PRAVASI

(അനുഭവം) ചിരിക്കാൻ മറന്ന ബാല്യം

Blog Image

പതിനൊന്നിന്റെ പടിവാതിലിൽ നിൽക്കുന്ന ഒരു കുട്ടിക്കാലം. താനൂർ ജനതാ ആശുപത്രിക്ക് സമീപത്തെ വാടകമുറിയിൽ ദാരിദ്ര്യം കൂട്ടുണ്ടായിരുന്ന കാലം. അവധി ദിവസങ്ങളിൽ ഐസ് വിൽക്കാൻ പോകുന്ന ഒരു പയ്യനെ മുൻപ് പറഞ്ഞ അനുഭവങ്ങളിൽ നിങ്ങൾക്ക് ഓർമയുണ്ടാകും. പത്താം വയസ്സിൽ തുടങ്ങിയതാണ് ഈ ജീവിതസമരം.
അതൊരു ശനിയാഴ്ചയായിരുന്നു. പതിവിലും നേരത്തെ ഉണർന്നു. ഉള്ളിൽ ചെറിയൊരു സന്തോഷം അലയടിക്കുന്നുണ്ട്. കാട്ടിലങ്ങാടിയിലെ അമ്പലത്തിൽ ഉത്സവമാണ്, കച്ചവടം പൊടിപൊടിക്കുന്ന ദിവസം. അതിലുപരി നാളെ അനിയന്റെ മൂന്നാം പിറന്നാളാണ്. അവനൊരു സമ്മാനം വാങ്ങണം. 
ഉണർന്നെഴുന്നേറ്റ് ഒരു ഗ്ലാസ് കട്ടൻചായയുമായി ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. വലതുവശത്തെ വീട്ടിലാണ് അവളുള്ളത്. കുഞ്ഞുമനസ്സിൽ ആദ്യമായി ഒരിഷ്ടം തോന്നിത്തുടങ്ങിയവൾ. പ്രണയമെന്ന് അതിനെ വിളിക്കാൻ കഴിയുമോ എന്നെന്നും അന്ന് അറിയില്ലായിരുന്നു, പക്ഷെ ഇന്ന് ഞാനറിയുന്നു അതൊരു പ്രണയമായിരുന്നു എന്ന്.  എന്തായാലും അന്ന് അവളെ കാണാൻ കണ്ണുകൾ പരതിയെങ്കിലും നിരാശയായിരുന്നു ഫലം. സാരമില്ല, തിരികെ വരുമ്പോൾ കാണാമെന്ന ചിന്തയിൽ പെട്ടെന്ന് ഭക്ഷണം കഴിച്ച് ഇറങ്ങാൻ തയ്യാറായി.
തെർമോകോളും കാർഡ്ബോർഡും പ്ലാസ്റ്റിക് കവറും ഉപയോഗിച്ച് ഞാൻ തന്നെ നിർമ്മിച്ച ഒരു ഐസ് പെട്ടിയുണ്ട്. വിയർപ്പിന്റെ മണമുള്ള കൈലിയും ഷർട്ടും തേഞ്ഞ ഹവായ് ചെരിപ്പും ധരിച്ച് വീടുവിട്ടിറങ്ങി. ഒരു മണിക്കൂറോളം നടന്നാൽ മാത്രമേ താനൂർ സ്റ്റാൻഡിനടുത്തുള്ള ഐസ് കമ്പനിയിൽ എത്തുകയുള്ളൂ. അവിടെച്ചെന്ന് കയ്യിലുണ്ടായിരുന്ന പത്തു രൂപയ്ക്ക് ഇരുപത്തിരണ്ട് ഐസുകൾ വാങ്ങി പെട്ടിയിലാക്കി. പിന്നെ കാട്ടിലങ്ങാടി ലക്ഷ്യമാക്കി നടന്നു. റെയിൽവേ പാളം കടന്നതും തൊണ്ടപൊട്ടി വിളിക്കാൻ തുടങ്ങി, "ഐസ്... ഐസ്... മാങ്ങാ, മുന്തിരി, ഓറഞ്ച്..."
ഉത്സവപ്പറമ്പിൽ എത്തുമ്പോഴേക്കും പെട്ടിയിലെ മുക്കാൽ ഭാഗം ഐസും വിറ്റുതീർന്നിരുന്നു. കർപ്പൂരഗന്ധവും, നിരനിരയായി നിൽക്കുന്ന കളിപ്പാട്ടക്കടകളും, പുത്തനുടുപ്പിട്ട മനുഷ്യരും നിറഞ്ഞൊരിടം. ചെറിയൊരു അമ്പലമാണെങ്കിലും നല്ല തിരക്കുണ്ട്. ഞാൻ ഒരു മൂലയിൽ കല്ലിന്മേൽ ഇരിപ്പുറപ്പിച്ചു. അരമണിക്കൂർ കഴിഞ്ഞിട്ടുണ്ടാകില്ല, പെട്ടി കാലിയായി. ഒട്ടും സമയം കളയാതെ വീണ്ടും കമ്പനിയിലേക്ക് ഓടി. ഇത്തവണ ഇരുപതു രൂപയ്ക്ക് നാല്പത്തിയഞ്ച് ഐസുകൾ കിട്ടി. സാധാരണ നാല്പത്തിമൂന്നെണ്ണം കിട്ടാറുള്ളിടത്ത് രണ്ടെണ്ണം കൂടുതൽ കിട്ടിയതിന്റെ സന്തോഷത്തിൽ വേഗത്തിൽ തിരികെ നടന്നു.
ഉച്ചമയക്കത്തിലേക്ക് കടന്ന നേരത്തും വിശപ്പ് വകവെക്കാതെ കച്ചവടം തുടർന്നു. എന്റെ കൂടെ പഠിക്കുന്നവരും, എന്നെ പഠിപ്പിക്കുന്ന അധ്യാപകൻ വരെ എന്നിൽ നിന്നും ഐസ് വാങ്ങി. അങ്ങനെ ഉച്ചതിരിഞ്ഞപ്പോഴേക്കും കൊണ്ടുവന്നതെല്ലാം വിറ്റുതീർന്നു. പത്തു രൂപയുമായി ഇറങ്ങിയ എന്റെ കയ്യിൽ ഇപ്പോൾ നാല്പത് രൂപയുണ്ട്. അതിൽ പത്തു രൂപ മാറ്റിവെച്ച് ബാക്കി തുകയ്ക്ക് അനിയനൊരു സമ്മാനം വാങ്ങണം. അതിനുമുൻപ് അന്നദാനപ്പുരയിൽ കയറി വയറുനിറയെ ഭക്ഷണം കഴിച്ചു. അക്കാലത്ത് എവിടെ ഉത്സവം നടന്നാലും ഞാൻ അന്നദാനത്തിൽ പങ്കെടുക്കുമായിരുന്നു. മനുഷ്യരുടെ മനസ്സിൽ ഇന്നത്തേതുപോലെ അദൃശ്യമായ അതിരുകൾ ഇല്ലാതിരുന്ന നല്ല കാലം.
ഭക്ഷണം കഴിച്ച് നേരെ പോയത് കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിലേക്കാണ്. കാലിയായ പെട്ടി താഴെ വെച്ച് കണ്ണുകൾ ഓരോന്നിലുമായി പരതി. പെട്ടെന്നാണ് മഞ്ഞയും കറുപ്പും നിറമുള്ള ഒരു ജെസിബി കണ്ണിൽപ്പെട്ടത്. അനിയന് ഇതെന്തായാലും ഇഷ്ടമാകും. വില ചോദിച്ചപ്പോൾ കടക്കാരൻ മുപ്പത്തിയഞ്ച് രൂപ പറഞ്ഞു. കുറച്ചുനേരം വിലപേശിയപ്പോൾ മുപ്പത് രൂപയ്ക്ക് തരാമെന്നേറ്റു. ബാക്കി രൂപ പോക്കറ്റിലിട്ട്, വാങ്ങിയ കളിപ്പാട്ടം ഐസ് പെട്ടിയിൽ വെച്ച്‌, പൊട്ടി തലയിലേറ്റി വീട്ടിലേക്ക് നടന്നു.
അവിടുന്ന് മൂന്ന് കിലോമീറ്ററോളം ദൂരമുണ്ട് വീട്ടിലേക്ക്. വേഗത്തിൽ എത്താനായി പല കുറുക്കുവഴികളിലൂടെയുമാണ് നടക്കുന്നത്. റെയിൽവേ പാളം കടന്നാൽ വലിയൊരു വയലാണ്. കൊയ്ത്തുകഴിഞ്ഞ് വരണ്ടുണങ്ങിയ പാടം. അതിനോട് ചേർന്ന് വിജനമായ ഒരു ഇടവഴിയും മെലിഞ്ഞൊഴുകുന്ന തോടുമുണ്ട്. വീടുകളോ മനുഷ്യരോ ഇല്ലാത്ത ഒറ്റപ്പെട്ട പ്രദേശമാണ് അവിടം. ഉച്ചവെയിലിന്റെ ചൂട് നേരിയ തോതിൽ ബാക്കിയുണ്ട്. സമയം മൂന്നുമണി കഴിഞ്ഞിരിക്കും. പെട്ടി തലയിലുണ്ടെങ്കിലും മനസ്സുനിറയെ എന്റെ അനിയന്റെ ചിരിക്കുന്ന മുഖമായിരുന്നു. അവന് ഈ കളിപ്പാട്ടം കൊടുക്കുമ്പോഴുള്ള സന്തോഷം ഓർത്ത് വേഗത്തിൽ നടക്കുകയായിരുന്നു ഞാൻ.
പെട്ടെന്നാണ് കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് എവിടെനിന്നോ ഒരു മനുഷ്യൻ മുന്നിലേക്ക് വന്നത്. വിയർപ്പിന്റെയും മുറുക്കാന്റെയും വല്ലാത്തൊരു ഗന്ധം അയാളിൽ നിന്നും വമിക്കുന്നുണ്ടായിരുന്നു. എന്റെ മുന്നിലായി വഴിമുടക്കി നിന്നുകൊണ്ട്, തമിഴ് കലർന്ന മലയാളത്തിൽ അയാൾ ചോദിച്ചു, "ഐസ് ഉണ്ടോടാ?" ഇല്ലെന്ന് പറഞ്ഞ് തലകുനിച്ച് ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. പക്ഷെ എന്റെ മറുപടി കേൾക്കാൻ അയാൾ തയ്യാറായിരുന്നില്ല.
അടുത്ത നിമിഷം അയാളുടെ പരുക്കൻ കൈകൾ എന്റെ തലയിലിരുന്ന പെട്ടിയിലേക്ക് നീണ്ടു. ഒരു ദിവസത്തെ മുഴുവൻ വിയർപ്പും, എന്റെ അനിയനുള്ള സമ്മാനവും അതിലാണുള്ളത്. ഞാൻ പെട്ടിയിൽ മുറുകെ പിടിച്ചു. കൊടുക്കാതിരിക്കാൻ സർവ്വശക്തിയുമെടുത്ത് പിന്നിലേക്ക് വലിച്ചു. പക്ഷെ ഒരു പതിനൊന്നുകാരന്റെ കരുത്തിന്, മുതിർന്ന മുതിർന്ന ഒരാളുടെ ബലത്തിന് മുന്നിൽ എത്രത്തോളം പിടിച്ചുനിൽക്കാനാകും? നിഷ്കരുണം അയാൾ പെട്ടി എന്റെ കയ്യിൽ നിന്നും പിടിച്ചുവാങ്ങി.
അയാൾ ബലമായി പെട്ടി തുറന്നു. അതിൽ ഐസിന് പകരം ജെസിബി കണ്ടപ്പോൾ അയാളുടെ മുഖത്ത് പുച്ഛം നിറഞ്ഞു. "ഇതാണോ നീ കൊണ്ടുനടന്നു വിൽക്കുന്നത്?" എന്ന് പരിഹസിച്ച് അയാൾ ആ കളിപ്പാട്ടം പുറത്തെടുത്തു. എന്നിട്ട് ഐസ് പെട്ടി താഴേക്ക് ഇട്ടു. മണ്ണും പൊടിയും പുരണ്ട എന്റെ പെട്ടി എടുക്കാൻ ഞാൻ താഴേക്ക് കുനിഞ്ഞപ്പോൾ, അയാളത് കാലുകൊണ്ട് വീണ്ടും തട്ടിത്തെറിപ്പിച്ചു. എന്റെ നെഞ്ചാണ് അപ്പോൾ പിടഞ്ഞത്. സങ്കടവും ദേഷ്യവും കണ്ണുനീരായി പുറത്തുവന്നു. പകൽ മുഴുവൻ വെയിലുകൊണ്ട എന്റെ വിയർപ്പിന്റെ ഫലമാണത്, നാളെ എന്റെ അനിയന് നൽകാനുള്ളതാണ്. വിട്ടുകൊടുക്കാൻ എന്റെ മനസ്സ് അനുവദിച്ചില്ല.
ഒരുതരം ഭ്രാന്തമായ ധൈര്യത്തോടെ ഞാൻ അയാളുടെ കയ്യിലേക്ക് കയറിപ്പിടിച്ചു. മറുപടിയായി ഇരുമ്പുലക്കപോലൊരു കൈ എന്റെ കവിളിൽ വന്നുപതിച്ചു. അപ്രതീക്ഷിതമായ ആ അടിയിൽ കണ്ണിൽ ഇരുട്ടുകയറി, ചെവിയിൽ ഒരു മൂളൽ മാത്രം ബാക്കിയായി. വേദനകൊണ്ട് പുളഞ്ഞുപോയെങ്കിലും കളിപ്പാട്ടത്തിൽ നിന്നുള്ള പിടി ഞാൻ വിട്ടിരുന്നില്ല. അപ്പോഴേക്കും അടുത്ത പ്രഹരം മുഖത്ത് വന്നിടിച്ചു. ചുണ്ടുകൾ പൊട്ടി രക്തത്തിന്റെ ഉപ്പുരുചി ഞാൻ അറിഞ്ഞു. ആ അടി എനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. കണ്ണിൽപ്പൊടിയും രക്തവുമായി ഞാൻ നിലത്തേക്ക് വീണു. കളിപ്പാട്ടവുമായി അയാൾ തിരിഞ്ഞുനടക്കാൻ തുടങ്ങിയപ്പോൾ, നിലത്തുകിടന്നുകൊണ്ടുതന്നെ ഞാൻ അയാളുടെ കാലുകളിൽ ഇറുകെ കെട്ടിപ്പിടിച്ചു. മുന്നോട്ട് വെച്ച കാൽ അയാൾക്ക് എടുക്കാനായില്ല. എന്റെ കരച്ചിലോ സങ്കടമോ അയാളെ അലട്ടിയില്ല. കാലിൽ വരിഞ്ഞുമുറുക്കിയ എന്നെ അയാൾ ദേഷ്യത്തോടെ എടുത്തുയർത്തി, തോടിന്റെ വക്കിലെ ചെളിയുള്ള ഭാഗത്തേക്ക് വലിച്ചെറിഞ്ഞു.
ബോക്സുമായി നടക്കുമ്പോൾ അഴിഞ്ഞുപോകാതിരിക്കാൻ കൈലിയുടെ തുമ്പ് ഞാൻ പിന്നിൽ കെട്ടിവെക്കാറുണ്ടായിരുന്നു. പിടിവലിയുടെയും തള്ളിയിടലിന്റെയും ഇടയിൽ ആ കെട്ടഴിഞ്ഞ് തുണി താഴെവീണുപോയിരുന്നു. ചളിയും മണ്ണും പുരണ്ട നഗ്നമായ ശരീരത്തോടെ തോട്ടുവക്കിൽ ഞാൻ പകച്ചുനിന്നു. ആ നിമിഷം തോന്നിത്തുടങ്ങിയത് വെറും ദേഷ്യമായിരുന്നില്ല, സ്വന്തം അവസ്ഥയോർത്തുള്ള ഭയവും സങ്കടവുമായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളോടെ, വിറയ്ക്കുന്ന കൈകൾകൊണ്ട് താഴെവീണ തുണി എടുത്തുടുക്കാൻ ശ്രമിക്കുന്നതിനിടയിൽ, കഴുകന്റെ കണ്ണുകളോടെ അയാൾ പറഞ്ഞു, "നിനക്ക് ഈ കളിപ്പാട്ടവും പൈസയും ഞാൻ തരാം, എന്റെ കൂടെ വാ."
അത്‌ പറഞ്ഞുകൊണ്ട് എന്റെ കൈത്തണ്ടയിൽ കുത്തിപ്പിടിച്ച് അടുത്തുള്ള കാട്ടുചെടികൾക്കിടയിലേക്ക് അയാൾ വലിച്ചിഴച്ചു. ഭയത്തേക്കാൾ ഉപരി വല്ലാത്തൊരു അറപ്പും വെറുപ്പുമാണ് അപ്പോൾ എന്നെ പൊതിഞ്ഞത്. കൂർത്ത ചെടികൾക്കിടയിലെ ചതുപ്പിലേക്ക് അയാൾ എന്നെ തള്ളിയിട്ടു. ഞാൻ കുതറിമാറാൻ ശ്രമിക്കവേ, അയാളുടെ പിടി കൂടുതൽ മുറുകി. ജീവരക്ഷാർത്ഥം എന്റെ കൈകൾ നിലത്തെ ചെളിമണ്ണിൽ പരതി. ഒരുപിടി ചളി വാരി അയാളുടെ മുഖത്തേക്ക് ഞാൻ വലിച്ചെറിഞ്ഞു. കണ്ണിൽ ചളി ആയതിന്റെ ദേഷ്യത്തിൽ അയാൾ കളിപ്പാട്ടം തോട്ടിലേക്ക് വലിച്ചെറിഞ്ഞു. എന്നിട്ട് ഒരു മൃഗത്തെപ്പോലെ എന്റെ ശരീരത്തിലേക്ക് ചാടിവീണ് അമർത്തിപ്പിടിച്ചു. ശ്വാസം മുട്ടുന്ന ആ നിമിഷത്തിൽ, അതുവരെ പിടിച്ചുനിർത്തിയ കണ്ണുനീർ അണപൊട്ടി ഞാൻ ഉറക്കെ കരഞ്ഞുപോയി.
പക്ഷെ വിധി എനിക്കൊപ്പമായിരുന്നു. എന്റെ കാലുകൾക്ക് അപ്പോൾ അല്പം സ്വതന്ത്ര്യം കിട്ടിയിരുന്നു. ജീവൻ തിരിച്ചുകിട്ടാനുള്ള വെപ്രാളത്തിൽ, സർവ്വശക്തിയുമെടുത്ത് എന്റെ ഇരു കാൽപ്പാദങ്ങൾ കൊണ്ടും അയാളുടെ വയറ്റിലേക്ക് ഞാൻ ആഞ്ഞാഞ്ഞു ചവിട്ടി. അപ്രതീക്ഷിതമായ ആ പ്രഹരത്തിൽ അയാളുടെ പിടി ഒന്ന് അയഞ്ഞു. കിട്ടിയ ആ ചെറിയ നിമിഷത്തിൽ കാട്ടുചെടികൾക്കിടയിൽ നിന്നും ഞാൻ ചാടി എഴുന്നേറ്റു. പിന്നെ തിരിഞ്ഞുനോക്കാതെ, ജീവനുംകൊണ്ട് അവിടെനിന്നും കുതിച്ചോടി.
ശ്വാസം തൊണ്ടയിൽ കുരുങ്ങിക്കൊണ്ട്, നെഞ്ചിടിപ്പ് പുറത്തുകേൾക്കുന്ന ശബ്ദത്തോടെ വീടിന്റെ മുറ്റത്തേക്ക് ഓടിക്കയറുമ്പോൾ അവിടെ ആരും ഇല്ലായിരുന്നു. നേരെ വീടിന്റെ പിന്നാമ്പുറത്തുള്ള കിണറ്റുകരയിൽ ചെന്ന് ശബ്ദമുണ്ടാക്കാതെ വെള്ളം കോരി കുളിച്ചു. തണുത്ത വെള്ളം ശരീരത്തിലേക്ക് വീണപ്പോൾ പൊട്ടിയ ചുണ്ടിലും ഉരഞ്ഞുപൊട്ടിയ കൈകാലുകളിലും നീറ്റൽ പടർന്നു. പക്ഷെ ആ ശാരീരിക വേദനയേക്കാൾ എത്രയോ വലുതായിരുന്നു മനസ്സിലെ നീറ്റൽ. വിയർപ്പും ചോരയും വീണ എന്റെ അനിയന്റെ കളിപ്പാട്ടം ആ തോട്ടിൻകരയിലെ ചെളിയിൽ എവിടെയോ അനാഥമായി കിടക്കുന്നുണ്ടാകും എന്ന ചിന്ത നെഞ്ചിൽ ഒരു വലിയ കല്ല് കയറ്റിവെച്ചതുപോലെ ശ്വാസം മുട്ടിച്ചു. അടക്കിപ്പിടിച്ച ഏങ്ങലടികൾ കിണറ്റിലെ വെള്ളത്തിൽ അലിഞ്ഞില്ലാതായി. 
അകത്ത് ഉമ്മയുണ്ടായിട്ടും അനുഭവിച്ച ക്രൂരതയും വേദനയും ഞാൻ ഉമ്മയോട്  പറഞ്ഞില്ല. വേദനകൾ ആരുമായും പങ്കുവെക്കാൻ എനിക്കിഷ്ടമില്ലായിരുന്നു. കാരണം എന്റെ സങ്കടങ്ങൾ കേൾക്കാൻ ആരുമില്ലെന്നുള്ള തുറിച്ചറിവ് എനിക്ക് പണ്ടേ ഉള്ളത്കൊണ്ടാകാം..
കുളികഴിഞ്ഞ് വിറയ്ക്കുന്ന ശരീരത്തോടെ ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. ഷർട്ടിന്റെ പോക്കറ്റിൽ നനഞ്ഞുകുതിർന്ന് ചുരുണ്ടുകൂടിയ പത്തുരൂപ നോട്ട് മാത്രമാണ് ബാക്കിയുള്ളത്. എന്റെ സ്വപ്നങ്ങളുടെ ആകെയുള്ള അവശിഷ്ടം. വിറയ്ക്കുന്ന കൈകൾകൊണ്ട് ഞാൻ ആ നോട്ട് തിണ്ണയിൽ നിവർത്തിവെച്ചു. അതിലെ നനവ് എന്റെ കണ്ണുനീരിന്റേതാണോ അതോ ആ ചളിവെള്ളത്തിന്റേതാണോ എന്ന് എനിക്കറിയില്ലായിരുന്നു. 
നാളെ അനിയന്റെ പിറന്നാളാണ്, വെറും കൈയോടെ അവന് മുന്നിൽ എങ്ങനെ നിൽക്കുമെന്നോർത്ത് കണ്ണുകൾ വീണ്ടും നിറഞ്ഞുതുളുമ്പി. ഇരുട്ട് വീണുതുടങ്ങിയ മുറ്റത്തേക്ക് നോക്കിയിരിക്കെ പെട്ടെന്നാണ് ഒരു ചിന്ത മനസ്സിലേക്ക് വന്നത്. അനിയൻ ജെസിബിയുടെ വിലയറിയില്ലല്ലോ, അവന് വലുത് എന്റെ സ്നേഹമല്ലെ. ഈ നനഞ്ഞ പത്തുരൂപയ്ക്ക് അവനിഷ്ടമുള്ള കുറച്ചു മിഠായികൾ വാങ്ങിക്കൊടുത്താൽ മതി, ആ നിഷ്കളങ്കമായ മുഖത്ത് ലോകത്തെ ഏറ്റവും വലിയ സന്തോഷം വിടരാൻ, ആ ചിന്തയിൽ എപ്പോഴോ എന്റെ പൊട്ടിയ ചുണ്ടുകളിലും ഒരു ചെറിയ പുഞ്ചിരി വിടർന്നു. ഒരുപാട് വേദനകൾക്കും, നിസ്സഹായതകൾക്കും, ഭയത്തിനും മീതെ, വാടിക്കരിഞ്ഞ ഒരിലത്തുമ്പിൽ തിളങ്ങുന്ന മഞ്ഞുതുള്ളിപോലെ അതിജീവനത്തിന്റെ ഒരു പുഞ്ചിരി.. 

മുഹമ്മദ് സവാദ്  

 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.