PRAVASI

മകൾക്ക് ബഹിരാകാശത്ത് നിന്നൊരു ജന്മദിനാശംസ; ബഹിരാകാശ നിലയത്തിൽ നിന്ന് ഡോ. അനിൽ മേനോന്റെ ആദ്യ സന്ദേശം

Blog Image

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി പ്രവേശിച്ച ആദ്യ മലയാളി ഡോ. അനിൽ മേനോന്റെ ആദ്യ വീഡിയോ സന്ദേശം പുറത്തുവിട്ടു. ബഹിരാകാശത്തെ തന്റെ ആദ്യ ദിനം പൂർണ്ണമായി ആസ്വദിക്കുകയാണെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഈ സ്വപ്നയാത്ര യാഥാർത്ഥ്യമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയപൂർവ്വം നന്ദി അറിയിച്ചു. സന്ദേശത്തിലൂടെ ഭാര്യയോടും മക്കളോടുമുള്ള സ്നേഹം പങ്കുവെച്ച അനിൽ മേനോൻ, മകൾ ഗ്രേസിന് ബഹിരാകാശത്ത് വെച്ച് ജന്മദിനാശംസകളും നേർന്നു.

ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനിൽ മേനോൻ ഉൾപ്പെടെയുള്ള മൂന്ന് ബഹിരാകാശ സഞ്ചാരികൾ സൊയൂസ് എം എസ് 29 പേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ വിജയകരമായി പ്രവേശിച്ചത്. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്നാണ് അനിലും സംഘവും അടങ്ങുന്ന സൊയൂസ് പേടകം വിക്ഷേപിച്ചത്. രാത്രി 11:26 ഓടെ സൊയൂസ് പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയവുമായി വിജയകരമായി ഡോക്ക് ചെയ്തു. തുടർന്ന് ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഇവർ നിലയത്തിനകത്തേക്ക് പ്രവേശിച്ചത്.

റോസ്കോസ്മോസിന്റെ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് അനിലിന്റെ സഹയാത്രികർ. എക്സ്പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായി എട്ട് മാസക്കാലം സംഘം അവിടെ തുടരും. അടുത്ത വർഷം ഏപ്രിലിലായിരിക്കും ഇവരുടെ മടക്കയാത്ര. വർഷങ്ങൾ നീണ്ട കഠിനമായ തയ്യാറെടുപ്പുകൾക്കൊടുവിലാണ് അനിൽ മേനോൻ ഈ ചരിത്ര നേട്ടത്തിൽ എത്തിനിൽക്കുന്നത്. മിനിയപ്പലിസിൽ ജനിച്ച പാതി മലയാളിയായ അനിൽ, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ മാസ്റ്റേഴ്സും കരസ്ഥമാക്കി. അമേരിക്കൻ വ്യോമസേനയിൽ കേണലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനവും നാസയിൽ ഗവേഷണവും പൂർത്തിയാക്കി. ആയിരത്തിലേറെ മണിക്കൂർ പറന്ന സെർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയായ അനിൽ മേനോൻ നാസയിലും സ്പേസ് എക്സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി നിർണ്ണായക പങ്കുവഹിച്ചു. ബഹിരാകാശ വൈദ്യശാസ്ത്രത്തിൽ ഇരുപതിലേറെ പ്രബന്ധങ്ങൾ രചിച്ച ഈ പ്രതിഭാശാലി നാസയുടെ 23-ാമത് അസ്ട്രനോട്ട് ഗ്രൂപ്പിലൂടെയാണ് ബഹിരാകാശയാത്രയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എട്ട് മാസത്തെ ദൗത്യത്തിനിടയിൽ ബഹിരാകാശത്തെ വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട നിർണ്ണായക പഠനങ്ങൾക്കാണ് അനിൽ നേതൃത്വം നൽകുന്നത്.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.