ലഖ്‌നൗ: ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്ന ആവശ്യം കുടുംബം അംഗീകരിക്കാതിരുന്നതിനെ തുടർന്നുണ്ടായ തർക്കം ഒടുവിൽ അമ്മയുടെ കൊലപാതകത്തിൽ കലാശിച്ചെന്നാണ് ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ നിന്നുള്ള ഞെട്ടിക്കുന്ന സംഭവം. വ്യാഴാഴ്ച രാത്രി ഒൻപത് മണിയോടെ വീട്ടിലെത്തിയ 17-കാരനായ മകൻ, ചായ ആവശ്യപ്പെട്ട ശേഷം അടുക്കളയിലേക്ക് പോകുകയായിരുന്ന അമ്മയെ പിന്നിൽനിന്ന് കട്ടികൂടിയ റെഞ്ച് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. താൻ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും കൗമാരക്കാരൻ ആവശ്യപ്പെട്ടിരുന്നെങ്കിലും കുടുംബം ഇത് അംഗീകരിച്ചിരുന്നില്ല. ശസ്ത്രക്രിയയ്ക്ക് പകരം കൗൺസിലിങ്ങിന് വിധേയനാകണമെന്ന് അമ്മ ഉപദേശിച്ചതാണ് തർക്കത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് പിന്നാലെ 15 മിനിറ്റിനുള്ളിൽ തന്നെ പ്രതി പിതാവിനെയും പൊലീസിനെയും വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. “ഞാൻ എന്റെ അമ്മയെ കൊന്നു” എന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് നാകാ ഹിന്ദോല പൊലീസ്, ഡി.സി.പി വെസ്റ്റ് ജിതേന്ദ്ര ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഫോറൻസിക് സംഘം എന്നിവർ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിന് ഉപയോഗിച്ച റെഞ്ച്, രക്തം പുരണ്ട വസ്ത്രങ്ങൾ, മൊബൈൽ ഫോൺ, ഡയറി എന്നിവ പൊലീസ് കണ്ടെടുത്തു. സംഭവം ആസൂത്രിത കൊലപാതകമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കൊലപാതകത്തിനായി റെഞ്ചും മുളകുപൊടിയും ഉപയോഗിക്കുന്നതും രക്തക്കറ ചൂടുവെള്ളം ഉപയോഗിച്ച് കഴുകിക്കളയുന്നതും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡയറിയിൽ രേഖപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു.
കൊലപാതകത്തിന് ആവശ്യമായ റെഞ്ചും പെപ്പർ സ്പ്രേയും പ്രതി ഓൺലൈൻ വഴി വാങ്ങിയതായും പൊലീസ് കണ്ടെത്തി. കൊലപാതകത്തിന് ശേഷം ഉണ്ടാകാവുന്ന നിയമനടപടികളെക്കുറിച്ചും പ്രായപൂർത്തിയാകാത്ത പ്രതികൾക്ക് ലഭിക്കുന്ന ശിക്ഷയെക്കുറിച്ചും പ്രതി ചാറ്റ്ജിപിടിയിൽ വിവരങ്ങൾ തിരഞ്ഞിരുന്നതായും സ്റ്റേഷൻ ഹൗസ് ഓഫീസർ വിവേക് കുമാർ ചൗധരി സ്ഥിരീകരിച്ചു. തുണി വ്യവസായിയായ പിതാവിന്റെ ഏക മകനാണ് പ്രതി. 12 വയസ്സ് മുതൽ പെൺകുട്ടികളുടെ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഇയാൾ താൻ ഒരു പെൺകുട്ടിയാണെന്ന് വിശ്വസിച്ചിരുന്നതായും പൊലീസ് പറഞ്ഞു. എന്നാൽ കുടുംബത്തിന് ഇത് അംഗീകരിക്കാൻ കഴിഞ്ഞിരുന്നില്ല. മറ്റുള്ളവരുടെ സാമീപ്യം പോലും ബുദ്ധിമുട്ടായി തോന്നിയിരുന്ന പ്രതി തനിച്ചിരിക്കാൻ ആഗ്രഹിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.
ഈ സാഹചര്യത്തിലാണ് നാല് മാസം മുൻപ് ഗണേഷ്‌ഗഞ്ചിൽ പ്രതിക്കായി പിതാവ് പ്രത്യേക ഫ്ലാറ്റ് വാടകയ്‌ക്കെടുത്ത് നൽകിയതെന്നും പൊലീസ് പറഞ്ഞു. കുടുംബത്തിലെ അഭിപ്രായവ്യത്യാസം, കൗൺസിലിങ്ങുമായി ബന്ധപ്പെട്ട നിർദേശം, തുടർന്ന് നടന്ന തർക്കം എന്നിവയ്ക്കൊടുവിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ ഡയറി, ഓൺലൈൻ വാങ്ങലുകളുടെ വിവരങ്ങൾ, മൊബൈൽ ഫോൺ എന്നിവ ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ചാണ് കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുകൊണ്ടുവരുന്നത്.

