PRAVASI

ഫാ. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ അയര്‍ലണ്ടില്‍ നിര്യാതനായി

Blog Image

വാട്ടര്‍ഫോര്‍ഡ് ( അയര്‍ലണ്ട് ): ഹോളിക്രോസ് സന്യാസസഭയുടെ അന്തര്‍ദേശിയ അസിസ്റ്റന്റ് സുപ്പീരിയര്‍ ജനറലും വികാരി ജനറലുമായ ഫാ. ഇമ്മാനുവല്‍ കല്ലറയ്ക്കല്‍ അയര്‍ലണ്ടില്‍ നിര്യാതനായി.

അയര്‍ലണ്ടിലുള്ള സഹോദരി പുത്രി ജൈസി ജിജോയെ സന്ദര്‍ശിക്കുന്നതിനായി വാട്ടര്‍ഫോര്‍ഡില്‍ എത്തിയ അദ്ദേഹത്തിന് അപ്രതീക്ഷിതമായിയുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് ഓഗസ്റ്റ് 29- തുടര്‍ന്നായിരുന്നു അന്ത്യം സംഭവിച്ചത്.

ഹോളിക്രോസ് സഭയുടെ വടക്കുകിഴക്കന്‍ ഇന്ത്യ പ്രവിശ്യാംഗമായിരുന്നു.ഇടുക്കി ജില്ലയിലെ തെന്നത്തൂര്‍ പരേതനായ ജോസഫിന്റെ മകനാണ്.ബേബി, സിസ്റ്റര്‍ ശാലിനി, മരിയ, റോസിലി, ജസി, പരേതരായ സിസ്റ്റര്‍ ഇസിദോര്‍, ഫാ. ജയിംസ് കല്ലറയ്ക്കല്‍ എന്നിവര്‍ സഹോദരങ്ങളാണ്.

വടക്കുകിഴക്കന്‍ ഇന്ത്യ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യല്‍ ഫാ. കെ.ജെ. അബ്രഹാമാണ് മരണവിവരം ഔദ്യോഗികമായി അറിയിച്ചത്. സഭയുടെ നേതൃത്വത്തില്‍ ജീവിതകാലം മുഴുവന്‍ സജീവ സാന്നിധ്യമായിരുന്ന ഫാ. ഇമ്മാനുവലിന്റെ വിയോഗം ഹോളിക്രോസ് സമൂഹത്തിന് തീരാനഷ്ടമാണെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഭൗതികശരീരം അഗര്‍ത്തലയിലെത്തിച്ച് സംസ്‌കരിക്കാനാണ് തീരുമാനം. സംസ്‌കാരച്ചടങ്ങുകളുടെ വിശദാംശങ്ങള്‍ പിന്നീട് അറിയിക്കും.

റവ. ഫാ. ഇമ്മാനുവേല്‍ കല്ലറക്കലിന് അന്ത്യോപചാരമര്‍പ്പിക്കാനായി അയര്‍ലണ്ടിലെ വാട്ടർഫോർഡ്​-വെക്സ് ഫോർഡ് മേഖലയിലെ സീറോ മലബാർ  സഭാസമൂഹവും നാളെ ഒന്നിച്ചു ചേരും. വാട്ടര്‍ഫോര്‍ഡ് ന്യൂ ടൗണിലെ സെന്റ് ജോസഫ്സ് ആന്‍ഡ് സെന്റ് ബെനില്‍ഡസ് (St. Joseph’s & St. Benildus Church, Newtown) ദേവാലയത്തില്‍ (Eircode: X91 W659) ബുധനാഴ്ച, സെപ്റ്റംബര്‍ 2, 2026 വൈകുന്നേരം 7:00 മുതല്‍ 8:00 വരെ പൊതുദര്‍ശനവും,പ്രാര്‍ത്ഥനാ ശുശ്രൂഷകളും നടത്തപ്പെടും.

വിദ്യാഭ്യാസം, വൈദിക പരിശീലനം, ദൈവവിളി പ്രോത്സാഹനം, അജപാലന ശുശ്രൂഷ, സഭാ നേതൃത്വം തുടങ്ങിയ മേഖലകളില്‍ പതിറ്റാണ്ടുകള്‍ നീണ്ട സേവനമാണ് ഫാ. ഇമ്മാനുവല്‍ കാഴ്ചവച്ചത്. ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്ന് അമേരിക്കയിലെ അജപാലന ശുശ്രൂഷയിലേക്കും റോമിലെ ഹോളിക്രോസ് സഭയുടെ ആഗോള നേതൃത്വത്തിലേക്കും വ്യാപിച്ചതായിരുന്നു അദ്ദേഹത്തിന്റെ പ്രവര്‍ത്തനരംഗം.

1984 മുതല്‍ 1987 വരെ അഗര്‍ത്തല ഹോളിക്രോസ് സ്‌കൂളിന്റെ ഉപപ്രിന്‍സിപ്പലായി പ്രവര്‍ത്തിച്ചു. പിന്നീട് 1997 മുതല്‍ 2003 വരെ അതേ സ്ഥാപനത്തിന്റെ പ്രിന്‍സിപ്പലായി. 2009-ല്‍ അഗര്‍ത്തല ഹോളിക്രോസ് കോളജിന്റെ സ്ഥാപക പ്രിന്‍സിപ്പലായി ചുമതലയേറ്റ അദ്ദേഹം 2019 വരെ സ്ഥാപനത്തെ നയിച്ചു. കോളജിന് സ്വന്തമായി സ്ഥിരം ക്യാംപസും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു.

കേരളത്തിലെ അയ്മനത്ത് ദൈവവിളി പ്രോത്സാഹകനായും പിന്നീട് വൈദിക പരിശീലന ഡയറക്ടറായും സേവനമനുഷ്ഠിച്ചു. പൗരോഹിത്യവും സന്യാസജീവിതവും ലക്ഷ്യമിട്ടെത്തിയ യുവാക്കളുടെ പരിശീലനത്തിന് നേതൃത്വം നല്‍കി. തുടര്‍ന്ന് ഹോളിക്രോസ് സഭയുടെ വടക്കുകിഴക്കന്‍ ഇന്ത്യ പ്രവിശ്യയുടെ പ്രൊവിന്‍ഷ്യലായും പ്രവര്‍ത്തിച്ചു.

2022-ല്‍ നടന്ന ഹോളിക്രോസ് സന്യാസസഭയുടെ പൊതുസമ്മേളനം അദ്ദേഹത്തെ സുപ്പീരിയര്‍ ജനറലിന്റെ പ്രഥമ സഹായിയായി തിരഞ്ഞെടുത്തു. ഇതോടൊപ്പം സഭയുടെ വികാരി ജനറല്‍ പദവിയും ഏറ്റെടുത്ത അദ്ദേഹം റോമിലെ ജനറല്‍ കൗണ്‍സില്‍ അംഗമായി. സഭയുടെ ആഗോള ദൗത്യപ്രവര്‍ത്തനങ്ങള്‍, നീതി, സമാധാനം, പരിസ്ഥിതി സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളും വഹിച്ചു.

അമേരിക്കയിലെ ഇന്‍ഡ്യാനപോളിസിലുള്ള കത്തീഡ്രല്‍ ഹൈസ്‌കൂളില്‍ ചാപ്ലിനായും സെന്റ് ജോവാന്‍ ഓഫ് ആര്‍ക്ക് ഇടവകയില്‍ സഹവൈദികനായും സേവനം ചെയ്തിട്ടുണ്ട്.

തത്വശാസ്ത്രത്തിലും ദൈവശാസ്ത്രത്തിലും ബിരുദം നേടിയ ഫാ. ഇമ്മാനുവല്‍ മദ്രാസ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും ന്യൂയോര്‍ക്കിലെ ഫോര്‍ഡം സര്‍വകലാശാലയില്‍നിന്ന് മതവിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റും നേടിയിരുന്നു. വിദ്യാഭ്യാസമേഖലയിലെ സംഭാവനകള്‍ പരിഗണിച്ച് 2015-ല്‍ അഖിലേന്ത്യാ ക്രിസ്ത്യന്‍ ഉന്നതവിദ്യാഭ്യാസ അസോസിയേഷന്റെ മികച്ച പ്രിന്‍സിപ്പലിനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചു.

ഫാ. ഇമ്മാനുവല്‍ കല്ലറയ്ക്കലിന്റെ അപ്രതീക്ഷിത വിയോഗം ഇന്ത്യയിലെയും വിദേശത്തെയും ഹോളിക്രോസ് സമൂഹത്തെയും അദ്ദേഹം സേവിച്ച വിദ്യാഭ്യാസ-അജപാലന സ്ഥാപനങ്ങളെയും  ദുഃഖത്തിലാഴ്ത്തി.

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.