അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് പ്രൗഢഗംഭീരമായ സമാപനം. 2024 - 2026 കാലയളവിലെ പ്രസിഡൻ്റായി ഡോ. സജിമോൻ ആന്റണിയും എക്സിക്യുട്ടീവ് കമ്മറ്റിയും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു.
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ 21-ാമത് അന്തർദ്ദേശീയ കൺവൻഷന് പ്രൗഢഗംഭീരമായ സമാപനം. 2024 - 2026 കാലയളവിലെ പ്രസിഡൻ്റായി ഡോ. സജിമോൻ ആന്റണിയും എക്സിക്യുട്ടീവ് കമ്മറ്റിയും സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റു. ഫൊക്കാന പ്രസിഡൻ്റായിരുന്ന ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകി ഒപ്പം ഉണ്ടാകുമെന്നും പക്ഷേ ഫൊക്കാനയുടെ പ്രവർത്തനങ്ങളിൽ സജീവമാകുന്നില്ലന്നും അറിയിച്ചു. രണ്ടു വർഷം ഫൊക്കാനയുടെ പ്രസിഡൻ്റ് എന്ന നിലയിൽ ഏറ്റവും ഭംഗിയായി പ്രവർത്തിച്ചിട്ടുണ്ട്. ഇനിയും ഫൊക്കാനയിൽ പ്രവർത്തിക്കാൻ താല്പര്യമില്ല. ഒരു പദവികളും വഹിക്കുവാനും താല്പര്യമില്ലന്ന് മാധ്യമങ്ങൾക്ക് അയച്ച പ്രസ്താവനയിൽ അറിയിച്ചു. ട്രസ്റ്റി ബോർഡിലും തുടരില്ല എന്ന് അദ്ദേഹം അറിയിച്ചിട്ടുണ്ട്.
തൻ്റെ നേതൃത്വത്തിലുള്ള എല്ലാവരേയും വിജയിപ്പിച്ചതിന് നന്ദി അറിയിച്ചു കൊണ്ട് സംസാരിച്ച പുതിയ പ്രസിഡൻ്റ് ഡോ. സജിമോൻ ആൻ്റണി " ഇനിയും ഫൊക്കാനയിൽ മത്സരം ഇല്ലെന്നും വരുന്ന രണ്ട് വർഷം ഒരു കുടക്കീഴിൽ ഒരുമിച്ച് നിന്ന് പ്രവർത്തിക്കണമെന്നും" പറഞ്ഞു. നിങ്ങൾ ഞങ്ങൾ എന്ന വേർതിരിവ് ഫൊക്കാനയ്ക്കില്ല. നിലവിലെ കമ്മിറ്റി തുടർന്ന പദ്ധതികൾ ഒരുമിച്ച് മുന്നോട്ട് കൊണ്ടു പോകണം. അതിനായി ഒരുമിച്ച് പ്രവർത്തിക്കണമെന്നും ഫൊക്കാനയ്ക്ക് കഴിഞ്ഞ രണ്ട് വർഷം കൊണ്ട് ഉണ്ടാക്കിയ നേട്ടങ്ങൾക്ക് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫനെ അഭിനന്ദിക്കുകയും ചെയ്തു.
കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ , ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു. ട്രഷറാർ ബിജു കൊട്ടാരക്കര നന്ദിയും അറിയിച്ചതോടെ ഫൊക്കാന 21-ാമത് കൺവൻഷന് കൊടിയിറങ്ങി.