PRAVASI

ഫൊക്കാന പ്രസിഡന്റ് ഫിലിപ്പോസ് ഫിലിപ്പിന് ജന്മനാടിന്റെ ഉജ്വല സ്വീകരണം

Blog Image

അടൂർ : അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പിന് ജന്മനാടായ അടൂരിൽ ഉജ്വല സ്വീകരണം നൽകി. അടൂർ പൗരാവലി ഗ്രീൻ വാലി കൺവൻഷൻ സെന്ററിൽ സംഘടിപ്പിച്ച അനുമോദന യോഗം അടൂർ എം. എൽ. എ അഡ്വ.സി. വി. ശാന്തകുമാർ ഉദ്ഘാടനം ചെയ്തു.


അടൂർ ദേശത്തു നിന്നും അമേരിക്കയിലെത്തി ജീവിത വിജയം നേടിയ ഫിലിപ്പോസ് ഫിലിപ്പ് അടൂരിന്റെ അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.  തിരുവഞ്ചൂർ രാധാകൃഷ്ണന് ശേഷം ഇനി വരാനിരിക്കുന്ന അഞ്ചു വർഷക്കാലം അടൂരിന്റെ വികസന കാഴ്ചപ്പാടിൽ നിങ്ങളിൽ ഒരാളായി പ്രവർത്തിക്കുമ്പോൾ, ആ വികസന പ്രവർത്തനങ്ങൾക്കൊപ്പം പാവപ്പെട്ടവരെയും അശരണരെയും ചേർത്തുനിർത്തുന്ന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകേണ്ടതുണ്ട്. കൂടാതെ പ്രവാസി സമൂഹത്തിന്റെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി പ്രവർത്തിച്ചിട്ടുള്ള നിരവധി വ്യക്തിത്വങ്ങൾ അടൂരിനുണ്ട്. അവരുടെ അനുഭവങ്ങളും കഴിവുകളും പ്രയോജനപ്പെടുത്തി കൂടുതൽ വികസനോന്മുഖമായ പ്രവർത്തനങ്ങൾക്ക് ദിശാബോധം നൽകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരിന്റെയും കേന്ദ്ര സർക്കാരിന്റെയും വിവിധ പദ്ധതികളും വികസന പ്രവർത്തനങ്ങളും അടൂരിലേക്ക് കൊണ്ടുവരുന്നതിനായി കൂട്ടായ ശ്രമങ്ങൾ ഉണ്ടാകണം. ഒട്ടേറെ സാംസ്കാരിക നായകരെ സംഭാവന ചെയ്ത മണ്ണാണ് അടൂർ. കക്ഷിരാഷ്ട്രീയത്തിന് അതീതമായി വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയ പാരമ്പര്യം കൂടുതൽ ശക്തമായി തുടരാൻ കഴിയണമെന്നും അദ്ദേഹം ആശംസിച്ചു.
ഫൊക്കാനയുടെ പ്രസിഡന്റായി ഫിലിപ്പോസ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നവരാണ് അടൂരുകാർ. അമേരിക്കയിലെയും കേരളത്തിലെയും പ്രവർത്തകരെയും നാട്ടുകാരെയും ഒരുമിച്ച് ചേർത്തുനിർത്തി ഫൊക്കാനയുടെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ദിശാബോധം നൽകാൻ അദ്ദേഹത്തിന് കഴിയട്ടെയെന്നും അഡ്വ. സി. വി. ശാന്തകുമാർ ആശംസിച്ചു.അടൂർ മുൻസിപ്പൽ  ചെയർപേഴ്സൺ ശ്രീമതി റീന സാമുവൽ അധ്യക്ഷത വഹിച്ചു.അടൂർ മുനിസിപ്പാലിറ്റിയുടെ അഭിമാനമാണ് ഫിലിപ്പോസ് ഫിലിപ്പ്. ഒരു അടൂരുകാരൻ ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയുടെ തലപ്പത്ത് വരുമ്പോൾ അദ്ദേഹം ജനിച്ചു വളർന്ന നാടിനും അഭിമാനമാണ്. അതാണ് നമ്മൾ ഇപ്പോൾ അനുഭവിക്കുന്നത്. അദ്ദേഹത്തെപ്പോലെ ഒരാൾ ഫൊക്കാന പ്രസിഡൻ്റ് ആകുമ്പോൾ അതിൻ്റെ നേട്ടം അടൂരിനു കൂടി പങ്കുവെയ്ക്കപ്പെടുമ്പോൾ നമ്മുടെ നാടും ധന്യമാകുമെന്ന് റീന സാമുവൽ കൂട്ടി ചേർത്തു.

അടൂർ  സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി വികാരി, റവ: ഫാ.ജിജു ജോൺ വയലിറക്കത്ത് മുഖ്യപ്രഭാഷണം നടത്തി. ഫൊക്കാനയുടെ പ്രസിഡന്റ് പദവിയിലേക്ക് ഫിലിപ്പോസ് ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടത് അടൂരുകാർക്ക് ഏറെ അഭിമാനിക്കാവുന്ന നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. ജനിച്ചുവളർന്ന നാടിനോടും സമൂഹത്തോടുമുള്ള സ്നേഹവും കരുതലും ഫിലിപ്പോസ് ഫിലിപ്പ് ഇന്നും കാത്തുസൂക്ഷിക്കുന്നുവെന്നത് ഏറെ സന്തോഷകരമായ കാര്യമാണ്. അമേരിക്കയിലെ നൂറുകണക്കിന് മലയാളി സംഘടനകളുടെ കൂട്ടായ്മയായ ഫൊക്കാനയുടെ പ്രസിഡന്റ് സ്ഥാനത്തെത്തുക എന്നത് ചെറിയ നേട്ടമല്ല. വർഷങ്ങളായി അദ്ദേഹം നടത്തിയ സാമൂഹിക പ്രവർത്തനങ്ങളും ആളുകളെ ചേർത്തുനിർത്താനുള്ള കഴിവും മറ്റുള്ളവരോടുള്ള സ്നേഹപൂർവമായ പെരുമാറ്റവും മികച്ച സൗഹൃദബന്ധങ്ങളും അദ്ദേഹത്തെ ഈ ഉയർന്ന പദവിയിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ കെ ലത്തീഫ്, ഫിലിപ്പോസ് ഫിലിപ്പിനെ ഉപഹാരം നൽകി ആദരിച്ചു. ഫൊക്കാനയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഫിലിപ്പോസ് ഫിലിപ്പ് അടൂരുകാരുടെ അഭിമാനമാണ്. ലോകമലയാളികളുടെ അഭിമാനമായ ഫൊക്കാനയുടെ പ്രസിഡന്റായി ആദ്യമായി ഒരു അടൂരുകാരൻ വരുന്നതിൽ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആദരവ്  ഏറ്റുവാങ്ങിയതിനു ശേഷം ഫിലിപ്പോസ് ഫിലിപ്പ് വേദിയിൽ മറുപടി പ്രസംഗം നടത്തി.ജന്മനാട്ടിൽ ലഭിക്കുന്ന സ്വീകരണം അമ്മ നൽകുന്ന അനുഗ്രഹം പോലെയാണെന്ന് അദ്ദേഹം പറഞ്ഞു. 15 കമ്മറ്റികളെ തെരഞ്ഞെടുത്ത് ഫൊക്കാനയുടെ വിവിധ പദ്ധതികളെ അവരുടെ നേതൃത്തിൽ സമൃദ്ധമാക്കുന്നതിനുള്ള ശ്രമമാണ് നടത്തുന്നത്. കേരളത്തിൽ എത്തിയ നിമിഷം മുതൽ ഫൊക്കാനയ്ക്ക് ലഭിച്ച ആദരവുകൾ എല്ലാം ഹൃദയത്തിൽ സൂക്ഷിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടൂർ പൗരാവലി ഗ്രീൻ വാലി കൺവെൻഷൻ സെന്ററിൽ  നടത്തിയ ചടങ്ങിൽ, പ്രൊഫ. ഡി കെ ജോൺ  സ്വാഗതം ചെയ്തു. . ഡി ശശികുമാർ (മുൻസിപ്പൽ വൈസ് ചെയർമാൻ അടൂർ), ഡോ. അടൂർ രാജൻ (കൽപക ഫാർമസ്യൂട്ടിക്കൽ), ജോർജ് ബേബി (വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട്) എന്നിവർ ആശംസകൾ അർപ്പിച്ചു. ജോർജ് മാത്യു  കൃതജ്ഞത അറിയിച്ചു 

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.