കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള വിദേശ വനിതയ്ക്ക് എബോള ബാധയുണ്ടോ എന്ന് സംശയിക്കുന്നതായി റിപ്പോർട്ട്. സൗത്ത് സുഡാനിൽ നിന്നെത്തിയ 52 വയസ്സുകാരിയെയാണ് രോഗലക്ഷണങ്ങളെത്തുടർന്ന് മെഡിക്കൽ കോളേജിലെ പ്രത്യേക ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്.
തുടക്കത്തിൽ പനി ബാധിച്ച് പാലായിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. എന്നാൽ ഇവർ സൗത്ത് സുഡാൻ സ്വദേശിയാണെന്ന് വ്യക്തമായതോടെ, ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം കൂടുതൽ പരിശോധനകൾക്കായി കോട്ടയം മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. ഇവരുടെ ആരോഗ്യസ്ഥിതിയും രോഗലക്ഷണങ്ങളും ആരോഗ്യവകുപ്പ് കർശനമായി നിരീക്ഷിച്ചുവരികയാണ്.

