ബെൽറോസ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് കമ്മിറ്റിയെ പ്രതിനിധീകരിക്കുന്ന ഒരു സംഘം ഫെബ്രുവരി 2 ഞായറാഴ്ച ബെൽറോസ് സ്സെന്റ് ജോൺസ് മലങ്കര ഓർത്തഡോക്സ് പള്ളി സന്ദർശിച്ചു. വികാരി ഫാ. ജോർജ് (ദിലീപ്) ചെറിയാന്റെ നേതൃത്വത്തിൽ നടന്ന കുർബാനയ്ക്ക് ശേഷം ഫാമിലി/യൂത്ത് കോൺഫറൻസിനായി ഒരു കിക്കോഫ് മീറ്റിംഗ് ഉണ്ടായിരുന്നു.
ഫാ. ജോർജ് ചെറിയാൻ കോൺഫറൻസ് കമ്മിറ്റി അംഗങ്ങളെ ഊഷ്മളമായി സ്വാഗതം ചെയ്യുകയും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിന്റെ ഏറ്റവും വലിയ ആത്മീയ കൂട്ടായ്മയായ ഫാമിലി/ യൂത്ത് കോൺഫറൻസിന്റെ പ്രാധാന്യവും മൂല്യവും എടുത്തുപറയുകയും ചെയ്തു. ജോൺ താമരവേലിൽ (ട്രഷറർ), മാത്യു ജോഷ്വ (മുൻ ട്രഷറർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), പ്രേംസി ജോൺ II (ഫിനാൻസ് കമ്മിറ്റി), ഡോ. സിനി വർഗീസ് (മെഡിക്കൽ കമ്മിറ്റി), ജേക്കബ് എബ്രഹാം (ഫിനാൻസ് & പ്രൊസഷൻ), കെസിയ എബ്രഹാം (മീഡിയ & എന്റർടൈൻമെന്റ്), ആഞ്ചലീന ജോഷ്വ (മീഡിയ & എന്റർടൈൻമെന്റ്), ആരൺ ജോഷ്വ (മീഡിയ & രജിസ്ട്രേഷൻ) എന്നിവരായിരുന്നു കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നത്. അന്ന സാം (ഇടവക സെക്രട്ടറി), സാബു നൈനാൻ (ഇടവക ട്രഷറർ), അജയ് വർഗീസ് (ഭദ്രാസന അസംബ്ലി അംഗം) എന്നിവർ വേദിയിൽ ചേർന്നു.
ഡോ. ഷെറിൻ എബ്രഹാം കോൺഫറൻസിനെക്കുറിച്ചുള്ള പ്രധാന വിവരങ്ങൾ, വേദി, തീയതികൾ, പ്രഭാഷകർ എന്നിവ പങ്കുവെച്ചു. സമീപ വർഷങ്ങളിൽ യുവതീ യുവാക്കളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തവും അവരുടെ നേതൃത്വവും സഭയുടെ ഭാവി ശോഭനമാണെന്ന് ഓർമിപ്പിക്കുന്നതായി ഡോ. എബ്രഹാം എടുത്തു പറഞ്ഞു. ഈ വർഷത്തെ സമ്മേളന സ്ഥലം ബെല്ലെറോസ് ഇടവകയോട് അടുത്തായതിനാൽ എല്ലാവരും പങ്കെടുക്കാനും അനുഗ്രഹം നേടാനും ഡോ. എബ്രഹാം പ്രോത്സാഹിപ്പിച്ചു.
ജോൺ താമരവേലിൽ രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകി, നേരത്തെ രജിസ്റ്റർ ചെയ്യാൻ പ്രേരിപ്പിച്ചു. 21 വയസ്സിന് താഴെയുള്ള യുവതീ യുവാക്കൾക്ക് നൽകുന്ന കുറഞ്ഞ നിരക്കിനെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. പലവിധ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്പോൺസർഷിപ്പ് പാക്കേജുകൾ ഡോ. സിനി വർഗീസ് അവതരിപ്പിച്ചു. ഈ വർഷത്തെ റാഫിളുകൾ സ്പോൺസർമാർക്ക് മാത്രമായിരിക്കുമെന്ന് ഡോ. വർഗീസ് അറിയിച്ചു.
കോൺഫറൻസിന്റെ സ്മരണാർത്ഥം പ്രസിദ്ധീകരിക്കുന്ന സുവനീറിൽ ലേഖനങ്ങളും വ്യക്തിഗത ആശംസകളും ബിസിനസ് പരസ്യങ്ങളും സമർപ്പിക്കുന്നതിനുള്ള അവസരത്തെപ്പറ്റി മാത്യു ജോഷ്വ വിശദീകരിച്ചു.
കോൺഫറൻസിന്റെ രണ്ടാം ദിവസം നടക്കുന്ന ടാലന്റ് നൈറ്റിനായി തയ്യാറാവാനും പങ്കെടുക്കുവാനും കെസിയ എബ്രഹാം പ്രേരിപ്പിച്ചു. റീജിയണൽ പരിപാടികളിൽ കഴിവുകൾ പ്രകടിപ്പിച്ച സൺഡേ സ്കൂൾ വിദ്യാർത്ഥികളെ ഇപ്പോൾ ഭദ്രാസന തലത്തിൽ പങ്കെടുപ്പിക്കുവാൻ കെസിയ പ്രോത്സാഹിപ്പിച്ചു. ഫാമിലി & യൂത്ത് കോൺഫറൻസുമായുള്ള തന്റെ ദീർഘകാല പങ്കാളിത്തം മൂലം നേടിയെടുത്ത ആജീവനാന്ത സൗഹൃദങ്ങളെ ആഞ്ചലീന ജോഷ്വ ചാരിതാർഥ്യത്തോടെ എടുത്തുപറഞ്ഞു.
വികാരിയും ഇടവകാംഗങ്ങളും നൽകിയ ഊഷ്മള സ്വീകരണത്തിനും പിന്തുണയ്ക്കും പ്രേംസി ജോൺ II നന്ദി അറിയിച്ചു.
കോൺഫറൻസ് കമ്മിറ്റിക്ക് ഫാ. ജോർജ് ചെറിയാൻ നന്ദി പറയുകയും ആത്മീയ നവീകരണത്തിനായി എല്ലാവരും കോൺഫറൻസിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.
2025 ജൂലൈ 9 മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിംഗ് സെൻ്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ) , ഫാ. ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ- നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ. ‘നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിൻ്റെ പ്രമേയം. ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
രജിസ്ട്രേഷനും വിശദാംശങ്ങൾക്കും www.fycnead.org സന്ദർശിക്കുക.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914-806-4595), ജെയ്‌സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566) എന്നിവരുമായി ബന്ധപ്പെടുക.