കൊച്ചി: ബ്രിട്ടനിൽ ഉപരിപഠനത്തിന് പോയ ശേഷം രണ്ടുവർഷത്തിലേറെയായി മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കൾ നൽകിയ ഹർജിയിൽ ഹൈക്കോടതി ഇടപെടൽ. കോഴിക്കോട് സ്വദേശിനിയായ യുവതിയുടെ നിലവിലെ സ്ഥിതിയും വിവരങ്ങളും അന്വേഷിച്ച് അറിയിക്കാൻ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനോട് ഹൈക്കോടതി നിർദ്ദേശിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് മാതാപിതാക്കളുടെ ഹർജിയിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.
എം.ബി.എ പഠനത്തിനായി 2024 ജനുവരി 8-നാണ് യുവതി ഇംഗ്ലണ്ടിലേക്ക് പോയത്. മകളെ ഹർഷ്ദീപ് സിങ് എന്നയാൾ അനധികൃതമായി തടഞ്ഞുവെച്ചിരിക്കുകയാണെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്. എന്നാൽ, ഇവർ രണ്ടുപേരും ഒരുമിച്ച് സന്തോഷത്തോടെ കഴിയുകയാണെന്ന വിവരമാണ് നേരത്തെ കേന്ദ്ര സർക്കാരിൽ നിന്നും കേന്ദ്ര ഏജൻസികളിൽ നിന്നും ലഭിച്ചതെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.
മകൾ സുരക്ഷിതയാണോ, എവിടെയാണ് താമസിക്കുന്നത്, സ്വന്തം ഇഷ്ടപ്രകാരമാണോ അവിടെ കഴിയുന്നത് തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടാണ് മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചത്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും കേസിൽ തുടർന്നുള്ള നടപടികൾ ഉണ്ടാകുക.

