PRAVASI

ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി 'ഭോലെ ബാബ' ഒളിവിൽ

Blog Image
ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ്സൂചന. ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാൻ കാരണമായതായി മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.

ഹഥ്റാസ് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാൻ കാരണമായതായി മരിച്ചവരുടെ ബന്ധുക്കൾ പറഞ്ഞു.

ദുരന്തത്തിന് കാരണമായ 'സത്സംഗ്' സംഘടിപ്പിച്ച സ്വയംപ്രഖ്യാപിത ആൾദൈവം 'ഭോലെ ബാബ' അഥവാ നാരായണ്‍ സാകര്‍ ഹരി ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം. പൊലീസ് ഇദ്ദേഹത്തെ കാണാനായി മെയിൻപുരിയിലെ ആശ്രമത്തിലേക്ക് ചെന്നെങ്കിലും അവിടെ ഉണ്ടായില്ല. ഇയാൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

തിരക്കിൽപ്പെട്ടവരെ കൊണ്ടുവന്ന ആശുപത്രികളിൽ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങൾ പോലും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു. ആവശ്യത്തിന് ഡോക്ടർമാരോ, ആംബുലൻസോ, ഓക്സിജൻ സിലിണ്ടറുകളോ ഉണ്ടായിരുന്നില്ലെന്ന് ആരോപണമുയർന്നു. മരിച്ചവരിൽ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.
സ്വയം പ്രഖ്യാപിത ആള്‍ദൈവമായ 'ഭോലെ ബാബ' മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. ഇറ്റാ ജില്ലയിലെ ബഹാദൂര്‍ ഗ്രാമവാസിയാണ് ഇദ്ദേഹം എന്നാണ് റിപ്പോർട്ട്. 26 വര്‍ഷം മുമ്പ് സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ച് താന്‍ മത പ്രഭാഷണത്തിലേക്ക് തിരിഞ്ഞുവെന്ന് ഭോലെ ബാബ അവകാശപ്പെടുന്നതായി ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.

അലിഗഢില്‍ എല്ലാ ചൊവ്വാഴ്ചയും ആയിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഭോലെ ബാബയുടെ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ടെന്നാണ് വിവരം. ഈ പരിപാടികളിൽ പ്രതേക പ്രാർത്ഥനകളും ഭക്ഷണ വിതരണവും ഉണ്ടാകാറുണ്ട്. കോവിഡ് കാലത്താണ് ഇദ്ദേഹം കൂടുതല്‍ പ്രസിദ്ധനായത്. 'സത്സംഗ്' സമാപന ചടങ്ങിന്റെ അവസാനത്തിലാണ് ഇന്നലെ അപകടം നടന്നത്. പ്രാർത്ഥനാ പരിപാടിക്ക് ശേഷം ആളുകൾ മടങ്ങാനൊരുങ്ങിയപ്പോൾ ഇദ്ദേഹത്തിന്റെ വാഹനം കടന്ന് പോകാൻ വേണ്ടി ആളുകളെ തടഞ്ഞെന്നും തുടർന്നുണ്ടായ തിരക്കാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചത് എന്നുമാണ് പൊലീസ് ഇപ്പോൾ നൽകുന്ന പുതിയ വിവരം.

മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ഉത്തർപ്രദേശ് സർക്കാർ 2 ലക്ഷം രൂപ പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് അൻപതിനായിരം രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവത്തിൽ യുപി സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു.
 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.