കലയുടെ പൊടിപൂരമാകും ഇത്തവണത്തെ ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി കേരളാ എക്സ് പ്രസിനോട് പറഞ്ഞു.വാഷിംഗ്ടൺ ഡിസിയിലെ യുവജനങ്ങൾ ഉൾപ്പെടെയുള്ള കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി സ്വാഗതപരിപാടികൾ മുതൽ സമാപനം വരെ മികച്ച കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് .
കലയുടെ പൊടിപൂരമാകും ഇത്തവണത്തെ ഫൊക്കാന അന്തർദ്ദേശീയ കൺവൻഷനെന്ന് ഫൊക്കാന ജനറൽ സെക്രട്ടറി ഡോ.കല ഷഹി കേരളാ എക്സ് പ്രസിനോട് പറഞ്ഞു.വാഷിംഗ്ടൺ ഡിസിയിലെ യുവജനങ്ങൾ ഉൾപ്പെടെയുള്ള കലാകാരന്മാരെയും കലാകാരികളെയും ഉൾപ്പെടുത്തി സ്വാഗതപരിപാടികൾ മുതൽ സമാപനം വരെ മികച്ച കലാപരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നത് .2024 ജൂലൈ 18 മുതൽ 20 വരെ വാഷിംഗ്ടൺ ഡിസിയിലെ ഏറ്റവും വലിയ ഹോട്ടൽ സമുച്ചയമായ നോർത്ത് ബെഥസ്ഥെ മോണ്ട് ഗോമറി കൗണ്ടി കൺവെൻഷൻ സെൻ്ററിൽ നടക്കുന്ന ഫൊക്കാന അന്തർദേശീയ കൺവെൻഷനിൽ വൈകിട്ടത്തെ കലാരാവുകളെ ധന്യമാക്കുന്നത് അമേരിക്കയിൽ ജനിച്ചുവളർന്ന യുവ കലാകാരന്മാരുടെ കലാപ്രകടനം കൊണ്ടായിരിക്കും .മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി നാട്ടിൽ നിന്നും ചുരുങ്ങിയ പ്രോഗ്രാമുകൾ മാത്രം അവതരിപ്പിക്കുകയും കൂടുതൽ അമേരിക്കൻ മലയാളി പ്രതിഭകളായ യുവജനങ്ങൾ ,വീട്ടമ്മമാർ ,കുട്ടികൾ എന്നിവർക്ക് തങ്ങളുടെ കലാ പ്രകടനങ്ങൾക്ക് അവസരം ഒരുക്കുകയാണ് ഫൊക്കാന ചെയ്യുന്നത് .ഈ കലാപരിപാടികൾക്കൊപ്പം സംഗീത പ്രതിഭ വിവേകാനന്ദനും ,തമാശകളുമായി അനീഷ് രവിയും ഉണ്ടാകും .ഇതിനോടകം തന്നെ കൺവൻഷൻ പ്രതിനിധികൾക്കായുള്ള ഹോട്ടൽ മുറികളുടെ ബുക്കിംഗ് അവസാനിക്കുമ്പോൾ ഒരു ചരിത്ര കൺവെൻഷനുള്ള തയ്യാറെടുപ്പിലാണ് ഫൊക്കാന നേതൃത്വം. ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ സാരഥിയായി നേതൃത്വം ഏറ്റെടുത്ത ശേഷം ഫൊക്കാനയ്ക്കും ഫൊക്കാന വഴി മറ്റ് സംഘടനകളുടെ പ്രവർത്തനങ്ങൾക്കും ഉണ്ടായ മാറ്റം വളരെ ശ്രദ്ധിക്കേണ്ടതാണ്. കൃത്യമായ കാഴ്ചപ്പാടും , പദ്ധതികളുടെ നടപ്പിലാക്കലും കൊണ്ട് ശ്രദ്ധേയമായ ഒരു കാലയളവ് വേറെ ഉണ്ടായിട്ടില്ല. ജീവകാരുണ്യ, സാമൂഹ്യ രംഗത്തും , കലാ സാംസ്കാരിക രംഗത്തും ഫൊക്കാന കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ നടത്തിയ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ഫൊക്കാനയുടെ നാല്പത് വർഷങ്ങൾ കൊണ്ടാടുന്ന ചരിത്ര കൺവെൻഷൻ എന്ന പ്രത്യേകതയും വാഷിംഗ്ടൺ കൺവെൻഷനുണ്ട്.
ഫൊക്കാന കൺവെൻഷനെ ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന മഹോത്സവമാക്കി മാറ്റുകയും അമേരിക്കൻ മലയാളി സംഘടനാ പ്രവർത്തനങ്ങളെ ആഗോള തലത്തിൽ അറിയപ്പെടുന്ന തരത്തിൽ വളർത്തുക എന്ന ലക്ഷ്യവും വാഷിംഗ്ടൺ കൺവെൻഷൻ്റെ അജണ്ടയാണെന്ന് ഡോ. കല ഷഹി പറിഞ്ഞു. അമേരിക്കയിൽ രാഷ്ട്രീയ രംഗത്ത് തിളങ്ങി നിൽക്കുന്ന മലയാളി വ്യക്തിത്വങ്ങളുടെ സംഗമം ,ബിസിനസ്സ് മീറ്റ്, ആഗോള പത്ര പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന മാധ്യമ സെമിനാർ, നേഴ്സസ് സെമിനാർ ,വിമൻസ് ഫോറം സെമിനാർ, സാഹിത്യ സെമിനാറും സാഹിത്യ പുരസ്കാര വിതരണവും , യുവതി യുവാക്കളുടെ സംഗമവും ടാലൻ്റ് മത്സരങ്ങളും, അമേരിക്കൻ മലയാളി പ്രതിഭകളുടെ കലാവിരുന്നുകളും തുടങ്ങി നിരവധി പരിപാടികൾ കൺവൻഷൻ്റെ പ്രത്യേകതയായിരിക്കും .
ഫൊക്കാന അന്തർദ്ദേശീയ കൺവൻഷൻ ലോക മലയാളികളുടെ ശ്രദ്ധേയമായ കൂട്ടായ്മയായി മാറ്റുവാൻ അമേരിക്കൻ മലയാളി സംഘടനകളും, നേതൃത്വവും ശ്രമിക്കണം .ഫൊക്കാന വാഷിംഗ്ടൺ ഡിസി അന്തർദ്ദേശീയ കൺവൻഷന് വാഷിംഗ്ടൺ റീജിയൺ ആതിഥേയത്വം വഹിക്കുമ്പോൾ ഫൊക്കാന കൺവെൻഷനുകളുടെ ചരിത്രം തിരുത്തുന്ന കൺവെൻഷനാകും വാഷിംഗ്ടണിൽ അരങ്ങേറുക . മൂന്ന് ദിവസം മലയാളികളുടെ മാമാങ്കമായിരിക്കും വാഷിംഗ്ടൺ ഡിസിയിൽ നടക്കുക.നാഷണൽ കൺവൻഷൻ്റെ വിജയത്തിനായി അമേരിക്കൻ മലയാളികൾ ഒന്നടങ്കം ഫൊക്കാനയ്ക്കൊപ്പം നില കൊള്ളണമെന്ന് ഫൊക്കാന പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ , ജനറൽ സെക്രട്ടറി ഡോ. കല ഷഹി , ട്രഷറർ ബിജു കൊട്ടാരക്കര , കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ ട്രസ്റ്റി ബോർഡ് ചെയർമാൻ, അംഗങ്ങൾ, നാഷണൽ കമ്മിറ്റി അംഗങ്ങൾ , ആർ വി പി മാർ കൺവൻഷൻ വിവിധ കമ്മിറ്റി അംഗങ്ങൾ എന്നിവർ അഭ്യർത്ഥിച്ചു.ഇനിയും കലയുടെ കേളികൊട്ടിന് ദിവസങ്ങൾ മാത്രം .അമേരിക്കൻ മലയാളി മാമാങ്കത്തിന് വാഷിംഗ്ടൺ ഡി സി ഒരുങ്ങിക്കഴിഞ്ഞു .