ചിക്കാഗോ: ഫൊക്കാന നേതൃരംഗത്ത് വര്‍ഷങ്ങളായി കണ്ടുവരുന്ന 'മങ്കി സിന്‍ഡ്രോമിന്' ചികിത്സ അനിവാര്യമാണെന്ന് ഫൊക്കാന പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍ പ്രസ്താവിച്ചു. ജൂലൈ 18, 19, 20 തീയതികളില്‍ വാഷിങ്ടണ്‍ ഡി.സിയില്‍ വെച്ച് നടത്തപ്പെടുന്ന ഫൊക്കാന ഗ്ലോബല്‍ കണ്‍വന്‍ഷന്‍റെ മിഡ് വെസ്റ്റ് റീജിയന്‍ രജിസ്ട്രേഷന്‍ കിക്കോഫ് ചിക്കാഗോയിലെ സെന്‍റ് മേരീസ് ക്നാനായ പള്ളി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഡോ. ബാബു സ്റ്റീഫന്‍. ഫൊക്കാനയുടെ നേതൃരംഗത്ത് വര്‍ഷങ്ങളോളം കസേരകളില്‍ നിന്നും കസേരകളിലേക്ക് മാറിമാറി 'സേവനം' തുടരുന്ന പ്രവണതയെയാണ് 'മങ്കി സിന്‍ഡ്രോം' എന്ന പേരില്‍ അദ്ദേഹം വിശേഷിപ്പിച്ചത്. തന്മൂലം നേതൃരംഗത്തേക്ക് പുതിയ ആള്‍ക്കാര്‍ക്കും യുവജനങ്ങള്‍ക്കും കടന്നുവരാനുള്ള അവസരമാണ് നിഷേധിക്കപ്പെടുന്നത്. ഈ പ്രവണതയ്ക്ക് മാറ്റം വരണം. മാറ്റം വരുത്തണമെങ്കില്‍ ജനങ്ങള്‍ തീരുമാനിക്കണം. ജനങ്ങള്‍ക്കു മാത്രമെ ഈ അസുഖത്തിന് മരുന്നു നല്കുവാന്‍ സാധിക്കുകയുള്ളൂ. ഫൊക്കാന പ്രസിഡണ്ടിന്‍റെ കാലാവധി അവസാനിച്ചാല്‍ മറ്റൊരു സ്ഥാനത്തും കടിച്ചുതൂങ്ങി കിടക്കുവാന്‍ താന്‍ ഉണ്ടാകില്ലായെന്ന് അസന്നിഗ്ധമായ ഭാഷയില്‍ ഡോ. ബാബു സ്റ്റീഫന്‍ പ്രസ്താവിച്ചു.
ചിക്കാഗോ ആര്‍വിപി ഫ്രാന്‍സിസ് കിഴക്കേക്കുറ്റ് സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സെന്‍റ് മേരീസ് പള്ളി വികാരി ഫാ. സിജു മുടക്കോടില്‍, ഫൊക്കാന മുന്‍ വൈസ് പ്രസിഡണ്ട് ജെയ്ബു മാത്യു കുളങ്ങര, വിമന്‍സ് ഫോറം ദേശീയ ചെയര്‍പേഴ്സണ്‍ ഡോ. ബ്രിജിറ്റ് ജോര്‍ജ്, യുവജന പ്രതിനിധി വരുണ്‍ നായര്‍, ഫൊക്കാന ജനറല്‍ സെക്രട്ടറി ഡോ. കലാ ഷഹി, ജോര്‍ജ് പണിക്കര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സന്തോഷ് നായര്‍ സ്വാഗതം പറഞ്ഞു. റ്റോമി അംബേനാട്ട് എംസിയായിരുന്നു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ജെസ്സി റിന്‍സി, സുനൈന മോന്‍സി ചാക്കോ, ആന്‍റോ കവലയ്ക്കല്‍, സൈമണ്‍ പള്ളിക്കുന്നേല്‍, ജയിന്‍ മാക്കീല്‍, റോയി മുളകുന്നം, സതീശന്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
അടുത്ത ഫൊക്കാന നേതൃത്വത്തിലേക്ക് മത്സരിക്കുന്നവരെ സദസ്സിനു പരിചയപ്പെടുത്തി. പ്രസിഡണ്ട് സ്ഥാനാര്‍ത്ഥികളായ ലീല മാരേട്ട്, ഡോ. സജിമോന്‍ ആന്‍റണി, ഡോ. കലാ ഷഹി, ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥികളായ ജോര്‍ജ് പണിക്കര്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, വൈസ് പ്രസിഡണ്ട് സ്ഥാനാര്‍ത്ഥി പ്രവീണ്‍ തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ചിക്കാഗോയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ ഫൊക്കാന കണ്‍വന്‍ഷനിലേക്ക് രജിസ്റ്റര്‍ ചെയ്തു.
ഫോട്ടോ :മോനു വർഗീസ്