ഹൈദരാബാദ്: മറ്റു എങ്ങും അല്ല.നമ്മുടെ ഇന്ത്യയിലെ തെലങ്കാനയിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് ഇത്തരമൊരു ശ്രദ്ധേയമായ നിര്‍ദേശവുമായി മുന്നോട്ട് വന്നിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പേരില്‍ ഇന്ത്യയിലൊരു റോഡ്.
അമേരിക്കയില്‍ പോലും ട്രംപിന്റെ പേരിലൊരു റോഡില്ല. നഗരത്തിലെ യുഎസ് കോണ്‍സുലേറ്റ് ജനറല്‍ സ്ഥിതി ചെയ്യുന്ന ഹൈ-പ്രൊഫൈല്‍ റോഡിന് 'ഡൊണാള്‍ഡ് ട്രംപ് അവന്യൂ' എന്ന് നാമകരണം ചെയ്യാനാണ് സർക്കാരിന്റെ തീരുമാനം.
ഹൈദരാബാദ് നഗരത്തിലെ പ്രധാന റോഡുകള്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ സ്വാധീനമുള്ള വ്യക്തികളുടെയും പ്രശസ്ത കമ്പനികളുടെയും പേരുകള്‍ നല്‍കാനാണ് സര്‍ക്കാര്‍ നീക്കം. ഈ നടപടി പ്രമുഖര്‍ക്ക് അര്‍ഹിക്കുന്ന ബഹുമാനം നല്‍കുന്നതിനൊപ്പം സംസ്ഥാനത്തിന് ആഗോള ശ്രദ്ധ നേടിക്കൊടുക്കാനും സഹായകമാകുമെന്നാണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രതീക്ഷിക്കുന്നത്.
തിങ്കളാഴ്ച മുതല്‍ ഹൈദരാബാദിന് സമീപം നടക്കുന്ന 'തെലങ്കാന റൈസിംഗ് ഗ്ലോബല്‍ സമ്മിറ്റി'ന് മുന്നോടിയായാണ് ഈ പ്രഖ്യാപനങ്ങള്‍. 44 രാജ്യങ്ങളില്‍ നിന്നുള്ള 154 അന്താരാഷ്ട്ര പ്രതിനിധികളാണ് ഈ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.
അന്തിമ തീരുമാനത്തിനായി കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിനും യുഎസ് എംബസിക്കും സര്‍ക്കാര്‍ കത്തുകള്‍ എഴുതുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറഞ്ഞു. ഈ തീരുമാനത്തോടൊപ്പം, മറ്റ് ചില പ്രധാനപ്പെട്ട റോഡുകള്‍ക്ക് സെലിബ്രിറ്റികളുടെയും സ്ഥാപനങ്ങളുടെയും പേരുകള്‍ അന്തിമമാക്കിയിട്ടുണ്ട്. ഐടി ഇടനാഴിയിലെ പ്രധാനപ്പെട്ട റോഡുകള്‍ക്ക് ഗൂഗിള്‍ സ്ട്രീറ്റ്, മൈക്രോസോഫ്റ്റ് റോഡ്, വിപ്രോ ജംഗ്ഷന്‍ എന്നീ പേരുകള്‍ സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഗൂഗിളിന്റെ യുഎസിന് പുറത്തുള്ള ഏറ്റവും വലിയ കാമ്പസായി മാറാന്‍ പോകുന്ന സ്ഥലത്തിന് സമീപമുള്ള റോഡ് 'ഗൂഗിള്‍ സ്ട്രീറ്റ്' എന്നറിയപ്പെടും. കഴിഞ്ഞ മാസം ഡല്‍ഹിയില്‍ നടന്ന യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തില്‍, ഹൈദരാബാദിലെ പ്രധാനപ്പെട്ട റോഡുകള്‍ക്ക് ലോകോത്തര കമ്പനികളുടെ പേരിടുമെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചിരുന്നു. അതിനനുസൃതമായാണ് ഈ തീരുമാനം.

