കോട്ടയം: കോട്ടയം അതിരൂപതയുടെ പുതിയ പ്രോ-പ്രോട്ടോ സിഞ്ചെലൂസായി കടുത്തുരുത്തി പള്ളി വികാരി ഫാ. തോമസ് ആനിമൂട്ടില്‍ നിയമിതനായി. സിഞ്ചെലൂസായി (പബ്ലിക് അഫയേഴ്സ്) ഫാ. മൈക്കിള്‍ വെട്ടിക്കാട്ടും കടുത്തുരുത്തി ഫൊറോനാ പള്ളി വികാരിയായി ഫാ. ജോണ്‍സണ്‍ നീലാനിരപ്പേലും നിയമിക്കപ്പെട്ടു. പ്രോ-പ്രോട്ടോ സിഞ്ചെലൂസായിരുന്ന ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ദീപിക എം.ഡിയായി നിയമിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ആ സ്ഥാനത്തേക്ക് ഫാ. തോമസ് ആനിമൂട്ടില്‍ നിയമിതനായത്.
ഫാ. തോമസ് ആനിമൂട്ടില്‍ 1989 എപ്രില്‍ 13-ന് വൈദികപട്ടം സ്വീകരിച്ചു. തുടര്‍ന്ന് പുളിഞ്ഞാല്‍ പള്ളി വികാര്‍ ഇന്‍-ചാര്‍ജായി നിയമിക്കപ്പെട്ടു. അതിനുശേഷം റോമിലെ ഹോളി ക്രോസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍ഷ്യേറ്റ് നേടി. പിന്നീട് മാര്‍ കുര്യാക്കോസ് കുന്നശ്ശേരിയുടെ സെക്രട്ടറിയായും ചാന്‍സിലറായും പ്രവര്‍ത്തിച്ചു. 1998-ല്‍ കണ്ണൂര്‍ ബറുമറിയം പാസ്റ്ററല്‍ സെന്‍റര്‍ ഡയറക്ടറായും മലബാര്‍ റീജിയന്‍ പ്രൊക്കുറേറ്ററായും സേവനം ചെയ്തശേഷം 2002-ല്‍ അമേരിക്കയിലെ ലോസാഞ്ചലസിലുള്ള യു.സി.എല്‍.എ യൂണിവേഴ്സിറ്റിയില്‍ നിന്നും ചാപ്ലയന്‍സില്‍ ഡിപ്ലോമ സമ്പാദിച്ചു.
ലോസാഞ്ചലസ്, ന്യൂയോര്‍ക്ക്, ന്യൂജേഴ്സി എന്നീ ക്നാനായ മിഷനുകളുടെ ഡയറക്ടറായും കെ.സി.സി.എന്‍.എ സ്പിരിച്വല്‍ അഡ്വൈസറായും ഡയറക്ടറായും സേവനമനുഷ്ഠിച്ചു. 2008-ല്‍ കാരിത്താസ് ഫിനാന്‍സ് ഡയറക്ടറായി ചാര്‍ജെടുത്തു. ആറു മാസത്തിനുശേഷം കാരിത്താസിന്‍റെ ഡയറക്ടറായി നിയമിക്കപ്പെട്ടു. പത്ത് വര്‍ഷം ഡയറക്ടറായി സേവനം ചെയ്ത കാലയളവ് കാരിത്താസിന്‍റെ വളര്‍ച്ചയുടെ പ്രധാന നാഴികക്കല്ലായിരുന്നു. തുടര്‍ന്ന് ഉഴവൂര്‍ ഫൊറോന വികാരിയായി അഞ്ചുവര്‍ഷം സേവനം ചെയ്തശേഷം കഴിഞ്ഞ ഒമ്പത് മാസമായി കടുത്തുരുത്തി ഫൊറോന വികാരിയായി പ്രവര്‍ത്തിക്കുമ്പോഴാണ് പുതിയ നിയമനം.
അതിരൂപത വിവാഹക്കോടതി ജഡ്ജിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കൂടാതെ ദൈവദാസന്മാരായ മാര്‍ മാക്കീല്‍ പിതാവിന്‍റെയും പൂതത്തില്‍ തൊമ്മിച്ചന്‍റെയും പ്രമോട്ടര്‍ ഓഫ് ജസ്റ്റീസായും പ്രവര്‍ത്തിക്കുന്നു. 9 വര്‍ഷം അതിരൂപതാ വൈദികസമിതി സെക്രട്ടറിയായിരുന്നു. നിലവില്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയാണ്.
പയ്യാവൂര്‍ ടൗണ്‍ പള്ളി ഇടവക ആനിമൂട്ടില്‍ പരേതരായ ജോസഫ്-ഏലി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: ഏലിയാമ്മ പുന്നച്ചന്‍ പുന്നോടത്ത് (റിട്ട. അദ്ധ്യാപിക), ചാക്കോ തിരൂര്‍, പരേതനായ ഫിലിപ്പ്, മാത്യു, ബേബി, ലൈസമ്മ ജോസഫ് കീഴേട്ടുകുന്നേല്‍ (വാതില്‍മട).
.jpg)
ഫാ. തോമസ് ആനിമൂട്ടില്‍
.jpg)
ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്

