PRAVASI

സ്നേഹത്തിന്റേയും, കരുതലിന്റേയും ഉറവിടമായ കുടുംബം

Blog Image

സാമൂഹ്യ ജീവിതത്തിൽ കുടുംബത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടുന്നതിനും, നമ്മുടെ ജീവിതത്തിൽ കുടുംബങ്ങൾ വഹിക്കുന്ന സുപ്രധാന പങ്ക് പ്രോൽസാഹിപ്പിക്കുന്നതിനുമായി എല്ലാ വർഷവും May - 15 അന്താരാഷ്ട്ര കുടുംബദിനമായി നാം ആഘോഷിക്കുന്നു. Family-Oriented Policies for Sustainable Development എന്നതാണ് ഈ വർഷത്തെ ചിന്ത.

സംസ്ക്കാരത്തിന്റെ കളിതൊട്ടിലായ കുടുംബമാണ് ഒരു സമൂഹത്തിന്റെ ശരിയായ നിലനില്പിനും വളർച്ചയ്ക്കും അടിസ്ഥാനം. ഒരു നല്ല വ്യക്തിയെ വാർത്തെടുക്കുന്നതിന് കുടുംബത്തിനുള്ള സ്വാധീനം ചെറുതല്ല. സമാധാന പൂർണ്ണമായ കുടുംബാന്തരീക്ഷത്തിൽ മക്കളെ വളർത്തിയെടുക്കാൻ മാതാപിതാക്കൾക്കായാൽ അവർ മാറ്റുരയ്ക്കുന്ന വ്യക്തിത്വത്തിനുടമകളായി നാളെയുടെ വാഗ്ദാനമായി മാറും. ബഹുമാനവും, പ്രശംസയും മറ്റുള്ളവർക്ക് നൽകാനും വ്യക്തി പ്രഭാവത്തിലൂടെ നേടിയെടുക്കാനും അവരെ പ്രാപ്തരാക്കി മാറ്റുന്ന ആലയമായി മാറണം ഓരോ കുടുംബവും. മുൻപോട്ടുള്ള ജീവിത യാത്രയിൽ സാഹസികമായ ഓരോ പടിക്കെട്ടുകളും കയറി ജീവിത വിജയിലെത്തിച്ചേരാൻ അവരുടെ ഓരോ ചുവടുകൾക്കും ബലം നൽകേണ്ടത് കുടുംബബന്ധത്തിന്റെ അടിത്തറയിൽ നിന്നാണ്.

കൂടുമ്പോൾ ഇമ്പമുള്ളതാകണം കുടുംബമെന്ന് നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. എന്നൽ ഇത് പ്രാവർത്തികമാക്കാൻ വേണ്ട അടിസ്ഥാന കാര്യങ്ങൾ എന്താണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ...? പ്രപഞ്ചത്തിന്റെ നാഥനോടുളള ബന്ധത്തിന്റെ തീവ്രതയും, സഹജീവികളോടുള്ള കരുണയുമാണ് അത്. നമ്മുക്ക് നമ്മോടു തന്നെയുളള സ്നേഹത്തേക്കാളുപരി നമ്മുടെ ചുറ്റുമുള്ളവരെ നമ്മുക്ക് സ്നേഹിക്കാൻ കഴിയണം. വിവാഹം എന്ന മഹത്തായ കൂദാശയിലൂടെ ഒന്നാകുന്ന ഞാനും, നീയും പിന്നീട് നമ്മുടെ എന്ന ചിന്തയിലൂടെ ആകണം മുൻപോട്ട് പോകേണ്ടത്. എന്റെ അല്ലെങ്കിൽ എന്റേത് എന്ന കാഴ്ചപ്പാടിന് അപ്പുറത്ത് നമ്മുടെ അല്ലെങ്കിൽ നമ്മുടേത് എന്ന ചിന്ത എത്തി നിൽക്കുന്നിടത്താണ് കുടുംബത്തിന്റെ വിജയം.

കൂട്ടുത്തരവാദിത്വത്തിന്റെ മനോഹാരിതയും, നൈർമ്മല്യവുമാണ് ഒരു കുടുംബത്തിൽ പ്രകാശം പരത്തുന്നത്. ഏതു പ്രതിസന്ധികളിലും എന്റെ കുടുംബം താങ്ങായും, തണലായും കൂടെയുണ്ടാകുമെന്ന വിശ്വാസവും, ഉറപ്പുമാണ് ഓരോരുത്തർക്കും ഉണ്ടായിരിക്കേണ്ടത്.

ഒരു വ്യക്തിയുടെ ജീവിതത്തിലുണ്ടാകുന്ന ഉയർച്ചതാഴ്ച്ചയെന്ന സമ്മിശ്രഭാവങ്ങളുടെ ഭാഗമായി മാറണം കുടുംബം. എന്റെ കുഞ്ഞിനെ എനിക്കറിയാം അവന് അല്ലെങ്കിൽ അവൾക്ക് തെറ്റുപറ്റില്ല എന്നു പറയുന്ന ഒരു പിതാവിന്റെ വാക്ക് മക്കളോടും മക്കൾക്ക് പിതാവിനോടുമുള്ള അദേദ്യമായ ബന്ധത്തെ ചൂണ്ടിക്കാട്ടുന്നു. എന്തും തുറന്നു പറയാനും ആശ്വാസം കണ്ടെത്താനുമുള്ള ഇടമായി മാറേണം കുടുംബബന്ധങ്ങൾ. ചുറ്റുപാടുകളിൽ നിന്നുണ്ടാകുന്ന പ്രതികൂല സാഹചര്യങ്ങളെ മനോധൈര്യത്തോടു കൂടി അഭിമുഖീകരിക്കാനുള്ള ശക്തി സ്രോതസ്സ് കൂടിയാണ് കുടുംബം. അമ്മയിൽ നിന്ന് സ്നേഹത്തിന്റേയും, കരുണയുടേയും മൂല്യങ്ങളും. അച്ഛനിൽ നിന്ന് ഉത്തരവാദിത്വ ബോധവും, ആദർശ ശുദ്ധിയും കണ്ടു വളരുന്ന ഒരു കുട്ടി, അവൻ വളർന്നു വരുന്ന സമൂഹത്തിൽ നല്ല ഫലങ്ങളേ പുറപ്പെടുവിക്കൂ.

എത്ര അകലേക്ക് പോയാലും തിരിച്ചെത്തിച്ചേരാനുള്ള വ്യഗ്രത നമ്മിലുണ്ടാക്കുന്ന ഒരു അനുഭൂതിയായി മാറേണം നമ്മുടെ ഭവനങ്ങൾ. പുറത്തൊരിടത്തും ചെന്നാൽ കിട്ടാത്ത അത്രയും കരുതലും, സ്നേഹവും, കുളിർമ്മയും കിട്ടുന്ന ഒരിടമാകണം നമ്മുടെ കുടുംബം. പ്രാണനായ പാതിയാണ് എന്നെ കാത്തിരിക്കുന്നത് എന്ന ചിന്ത ഉണ്ടാകണം, ഒരായുസ്സ് എനിക്കായി മാറ്റിവച്ച എന്റെ മാതാപിതാക്കൾ എന്ന ഓർമ്മ ഉണ്ടാകണം. ഇത്തരം ബന്ധങ്ങളും, അവരോടുള്ള നമ്മുടെ അടുപ്പവുമാണ് കുടുംബത്തിന്റെ യശസ്സ് ഉയർത്തുന്നത്. സ്നേഹമെന്ന വികാരത്തെ അറിയുകയും, മനസ്സിലാക്കുകയും അത് പകർന്നു നൽകാൻ കുഞ്ഞുങ്ങളെ പഠിപ്പിക്കുകയും ചെയ്യുന്ന പാഠശാലയാകണം കുടുംബം. നല്ല ബന്ധങ്ങളും, നല്ല ശീലങ്ങളും അവരിൽ വളർത്തിയെടുക്കണം.

കുടുംബാംഗങ്ങളുമായി കൂടുതൽ സമയം ചിലവഴിക്കാൻ സാധിക്കുമ്പോഴാണ് ബന്ധങ്ങൾ മെച്ചപ്പെടുത്താൻ സാധിക്കുക. മനോഹരമായതും, അർത്ഥസമ്പുഷ്ടവുമായ ആശയവിനിമയം വഴി പരസ്പര ബഹുമാനം വർദ്ധിപ്പിക്കാൻ സാധിക്കുന്നു. കുടുംബത്തിലെ മറ്റ് അംഗങ്ങളെ കേൾക്കാൻ സമയം കണ്ടെത്തുകയും, ചെയ്തു തീർത്ത ചെറിയ കാര്യങ്ങൾക്കുപോലും അഭിനന്ദിക്കുന്നതും അവരിൽ ആത്മാഭിമാനം വർദ്ധിപ്പിക്കുന്നു. എന്തുകാര്യവും സ്വന്തം കുടുംബത്തിനു മുൻപിൽ തുറന്നു പറയാം എന്നുള്ള ആത്മധൈര്യം കുട്ടികളെ വളരെ വലിയ അപകടങ്ങളിൽ നിന്നും രക്ഷിക്കും.

നല്ല ആശയങ്ങൾ കുഞ്ഞുങ്ങളിലേക്ക് എത്തിക്കാനും ശരിയായ രീതിയിൽ ആശയവിനിമയം നടത്താനും അവരെ കഴിവുറ്റവരാക്കുന്നതോടൊപ്പം അവർക്ക് താത്പര്യമുള്ള മേഘലകൾ, ഇഷ്ടാനിഷ്ടങ്ങൾ, സൗഹൃദങ്ങൾ എന്നിവ കണ്ടെത്താനും പരിപോഷിപ്പിക്കാനും സാധിക്കുന്നു. പരസ്പരമുള്ള കരുതലിലും, സ്നേഹത്തിലും സ്വർഗ്ഗതുല്യമായ ഒന്നായി തീരട്ടെ നമ്മുടെ ഓരോരുത്തരുടേയും കുടുംബങ്ങൾ.

അനിറ്റ മാത്യു മേലാണ്ടശ്ശേരിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.