കോളേജ് വിദ്യാഭ്യാസ വകുപ്പില്‍ ലെക്ചറര്‍ ആയിരിക്കെ ഒരു ദിവസം സര്‍വ്വീസ് സംബന്ധമായ ഒരാവശ്യവുമായി ഞാന്‍ സെക്രട്ടേറിയറ്റില്‍ പോകാനിടയായി. അന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ഞാന്‍ തുടക്കക്കാരനാണ്. സെക്രട്ടേറിയറ്റില്‍ പരിചയമൊന്നുമില്ല. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ ബന്ധപ്പെട്ട ഓഫീസറുടെ മുറിയില്‍ അല്പം ആശങ്കയോടെ കടന്നു ചെന്നപ്പോള്‍ അവിടെ ഉണ്ടായിരുന്ന മാഡം ക്ഷമയോടെ ഞാന്‍ പറഞ്ഞതൊക്കെ കേട്ട്, പണ്ടേ പരിചയമുള്ള ഒരു സ്നേഹിതനോടെന്നപോലെ സൗഹൃദപൂര്‍വ്വം പെരുമാറിയത് എന്നെ അത്ഭുതപ്പെടുത്തി. അവര്‍ നിര്‍ദ്ദേശിച്ചതനുസരിച്ച് പിറ്റേന്ന് ഞാന്‍ ചെന്നപ്പോള്‍ പ്രസന്നവദനയായി എനിക്കാവശ്യമുള്ള ഓര്‍ഡര്‍ എന്‍റെ കൈയ്യില്‍ തന്ന ശേഷം ഒരു ഫയലുമെടുത്ത് സെക്രട്ടേറിയറ്റിന്‍റെ ഇടനാഴിയിലൂടെ മാഡം പാഞ്ഞു. സംസാരിച്ചിരിക്കാന്‍ സമയമില്ല, എനിക്ക് നല്ല തിരക്കുണ്ട് എന്നു വിളിച്ചു പറയുന്ന എടുപ്പും നടപ്പും.!
ഒരു പരിചയവുമില്ലാത്ത ഞാന്‍ ഒരു ശുപാര്‍ശയും കൂടാതെ ചെന്നപ്പോള്‍ എന്നോട് ഇത്ര കാരുണ്യം കാട്ടിയ ഈ സ്ത്രീയോട് എനിക്ക് ഏറെ നന്ദിയും വലിയ ബഹുമാനവും തോന്നിയത് സ്വാഭാവികം ഏലിക്കുട്ടി സാർ എന്ന് എല്ലാവരും വിളിക്കുന്ന ആ ഓഫീസര്‍ ചടുലമായ സംസാരവും, ഹൃദ്യമായ പെരുമാറ്റവും, സഹായിക്കാനുള്ള സന്മനസും, വറ്റാത്ത ഊര്‍ജ്ജസ്വലതയും കൊണ്ട് തന്‍റെയടുത്തെത്തുന്ന സകലരുടെയും ഹൃദയം കീഴടക്കുന്നുണ്ടെന്ന് മറ്റുള്ളവരുടെ സംഭാഷണങ്ങളില്‍ നിന്നും ഞാന്‍ മനസ്സിലാക്കി.
സെക്രട്ടേറിയറ്റിലെ താരം
പില്‍ക്കാലത്ത്, ഇടയ്ക്കൊക്കെ സെക്രട്ടേറിയറ്റില്‍ ഓരോ ആവശ്യവുമായി പോകേണ്ടി വന്നപ്പോഴൊക്കെ ഇ. എല്‍. ഏലിക്കുട്ടി എന്ന ഈ ഓഫീസറെ ഞാന്‍ ചെന്നു കണ്ടു കൊണ്ടിരുന്നു. അവരെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ഈ അടുപ്പം എന്നെ സഹായിച്ചു. കേരള സര്‍വകലാശാലയില്‍ ജോലി ചെയ്തിരുന്ന കാലത്ത് സെക്രട്ടേറിയറ്റിലെ എന്‍റെ പരിചയക്കാരുടെ എണ്ണം ക്രമേണ വര്‍ദ്ധിച്ചു വന്നു. അവരില്‍ നിന്ന് ഏലിക്കുട്ടി സാറി ന്‍റെ കര്‍മ്മകുശലതയെക്കുറിച്ചും, ഫയല്‍ കൈകാര്യം ചെയ്യുന്നതില്‍ അവര്‍ക്കുള്ള സാമര്‍ത്ഥ്യത്തെക്കുറിച്ചും, അച്ചടക്കത്തിന്‍റെ കാര്യത്തില്‍ അവര്‍ക്കുള്ള നിര്‍ബന്ധബുദ്ധിയെക്കുറിച്ചും, കര്‍ക്കശമായ നിലപാടുകള്‍ എടുക്കുമ്പോഴും ആവശ്യക്കാരോട് അനുഭാവം നിലനിര്‍ത്തുന്ന അവരുടെ ശൈലിയെക്കുറിച്ചുമൊക്കെ ഒത്തിരി കേള്‍ക്കാനിടയായി. വിദ്യാഭ്യാസം, റവന്യൂ, ഫിഷറീസ്, സമൂഹ്യ ക്ഷേമം തുടങ്ങിയ വകുപ്പുകളിലൂടെ ഏണിപ്പടികള്‍ കയറി, സ്പെഷ്യല്‍ സെക്രട്ടറി പദവിവരെ അവര്‍ എത്തിയതും, റിട്ടയര്‍മെന്‍റിനുശേഷം റവന്യൂ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചതുമൊക്കെ ഞാന്‍ താല്പര്യപൂര്‍വ്വം ശ്രദ്ധിച്ചുകൊണ്ടേയിരുന്നു. ജോലിയോടുള്ള ആത്മാര്‍ത്ഥതയും, ഭരണപരമായ ഉള്‍ക്കാഴ്ചയും, കഠിനാധ്വാനത്തിനുള്ള ശേഷിയും, കറപുരളാത്ത വ്യക്തിത്യവും ഏലിക്കുട്ടി സാറി നെ സെക്രട്ടേറിയറ്റിലെ ഒരു താരമായി എന്നും നിലനിര്‍ത്തി. തന്‍റെ മുന്നിലെത്തുന്ന മനുഷ്യരോട് സഹാനുഭൂതിയോടെയും അനുകമ്പയോടെയും പെരുമാറിയിരുന്ന ഈ ബ്യൂറോക്രാറ്റ് ഫയലുകളില്‍ തുടിക്കുന്ന മനുഷ്യഹൃദയങ്ങളുടെ മിടിപ്പിനു നേരെ തന്‍റെ കാതുകള്‍ എന്നും തുറന്നു പിടിച്ചിരുന്നു.
ഫയലുകള്‍ക്കപ്പുറത്തുള്ള ഓഫീസര്‍
എന്നാല്‍ ഫയലുകള്‍ക്കപ്പുറത്തുള്ള ഏലിക്കുട്ടി ആന്‍റി യാണ് എന്നെ കൂടുതല്‍ അത്ഭുതപ്പെടുത്തിയത്. പലയിടങ്ങളില്‍ നിന്നും, പ്രത്യേകിച്ച്, കോട്ടയം ജില്ലയില്‍ നിന്ന്, ഒട്ടേറെ പേര്‍ ആന്‍റിയെ തേടി വരാറുണ്ടായിരുന്നു. അവരിലേറെയും വിദ്യാര്‍ത്ഥികളോ, ആര്‍.സി.സി.യിലും മെഡിക്കല്‍ കോളേജിലും മറ്റും ചികിത്സാര്‍ത്ഥം വരുന്നവരോ, സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് ഓരോരോ കാര്യങ്ങള്‍ സാധിക്കേണ്ടവരോ ഒക്കെ ആയിരുന്നു. ക്നാനായ സമുദായക്കാരിയായ ഏലിക്കുട്ടി സാറിچനെ തേടി വരുന്ന വൈദികരും കന്യാസ്ത്രീകളും ധാരാളം. സമുദായ സ്നേഹിയായ ഏലിക്കുട്ടി ആന്‍റി കോട്ടയം രൂപതയില്‍പെട്ട സഹോദരങ്ങള്‍ ഏതാവശ്യം പറഞ്ഞു വന്നാലും ഉചിതമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്കി അവരെ സഹായിച്ചുപോന്നു. ആവശ്യക്കാരെയും ആവലാതിക്കാരെയും സഹായിക്കാന്‍ തലസ്ഥാനത്തുള്ള തന്‍റെ സുഹൃത്തുക്കളുടെ വിപുലമായ നെറ്റ് വര്‍ക്ക് അവര്‍ പ്രയോജനപ്പെടുത്തി.
ഗൗരീശപട്ടത്തുള്ള ആന്‍റിയുടെ വീട് എല്ലാവര്‍ക്കും വേണ്ടി തുറന്നിട്ട ഒരു അഭയകേന്ദ്രമായിരുന്നു. ആറു മക്കള്‍- ബീന, ശുഭ, സുജ, റാണി, സെലിന്‍, ജേക്കബ്-വളരുന്ന ആ ഭവനം, സന്ദര്‍ശകരുടെ സാന്നിദ്ധ്യം കൂടി ആകുമ്പോള്‍, മിക്കവാറും څഹൗസ്ഫുള്‍چ ആയിരുന്നു എന്നു ഞാന്‍ പറഞ്ഞു കേട്ടിട്ടുണ്ട്. കേരള സര്‍ക്കാരിന്‍റെ ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിരുന്ന സമാന മനസ്കനായ ഭര്‍ത്താവ് പി.സി. മാത്യു നല്‍കിയ കരുതലും, കരുണയും, സഹകരണവും ആ ഗൃഹാന്തരീക്ഷത്തെ മാതൃകാപരമായി നിലനിര്‍ത്തി.
അഭിരുചികളിലെ വൈവിധ്യം കൊണ്ട് ഏലിക്കുട്ടി ആന്‍റി എന്നെ വിസ്മയിപ്പിച്ചു. സ്ത്രീശാക്തീകരണത്തിന്‍റെ വക്താവും പ്രയോക്താവുമായതിനാല്‍ വനിതാ സംഘടനകള്‍ക്കു വേണ്ടിയുള്ള പ്രസംഗങ്ങളും, ആകാശവാണിയുടെ മഹിളാലയം പരിപാടികളുമൊക്കെ ആന്‍റി ഒരു നിയോഗം പോലെ ഏറ്റെടുത്തുകൊണ്ടിരുന്നു. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് നമ്മുടെ നാട്ടില്‍ ആളുകള്‍ ഉറക്കെ ചിന്തിച്ചു തുടങ്ങുന്നതിനു മുമ്പേ തന്നെ, സ്ത്രീകള്‍ വിദ്യയിലൂടെ വളരണമെന്നും, സമൂഹത്തിന്‍റെ പുരോഗതിയില്‍ തങ്ങളുടെതായ പങ്കു വഹിക്കണമെന്നും, തൊഴില്‍ ചെയ്തു സാമ്പത്തികമായ സ്വാശ്രയത്വം നേടണമെന്നുമൊക്കെ ഉദ്ബോധിപ്പിക്കുക മാത്രമല്ല, തന്‍റെ ജീവിതം കൊണ്ട് ഇതു കാട്ടിക്കൊടുക്കുകയും ചെയ്ത സ്ത്രീയാണ് ഏലിക്കുട്ടി സാര്‍
പാരമ്പര്യത്തിന്‍റെ പശ്ചാത്തലം
ഇതിനൊക്കെ പാരമ്പര്യത്തിന്‍റെ ഒരു പശ്ചാത്തലമുണ്ട്. ഈ മഹതിയുടെ പിതാവ് എണ്ണംപ്ളാശ്ശേരില്‍ ലൂക്കാ സാര്‍ ഒരു പ്രൈമറി സ്കൂള്‍ ഹെഡ് മാസ്റ്ററായിരുന്നു. സ്ത്രീവിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും മതവിശ്വാസത്തെ മുറുകെ പിടിക്കുകയും ചെയ്തിരുന്ന അദ്ദേഹം ഉഴവൂര്‍ പള്ളിയെ കുറിച്ചു രചിച്ച പാരിടമഴകില്‍ പരിപാലിക്കാന്‍ڈഎന്നു തുടങ്ങുന്ന ഗാനം ആ നാട്ടുകാര്‍ എന്നും പ്രിയതരമായി കരുതിപ്പോരുന്നു. യേശു പറഞ്ഞ നല്ല സമരിയാക്കാരന്‍റെ കഥ (ലൂക്ക, 10: 25-37) യിലൂടെയാണത്രേ അദ്ദേഹം "കരുണയുള്ളവളായിരിക്കുക" എന്ന സന്ദേശം മകള്‍ക്കു പകര്‍ന്നുകൊടുത്തത്. അനുഭാവപൂര്‍വ്വം മറ്റുള്ളവരോട് പെരുമാറാനുള്ള മനസ്സ് ആ മകളില്‍ രൂപപ്പെട്ടു വന്നതെങ്ങനെയെന്ന് വ്യക്തം.
1925 ലായിരുന്നു ഏലിക്കുട്ടി ആന്‍റി യുടെ ജനനം. പെണ്‍കുട്ടികള്‍ അടുക്കളയുടെ തടവറയില്‍ കഴിയാന്‍ വിധിക്കപ്പെട്ടിരുന്ന കാലം.
“Full many a flower is born to blush unseen
And waste its fragrance on the desert air”
എന്ന ആംഗലേയ കവി തോമസ് ഗ്രേയുടെ വരികള്‍ (Elegy Written in a Country Churchyard) അക്കാലത്ത് നമ്മുടെ നാട്ടിലെ പെണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന അവസ്ഥയെയും സൂചിപ്പിക്കുന്നു.
ആരാലും ശ്രദ്ധിക്കപ്പെടാതെ കൊഴിഞ്ഞു പോകാമായിരുന്ന ഒരു കാട്ടുപൂവാണ്, പഠിച്ച്, നാഗ്പൂര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബി.എ. ബിരുദം നേടുകയും, അക്കാലത്തു സ്ത്രീകള്‍ തീരെ കടന്നു ചെല്ലാത്ത പൊതുഭരണ സര്‍വ്വീസില്‍ ജോലി നേടുകയും ചെയ്തത്. നേതൃത്വഗുണങ്ങളും സേവനമനോഭാവവും ഭരണ നൈപുണ്യവും സമഞ്ജസമായി സമ്മേളിച്ചിരുന്ന ആ വ്യക്തിത്വം, മറ്റുള്ളവര്‍ അസാധ്യമെന്നു കരുതുന്ന കാര്യങ്ങളില്‍ സാധ്യതയുടെ നാമ്പുകള്‍ കണ്ടെത്തുന്നതില്‍ അസാമാന്യമായ പാടവം പ്രദര്‍ശിപ്പിച്ചു. സമുദായവുമായുള്ള കണക്ട്چ(connect) സജീവമായി നിലനിര്‍ത്തിക്കൊണ്ട് സാധാരണക്കാരായ മനുഷ്യര്‍ക്കു വേണ്ടി നിസ്വാര്‍ത്ഥമായ സേവനം അനുഷ്ഠിക്കുന്നതില്‍ "ഏലിക്കുട്ടി സാർ" എന്നും ജാഗരുകയായിരുന്നു.
പേപ്പല്‍ ബഹുമതി
അവരുടെ വ്യക്തിത്വത്തെയും സേവനങ്ങളെയും മാനിച്ചുകൊണ്ട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ 1988 ല്‍ ‘Pro Ecclesia et Pontifice’ എന്ന ബഹുമതി നല്കി ശ്രീമതി. ഇ.എല്‍. ഏലിക്കുട്ടിയെ ആദരിച്ചു. സാമൂഹ്യ സേവനത്തിന് അത്മായര്‍ക്കു നല്കുന്ന ഉയര്‍ന്ന ബഹുമതികളിലൊന്നാണിത്.
71 വയസ്സുള്ളപ്പോള്‍, 1997 ജൂലൈ 18-ാം തീയതി, അവര്‍ അന്തരിച്ചു. ആ ധന്യ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു ബൈബിള്‍ വാക്യം എന്‍റെ ഓര്‍മ്മയില്‍ വരുന്നു. സ്നാപകയോഹന്നാന്‍റെ ജനനത്തെക്കുറിച്ചുള്ള അദ്ധ്യായത്തില്‍ പറയുന്നു: കര്‍ത്താവിന്‍റെ കരം അവനോടു കൂടെ ഉണ്ടായിരുന്നുڈ (ലൂക്ക,1:66). നിസ്സംശയം പറയാം: കര്‍ത്താവിന്‍റെ കരം എന്നും ആന്‍റിയോടുകൂടെ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഔദ്യോഗിക ജീവിതവും, കുടുംബത്തോടുള്ള ഉത്തരവാദിത്തങ്ങളും, സാമൂഹ്യസേവനവും ഇത്ര മനോഹരമായി ബാലന്‍സ് ചെയ്തുകൊണ്ടു പോകാന്‍ ആന്‍റിക്കു കഴിഞ്ഞത്. ശാക്തീകരിക്കപ്പെട്ട സ്ത്രീത്വത്തിന്‍റെ പ്രതീകമാണവര്‍; څകരിയറിچന്‍റെ څഭാരം ചുമക്കുന്നچ സ്ത്രീകള്‍ക്ക് ഒരു മാതൃകയും. സേവനോത്സുകമായ ഒരു ജീവിത ശൈലി സ്വീകരിക്കുന്നതിന് വരുംതലമുറകള്‍ക്കു പ്രചോദനം നല്കുന്ന ആ ദീപ്ത സ്മരണയെ ഈ ദിവസങ്ങളില്‍ കൂടുതല്‍ പ്രോജ്വലമാക്കുന്നത് ഏലിക്കുട്ടി ആന്‍റിയുടെ ജന്മദിനം ഡിസംബര്‍ 11 ആണെന്നുള്ള വസ്തുതതയാണ്.


E L ALEYKUTTY


ജയിംസ് ജോസഫ് കാരക്കാട്ട്

