ന്യൂയോർക്ക്: കഴിഞ്ഞ പതിനൊന്ന് വർഷമായി ലോങ്ങ് ഐലൻഡിൽ പ്രവൃത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ എക്കോ (ECHO - Enhance Community through Harmonious Outreach) അതിൻറെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി മുതിർന്ന പൗരന്മാർക്കായി ന്യൂഹൈഡ് പാർക്കിൽ നടത്തിവരുന്ന "സീനിയർ വെൽനെസ്സ്" പ്രോജക്ടിന്റെ രണ്ടാമത് ലൊക്കേഷൻ ലെവിട്ടൗണിൽ (Levittown) ആരംഭിക്കുന്നതിനുള്ള പുതിയ ചുവടുവയ്പ്പിലേക്ക് നീങ്ങുന്നു. ലോങ്ങ് ഐലൻഡ് ലെവിട്ടൗണിലെ സെൻറ് തോമസ് മലങ്കര ഓർത്തഡോക്സ് പള്ളിയുടെ (St. Thomas Malankara Orthodox Church, 110 School House Road, Levittown, NY 11756) ഓഡിറ്റോറിയത്തിൽ ജനുവരി 28 ചൊവ്വാഴ്ച നാല് മണിക്ക് രണ്ടാമത്തെ സീനിയർ വെൽനെസ്സ് ലൊക്കേഷന്റെ പ്രവർത്തനോദ്ഘാടനം നടത്തപ്പെടുന്നതാണ്. ജനുവരി 21 ചൊവ്വാഴ്ച പ്രവർത്തനോദ്ഘാടനം നടത്തുന്നതിന് തയ്യാറെടുത്തിരുന്നെങ്കിലും ലോങ്ങ് ഐലൻഡിലെ പ്രതികൂല കാലാവസ്ഥ മൂലം ജനുവരി 28-ലേക്ക് ഉദ്ഘാടന ചടങ്ങ് മാറ്റുകയായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി 2013-ൽ ഏതാനും ചില സുഹൃത്തുക്കൾ ചേർന്ന് ന്യൂഹൈഡ് പാർക്കിൽ രൂപീകരിച്ച ECHO ഇന്ത്യയിലും മറ്റു വിദേശ രാജ്യങ്ങളിലുമായി വിവിധ പ്രൊജെക്ടുകൾ ഇതിനോടകം നടപ്പിലാക്കി. 2018-ൽ വൻ നാശം വിതച്ച കേരളാ പ്രളയക്കെടുതിയിൽ വീടുകൾ നഷ്ടപ്പെട്ട മുപ്പതു പേർക്കാണ് കോട്ടയം കുമരകത്ത് കോട്ടയം റോട്ടറി ഡിസ്ട്രിക്ടുമായി സഹകരിച്ച് പുതിയ വീടുകൾ നിർമ്മിച്ച് നൽകിയത്. കേരളത്തിൽ വിവിധ ജില്ലകളിൽ അർഹരായ അൻപതോളം ഭവന രഹിതർക്ക് വീടുകൾ നിർമ്മിച്ചു നൽകുന്ന പദ്ധതി പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കിഡ്നി ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ അച്ചനുമായി സഹകരിച്ച് കേരളത്തിലെ സ്കൂൾ കുട്ടികൾക്ക് സാമൂഹിക സേവന താൽപ്പര്യം വർദ്ധിപ്പിക്കുന്നതിനായി "മദർ തെരേസാ സേവനാ അവാർഡ്" രൂപീകരിച്ച് ക്യാഷ് അവാർഡുകൾ നൽകി വരുന്നു. കേരളത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനായി വലയുന്നവർക്ക് ഭക്ഷണം നൽകുന്ന പദ്ധതിയായ "ഹംഗർ ഹണ്ട്" എന്ന പദ്ധതി ചിറമ്മേലച്ചന്റെ മേൽനോട്ടത്തിൽ നടന്നു കൊണ്ടിരിക്കുന്നു. ജീവകാരുണ്യ പ്രവത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ പ്രോത്സാഹിപ്പിക്കുന്നതിനായി "എക്കോ ഹ്യുമാനിറ്റേറിയൻ അവാർഡ്" എന്ന പേരിൽ കഴിഞ്ഞ മൂന്നു വർഷമായി $2,500 ഡോളർ വീതം ക്യാഷ് അവാർഡ് നൽകി വരുന്നു.
ദീർഘ കാലത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം വിശ്രമ ജീവിതത്തിലേക്ക് പ്രവേശിച്ച ധാരാളം മുതിർന്ന പൗരന്മാർ നമ്മുടെ സമൂഹത്തിലുണ്ട്. അവരിൽ ചിലരൊക്കെ സ്വന്തം ഭവനങ്ങളിൽ ഏകാന്ത ജീവിതം നയിക്കുന്നവരാണ്. മുതിർന്ന പൗരന്മാരിൽ പലരും സാമൂഹിക സംഘടനകളുമായി അകലം പാലിച്ച് സ്വഭവനങ്ങളിൽ കഴിയുന്നവരാണ്. അങ്ങനെയുള്ളവരെ ഏകോപിപ്പിച്ച് ആഴ്ചയിലൊരിക്കൽ അവർക്കു ഒത്തുചേരുന്നതിനും അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യപരിപാലനത്തിനായി യോഗയും എക്സർസൈസും ചെയ്യുന്നതിനും വിജ്ഞാനപ്രദമായ പല വിഷയങ്ങളും ചർച്ച ചെയ്യുന്നതിനും അവസരമൊരുക്കുകയാണ് പ്രദേശശികമായി 2023 മുതൽ ECHO ചയ്തുവരുന്നത്. അതിനായി ന്യൂഹൈഡ് പാർക്കിലെ ക്ലിന്റൺ ജി മാർട്ടിൻ ഹാൾ എല്ലാ വെള്ളിയാഴ്ചയും വൈകിട്ട് 3:30 മുതൽ 7:00 വരെ ഉപയോഗിച്ച് വരുന്നു. എന്നാൽ മലയാളീ സമൂഹം കൂടുതലായി ഈസ്റ്റ് മെഡോ, ഹിക്‌സ്‌വിൽ, ലെവിട്ടൗൺ എന്നീ ഭാഗങ്ങളിലായി താമസിക്കുന്നുണ്ടെന്നും അവരിൽ പലർക്കും ന്യൂഹൈഡ് പാർക്കിൽ എത്തിച്ചേരുന്നതിനുള്ള അസൗകര്യം ഉണ്ടെന്നും മനസ്സിലാക്കി എക്കോ ചുമതലക്കാർ ലെവിട്ടൗണിൽ രണ്ടാമത്തെ ലൊക്കേഷൻ സീനിയർ വെൽനെസ്സ് പ്രോജെക്ടിനായി കണ്ടെത്തുകയാണ്. എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് 4 മുതൽ 7 വരെ ലെവിട്ടൗണിലും എല്ലാ വെള്ളിയാഴ്ചയും 3:30 മുതൽ 7 വരെ ന്യൂഹൈഡ് പാർക്കിലും മുതിർന്ന പൗരന്മാർക്കുള്ള സീനിയർ വെൽനെസ്സ് പരിപാടി സൗജന്യമായി നടത്തുന്നു. എല്ലാവരും ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തി അവരവരുടെ ആരോഗ്യ പരിപാലനം നടത്തണമെന്ന് സംഘാടകർ ആഗ്രഹിക്കുന്നു.