ഫൊക്കാനയെ വാശിയേറിയ മത്സരത്തിലൂടെ വീണ്ടും ഒരു പിളര്‍പ്പിലേക്ക് നയിക്കരുത്. അതുപോലെതന്നെ, ഫൊക്കാനയ്ക്കു വേണ്ടി ദീര്‍ഘകാലം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തികളെ അവഗണിക്കുകയുമരുത്. ഈ മാസം വാഷിങ്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന് സര്‍വ്വ മംഗളങ്ങളും നേരുന്നു.
ഫൊക്കാന എന്ന മഹത്തായ സംഘടനയുടെ ആരംഭം മുതല്‍ അതുമായി ബന്ധപ്പെട്ട് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന ഒരു എളിയ പ്രവര്‍ത്തകനാണ് ഞാന്‍. അതുപോലെതന്നെ പ്രാദേശിക മലയാളി സംഘടനകളുമായും ചേരിതിരിവില്ലാതെ സഹകരിച്ചുപോരുന്നു. ആവശ്യമുള്ള സന്ദര്‍ഭങ്ങളിലെല്ലാം തന്നെ എന്‍റെ കഴിവനുസരിച്ച് സാമ്പത്തിക സഹായവും നല്കാറുണ്ട്.എന്നാല്‍, ഫൊക്കാനയുടെ ഈ കണ്‍വന്‍ഷന്‍ കാലയളവില്‍ പല പ്രധാന സംഭവങ്ങളും എന്നെ അറിയിക്കുന്നില്ല. അതില്‍ എനിക്ക് അതിയായ ഖേദവും പ്രതിഷേധവുമുണ്ട്.കമാന്‍ഡര്‍ ജോര്‍ജ് കോരുത് പ്രസിഡണ്ടായി പ്രവര്‍ത്തിച്ച അവസരത്തില്‍ ഫ്ളോറിഡയില്‍ നടത്തപ്പെട്ട കണ്‍വന്‍ഷന്‍റെ സെക്യൂരിറ്റി ചുമതല എന്‍റെ നേതൃത്വത്തിലാണ് നടത്തപ്പെട്ടത്. ജനബാഹുല്യം കൊണ്ടും വൈവിദ്ധ്യമാര്‍ന്ന പല മെച്ചപ്പെട്ട പരിപാടികള്‍ കൊണ്ടും ആ കണ്‍വന്‍ഷന്‍ ഉന്നത നിലവാരം പുലര്‍ത്തി.
എന്നാല്‍, ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ, അന്നു നടന്ന തെരഞ്ഞെടുപ്പില്‍ ചില ക്രമക്കേടുകളുണ്ടായി. വോട്ട് എണ്ണി തിട്ടപ്പെടുത്തുന്നതിനു മുമ്പുതന്നെ ബാലറ്റ്പെട്ടി ദുരൂഹമായി അപ്രത്യക്ഷമായി. പിന്നീട് ഒരുപറ്റം ആളുകള്‍ സ്വയംപ്രഖ്യാപിത വിജയികളായി സ്റ്റേജില്‍ പ്രത്യക്ഷപ്പെട്ടു. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാതെ അവരെ പോലീസിന്‍റെ സഹായത്തോടെ അവിടെനിന്നും മാറ്റുന്നതിനുള്ള ചുമതലയും ഞാന്‍ കൃത്യമായി നിര്‍വഹിച്ചു.
ഇതില്‍ പ്രകോപിതരായ ചിലര്‍ ചേര്‍ന്നാണ് പിന്നീട് ഫൊക്കാനയ്ക്ക് സമാന്തരമായി മറ്റൊരു സംഘടന ഉണ്ടാക്കിയത്. ശക്തമായ പാനല്‍ സമ്പ്രദായമുള്ളതു കൊണ്ടാണ് അന്ന് സംഘടന പിളര്‍ന്നത്. ഈ വരുന്ന കണ്‍വന്‍ഷനിലും വാശിയേറിയ തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
ഇപ്പോഴത്തെ പ്രസിഡണ്ട് ഡോ. ബാബു സ്റ്റീഫന്‍റെ നേതൃത്വത്തില്‍ വിഘടിച്ചു നിന്ന ചില പ്രവര്‍ത്തകരെ വീണ്ടും മാതൃസംഘടനയിലേക്ക് കൊണ്ടുവന്നു. ശക്തമായ മത്സരം മൂലം വീണ്ടുമൊരു പിളര്‍പ്പ് ഉണ്ടാകരുതെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍. ആവശ്യമെന്നു കണ്ടാല്‍ കുറഞ്ഞത് ഒരു 250,000 (രണ്ടര ലക്ഷം) ഡോളറെങ്കിലും മുടക്കാന്‍ മനസ്സുള്ളവരും സാമ്പത്തിക ശേഷിയുമുള്ളവരായിരിക്കണം പ്രസിഡണ്ട് സ്ഥാനത്തേക്ക് വരേണ്ടത്.
ഈ കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ട് ഫൊക്കാനയ്ക്കുണ്ടായ വര്‍ദ്ധിത വീര്യം, ഡോ. ബാബു സ്റ്റീഫന്‍ സ്വാര്‍ത്ഥതാല്പര്യമില്ലാതെ പ്രവര്‍ത്തിച്ചതു കൊണ്ടും ആവശ്യമായ അവസരങ്ങളിലെല്ലാം സ്വന്തം പോക്കറ്റില്‍ നിന്നും പണം മുടക്കിയതുകൊണ്ടുമാണ്.
അങ്ങനെ ശക്തിയാര്‍ജിച്ച ഫൊക്കാനയെ വാശിയേറിയ മത്സരത്തിലൂടെ വീണ്ടും ഒരു പിളര്‍പ്പിലേക്ക് നയിക്കരുത്. അതുപോലെതന്നെ, ഫൊക്കാനയ്ക്കു വേണ്ടി ദീര്‍ഘകാലം കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തികളെ അവഗണിക്കുകയുമരുത്. ഈ മാസം വാഷിങ്ടണില്‍ നടക്കുന്ന ഫൊക്കാന കണ്‍വന്‍ഷന് സര്‍വ്വ മംഗളങ്ങളും നേരുന്നു.
പി.വി. ചെറിയാന്‍, ഫ്ളോറിഡ