"ഗോൾ... മമ്മി... മെസ്സി ഗോൾ അടിച്ചു.." മക്കൾ ആവേശത്തോടെ വിളിച്ചു പറഞ്ഞതു കേട്ട് അടുക്കളയിൽ നിന്നും വേഗത്തിൽ ഓടി ടിവിയുടെ മുമ്പിലേക്ക്. റീപ്ലേ കാണുമല്ലോ..അല്ലെങ്കിലും എപ്പോഴും ഇങ്ങനെയാണ് . എന്ന് കളി കാണാൻ ഇരുന്നാലും സംഭവിക്കുന്നതാണ്.
അവിടുന്ന് ഒന്ന് എണീക്കാൻ നോക്കി ഇരിക്കും ആരുടെയെങ്കിലും ഗോൾ വലയിൽ വീഴാൻ.. വീണ്ടും കളി ആസ്വദിച്ചു കണ്ടിരിക്കുമ്പോഴാണ് മോൻ്റെ ചോദ്യം..മമ്മി എന്നു തുടങ്ങിയാ വേൾഡ് കപ്പ് കാണുന്നതെന്ന് ... ടിവിയിൽ കളി കാണാൻ തുടങ്ങിയത് എന്നാണ് ചോദ്യം. ഓർമകൾ മെല്ലെ പഴയ കാലത്തേക്ക് ഊളിയിട്ടു..
മക്കളെ, അമ്മ ടിവിയിൽ ഫുട്ബോൾ കണ്ടതിലും കൂടുതൽ ആ മനോഹാരിത ആസ്വദിച്ചതും അത്ഭുതം കൊണ്ടതും വീട്ടിലെ 'മലയാള മനോരമ' പത്രത്തിലൂടെയായിരുന്നു എന്ന് പറഞ്ഞപ്പോൾ 'Gen Z' യും 'Gen ആൽഫ' യുമൊക്കെയായ എൻ്റെ മക്കൾക്ക് അത്യൽഭുതം.. ഇതെന്തൊന്ന് മമ്മി ഈ പറയണേന്ന്. 1980 കളിലും 90ൻ്റെ മദ്ധ്യ കാലം വരെയൊക്കെ ഞങ്ങളുടെ 'മാഞ്ഞൂർ 'പഞ്ചായത്തിൽ വളരെ ചുരുക്കം ചില വീടുകളിൽ മാത്രമാണ് ടെലിവിഷൻ എന്ന അത്യാഡമ്പരം ഉണ്ടായിരുന്നുള്ളൂ എന്ന സത്യമൊക്കെ ഈ കുട്ടികളെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നായിരുന്നു എൻ്റെ ആശങ്ക. ഞായറാഴ്ച വൈകുന്നേരം ദൂരദർശനിൽ പ്രദർശിപ്പിക്കുന്ന മലയാളം സിനിമ കാണാൻ പഞ്ചായത്തിലെ അന്നത്തെ എണ്ണപ്പെട്ട പണക്കാരുടെ വീട്ടിലെ തിക്കും തിരക്കുമൊക്കെ എൻ്റെ കൺ മുന്നില്ലൂടെ മിന്നി മറഞ്ഞു. പാതിരാ ത്രിയും വെളുപ്പിനെയുമൊക്കെയായ് ടിവി യിൽ സംപ്രേഷണം ചെയ്തിരുന്ന ലോകകപ്പ് വിശേഷങ്ങൾ ഞങ്ങൾക്ക് മുമ്പിൽ എത്തിയിരുന്നത് പിറ്റേന്നു കാലത്ത് കൃത്യമായി എത്തിയിരുന്ന പത്രത്തിലൂടെ തന്നെയായിരുന്നു. മറ്റൊരു പ്രധാന മാർഗം ആകാശവാണിയുടെ ' പ്രാദേശിക വാർത്തകൾ' ക്കിടയിൽ കേട്ടിരുന്ന 'കായിക വാർത്ത' കളായിരുന്നു. 'രാമചന്ദ്രൻ്റെ' സ്വരത്തിൽ എത്തി ചേർന്നിരുന്ന നുറുങ്ങ്, ഗോൾ വിവരണങ്ങൾ. ഇടക്കെപ്പോഴോ ആകാശവാണിയുടെ മലയാളം കമൻ്ററിയിലൂടെയും.
1986ലെ ലോക കപ്പ് മുതലാണ് ഈ ഫുട്ബോൾ മാമാങ്കം അന്നത്തെ നാലാം ക്ലാസുകാരിയുടെ മനസ്സിൽ ഇടം നേടിയത്. അതിനൊരു മുഖ്യ കാരണം മറഡോണ എന്ന മാന്ത്രികൻ തന്നെയായിരുന്നു. 'ദൈവത്തിൻ്റെ സ്വന്തം കൈ ' എന്ന് പേര് കേട്ട ഗോളും അതിന് ശേഷം പിറന്ന ' നൂറ്റാണ്ടിൻ്റെ ഗോളും ' 'ഭാസി മലാപ്പറമ്പിൽ ' എന്ന പത്ര പ്രവർത്തകൻ്റെ വാക്കുകളിലൂടെ 'കണ്ട ' എട്ട് വയസ്സ് കാരി. 'ഡിയാഗോ അർമാൻഡോ മറഡോണ ' എന്ന പേര് മനസ്സിൽ പലവുരു ഉരുവിട്ടു കൊണ്ടിരുന്നത് ഫുട്ബോൾ പ്രേമിയായ സഹോദരനോട് എനിക്കും കളിക്കാരുടെ പേരൊക്കെ അറിയാം എന്ന് പറയുന്നതിന് കൂടിയായിരുന്നു. ഉയർന്ന് ചാടി ആകാശത്തിനും ഭൂമിക്കുമിടയിൽ ത്രിശങ്കുവിൽ നിൽക്കുന്ന കളിക്കാരുടെ ചിത്രങ്ങൾ അച്ചടിച്ച് വരുന്ന പത്രത്താളുകൾ ഇതെങ്ങനെയാ ഈ ഫോട്ടോ എടുക്കുന്നതെന്നു വിസ്മയം പൂണ്ടിരുന്ന കാലങ്ങൾ..ലോകകപ്പ് വിശേഷങ്ങൾ പന്തിൻ്റെ കഥകൾ മാത്രമായിരുന്നില്ല ആ ചെറിയ പെൺകുട്ടിക്ക്, ലോകം തന്നെ കൺമുന്നിലേക്ക് തുറന്ന് കാട്ടുന്നതായിരുന്നു. ഉറുഗ്വേ , പരാഗ്വെ, ചിലി , കൊളംബിയ, ബ്രസീൽ, അർജൻ്റീന എന്നിങ്ങനെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളുടെയും സ്പെയിൻ, പോർച്ചുഗൽ, നെതർലാൻഡ്സ്, ജർമനി എന്നിങ്ങനെ യൂറോപ്യൻ രാജ്യങ്ങളുടെയും കാമറൂൺ , മൊറോക്കോ , അൾജീരിയ പോലുള്ള ആഫ്രിക്കൻ രാജ്യങ്ങളുടെയും പേരുകളും വിശേഷങ്ങളും തന്നെ അറിയാനിടയായത് ഈ ലോക മാമാങ്കത്തിലൂടെ ആയിരുന്നു. പതിറ്റാണ്ടുകൾ പിന്നിട്ട് ഈ 2026 ലും അതിന് മാറ്റമുണ്ടായില്ല.."കാബോ വെർഡെ ", "കുറസാവോ" എന്നിങ്ങനെ ലോക ഭൂപടത്തിൽ എവിടെയോ മറഞ്ഞു കിടന്നിരുന്ന കൊച്ചു രാഷ്ട്രങ്ങൾ ഞാനുൾപ്പെടുന്ന ഒരു വലിയ സമൂഹത്തിൻ്റ മനസ്സുകളിൽ കുടിയേറിയതും ഈ പന്തുകളി ഉത്സവത്തിലൂടെ തന്നെ..
1990 , 1994 വർഷങ്ങളിൽ ഈ കൗമാരക്കാരിയെ ആകർഷിച്ചത് കളിയുടെ മാഹാത്മ്യത്തേക്കാൾ കളിക്കാരുടെ സൗന്ദര്യം തന്നെയായിരുന്നു എന്ന് എടുത്ത് പറയേണ്ടതുണ്ട്..അതിൽ ഏറ്റവും പ്രധാനം ലോകകപ്പിലെ ' മുടിയൻ ' മാർ തന്നെയാണ്. ആൺ കരുത്തിൻ്റെ പ്രതിഫലനമായ മസിലും സിക്സ്പാക്കും ഒന്നുമല്ല വർണശബളമായ മുടിയഴകായിരുന്നു ഈയുള്ളവളുടെ കൗമാര സ്വപ്നങ്ങളിൽ നിറഞ്ഞു നിന്നത്.
മനോഹരമായി പിന്നി, മുത്തുകൾ കൊണ്ട് അലങ്കരിച്ചു 'പോണി ടെയ്ൽ' കെട്ടിയിരുന്ന ഇറ്റലിയുടെ ' റോബർട്ടോ ബാജിയോ ' , തല നിറയെ സ്വർണ വർണ്ണമുള്ള ചുരുണ്ട മുടികളുള്ള കൊളംബിയൻ താരം ' കാർലോസ് വാൾഡെറാമ ' , പിന്നി മെടഞ്ഞ (ഡ്രഡ് ലോക്ക് സ്റ്റൈൽ ) നല്ല കറുത്ത മുടി കഴുത്തറ്റം വരെയോ അതിലും സ്വൽപം കൂടിയോ നീളത്തിലുള്ള ഡച്ച് സുന്ദരൻ ' റൂഡ് ഗുള്ളിറ്റ് '. പത്രത്തിൽ ഇവരുടെ ഫോട്ടോ കാണുമ്പോൾ, ഓടിയും ചാടിയുമൊക്കെ ഇവർ പന്ത് തട്ടുമ്പോൾ അഴകാർന്ന ആ മുടിയിഴകളുടെ ഇളക്ക ങ്ങൾ എങ്ങനെയാവുമെന്ന് വെറുതെ ചിന്തിച്ചിട്ടുണ്ട്..1994 ഫൈനലിൽ ബാജിയോക്ക് നഷ്ടപ്പെട്ട പെനാൽറ്റി. അന്നത്തെ പത്രത്തിൽ വന്ന 'ദുരന്ത നായക'ൻ്റെ തല കുമ്പിട്ട ചിത്രം ഇപ്പോഴും മനസ്സിലുണ്ട്.. 94 , 98 വർഷങ്ങളിലെ അർജൻ്റീനയുടെ ഗോൾ വേട്ടക്കാരൻ- 'ഗബ്രിയേൽ ബാറ്റിസ്റ്റ്യൂട്ട' യുടെ അലസമായിട്ടിരിക്കുന്ന തോൾ വരെ നീണ്ടു കിടക്കുന്ന മുടി..കൗമാരക്കാരിയുടെ മനം കവർന്ന 'മുടിയൻ'മാർ തുടർന്ന് വന്ന ലോക കപ്പുകളിലും എന്തിന്, 2026 വരെ നീണ്ടു നിൽക്കുന്നു. 'സുന്ദരരിൽ സുന്ദരനായ' ' ഡേവിഡ് ബെക്കാം ' 'റൊണാൾഡീഞ്ഞോ ' എന്നിവരെ കൂടാതെ മുടിയഴകിൽ എനിക്കേറെ ഇഷ്ടമുള്ള ഇക്കാലത്തെ സ്റ്റൈൽ മന്നൻമാർ 'നെയ്മർ ജൂനിയർ ' നോർവേയുടെ 'എർലിങ് ഹാലൻഡ്', സ്പെയിനിൻ്റെ 'ലമീൻ യമാൽ ' എന്നിവരാണ്.
കാൽപന്തുകളിയുടെ മാജിക് ടിവി യിൽ ഞാൻ കണ്ടു തുടങ്ങിയത് 1998ൽ മാത്രമാണെന്ന് മക്കളോട് പറഞ്ഞു. അതേ, നഴ്സിങ് വിദ്യാഭ്യാസത്തിനിടയിൽ അതും ഒരു പരീക്ഷക്കാലത്ത്.. ഹോസ്റ്റലിൽ ക്രിക്കറ്റ് കളികാണാനായിരുന്നു പെൺ പടകളുടെ തള്ളിക്കയറ്റം.. ലോക കപ്പ് ഫുട്ബോൾ ഞാനൊരാൾ മാത്രമാണ് കണ്ടിരുന്നത്.. പരീക്ഷ ആയത് കൊണ്ട് പുസ്തകവുമായി ടിവി ഹാളിൽ ഇരിക്കും.. 'അങ്കവും കാണാം താളിയുമൊടിക്കാം ' എന്ന് പറയുമ്പോലെ.. ഉറക്കമെന്നത് ഇന്നും അന്നും ഒരു വീക്നെസ് ആയിരുന്ന എനിക്ക് ഉറക്കമൊഴിച്ച് പഠിക്കുന്ന നല്ല സ്വഭാവം ഉണ്ടായിരുന്നില്ല..എന്നിരിക്കിലും ലോക കപ്പ് കാണാൻ മാത്രം അലാറം വച്ച് എണീറ്റ് പോകും.. ബ്രസീലും ഫ്രാൻസും തമ്മിലുള്ള ആ ഫൈനൽ മത്സരം.. കാൽപ്പന്ത് കളിയിലെ ലാറ്റിൻ അമേരിക്കൻ മുന്നാക്കം കൊണ്ടു തന്നെ മഞ്ഞപ്പട ജയിക്കണമെന്നായിരുന്നു ഈയുള്ളവളുടെ ആഗ്രഹം.. 'റൊണാൾഡോ' , 'റോബർട്ടോ കാർലോസ് ' , ക്യാപ്റ്റൻ ' ദുംഗ ', യേ യുമൊക്കെ പ്രതിരോധത്തിലാക്കിയ 'ഫ്രാൻസിൻ്റെ വെല്ലുവിളി പ്രകടനവും "സിനഡിൻ സിഡാൻ" എന്ന പുത്തൻ താരോദയവുമെല്ലാം മങ്ങാതെ മായാതെ മനസ്സിൽ തങ്ങുന്നു. പിറ്റേന്ന് രാവിലെ എഴുതിയ ' കമ്മ്യൂണിറ്റി ഹെൽത്ത് നഴ്സിങ് ' പരീക്ഷയിലും 'കാനറി ' യുടെ തോൽവിയിലെ നിരാശ പ്രതിഫലിച്ചിരുന്നു..
അർജൻ്റീന, ബ്രസീൽ ഇഷ്ടം മേൽക്കോയ്മ നേടുമ്പോഴും ഫ്രാൻസും ക്രൊയേഷ്യയും മനസ്സിനോട് അടുത്ത് നിൽക്കുന്നവർ തന്നെയായിരുന്നു. ' ലൂക്കാ മോഡ്രിച്ചിൻ്റെ ' നേതൃത്വത്തിൽ 2018 ൽ ക്രൊയേഷ്യക്ക് കയ്യെത്തും ദൂരത്തിൽ നഷ്ടപ്പെട്ട ലോകകപ്പ് മനസ്സിൽ ഒരു വിങ്ങലേൽപ്പിച്ചു. 2022 ലും സെമിയിൽ അർജൻ്റീനയോട് പരാജയപെട്ടപ്പോഴും വ്യക്തി പരമായി അർജൻ്റീനയോട് ഒരു ചായ്വ് ഉണ്ടെങ്കിൽ കൂടി ക്രൊയേഷ്യ മനസ്സിൽ വീണ്ടുമൊരു വിങ്ങലായി. 2026ൽ പ്രീ ക്വാർട്ടർ പോലും കാണാതെ അവർ പോയപ്പോൾ പറയാൻ പറ്റാത്ത ഒരു മനോദുഖം .' ലൂക്കാ മോഡ്രിച്ച് ' ക്രിസ്റ്റിയാനോ റൊണാൾഡോ ' 'നെയ്മർ ജൂനിയർ' എന്നിങ്ങനെ മഹാരഥന്മാർ ഓരോരുത്തരായി പടിയിറങ്ങുമ്പോൾ ഇനിയും കാലം കാണാൻ കൊതിക്കുന്ന പ്രകടനങ്ങൾ കൈ എത്തി പിടിക്കാൻ ' കിലിയൻ എംബാപ്പെ ' യും ' ലമീൻ യമാലും ' 'ഒസ്മാൻ ഡാംബെലെ ' 'ഹാരി കെയ്ൻ' എന്നിവരെല്ലാവരുമുണ്ട്.. ആരൊക്കെ ഉണ്ടെങ്കിലും , മറഡോണക്ക് ശേഷം എന്നും മനസ്സിൽ നിറയുന്ന ഒരേ ഒരു താരം..അതേ കാൽപ്പന്ത് കളിയിലെ ഒരേ ഒരു 'GOAT ' അർജൻ്റീനയുടെ രക്ഷകൻ ' ലയണൽ മെസ്സി ' തന്നെ. 2022 ഫ്രാൻസിനോട് പൊരുതി നേടിയ ലോക കപ്പും, ഗോൾഡൻ ബോളും ..
ഓർക്കുമ്പോൾ തന്നെ രോമാഞ്ചം..' എ മിലിയാനോ മാർട്ടിനെസി 'ൻ്റെ മറക്കാനാവാത്ത സേവ് കൾ..അതി മനോഹരമായ ഓരോ നിമിഷവും നെഞ്ചിടിപ്പോടെ മാത്രം കണ്ട കളി. ഫ്രാൻസിൻ്റെ മിന്നൽ പ്രകടനം..' കിലിയൻ എംബാപ്പെ ' എന്ന താരോദയം.. ഫൈനലിൽ ഹാട്രിക് നേടി കൊണ്ട്.. ലോക കപ്പ് ഫൈനലിൽ ഹാട്രിക് നേടിയ രണ്ടാമത്തെ താരം..മറക്കാനാവാത്ത പ്രകടനം..
2026 ലോക കപ്പ് മത്സരങ്ങളിൽ മനസ്സിൽ നിറഞ്ഞ് നിൽക്കുന്നത് ' കാബോ വെർഡെ 'എന്ന കൊച്ചു രാഷ്ട്രത്തെ കളിക്കാർ തന്നെ. പ്രത്യേകമായ് ' വോസീനിയ ' എന്ന വിളി പേരുള്ള ഗോൾ കീപ്പർ.. പുതിയ താരോദയങ്ങളുമായി ലോകകപ്പ് കാലാകാലം നിലനിൽക്കട്ടെ.. ഇത് എഴുതി തീർക്കുന്നത് അർജൻ്റീന ഈജിപ്ത് മത്സരം കണ്ടുകൊണ്ടാണ്.. അർജൻ്റീനയുടെ മടക്കം ഏകദേശം ഉറപ്പിക്കാവുന്ന സമയത്താണ് വെറും പതിനഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ഗോളുകൾ വലയിൽ വീഴ്ത്തി അർജൻ്റീന വിജയം നേടിയത്. തികച്ചും അപ്രതീക്ഷിതമായ വിജയം..വാമോസ് അർജൻ്റീന..ഒരിക്കൽ കൂടി ലോക കപ്പ് ചുംബിക്കാൻ അർജൻ്റീനയുടെ ' മിശിഹാ ' ക്ക് ഇട വരുമോ..കാത്തിരുന്നു കാണാം..

മോളമ്മ മാത്യു

