അമേരിക്കൻ മലയാളികളുടെ അഭിമാനമായ ഡോ.എം വി പിള്ളയെക്കുറിച്ച് പത്രപ്രവർത്തകൻ രമേശ് ബാബു എഴുതിയ ഡോ.എം വി പിള്ള : കൈനിക്കരയിലെ വിശ്വ പൗരൻ പുസ്തകം പ്രകാശനം ചെയ്യപ്പെടുന്നു . 2026 ജനുവരി 3 ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂളിൽ വെച്ചുള്ള പരിപാടിയിലാണ് പ്രകാശനം നടത്തപ്പെടുന്നത്.യുഎസ് എയിലെ മോറിസൺ ആൻഡ് ഡിക്സൺ ഫാർമ കമ്പനിയുടെ ലീഗൽ ഡിവിഷൻ തലവൻ വിനുപിള്ള പരിപാടിയിൽ സ്വാഗതം ആശംസിക്കുന്ന ചടങ്ങിൽ തിരുവനന്തപുരം ഗവൺമെന്റ് മോഡൽ സ്കൂൾ പ്രിൻസിപ്പാൾ കെ വി പ്രമോദാണ് പുസ്തകം പ്രകാശനം ചെയ്യുന്നത്. ഡോക്ടർ എം വി പിള്ളയുടെ കൊച്ചുമക്കൾ ഓറിയോൻ പിള്ള, എഡ്രിയൻ പിള്ള, മാക്സ് പിള്ള എന്നിവരാണ് പുസ്തകം സ്വീകരിക്കുന്നത്. പിന്നീട് മാധ്യമപ്രവർത്തകനും ഗ്രന്ഥകർത്താവുമായ രമേശ് ബാബു പുസ്തകം പരിചയപ്പെടുത്തും.മലയാളത്തിന്റെ പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തി വിശിഷ്ടാത്ഥിയായി ചടങ്ങിൽ പങ്കെടുക്കും .സീനിയർ പീഡിയാട്രിക് സർജൻ ഡോ.എസ് വേണു ഗോപാൽ,ജനറൽ സർജൻ ഡോ.എം.ബാലചന്ദ്രൻ നായർ,ഡോ.എം.വി പിള്ളയുടെ സഹോദരിമാരായ ചന്ദ്രിക മേനോൻ ,മല്ലിക സുകുമാരൻ ,മോഡൽ സ്‌കൂൾ വൈസ് പ്രിൻസിപ്പൽ ഫ്രീഡ മേരി ജെ എം ,പി ടി എ പ്രസിഡന്റ് ഷിജു പി ആർ എന്നിവർ ആശംസകൾ അറിയിക്കും .ഡോ.എം വി പിള്ള മറുമൊഴി പ്രസംഗം നടത്തും . പദ്‌മജ പിള്ള ഉപസംഹാരവും ,ലതിക കർത്ത നന്ദിയും അറിയിക്കും .

ക്യാൻസർ ചികിത്സാ വിദഗ്ധനും തോമസ് ജഫേഴ്സൺ യൂണിവേഴ്സിറ്റി ഓങ്കോളജി ക്ലിനിക്കൽ പ്രൊഫസറും ലോകാരോഗ്യ സംഘടനയുടെ ബ്രസ്റ്റ് കാൻസർ ഇനിഷ്യേറ്റീവ് കൺസൾട്ടന്റുമാണ് ഡോക്ടർ എം.വി. പിള്ള. നാലു പതിറ്റാണ്ട് പിന്നിട്ട പ്രവാസ ജീവിതത്തിലുടനീളം ഒട്ടനേകം രോഗികൾക്ക് ചികിത്സ വൈദഗ്ധ്യം കൊണ്ട് സാന്ത്വനം പകർന്ന ഓങ്കോളജിസ്റ്റ് എന്നതിനൊപ്പം തന്നെ കലയും സാഹിത്യവും കൈമുതലാക്കിയ കൈനിക്കര കുടുംബത്തിലെ ഭാഷയെ നെഞ്ചോട് ചേർത്ത എഴുത്തുകാരനും സ്വതസിദ്ധമായ നർമ്മഭാഷിയും പ്രമുഖ പ്രാസംഗികനുമാണ് ഡോക്ടർ എം വി പിള്ള. ഇന്ത്യയിൽ ക്യാൻസറിന് ഏകീകൃത ചികിത്സാരീതി ടാറ്റ മെമ്മോറിയൽ ഹോസ്പിറ്റലിന്റെ കീഴിൽ നടപ്പിലാക്കാനുള്ള പ്രൊജക്ടിന് നേതൃത്വം നൽകിയതിനുള്ള അംഗീകാരമായി പ്രസിഡണ്ട് എപിജെ അബ്ദുൽ കലാമില്‍ നിന്ന് അവാർഡ് ലഭിച്ച വ്യക്തിയാണ് അദ്ദേഹം. നടി മല്ലിക സുകുമാരന്റെ സഹോദരനും നടന്മാരായ പൃഥ്വിരാജിന്റെയും ഇന്ദ്രജിത്തിന്റെയും അമ്മാവനുമാണ്. മലയാളികളുടെ രോമാഞ്ചമായ മോഹൻലാലിന്റെ കുടുംബ സുഹൃത്ത് എന്ന വിശേഷണവും അദ്ദേഹത്തിനുണ്ട്. കൂടാതെ പ്രേം നസീർ മുതൽ ഒട്ടേറെ നടന്മാരുമായും എം ടി, ഓ എൻ വി, സുകുമാർ എന്നീ സാഹിത്യകാരന്മാരുമായും അദ്ദേഹത്തിന് വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും ഉണ്ടായിരുന്നു.
കേരള ഗവൺമെന്റുമായി സഹകരിച്ച് നിരവധി ആരോഗ്യ സംരംഭങ്ങൾ നടപ്പിലാക്കിയ വ്യക്തിയാണ് ഡോക്ടർ എം വി പിള്ള. മുഖ്യമന്ത്രി പിണറായി വിജയന്റെ പൂർണ്ണപിന്തുണയോടെ കേരളത്തിൽ സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് വൈറോളജി കേരളത്തിന്റെ ചികിത്സ മേഖലയ്ക്കുള്ള അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകളിൽ ഒന്നാണ്. അമേരിക്കയിലെ ആ തിരക്കുപിടിച്ച ജീവിതത്തിൽ നിന്നും വാക്കുകളിലൂടെയും വരികളിലൂടെയും അദ്ദേഹം ആശ്വാസം കണ്ടെത്തിയപ്പോൾ അവ മലയാളി പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിച്ച എഴുത്തുകളെയും എഴുത്തുകാരനെയും സൃഷ്ടിച്ചു. പിന്നീട് മനോരമയുടെ എഡിറ്റോറിയൽ ബോർഡ് ഡയറക്ടർ ആയിരുന്ന തോമസ് ജേക്കബ് പോലുള്ള പ്രശസ്തരായ വ്യക്തികളുടെ ഒട്ടനേകം പുസ്തകങ്ങൾക്ക് അവതാരിക എഴുതാൻ അദ്ദേഹത്തിന് അവസരം ലഭിച്ചിട്ടുണ്ട്. കൂടാതെ രണ്ട് മലയാള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുകയും മാധ്യമങ്ങളിൽ തുടർച്ചയായി ലേഖനങ്ങളും മറ്റും എഴുതുകയും ചെയ്തതിലൂടെ സാഹിത്യകാരൻ എന്ന നിലയിൽ വലിയ അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.
നിഷ്പക്ഷമായ ചികിത്സ വൈദഗ്ധ്യം കൊണ്ടും പ്രവർത്തനപരത കൊണ്ടും അനുഭവസമ്പത്ത് ഏറെയുള്ള ഈ ബഹുമുഖ പ്രതിഭയെ കുറിച്ചാണ് പത്ര പ്രവർത്തകൻ രമേശ് ബാബു പുസ്തകങ്ങളിൽ കുറിച്ചിരിക്കുന്നത്. പതിറ്റാണ്ടുകൾ പിന്നിട്ട അദ്ദേഹത്തിന്റെ ശ്രേഷ്ഠമായ ജീവിതത്തെക്കുറിച്ച് എഴുതാൻ സാധിച്ചതിലും പ്രകാശനം ചെയ്യാൻ കഴിഞ്ഞതിലും വളരെയധികം സന്തോഷവാനാണ് രമേശ് ബാബു.




