PRAVASI

ഫോമാ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് ഡോ.മഞ്ജു പിള്ള മത്സരിക്കുന്നു

Blog Image

ഫോമയുടെ 2026-2028 കാലയളവിലേക്കുള്ള ഭരണ സമിതിയിലെ ജോയിന്റ് സെക്രെട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി അരിസോണയിലെ പ്രശസ്ത ഡോക്ടറും സാമൂഹ്യ പ്രവർത്തകയും കലാകാരിയും ആയ ഡോക്ടർ മഞ്ജു പിള്ളയെ അരിസോണ മലയാളി അസോസിയേഷൻ ബോർഡ് നാമനിർദേശം ചെയ്തു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി അരിസോണ മലയാളി സമൂഹത്തിലെ നിറസാന്നിധ്യമാണ് ഡോക്ടർ മഞ്ജു. ഇപ്പോഴത്തെ ഫോമാ വിമെൻസ് ഫോറത്തിന്റെ നാഷണൽ ജോയിന്റ് ട്രഷറർ ആയി സ്തുത്യർഹമായ സേവനമാണ് മഞ്ജു നടത്തിക്കൊണ്ടിരിക്കുന്നത്. ഏല്പിച്ച ഏതു കാര്യവും ദീർഘവീക്ഷണത്തോടെയും നിറഞ്ഞ ഉത്തരവാദിത്തത്തോടെയും പൂർത്തീകരിക്കുവാനുള്ള മഞ്ജുവിന്റെ കഴിവ് എടുത്തു പറയേണ്ടതാണ്. അരിസോണ മലയാളീ അസോസിയേഷന്റെ നിരവധി നേതൃ പദവികൾ വഹിച്ചിട്ടുള്ള മഞ്ജു ഇപ്പോൾ അഡ്വൈസറി കൗൺസിൽ മെമ്പർ ആയി സേവനം അനുഷ്ഠിക്കുന്നു.അതോടൊപ്പം AKMG (Association of Kerala Medical Graduates), KHNA (Kerala Hindus of North America) എന്നിവയുടെ പ്രവർത്തനങ്ങളിൽ മഞ്ജു വളരെ സജീവമാണ്.

കോവിഡ് മഹാ മാരിയുടെ സമയത്ത് നാഷണൽ ഹെൽപ്‌ലൈനിന്റെയും ഫോമാ വെസ്റ്റേൺ റീജിയണന്റെയും അരിസോണ മലയാളി അസോസിയേഷന്റെയും മെഡിക്കൽ ഫോറം കാര്യക്ഷമമായി പ്രവർത്തിപ്പിക്കുന്നതിൽ മഞ്ജു ഒരു പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്. കോവിഡ് സമയത്ത് ഒറ്റപ്പെട്ടു പോയ പ്രായമായ നിരവധി അച്ഛനമ്മമാർക്കും കുടുംബങ്ങൾക്കും മഞ്ജുവിന്റെ നിസ്വാർത്ഥ സേവനം ഒരു കൈത്താങ്ങായിരുന്നു.സ്വന്തം ആരോഗ്യം പോലും വകവെക്കാതെ നിരവധി മണിക്കൂറുകൾ മലയാളി സമൂഹത്തിനായി ഉഴിഞ്ഞു വച്ചു. അതോടൊപ്പം, ഒരു സെർട്ടിഫൈഡ് സൂംബ ട്രെയിനർ ആയ മഞ്ജു, സ്ത്രീകളുടെ മാനസികവും ശാരീരികവുമായ ഉണർവിനു വേണ്ടി നിരവധി വിർച്യുൽ സൂംബ ക്ലാസുകൾ നടത്തി. കൃഷി കാര്യങ്ങളിൽ അതീവ തല്പരയായ മഞ്ജു അരിസോണ മലയാളീ അസോസിയേഷൻ സംഘടിപ്പിച്ച കൃഷിപാഠം പരിപാടിയുടെ ഒരു പ്രധാന സംഘാടക ആയിരുന്നു. ആരോഗ്യ സംരക്ഷണത്തെയും പരിപാലനത്തെയും ആധാരമാക്കി നിരവധി ക്ലാസുകൾ മഞ്ജു സംഘടിപ്പിച്ചുണ്ട്. ഒരു മികച്ച നർത്തകിയും അഭിനേത്രിയുമായ ഡോക്ടർ മഞ്ജു നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ നൂതനമായ ആശയങ്ങളിലൂടെ അവതരിപ്പിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിനിയായ മഞ്ജുവിന്റെ ഭർത്താവ് മഹേഷ് ഇന്റെലിൽ എഞ്ചിനീയറിംഗ് മാനേജർ ആയി ജോലി ചെയ്യുന്നു. മൂത്ത മകൾ വൈഷ്ണവിയും ഇളയ മകൾ ജാഹ്നവിയും കോളേജ് വിദ്യാർത്ഥിനികൾ ആണ്.

ജാതി, മത, ഭാഷാ ചിന്തകൾക്കതീതമായി ഏവരെയും ഒരുമിപ്പിച്ച്‌ കൊണ്ടുപോകാനുള്ള മഞ്ജുവിന്റെ നേതൃപാടവം അമേരിക്കൻ മലയാളി സമൂഹത്തിന് ഒരു മുതൽക്കൂട്ടായിരിക്കും. കർമ്മ മണ്ഡലത്തിലെല്ലാം കഴിവ് തെളിയിച്ച ഡോക്ടർ മഞ്ജുവിനെ പിന്തുണക്കാൻ ഫോമയിലെ എല്ലാ മലയാളി സംഘടനകളോടും അരിസോണ മലയാളീ അസോസിയേഷൻ വിനീതമായി അഭ്യർത്ഥിക്കുന്നു.

ഡോ.മഞ്ജു പിള്ള
   

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.