PRAVASI

തിരുവല്ലയെ അറിയുന്ന അഡ്വ.വർഗീസ് മാമ്മൻ ( അഭിമുഖം )

Blog Image

തിരുവല്ലാക്കാർക്ക് ഏറെ സുപരിചിതമായ ഒരു പേരാണ് അഡ്വ. വർഗീസ് മാമ്മൻ. തിരുവല്ലയുടെ ഹൃദയമിടിപ്പ് കൃത്യമായി വിലയിരുത്തുന്ന , ഏതൊരാവശ്യത്തിനും പൊതുജനങ്ങൾക്ക് സമീപിക്കാവുന്ന ഒരു സാധാരണക്കാരനായ സാമൂഹ്യ പ്രവർത്തകൻ. ഒരിക്കൽ ഒരു സുഹൃത്തിൻ്റെ മകന് ഒരാവശ്യം വന്നപ്പോൾ ഒരു ഫോൺ കോളിൽ അത്ര എളുപ്പമല്ലാതിരുന്ന ഒരു വിഷയത്തിന്  അദ്ദേഹം പരിഹാരം കണ്ട അനുഭവം ഈ ലേഖകന് ഉണ്ട്. കേരളം നിയമ സഭാ തെരഞ്ഞെടുപ്പിൻ്റെ ചൂടിലേക്ക് തിരിയുമ്പോൾ തിരുവല്ലയിൽ യു ഡി എഫിൻ്റെ സ്ഥാനാർത്ഥിയായി പരിഗണിക്കുവാൻ ഏറെ സാധ്യതയുള്ള ഒരു വ്യക്തി കൂടിയാണ് അഡ്വ. വർഗ്ഗീസ് മാമ്മൻ.

അഡ്വ.വർഗീസ് മാമ്മൻ 

തിരുവല്ലയുടെയും പത്തനംതിട്ടയുടെയും ഓരോ രാഷ്ട്രീയ ഹൃദയമിടിപ്പും  നേരിട്ട് അനുഭവിച്ച ഒരു പൊതുപ്രവർത്തകനെ നമുക്ക് അടുത്തറിയാം. കേരള കോൺഗ്രസ് ഉന്നത അധികാര സമിതി അംഗവും   കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡണ്ടും, യുഡിഎഫ് ജില്ലാ ചെയർമാനുമായ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ.  പത്തനംതിട്ട ജില്ലയിലെ യുഡിഎഫിന്റെ സമരമുഖങ്ങളിൽ എപ്പോഴും നിറസാന്നിധ്യമായ അഡ്വ.വർഗീസ് മാമ്മൻകേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി ജെ ജോസഫിന്റെ വിശ്വസ്ത സഹപ്രവർത്തകനാണ്. തിരഞ്ഞെടുപ്പു കാലഘട്ടം വന്നെത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ അദ്ദേഹം മനസുതുറക്കുന്നു .

താങ്കളുടെ കാഴ്ചപ്പാടിൽ എന്താണ് വികസനം? 

വികസനം എന്ന് പറയുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് ഒരു ഇൻഫ്രസ്ട്രക്ച്ചർ ഡെവലപ്മെന്റിനെ കുറിച്ചാണ്. എന്നാൽ യഥാർത്ഥത്തിൽ വികസനം എന്നത്  സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിൽ കിടക്കുന്ന ഒരു വ്യക്തിയുടെ ഉന്നമനമാണെന്നാണ് എന്റെ ഒരു കാഴ്ചപ്പാട്. അവന് മൂന്നുനേരത്തെ ആഹാരവും അന്തിയുറങ്ങാൻ ഒരു പാർപ്പിടവും അടങ്ങുന്ന ജീവിതസൗകര്യങ്ങൾ ചെയ്തുകൊടുക്കുന്നതാണ് വികസനത്തിന്റെ ഒരു ബേസ്. പിന്നീടുള്ള വികസനത്തിന്റെ അടുത്തഘട്ടമാണ് അവൻ ജീവിക്കുന്ന നാടിന്റെ വികസനം. ഇവിടെ ഇപ്പോൾ കൂറ്റൻ കെട്ടിടങ്ങൾ ചൂണ്ടിക്കാട്ടി വികസനം എന്നു പറയുന്ന ഒരു പ്രവണതയാണ് നടന്നുകൊണ്ടിരിക്കുന്നത്. വികസനത്തെ കുറിച്ചുള്ള വികലമായ ഒരു കാഴ്ചപ്പാടാണ് ഇന്നത്തെ സമൂഹത്തിനുള്ളത് എന്ന് തന്നെ പറയണം. ഞാൻ മുൻപ് പറഞ്ഞതുപോലെ സമൂഹത്തിന്റെ താഴെക്കിടയിൽ കിടക്കുന്നവന്റെ ജീവിതനിലവാരം ഉയർത്തി അവനെ നമ്മോടൊപ്പം കൈപിടിച്ച് എണീപ്പിക്കുന്നതായിരിക്കണം യഥാർത്ഥത്തിൽ വികസനം. അതിനുവേണ്ടിയാണ് സ്വാതന്ത്രസമരത്തിനിപ്പുറം നമ്മുടെ ജവഹർലാൽ നെഹ്റു കൊണ്ടുവന്ന പഞ്ചവത്സര പദ്ധതികൾ. നമ്മുടെ ഇന്ത്യ വൈവിധ്യമാർന്ന ഒരു രാജ്യമാണ്. ഓരോ നാടിനും അതിന്റേതായിട്ടുള്ള വൈവിധ്യമുണ്ട്.കൃഷി ചെയ്യുന്ന ഇടങ്ങളിലെ ആവശ്യകത ജലസേചനമാണ് .അതുപോലെ വ്യവസായം നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾക്ക് ആവശ്യം തൊഴിലാണ്. അതായത് ചുരുക്കത്തിൽ പറഞ്ഞാൽ ജനങ്ങളുടെ ആവശ്യം കണ്ടറിഞ്ഞ് അത് സാധിച്ചു കൊടുക്കുന്നതാണ് വികസനത്തിന്റെ പരിപൂർണ്ണ അർത്ഥം.

മധ്യ തിരുവിതാംകൂറിന്റെ ഹൃദയഭാഗമായ തിരുവല്ലയിൽ വരേണ്ട വികസനകളെക്കുറിച്ച് ഒരു ധാരണ ഉണ്ടാകുമല്ലോ .അത് എന്തെല്ലാമാണ് ?

 തിരുവല്ലയുടെ ആ പഴയ പ്രതാപം ഈ വർത്തമാനകാലത്തിലും അതുപോലെ നിലനിർത്താൻ കഴിയുന്നുണ്ടോ എന്നതിൽ എനിക്ക് സംശയമാണ്.കേരളത്തിലെ വിദ്യാഭ്യാസ സാംസ്കാരിക രംഗത്തെ വിലയിരുത്തിയാൽ തൃശ്ശൂരിനോടൊപ്പം തന്നെ ചേർത്ത് വെക്കാൻ കഴിയുന്ന ഒരു വിദ്യാഭ്യാസ സാംസ്‌കാരിക ഹബ്ബ് ആണ് തിരുവല്ല. മൊബിലിറ്റി ആണ് ഒരു സംസ്ഥാനത്തിന്റെ ഏറ്റവും പ്രാധാന്യമുള്ള കാര്യം എന്നതുകൊണ്ടുതന്നെ ഒരുകാലത്ത് തിരുവല്ലയിൽ വന്നെത്തിയ റെയിൽവേ സ്റ്റേഷൻ ഇന്നും പുരോഗതിയില്ലാതെ കിടക്കുന്നതായി നമുക്ക് കാണാം. അങ്ങനെ നോക്കുമ്പോൾ  അന്ന് ഉണ്ടായിരുന്ന തിരുവല്ലയുടെ പ്രാധാന്യം ഒത്തിരി മങ്ങൽ ഏൽപ്പിക്കപ്പെട്ടതായി വ്യക്തമാണ്. 

മറ്റൊരു കാര്യം, തിരുവല്ലയുടെ ഏറ്റവും നല്ല വരുമാനമാർഗ്ഗം പണ്ടുതൊട്ടേ കൃഷിയായിരുന്നു. തിരുവല്ലയുടെ കിഴക്കൻ പ്രദേശത്തേക്ക് പോകുമ്പോൾ റബ്ബർ ഉൾപ്പെടെയുള്ള നാണ്യവിളകളുടെ കൃഷിയാണ്  ഉണ്ടായിരുന്നത്. കുട്ടനാടൻ മേഖലയിലേക്ക് ചെല്ലുമ്പോൾ  അവിടെ നാളികേരവും നെൽകൃഷിയുമായിരുന്നു  പ്രധാനമായും കൃഷി ചെയ്തിരുന്നത്. ഇന്ന്  കർഷകർ കൃഷിഭൂമി ഉപേക്ഷിക്കുന്നു. അതിന് കൃത്യമായ കാരണവുമുണ്ട് കേട്ടോ. അവരെയൊന്ന്  കൈപിടിച്ചുയർത്താനോ വേണ്ട സഹായങ്ങൾ നൽകുവാനോ ഒരു ഭരണസംവിധാനവും ശ്രമിക്കുന്നില്ല എന്നത് തന്നെയാണ് പ്രധാന കാരണം. അതുകൊണ്ടുതന്നെ ഇന്ന് കൃഷി ചെയ്യുന്നവരുടെ എണ്ണം വളരെ വിരളമാണ്. തിരുവല്ലയുടെ വികസനത്തെ ബാധിച്ച ഒരു വലിയ കാര്യമാണിത്. 

മറ്റൊന്ന് തിരുവല്ലയുടെ പഞ്ചസാര ഫാക്ടറി ആണ്. ഒരു കാലഘട്ടത്തിൽ ആ മേഖലയിൽ എല്ലാം കരിമ്പ് കൃഷിയായിരുന്നു. ഇന്ന് കരിമ്പിന് പകരം വിദേശ മദ്യം വിളയാടി കൊണ്ടിരിക്കുകയാണ് ഇവിടങ്ങളിൽ. ഇക്കാരണത്താൽ  100 ഏക്കറോളം ഭൂമി ഇന്ന് കൃഷി ചെയ്യാതെ വിജനമായി കിടക്കുകയാണ്. 

അതുപോലെതന്നെ തിരുവല്ലയിലെ മറ്റൊരു വ്യവസായ സ്ഥാപനമാണ് ട്രാക്കോ കേബിൾ ഫാക്ടറി. കൃത്യമായ രീതിയിൽ പ്രവർത്തിക്കുകയാണെങ്കിൽ ഇന്ന് വിദേശത്തു നിന്നു പോലും ഓർഡർ ലഭിക്കാവുന്ന നിലവാരമുള്ള ആ ഫാക്ടറിയും പരിപോഷിപ്പിക്കപ്പെടാതെ വരണ്ടു കിടക്കുന്ന അവസ്ഥയാണ്. മാത്രവുമല്ല പാവപ്പെട്ട തൊഴിലാളികൾ കഴിഞ്ഞ ഓണത്തിന് അവിടെ പട്ടിണി സമരങ്ങൾ നടത്തിയിരുന്നു. കൃത്യമായ ശമ്പളം ഇല്ലാതെ  അന്നന്നത്തെ അന്നത്തിന് വകയില്ലാതെ തൊഴിലാളികൾ സ്വയം പിരിഞ്ഞു പോയിക്കൊണ്ടിരുന്നു. 

പിന്നെയുള്ളതാണ് പാമല എസ്റ്റേറ്റ്. അതിനെയിപ്പോൾ ഇൻഡസ്ട്രിയൽ പാർക്ക് ആയി രൂപാന്തരപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അവിടെ ഇൻഡസ്ട്രിയൽ യൂണിറ്റുകളെ പ്രമോട്ട് ചെയ്യാതെ പ്രവർത്തനരഹിതമായി അടച്ചിട്ടിരിക്കുകയാണ് എന്നതാണ് സത്യാവസ്ഥ.

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ ഐടി മേഖലയിലേക്ക് പോയത് തിരുവല്ലയിൽ നിന്നാണ്. എന്നാൽ  ഒരു ഐടി പാർക്കിന്റെ അഭാവം മൂലം പഠിച്ചിറങ്ങുന്ന ഈ വിദ്യാർത്ഥികൾ എല്ലാം തന്നെ  ദൂരദേശങ്ങളിൽ തുച്ഛമായ ശമ്പളത്തോടെയുള്ള ജോലിക്കായി പോകുന്നു.  അതുകൊണ്ടുതന്നെ തിരുവല്ലയിലെ വെറുതെ കിടക്കുന്ന ഏക്കർ കണക്കിന് ഭൂമിയിൽ ഒരു ഐടി പാർക്ക് വന്നിരുന്നെങ്കിൽ ഒട്ടനേകം വിദ്യാർത്ഥികളുടെ ജോലിക്കായുള്ള ഈ അലച്ചിൽ നിന്നേനെ എന്ന് ഞാൻ ചിന്തിക്കാറുണ്ട്.

തിരുവല്ലയിൽ അലട്ടുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് കളിസ്ഥലങ്ങളുടെ അഭാവം. ഏറ്റവും കൂടുതൽ സ്പോർട്സിന് പേര് കേട്ട സ്ഥലം ആയിരുന്നു തിരുവല്ല. ശ്രീ പി സി തോമസ് മുൻകൈയെടുത്ത് പൊതുജനങ്ങളുടെ സഹായത്തോടെ മലങ്കര കത്തോലിക്കാ സഭ ദാനമായി കൊടുത്ത സ്ഥലത്ത് പടുത്തുയർത്തിയതാണ് ഇന്ന് കാണുന്ന ആ പബ്ലിക് സ്റ്റേഡിയം. അതിന്റെ ദയനീയമായ അവസ്ഥ നിങ്ങൾ കാണുന്നില്ലേ. അന്ന് പണം മടക്കി ഉണ്ടാക്കിയ ഗാലറി ഇന്നും യാതൊരു തരത്തിലുള്ള പുരോഗമനവും ഇല്ലാതെ  കിടക്കുകയല്ലേ.

 അതുപോലെതന്നെ റോഡുകളുടെ കാര്യവും. ഉമ്മൻചാണ്ടി സാർ മുഖ്യമന്ത്രിയായിരുന്ന കാലഘട്ടത്തിൽ റോഡുകളുടെ നവീകരണത്തിൽ  വലിയ മുന്നേറ്റം ഉണ്ടായിരുന്നു. അതിന്റെ തുടർച്ചയായ റോഡ് നവീകരണം നമ്മുടെ പ്രധാനപ്പെട്ട മേഖലകളിൽ നടന്നിട്ടുണ്ടെന്നതൊഴിച്ചാൽ ഗ്രാമീണ റോഡുകളെല്ലാം തന്നെ തകർന്നടിഞ്ഞു കിടക്കുകയാണ്.

ഇത്തരത്തിൽ റോഡ് നവീകരണത്തിന്റെ കാര്യത്തിലും, തൊഴിലില്ലായ്മ പരിഹരിക്കുന്നതിലും,  നിലവിലുള്ള വ്യവസായ സ്ഥാപനങ്ങൾ നിലനിർത്തുന്നതിലും നമ്മൾ വളരെ പിന്നോക്കം പോയിരിക്കുകയാണെന്ന് ഞാൻ തിരിച്ചറിഞ്ഞിട്ടുണ്ട്. 

എന്തെങ്കിലും ഒരു വികസനം നടത്തിയെന്ന് വരുത്തി തീർക്കുക എന്നുള്ളതിനുമപ്പുറം വരുന്ന 20 വർഷത്തെയെങ്കിലും മുന്നിൽ കണ്ടു കൊണ്ട് വേണം ഏതൊരു പുതിയ കാര്യവും ചെയ്യാൻ എന്ന് മനസ്സിലാക്കിയ ഒരു വ്യക്തിയാണ് ഞാൻ. തിരുവല്ലയുടെ ഇപ്പോഴത്തെ സ്ഥിതിയെക്കുറിച്ച് കണ്ടറിഞ്ഞു കൊണ്ട് തന്നെയാണ് എനിക്ക് ഇക്കാര്യം മനസ്സിലായതും. തിരുവല്ല ബൈപ്പാസ്, കെഎസ്ആർടിസി കോംപ്ലക്സ് പോലുള്ളവ അതിനൊരു ഉത്തമ ഉദാഹരണമാണ്. 

തിരുവല്ലയെ തിരുവല്ല ആക്കിയത് പ്രവാസികൾ ആണല്ലോ .ഗൾഫ് ,അമേരിക്കൻ മലയാളികളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തി കൂടിയാണല്ലോ താങ്കൾ .പ്രവാസികളോട് ഇന്നത്തെ ഗവൺമെന്റിനുള്ള നിലപാടിനെക്കുറിച്ചുള്ള കാഴ്ചപ്പാടിനെ എങ്ങനെ വിലയിരുത്തുന്നു ?


 നമ്മുടെ നാടിന്റെയും മധ്യതിരുവിതാംകൂറിന്റെയും ഏറ്റവും വലിയ ബലം വിദേശത്ത് അധ്വാനിക്കുന്ന പ്രവാസികളാണ്. അതിൽ വലിയ സ്വാധീനമുള്ളവരും ഉണ്ട്,  സാധാരണക്കാരായവരും ഉണ്ട്. ഭവന പദ്ധതി ഒക്കെ പോലെ  അവർക്ക് ഉപകാരപ്രദമായ ഒരു പദ്ധതി ഇന്ന് നമ്മുടെ നാട്ടിൽ ഉണ്ടോ? പ്രവാസികളുടെ പണം വാങ്ങുന്ന ഈ നാടും രാജ്യവും എന്താണ് അവർക്ക് തിരികെ നൽകുന്നത്? അവർ ഉള്ള നാട്ടിൽ അവർ പങ്കെടുക്കുന്ന മീറ്റിംഗിൽ  ഘോരഘോരം സംസാരിക്കുകയല്ലാതെ എന്താണ് അവർക്ക് വേണ്ടി ചെയ്യുന്നത്? ഒന്നും ചെയ്യുന്നില്ല എന്നതിന്റെ തെളിവായാണ് ഇന്ന് പ്രവാസികളും അവരുടെ കുടുംബവും വിദേശരാജ്യങ്ങളിൽ  സെറ്റിൽ ആയിക്കൊണ്ടിരിക്കുന്നത്. പണ്ടൊക്കെ അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളിൽ വർഷങ്ങൾ കഴിഞ്ഞാലും  ഗ്രീൻ കാർഡ് ലഭിക്കാൻ  വളരെയധികം ബുദ്ധിമുട്ടായിരുന്നു. ഇന്ന് അതല്ല അവസ്ഥ, ഒരു നിശ്ചിത സംഖ്യ മുടക്കിയാൽ ഗ്രീൻ കാർഡ് കയ്യിൽ കിട്ടും. അതായത് പ്രവാസി മലയാളികൾക്ക് വിദേശരാജ്യങ്ങൾ വാതായനങ്ങൾ തുറന്നു കൊടുക്കുന്നുണ്ടെങ്കിൽ ഇവിടെ പ്രവാസികളെ സ്വന്തം നാട്ടിൽ പോലും നിൽക്കാൻ അനുവദിക്കാത്ത സാഹചര്യങ്ങൾ സൃഷ്ടിക്കുന്ന നയങ്ങൾ ആണുള്ളത് എന്ന് ഞാൻ തുറന്നു പറയുന്നു.അതിനൊക്കെ മാറ്റമുണ്ടാകണം .

യുഡിഎഫ് ചെയർമാൻ എന്ന നിലയിൽ തിരുവല്ലയെക്കുറിച്ചുള്ള താങ്കളുടെ വിഷൻ എന്താണ്? 

 നമ്മൾ ഇപ്പോൾ ഒരു തിരഞ്ഞെടുപ്പ് ഘട്ടത്തിലേക്ക്  കടക്കുകയാണ്. കേരളത്തിൽ 10 വർഷം ഭരിച്ച ഗവൺമെന്റ്നെതിരെ  ഐക്യ ജനാധിപത്യ മുന്നണി അതിന്റെ വ്യക്തമായ അജണ്ടയോടു കൂടിയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നത്. നമ്മൾ എപ്പോഴും നടക്കുന്ന കാര്യങ്ങൾ പറയുകയും പറയുന്ന കാര്യങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെയൊക്കെ ഒരു പൊതു രാഷ്ട്രീയബോധ്യം. ഐക്യ ജനാധിപത്യ മുന്നണിക്ക് വ്യക്തമായ പ്രകടനപത്രിക സംസ്ഥാന മൊട്ടുക്കുമുള്ള പൊതു പ്രശ്നങ്ങളെക്കുറിച്ച് ഉണ്ടാകും. തിരുവല്ലയെ സംബന്ധിച്ച് പറയുമ്പോൾ  ഐക്യ ജനാധിപത്യമുന്നണി തിരുവല്ലയിൽ തീർച്ചയായും മത്സരിക്കും. അവിടെ ഞങ്ങളുടെ ഒരു സ്ഥാനാർത്ഥി ഉണ്ടാകും. അത് ആര് തന്നെയാണെങ്കിലും ശരി, തിരുവല്ലയുടെ ഒരു സമഗ്രമായ വികസനം ഞങ്ങളുടെ മനസ്സിലെ ഏറ്റവും വലിയ ആശയം ആയിരിക്കും. അതായത് ആനിക്കാട് പഞ്ചായത്ത് മുതൽ നിരണം വരെയുള്ള 12 പഞ്ചായത്ത്, മുൻസിപ്പാലിറ്റി  ഉൾപ്പെടുന്ന സമഗ്ര വികസനം ആയിരിക്കും അത്. കുടിവെള്ളവും റോഡും ആണ് ഒരു സാധാരണക്കാരന്റെ ദൈനംദിനമായ ഏറ്റവും വലിയ പ്രശ്നം.മല്ലപ്പള്ളി ഉൾപ്പെടുന്ന പ്രദേശങ്ങളിൽ ഫെബ്രുവരി ആവുമ്പോഴേക്കും ജലസ്രോതസ്സുകൾ നഷ്ടപ്പെടും എന്നറിയാമല്ലോ അതിന് സംസ്ഥാന സർക്കാറിന്റെ ഒരു കുടിവെള്ള പദ്ധതി ഇപ്പോഴും കമ്മീഷൻ ചെയ്യാതെ നിൽക്കുന്നുണ്ട്. പി ജെ ജോസഫ് സാർ കേരളത്തിന്റെ വാട്ടർ അതോറിറ്റി മന്ത്രി ആയിരിക്കുന്ന സമയത്ത്  കൊണ്ടുവന്ന കുടിവെള്ള പദ്ധതിയാണ് പിന്നീട് വന്ന ഗവൺമെന്റ് കമ്മീഷൻ ചെയ്യാതെ കിടക്കുന്നത്. നിരുത്തരവാദിത്തമായ ഇക്കാര്യം ഞങ്ങളാൽ കഴിയുന്ന വിധം പരിഹരിക്കണം എന്നാണ് ഞങ്ങളുടെ ആഗ്രഹം. അതുപോലെ സർക്കാരിന്റെ ചുമതലയിലുള്ള നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങൾ തിരുവല്ലയിൽ ഉണ്ടാവണമെന്നും ഞങ്ങൾ ആഗ്രഹിക്കുന്നു. സ്പോർട്സ് രംഗത്തെ വളർത്തുക എന്നതാണ് മൂന്നാമത്തെ കാര്യം. തിരുവല്ലയിലെ പബ്ലിക് സ്റ്റേഡിയം ലോകനിലവാരത്തിൽ ഉയർത്തണം എന്നതാണ് ഐക്യ ജനാധിപത്യ മുന്നണി സ്വപ്നം കാണുന്നത്. അതുപോലെ ആരോഗ്യപരിപാലനവും ഞങ്ങളുടെ പ്രധാന അജണ്ടയിൽ ഉള്ളതാണ്. തിരുവല്ല താലൂക്ക് ആശുപത്രി പോലുള്ള ഗ്രാമീണ ആശുപത്രികൾ എല്ലാവിധ സംവിധാനങ്ങളുമായി സമൂഹത്തിന്റെ ഏറ്റവും താഴെക്കിടയിൽ കിടക്കുന്നവന് പോലും ലഭ്യമാകും വിധം പ്രവർത്തന സജ്ജമാക്കേണ്ടതുണ്ട്. അതിനുവേണ്ടിയും ഞങ്ങൾ അഹോരാത്രം പ്രയത്നിക്കും. തിരുവല്ലയിൽ അടച്ചുപൂട്ടി കിടക്കുന്ന ഏക്കർ കണക്കിന് സ്ഥലങ്ങളും ഫാക്ടറികളും അഭ്യസ്തവിദ്യരായവർക്ക് തൊഴിൽ നൽകുന്ന രീതിയിൽ പ്രയോജനപ്പെടുത്താനും യുഡിഎഫ് വ്യക്തമായി ചർച്ചചെയ്ത് പ്ലാനും പദ്ധതികളും തയ്യാറാക്കും.

താങ്കളുടെ റോൾ മോഡൽ ആരാണ്?

രാഷ്ട്രീയത്തിൽ സ്വാഭാവികമായും നമ്മൾ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരിക്കും റോൾ മോഡൽ ആയിരിക്കുക. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ച് ശ്രീ പി ജെ ജോസഫ് ആണ്  രാഷ്ട്രീയത്തിലെ എന്റെ റോൾ മോഡൽ. വലിയ സ്ഥാനങ്ങളിൽ എത്താൻ കഴിവുണ്ടെങ്കിലും അദ്ദേഹം ഒരു കർഷകനാകാനാണ് ഏറ്റവും കൂടുതൽ ആഗ്രഹിച്ചത്. കൃഷിയിലൂടെ ജീവിതം കാട്ടിത്തന്ന ഒരു മഹത് വ്യക്തിയാണ് അദ്ദേഹം. ഒരു പക്കാ ഗാന്ധിയൻ ആശയക്കാരൻ. ഒരു വൈദിക കുടുംബത്തിൽ നിന്ന് വന്നതുകൊണ്ട് തന്നെ സഭ എന്നെ ഒത്തിരി സ്വാധീനിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ജീവിതത്തിലും ആത്മീയ രംഗത്തും വളരെയധികം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മറ്റൊരു വ്യക്തിയാണ് ക്രിസോസ്റ്റം വലിയ തിരുമേനി. അദ്ദേഹം ജാതിക്കും മതത്തിനും അതീതമായി പ്രവർത്തനങ്ങൾ വ്യാപിപ്പിച്ച ഒരു വ്യക്തിയാണ്. അദ്ദേഹത്തിന്റെ ആത്മീയ അധ്യക്ഷതയ്ക്ക് രാജ്യം ആദ്യമായി പത്മഭൂഷൻ നൽകി ആദരിച്ചിട്ടുണ്ട്.

തിരുവല്ലയിലെ ജനങ്ങളോട്  എന്താണ് പറയാനുള്ളത്? 

പൊതുവിൽ ഞാൻ പറയുന്ന ഒരു ഫിലോസഫി, നമ്മൾ ആളുകളിൽ ഒരു വിശ്വാസ്യത ഉണ്ടാക്കാൻ ശ്രമിക്കണം. ഒരിക്കലും ഒരു മുഖം മൂടി ധരിക്കരുത്. നമ്മുടെ ജീവിതം എപ്പോഴും സുതാര്യമായിരിക്കണം. നമ്മളെക്കൊണ്ട് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ മാത്രം പറയണം. ഞാൻ എന്റെ ജീവിതത്തിലെ കാഴ്ചപ്പാട് പറയുകയാണെങ്കിൽ, നമ്മൾ എന്താണെന്ന് സമൂഹത്തിന് ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. നമ്മുടെ നന്മയും കുറവുകളും സമൂഹം ചർച്ച ചെയ്യട്ടെ. അങ്ങനെ മുഖംമൂടിയില്ലാത്ത, ആത്മാർത്ഥമായ, സത്യസന്ധമായ ഒരു ജീവിതം സമൂഹത്തിൽ നയിക്കാൻ നമുക്ക് സാധിക്കും. നമുക്ക് കിട്ടുന്ന വിഭവങ്ങളും സൗകര്യങ്ങളും നമ്മുടേത് മാത്രമാണെന്ന് ഒരിക്കലും ചിന്തിക്കരുത്. നമ്മുടെ ഭാഗ്യം കൊണ്ടും ദൈവ നിമിത്തം കൊണ്ടും ആണ് അത് നമ്മുടെ കയ്യിൽ വന്നെത്തുന്നത്. അതുകൊണ്ടുതന്നെ നമ്മളാൽ കഴിയുന്നത് മറ്റുള്ളവർക്ക് വേണ്ടി ചെയ്തു കൊടുക്കുവാൻ നമ്മൾ എപ്പോഴും മനസ്സ് കാണിക്കണം. ഉള്ളത് ഇല്ലാത്തവന് കൊടുക്കുക. ഈ സമൂഹത്തിലെ എല്ലാവരും ഒരേ സോഷ്യൽ ലെങ്തിൽ ജീവിക്കുന്നവരല്ല.  അതുകൊണ്ടുതന്നെ ഇല്ലായ്മക്കാരനെ ചേർത്തുപിടിക്കാനും നമുക്ക് കഴിയണം അത് സത്യസന്ധവുമായിരിക്കണം.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.