൂടെ നിവര്‍ത്തിച്ചെടുക്കും. ദൈവമായ കര്‍ത്താവ് ഏവരെയും അനുഗ്രഹിക്കട്ടെ.

പാസ്റ്റര്‍ പി. പി. കുര്യന്‍

