സംഘടനാ നേതൃ സ്ഥാനത്ത് ന്യൂയോർക്കിൽ തിളങ്ങി നിൽക്കുന്ന ഡോ. അജു ഉമ്മനെ ഫൊക്കാനയുടെ 2024-2026 വർഷത്തെ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസിയേഷൻ (ലിമ-LIMA) നാമനിർദ്ദേശം ചെയ്തു.
ന്യൂയോർക്ക്: സംഘടനാ നേതൃ സ്ഥാനത്ത് ന്യൂയോർക്കിൽ തിളങ്ങി നിൽക്കുന്ന ഡോ. അജു ഉമ്മനെ ഫൊക്കാനയുടെ 2024-2026 വർഷത്തെ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസിയേഷൻ (ലിമ-LIMA) നാമനിർദ്ദേശം ചെയ്തു. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ ബാലജനസഖ്യം കൊട്ടാരക്കര യൂണിറ്റ് പ്രസിഡൻറ് സ്ഥാനം സ്തുത്യർഹമായി നിർവഹിച്ച് നേതൃ പാടവവും സംഘടനാ പ്രഗൽഭ്യവും തെളിയിച്ചിട്ടുള്ള ഡോ. അജു ഉമ്മൻ ന്യൂയോർക്കിലും വർഷങ്ങളായി വിവിധ സംഘടനകളിലൂടെ നേതൃസ്ഥാനത്ത് തനതായ കഴിവ് തെളിയിച്ച് മുന്നേറുന്നു. നിലവിൽ ഫൊക്കാനയുടെ നാഷണൽ കമ്മറ്റി അംഗമായുള്ള അജുവിൻറെ പ്രവർത്തന ശൈലി മനസ്സിലാക്കിയ ലിമ എക്സിക്യൂട്ടീവ് കമ്മറ്റി അദ്ദേഹത്തെ ഏകകൺഠമായാണ് അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുവാൻ നാമനിർദ്ദേശം ചെയ്തത്.
ഈ മാസം 18 മുതൽ 21 വരെ വാഷിങ്ടൺ ഡി.സി-യിൽ അതിഗംഭീരമായി സംഘടിപ്പിക്കപ്പെടുന്ന ഫൊക്കാനാ ദ്വൈ വാർഷിക കോൺഫെറെൻസിൽ 19-ന് വെള്ളിയാഴ്ചയാണ് വിവിധ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത്. നിലവിലെ ഫൊക്കാനാ ജനറൽ സെക്രട്ടറിയും അടുത്ത രണ്ടു വർഷത്തേക്ക് പ്രസിഡൻറ് സ്ഥാനാർഥിയായി മത്സരിക്കുന്നതുമായ ഡോ. കലാ ഷാഹിയുടെ പാനലിലാണ് ഡോ. അജുവും മത്സരിക്കുന്നത്. ഡോ. കലാ ഷാഹിക്കും സഹ സ്ഥാനാർഥികൾക്കും ഭൂരിഭാഗം സംഘടനകളിൽ നിന്നും വളരെ പ്രതീക്ഷാ നിർഭരമായ പിന്തുണ ലഭിക്കുന്നതിനാൽ ഡോ. അജുവിനും നൂറു ശതമാനം വിജയ പ്രതീക്ഷയാണ് കാണുന്നത്.
ചുറുചുറുക്കും ഊർജ്ജസ്വലതയും യുവത്വവും നേതൃത്വ പാടവവും കൈമുതലായുള്ള ഡോ. അജു ലോങ്ങ് ഐലൻഡ് മലയാളീ അസ്സോസ്സിയേഷൻ ഡയറക്ടർ ബോർഡ് അംഗമായും, ന്യൂയോർക്ക് മലയാളീ അസ്സോസ്സിയേഷൻ (നയ്മ-NYMA) എക്സിക്യൂട്ടീവ് കമ്മറ്റി അംഗമായും, അമ്പതു വർഷം പൂർത്തീകരിച്ച അമേരിക്കയിലെ ആദ്യകാല മലയാളീ സംഘടനയായ കേരളാ സമാജം ഓഫ് ഗ്രെയ്റ്റർ ന്യൂയോർക്കിൻറെ സജീവ പ്രവർത്തകൻ എന്ന നിലയിലും ന്യൂയോർക്കിലെയും മറ്റ് സമീപ സംസ്ഥാനങ്ങളിലെയും മലയാളികളുടെ ഇടയിൽ സുപരിചിതനാണ്.
സൗമ്യതയോടും പുഞ്ചിരിയോടും എല്ലാവരുമായി ഇടപെടുന്ന അജു കലാ-സാഹിത്യ രംഗങ്ങളിലും തന്റേതായ പ്രാഗൽഭ്യം തെളിയിച്ചിട്ടുണ്ട്. അനൂപ് മേനോനും ലാലും നിറഞ്ഞഭിനയിക്കുന്ന ആഗസ്റ്റ് മാസം റിലീസ് ചെയ്യുവാൻ തയ്യാറെടുത്തിരിക്കുന്ന ചെക്ക് മേറ്റ് (CHECKMATE) എന്ന സിനിമയുടെ സഹ നിർമ്മാതാവും ഏതാനും റോളുകളിൽ അഭിനയിച്ചിട്ടുള്ള ഒരു അഭിനേതാവും കൂടിയാണ് അദ്ദേഹം.
2022-2024 കാലയളവിൽ ഫൊക്കാന ന്യൂയോർക്ക് മെട്രോ റീജിയൻറെ മേഖലാ സമ്മേളനം നടത്തുവാൻ നിലവിലെ ആർ.വി.പി-ക്ക് കഴിഞ്ഞില്ല. അതിനാൽ ഫൊക്കാനയിലെ ഏതാനും യുവ നേതാക്കളുടെ നേതൃത്വത്തിലും ഈ വർഷം ഫൊക്കാനാ നാഷണൽ കമ്മറ്റി അംഗമായ അജുവിന്റെ നേതൃത്വത്തിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വളരെ ഭംഗിയായി മേഖലാ സമ്മേളനം കഴിഞ്ഞ ഒക്ടോബർ മാസം ഫ്ലോറൽ പാർക്കിലുള്ള ടൈസൺ സെന്ററിൽ വച്ച് നടത്തി. അതിന് പ്രസിഡൻറ് ഡോ. ബാബു സ്റ്റീഫൻ അജുവിനെയും മറ്റു യുവ നേതാക്കളെയും വളരെയധികം പ്രശംസിക്കുകയുണ്ടായി. അത് സംബന്ധമായ എല്ലാ വരവ് ചെലവ് രേഖകളും മെട്രോ റീജിയൺ ആർ.വി.പി-യ്ക്ക് കൈമാറിയെങ്കിലും, ഇതേവരെ പ്രസ്തുത കണക്കുകൾ കമ്മറ്റിയിൽ അവതരിപ്പിക്കുവാൻ പോലും നിലവിലെ ആർ.വി.പി-യ്ക്ക് സാധിച്ചിട്ടില്ല എന്നത് അജുവിനെയും മറ്റു യുവ നേതാക്കളെയും അസ്വസ്ഥപ്പെടുത്തുന്ന വസ്തുതയാണ്. ചുമതല ഏൽക്കുന്ന ഏതു സ്ഥാനങ്ങളിലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഭംഗിയായി നിർവഹിക്കുവാനുള്ള അജുവിന്റെ കഴിവ് പ്രശംസനീയമാണ്.
അജുവിൻറെ സംഘടനാ നേതൃത്വത്തിലും സാമൂഹിക പ്രവത്തനങ്ങളിലും ഭാര്യ ഡോ. ജാസ്മിൻ ഉമ്മൻറെയും മക്കളായ ജെറിൻ, ജിതിൻ, ജെബിൻ എന്നിവരുടെയും പിൻബലവും സഹകരണവും അദ്ദേഹത്തിന് ഉത്തരവാദിത്വങ്ങൾ കൂടുതൽ ഭംഗിയായി നിറവേറ്റുവാൻ എന്നും സഹായകരമാണ്. ന്യൂയോർക്ക് യൂണിവേഴ്സിറ്റിയിൽ നിന്നും കാർഡിയോ റെസ്‌പിറ്ററിയിലും ഹെൽത്ത് അഡ്മിനിസ്ട്രേഷനിലും ബിരുദം കരസ്ഥമാക്കിയ ഡോ. അജു റോയൽ അമേരിക്കൻ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. ന്യൂയോർക്ക് ഗ്ലെൻകോവിൽ നോർത്ത് വെൽ ഹെൽത്ത് ഹോസ്പിറ്റലിൽ സേവനം ചെയ്യുന്നു.
“ഇത്രയും കഴിവുള്ള, നേതൃത്വ പാടവവും സംഘടനാ വൈദക്ത്യവുമുള്ള ഡോ. അജു ഫൊക്കാനക്ക് ഒരു മുതൽക്കൂട്ടാകും എന്നതിനാൽ അദ്ദേഹത്തെ അഡീഷണൽ അസ്സോസിയേറ്റ് സെക്രട്ടറി ആയി തെരഞ്ഞെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.” പാനൽ നേതാവും പ്രസിഡൻറ് സ്ഥാനാർഥിയുമായ ഡോ. കലാ ഷാഹി ന്യൂയോർക്കിൽ പ്രസ്താവിച്ചു.