PRAVASI

അനുഭവങ്ങൾ അബദ്ധങ്ങൾ അമളികൾ

Blog Image

പലടത്തും യാത്ര ചെയ്യുമ്പോഴും പലരെയും ജീവിതത്തിൻ്റെ വഴികളിൽ പരിചയപ്പെടുമ്പോഴും സാധാരണയായി നമ്മുടെ മലയാളികളുടെ ചോദ്യ സഞ്ചിയിലെ  ഒരു ചോദ്യമാണ് നാട്ടിൽ എവിടെയാണ്?   ഞാൻ അറബി എന്ന് ഉത്തരം പറയുമ്പോൾ  പലരും  ചോദിക്കും അത് എവിടാ?  സൗദി അറേബ്യയിൽ എങ്ങാനും ആണോ? 
 എന്ന് ചോദിക്കുന്നവരും ഉണ്ട്.  

അല്ല, കുന്നുകളും താഴ്വരകളും തോടുകളും അരുവികളും ഉള്ള ഒരു ദേശം.   കർണാടക വനത്തോട് തൊട്ടടുത്ത് ഹരിത ഭംഗി തിങ്ങി നിൽക്കുന്ന കണ്ണൂർ ജില്ലയിലെ ഒരു കൊച്ചു ഗ്രാമമാണ് അറബി.  ഈ ചാന്ദന ചോലയിൽ വൈദ്യുതിയും വെളിച്ചവും ടാറിട്ട റോഡുകളും കടന്നു വരുവാൻ ഒത്തിരി വൈകി വളരെ മടിച്ചാണ് കടന്നുവന്നത്.   എങ്കിലും ഈ ഗ്രാമത്തിൽ നിന്നും ചന്ദ്രനിലും കാണും മലയാളിയുടെ ഒരു കാപ്പി കട എന്ന് പറയുന്നപോലെ ലോകത്തിലെ ഒട്ടു മിക്ക രാജ്യങ്ങളിലും അറബി എന്ന 
ഗ്രാമത്തിൻ്റെ പ്രതിഭകൾ പ്രവാസ ജീവിതം നയിക്കുന്നു എന്നുള്ളത് അമ്പരപ്പിക്കുന്ന സത്യം.  

അറബിയിൽ ആരംഭം കുറിച്ച ഈ കൊച്ചു ജീവിതം ബാംഗ്ലൂർ നാഗാലാൻഡ് മല മടക്കുകൾ തരണം ചെയ്ത് മൂന്നര പതിറ്റാണ്ടുകൾക്ക് മുമ്പ് വലിയ ആവേശത്തോടെ ബഹു സന്തോഷത്തോടെ അന്ന് ലോകത്തിൻ്റെ സ്വപ്ന ഭൂമിയായിരുന്നു കാനഡയിൽ കാൽ  കുത്തി.  അങ്ങനെ പ്രവാസ ജീവിതത്തിൻ്റെ തിരി നാളം കത്തിച്ചു.  അവിടെ ആരംഭിച്ച യാത്ര പതിറ്റാണ്ടുകൾ പിന്നിട്ടപ്പോൾ അമേരിക്കയിൽ എത്തി നിൽക്കുന്നു.  പിന്നിട്ട വഴികളും പ്രവാസ ജീവിതത്തിലെ അനുഭവങ്ങളും ഒത്തിരി ഓർമ്മകളും നൊമ്പരങ്ങളും സമ്മാനിച്ചുകൊണ്ട് ഒരു നിഴൽ പോലെ വന്ദേ ഭാരതിനേക്കാൾ  വേഗത്തിൽ ഓടി മറഞ്ഞു.   ബാല്യവും കൗമാരവും യൗവനവും ഒക്കെ മായയെന്ന കാറ്റിൽ പെട്ട് പാറി പറന്നകന്നു.  ഇതൊക്കെ മനുഷ്യ ജീവിതത്തിൻ്റെ  ക്ഷണികതയെയും പ്രയാണത്തിൻ്റെ വേഗതയെയും ഓർപ്പിക്കുന്നു.  സർവ്വോപരി ആശ്ചര്യപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.    

കുറുത്ത ടിവിയും, നീണ്ട് ചുരുണ്ട കറുത്ത വള്ളിയുള്ള കിറു കിറാ അടിക്കുന്ന കറുത്ത ഫോണും ഒക്കെ അറബിയുടെ അടുത്തുള്ള കൊച്ച് ടൗണുകളിൽ പ്രത്യക്ഷപ്പെടുവാൻ തുടങ്ങിയപ്പോൾ ടിവി കാണണം എന്നൊരു തോന്നൽ മനസ്സിൽ ഉദിച്ചു.  അങ്ങനെ ഒരിക്കൽ ഒരു ആൾക്കൂട്ടം കണ്ട്  എന്തന്നറിയുവാൻ ദൂരെ നിന്ന് എത്തി നോക്കിയപ്പോൾ അതാ കാണുന്നു ഒരു കറുത്ത കൊച്ചു പെട്ടി ഒരു മേശയുടെ മുകളിൽ ഇരിക്കുന്നു.  കറുപ്പും വെള്ളയും ഉള്ള ആരുടെയൊക്കെയോ പടങ്ങൾ മിന്നി മറയുന്നു.  ഇതിനിടയിൽ ആരോ പറഞ്ഞു അതാണ് ദൂരദർശൻ.  അന്ന് അത് ഒരു ടിവി ചാനൽ ആണെന്ന് ഒരു പിടിയും കിട്ടിയിരുന്നില്ല.  ടിവി ദൂരെ നിന്ന് ദർശിക്കണം എന്നൊരു തോന്നലാണ് അപ്പോൾ ഉള്ളിൽ കടന്നു കൂടിയത്.  പിന്നീട് അബദ്ധം മനസ്സിലായി ദൂരദർശൻ ഒരു ടിവി ചാനൽ ആണ് എന്നത്.  

ഫോൺ അടിക്കുന്നതും ഫോൺ ചെയ്യുന്നതും ഒക്കെ അത്ഭുതം എന്നു തോന്നിയ നാളുകൾ ഉണ്ടായിരുന്നു.  അങ്ങനെ ഒരു ദിവസം ജീവിതത്തിൽ ആദ്യമായി എങ്ങോട്ടോ ദൂരെ വിളിക്കുവാൻ ഒരു ട്രങ്ക് കോൾ ബുക്ക് ചെയ്തു അക്ഷമനായി കാത്തിരുന്നു.  ഒടുവിൽ ഫോൺ വന്നപ്പോൾ ഭവ്യതയോടെ ചെരുപ്പും ബൂത്തിൻ്റെ വാതിൽക്കൽ ഊരിയിട്ട് കറുത്തു വളഞ്ഞ ഫോൺ കയ്യിൽ  എടുത്തു കഴിഞ്ഞപ്പോൾ ആകപ്പാടെ ഒരു വിറയലും ഭയവും കടന്നു പിടിച്ചു.  സംസാരിക്കുവാൻ വാക്കുകൾ കിട്ടാതെ വിഷമിച്ചു.  ഫോണിൽ കൂടി ഇങ്ങോട്ട് പറയുന്ന ശബ്ദവും മനസ്സിലാക്കുവാൻ കഴിയാതെ പരുങ്ങി.  എൻ്റെ പുകച്ചിലും വിഷമവും കണ്ട് ഫോൺ ബൂത്ത് നടത്തുന്നയാൾ എൻ്റെ കൈയിൽ നിന്ന് ഫോൺ വാങ്ങി കുട്ടിക്ക് പറയാൻ പറ്റിണില്ല എന്ന് പറഞ്ഞ് എനിക്കു വേണ്ടി സംസാരിച്ചു.  അങ്ങനെ ഞാൻ അവിടെ രക്ഷപ്പെട്ടതും ഓർമ്മകളിൽ മായാതെ നിൽക്കുന്നു. ഓർമ്മകൾക്ക് അകലം ഇല്ലല്ലോ

താണ്ടിയ വഴികൾ ചിലപ്പോഴൊക്കെ സങ്കീർണ്ണവും വളരെ ക്ലേശകരവുമായി  മാറിയിട്ടുണ്ട്.  എങ്കിലും കർത്തൻ്റെ കരുണയും കരവും കാത്തു.  പഠനവും ജോലിയും കുടുംബവും അത്‌മിക ശുശ്രൂഷകളും ജീവിതത്തിൻ്റെ ഓരോ ഇതളുകളായി വിരിഞ്ഞപ്പോൾ സുഖ ദുഖ സമ്മിശ്രമായ ഒത്തിരി അനുഭവങ്ങളും അമളികളും അബദ്ധങ്ങളും ജീവിതത്തിൽ നിഴൽ പോലെ പിൻ തുടർന്നു.  വേദശാസ്ത്ര പഠനത്തിനായി ബാംഗ്ലൂർ സതേൺ ഏഷ്യ ബൈബിൾ കോളജിൽ വലിയ ഉത്സാഹത്തോടെ അപേക്ഷ അയച്ച് മറുപടിക്കായി കാത്തിരിക്കുമ്പോൾ ഇതാ വരുന്നു മറുപടി.  കവറിലേക്ക് ഒന്ന് നോക്കിയപ്പോൾ കാര്യം പിടികിട്ടി.  കോളേജിൻ്റെ അഡ്രസ്സ്  കവറിന് പുറത്ത് ഇല്ല സ്വന്തം അഡ്രസ്സ് മാത്രം എഴുതി പോസ്റ്റ് ചെയ്തിരിക്കുന്നു.  എങ്ങനെ സംഭവിച്ചു എന്ന് ഇന്നും ഒരു പിടിയില്ല.  

ആദ്യത്തെ വിദേശ യാത്രയ്ക്ക് തകൃതിയായി ഒരുങ്ങി മദ്രാസിലെ കൊടും ചൂടിൽ കറുത്ത കോട്ടും ഡൈയും വലിച്ച് കെട്ടി വെയർത്തൊലിച്ച് എയർപോർട്ടിൽ എത്തിയതും സിംഗപ്പൂർ എയർ ലൈൻസിൻ്റെ പ്ലെയിനിൽ ദീർഘ ദൂര കാനഡ യാത്രയിൽ ഡൈ ഒന്ന് അഴിയ്ക്കുക പോലും ചെയ്യാതെ നീണ്ട മണികൂറുകൾ കുത്തിയിരുന്നതും എങ്ങനെ മറക്കുവാൻ കഴിയും?  അന്ന് ചിന്തിച്ചത് വിദേശ യാത്രയ്ക്ക് പ്ലെയിനിൽ കയറണമെങ്കിൽ കോട്ടും ഡൈയും ധരിച്ചിരിക്കണം എന്നായിരുന്നു. പണ്ടെങ്ങോ 60കളിൽ അങ്ങനെ ഒരു കാലഘട്ടം ഉണ്ടായിരുന്നു എന്ന് കേട്ടിട്ടുണ്ട്.  ആരംഭത്തിൽ പ്ലെയിൻ യാത്രകൾ ഒരു ഹരമായിരുന്നു.  ഇപ്പോ ഒന്ന് ഇറങ്ങിയാൽ മതി എന്ന ചിന്തയാണ് പേടി കൊണ്ടല്ല.  കാലം മാറി ഇപ്പോൾ ഇതു പ്ലെയിൻ ആണോ അതോ പറക്കുന്ന ഗ്രേ ഹൗണ്ട് ബസ്സ് ആണോ എന്നൊക്കെ തോന്നിയിട്ടുണ്ട്.  ഇന്നുള്ള മിക്കവാറും പ്ലെയിൻ യാത്രകളിലെ ബുദ്ധിമുട്ടും സെക്യൂരിറ്റിയിൽ കൂടിയുള്ള മഹോപദ്രവവും ഒക്കെ ഓർക്കുമ്പോൾ  ആകപാടെ ഒരു മടുപ്പ്.  ഒരിക്കൽ വിദേശ യാത്രയ്ക്കായി എമിറേറ്റ്സിൻ്റെ കൗണ്ടറിൽ എത്തിയപ്പോൾ ബിസിനസ് ക്ലാസ്സിലേക്ക് ബോർഡിങ് പാസ്സ് അപ് ഗ്രേഡ് ചെയ്തു കയ്യിൽ തന്നപ്പോൾ കൈ തരിച്ചു.  എങ്ങനെ സംഭവിച്ചു എന്ന് ഇന്നും അറിയില്ല.  അങ്ങനെ വിശാലമായ ബിസിനസ് ക്ലാസ്സിൽ ഒട്ടും ഉറങ്ങാതെ ഇഷ്ടംപോലെ ആഹാരമെല്ലാം കഴിച്ച്  ഈ യാത്ര അല്പം കൂടെ നീണ്ടാലും കുഴപ്പമില്ല എന്ന് ചിന്തിച്ച് ഇരുന്നത് ഓർക്കുമ്പോൾ മനസ്സിൽ ചിരി. 

പതിറ്റാണ്ടുകൾക്ക് മുമ്പ് അമ്മേരിക്കൻ എംബസിയിൽ അല്പം വിറയലോടെ ഒരു വിസയ്ക്ക് വേണ്ടി നിന്ന് നിമിഷങ്ങൾ ഇപ്പോഴും ഓർമ്മയിൽ തെളിയുന്നു. ഹൃദയത്തിൽ  പ്രാർത്ഥനയോടെ, ഇമിഗ്രേഷൻ ഉദ്യോഗസ്ഥയുടെ മുൻപിൽ നിന്നപ്പോൾ ചൂടുള്ള, ചോദ്യങ്ങൾ പ്രതീക്ഷിച്ചു. എങ്കിലും മറിച്ചായിരുന്നു സംഭവിച്ചത്.  എൻ്റെ പാസ്പോർട്ട് മറിച്ചു നോക്കി കൊണ്ടിരിക്കുമ്പോൾ  വെള്ളക്കാരിയായ ആ ഉദ്യോഗസ്ഥയുടെ മുഖത്ത് പുഞ്ചിരി പരക്കുന്നത് കണ്ടപ്പോൾ എൻ്റെ ഭയം പമ്പ കടന്നു.  കൗതുകത്തോടെ അവർ എന്നോട് ഹാലോവീൻ ആണോ ജനന ദിവസം എന്ന് ചോദിച്ചു. “ഹാലോവീൻ” എന്ന പദം എനിക്ക് മനസ്സിലായില്ല.  ഹാലേലുയ്യ മാത്രം പരിചയമുള്ള ഞാൻ പറഞ്ഞു, അതെ ആ ദിവസമാണ്.  അപ്പോൾ ആ ഉദ്യോഗസ്ഥ ഒരു ചിരിയോടെ പറഞ്ഞു എനിക്ക് ആ ദിവസം വളരെ ഇഷ്ടമാണ്.  ഞാൻ പറഞ്ഞു എനിക്കും വളരെ ഇഷ്ടമാണ്.  പിന്നീട് ഒന്നും ചോദിച്ചില്ല, പുറത്തേക്കു വരുമ്പോൾ, രണ്ടു സന്തോഷം എന്നെ കടന്നു പിടിച്ചു.  ഒന്ന് വിസ കിട്ടിയ സന്തോഷം, രണ്ട് എൻ്റെ ജന്മ ദിവസം, അമ്മേരിക്കക്കാർക്ക് ഹാലേലുയ്യാ ദിവസം.  അധികം വൈകാതെ തന്നെ എനിക്ക് അബദ്ധം മനസ്സിലായി.  ഹാലേലുയ്യ എന്നല്ല വെള്ളക്കാരി ഉദ്യോഗസ്ഥ പറഞ്ഞത്, ഹാലോവിൻ എന്നാണെന്നും, ഓർക്കുമ്പോൾ അറിയാതെ ചിരിച്ചു പോകാറുണ്ട്.   പിന്നെ ഹാലോവീൻ ഇവിടുത്തെ ഭൂതങ്ങളുടെയും പിശാചുക്കളുടെയും സൂപ്പർ ബോൾ ദിനമാണെന്ന് അറിഞ്ഞപ്പോൾ  അല്പം വിഷമം തോന്നി.  ചിലപ്പോഴൊക്കെ ചിന്തിച്ചിട്ടുണ്ട് അയ്യോ ഈ ദിവസം ജനിക്കണ്ടായിരുന്നു.  അപ്പോഴൊക്കെ തമ്പുരാൻ പറയും, “ഇത്  യഹോവ ഉണ്ടാക്കിയ ദിവസമാണ്”.  അങ്ങനെ ഞാൻ എൻ്റെ സന്തോഷം കണ്ടെത്തി.  

ഇവിടുത്തെ പബ്ലിക് ട്രാൻസ്പോർട്ട് ബസ്സിൽ കയറുവാൻ ചെന്നപ്പോൾ ഒരു തിരക്കും പരാക്രമവും കാണിക്കാതെ എല്ലാവരും വരിവരിയായി ക്യൂ നിൽക്കുന്നു.  ഇത് കണ്ട് ആദ്യം അന്തിച്ചു.  നാട്ടിൽ ബസ്സു വരുമ്പോൾ ഇടിച്ചും തള്ളിയും ജനലിൽ കൂടിയും ഒക്കെ അകത്ത് കേറുന്നത് കണ്ടും അനുഭവിച്ചതിൽ നിന്നും തികച്ചും വ്യത്യസ്തമായി അച്ചടക്കത്തോടെ ആളുകൾ  ബസ്സിൽ കയറുന്നത് കണ്ടപ്പോൾ അത്ഭുതവും അത് ഒരു പുതിയ അനുഭവവുമായി മാറി.  അങ്ങനെ ഞാനും ബസ്സിൽ കയറി നേരെ പോയി ആദ്യം കിട്ടിയ സീറ്റിൽ ഇരിപ്പുറപ്പിച്ചു.   കണ്ടക്ടർ വരുമെന്ന് ചിന്തിച്ചു കാത്തിരുന്നു കണ്ടക്ടർ വന്നില്ല.  ഒടുവിൽ ചോദിച്ചപ്പോൾ കണ്ടക്ടർ ഇല്ല ചില്ലറയും ഇല്ല.  പൈസ കൃത്യം കേറുമ്പോൾ തന്നെ മുമ്പിലുള്ള പെട്ടിയിൽ ഇട്ട് ഡ്രൈവറുടെ കയ്യിൽ നിന്ന് ടിക്കറ്റ് എടുക്കണം എന്നൊക്കെ കേട്ടപ്പോൾ തല പെരുത്തു പാഠം പഠിച്ചു.  ആയിരക്കണക്കിന് വാഹനങ്ങൾ നിരത്തിൽ കൂടി ഒഴുകിയിട്ടും ആരും നീണ്ട ഹോണുകൾ അടിക്കുകയോ ഇടിച്ചു കയറുകയോ ചെയ്യാതെ ഓടിക്കുന്നത് കണ്ടപ്പോൾ വളരെ അത്ഭുതം തോന്നി.  ഗൂഗിളും ജിപി എസ്സും ഒന്നുമില്ലാതിരുന്നപ്പോൾ ഒരിക്കൽ ഞാൻ എങ്ങനെയോ വഴിതെറ്റി ടോൾ റോഡിൽ ചെന്നു ചാടിയതും ഗേറ്റിൽ എത്തിയപ്പോൾ കയ്യിൽ പൈസ ഇല്ലെന്നും വഴിതെറ്റിയെന്നും പറഞ്ഞപ്പോൾ സാരമില്ലന്ന് പറഞ്ഞ് തിരിച്ചു പോകാൻ ഉള്ള വഴി പറഞ്ഞു തന്നതും ഓർമ്മകളുടെ ഏടുകളിൽ കുറിച്ചിരിക്കുകയാണ്.  

ഒരിക്കൽ വാൻകൂവർ കാനഡയിൽ ഉള്ള വിശാലമായ ട്രിനിറ്റി കോളേജ് ക്യാമ്പസിലെ ബിൽഡിങ്ങിൽ ഒന്നിൽ നടക്കുമ്പോൾ ഇതിന് ഭിത്തി ഒന്നും ഇല്ലല്ലോ എല്ലാം തുറന്നു  കിടക്കുന്നു എന്ന തോന്നലിൽ കയ്യും വീശി നേരെ നടന്ന് ചെന്ന് കുറ്റൻ ഗ്ലാസ്സ് ഭിത്തിയിൽ മുഖം ഇടിച്ചതും ആരൊക്കെയോ അടുത്ത് കൂടി എന്തുപറ്റി എന്ന് ചോദിച്ചപ്പോൾ  അല്പം  ജാള്യതയോടെ ഒന്നും പറ്റിയില്ല എന്ന് പറഞ്ഞ് വേദനിക്കുന്നു മുഖം അമർത്തിപ്പിടിച്ചതും എങ്ങനെ മറക്കുവാൻ കഴിയും?  

പാസ്റ്റർ മാത്യു വർഗീസ് ഡാളസ്

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.