ഒരിക്കൽ സിപിഎമ്മിനും പിണറായി വിജയനും ബ്ലാങ്ക് ചെക്ക് നൽകി വിപ്ലവപരിവേഷത്തോടെ നിറഞ്ഞുനിന്ന ബിഷപ് ഗീവർഗീസ് മാർ കൂറിലോസ് ഒടുവിൽ അപ്രിയ സത്യങ്ങൾ തുറന്നുപറയാൻ തുടങ്ങിയപ്പോൾ അദ്ദേഹത്തിന് കൂച്ചുവിലങ്ങിട്ടത് സ്വന്തം സഭയാണ്. അതോടെ മേൽപ്പട്ട പദവി ഒഴിഞ്ഞ് അദ്ദേഹം പിൻവാങ്ങിയത് വിശ്രമജീവിതത്തിലേക്കാണെന്ന് പലരും കരുതി. അത് തെറ്റെന്ന് തെളിയിച്ചാണ് ഇപ്പോൾ സർക്കാരിനെ തുറന്നെതിർക്കാൻ കഴിയുന്ന ഇടങ്ങളിലേക്കെല്ലാം അദ്ദേഹം ഓടിയെത്തുന്നത്. അതിൽ ഒടുവിലത്തേതാണ് സർക്കാരിനെതിരെ സമരം ചെയ്യുന്ന ആശാവർക്കർമാരെ കാണാനെത്തിയത്.
മനുഷ്യാനകണം എന്ന് പാടിയാൽ പോരാ, ആശാ വർക്കർമാരെ മനുഷ്യരായി പരിഗണിക്കണമെന്ന് പറഞ്ഞത് പിണറായി സക്കാരിൻ്റെ നെഞ്ചിലേക്ക് എയ്ത കൂരമ്പായിരുന്നു. സമര പരമ്പരകളിലൂടെ അധികാരത്തിൽ വന്ന സിപിഎമ്മിന് ഇപ്പോൾ സമരത്തെ പുച്ഛമാണെന്നും സമരം ചെയ്യുന്നവരെ പരിഗണിക്കണമെന്നും ഉള്ള യാക്കോബായ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസിൻ്റ പ്രസ്താവന ഇടത് സർക്കാരിനെതിരെയുള്ള വലിയ പ്രഹരമാണ്. സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുന്ന ആശാവർക്കർമാരെ അഭിസംബോധന ചെയ്തു കൊണ്ടാണ് മെത്രാപ്പോലീത്ത തുറന്നടിച്ചത്.
ഒരുകാലത്ത് ഇടതുപക്ഷത്തിൻ്റെ പ്രത്യേകിച്ച്, സിപിഎമ്മിൻ്റെ അരുമയായ ക്രൈസ്തവ മേലധ്യക്ഷനായിരുന്നു യാക്കോബായ സഭയുടെ നിരണം മുൻ ഭദ്രാസനാധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. സിപിഎമ്മിൻ്റെ സംസ്ഥാന സമ്മേളനങ്ങളിലെ സാന്നിധ്യം, ശബരിമല പ്രക്ഷോഭത്തിന് പിന്നാലെ ഇടതു സർക്കാർ മുൻകൈയ്യെടുത്ത് നടത്തിയ വനിതാ മതിൽ അടക്കം പല പരിപാടികളെയും പിന്തുണച്ചിട്ടുള്ള മെത്രാപ്പോലീത്ത, കഴിഞ്ഞ മൂന്നാല് കൊല്ലങ്ങളായി സിപിഎമ്മിൻ്റെ ശത്രുപക്ഷത്താണ്. തരം കിട്ടുമ്പോഴൊക്കെ ബിഷപ്പും സിപിഎം പരസ്പരം ഏറ്റുമുട്ടാറുമുണ്ട്.
2012ൽ തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പുത്തരിക്കണ്ടം മൈതാനത്ത് നടത്തിയ ചിത്രപ്രദർശനത്തിൽ വിപ്ലവകാരികൾക്കൊപ്പം യേശുവിന്റെ ചിത്രം പ്രദർശിപ്പിച്ചത് വിവാദമായി. എല്ലാ സഭാ നേതൃത്വങ്ങളും ഇതിൽ പാർട്ടിക്കെതിരെ പ്രതിഷേധിച്ചു. അന്നവിടെ നേരിട്ടെത്തി പ്രദർശനം കണ്ട് പാർട്ടി നിലപാടിനെ പരസ്യമായി പിന്തുണച്ചു മാർ കൂറിലോസ്. ക്രിസ്തുവും കാറൽ മാക്സും ചെഗുവേരയും വിപ്ലവകാരികളാണെന്ന് അന്ന് പ്രഖ്യാപിച്ച വിപ്ലവകാരി കൂടിയാണ് മാർ കൂറിലോസ്. അത് വിവാദമായപ്പോൾ ബിഷപ്പിൻ്റെ നിലപാട് വേദവിപരീതമാണെന്ന് പറഞ്ഞ യാക്കോബായ സഭാംഗം പോൾ വർഗീസിനെ പുറത്താക്കി സഭയും നിലപാട് ഉയർത്തിപ്പിടിച്ചു.
ദൈവനിഷേധികളെന്ന് മുദ്രയടിക്കപ്പെട്ടിരുന്ന സിപിഎമ്മിന് മാർ കൂറിലോസിൻ്റെ പിന്തുണയും സാമീപ്യവും വലിയ നേട്ടമായി. ഇടതുപക്ഷത്തെ വിവാദങ്ങളിൽ നിന്നും കരകയറ്റുന്നത് ആയിരുന്നു ആ പ്രസ്താവന. അതിനെതിരെ സഭയുടെ ഔദ്യോഗിക വക്താവായ ഒരു ബിഷപ്പ് പരസ്യമായി രംഗത്ത് വന്നെങ്കിലും അത് വൈദികർ തമ്മിലുള്ള പ്രശ്നമായി മാറിയതേയുള്ളൂ. ഒന്നാം പിണറായി സർക്കാരിൻ്റെ കാലത്ത് സർക്കാരിൻ്റെ എല്ലാ പദ്ധതികളെയും പരിപാടികളെയും മാർ കൂറിലോസ് കണ്ണടച്ച് പിന്തുണച്ചു.2019 ഓഗസ്റ്റ് 19ന് പ്രളയത്തെ മുന്നിൽകണ്ട നാളുകളിൽ ‘പിണറായി കാലം ആവശ്യപ്പെട്ട നേതാവ്’ എന്ന തലക്കെട്ടിൽ ബിഷപ്പ് എഴുതിയ കുറിപ്പ് വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതാണ്.
പോകപ്പോകെ ഇടത് സർക്കാർ ഇടത് നയങ്ങളിൽ നിന്ന് വ്യതിചലിച്ചു തുടങ്ങിയപ്പോൾ ബിഷപ്പ് സോഷ്യൽ മീഡിയായിലും പുറത്തും സർക്കാരിനെതിരെ അപ്രിയ സത്യങ്ങൾ പറയാൻ തുടങ്ങിയതോടെ സഖാക്കൾ മെത്രാനെതിരെ ക്യാപ്സ്യൂൾ ഇറക്കിത്തുടങ്ങി.
പാർട്ടി പരിപാടികളിൽ പങ്കെടുപ്പിക്കാതായി. അപ്രഖ്യാപിത വിലക്കും ഏർപ്പെടുത്തി. ഇതേ സമയത്ത് തന്നെ രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കും അദ്ദേഹം ഉയർത്തിയ ആശയങ്ങൾക്കും അനുകൂലമായ നിലപാട് സ്വീകരിക്കാൻ ബിഷപ്പ് തയ്യാറാകുകയും ചെയ്തു. ഇത് കോൺഗ്രസുകാരെ പോലും അമ്പരപ്പിച്ചു. രാഷ്ട്രീയക്കാരുടെ പൊതുവേയുള്ള കാപട്യം രാഹുലിന് അത്ര പരിചയം ഇല്ലെന്ന് തോന്നുന്നു. സാധാരണ ജനങ്ങളുമായി അദ്ദേഹം സംവദിക്കുമ്പോള്‍ അതില്‍ കൃത്രിമത്വം തോന്നാറില്ലെന്നും കേരളത്തിലെ അദ്ദേഹത്തിന്റെ യാത്രയ്ക്ക് ലഭിക്കുന്ന അഭൂതപൂര്‍വ്വമായ സ്വീകരണം അതിന്റെ തെളിവാണെന്നും കൂറിലോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു.
സംസ്ഥാന പോലീസിൻ്റെ തെറ്റായ നയങ്ങളേയും മനുഷ്യാവകാശ ലംഘനങ്ങളേയും അദ്ദേഹം രൂക്ഷമായി വിമർശിക്കുന്നതും പതിവായി. ഇതോടെ സഖാക്കളുടെ കണ്ണിലെ കരടായി. ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇടത് മുന്നണിക്കുണ്ടായ കനത്ത തിരിച്ചടിയെക്കുറിച്ച് ബിഷപ്പ് എഴുതിയ പോസ്റ്റ് മുഖ്യമന്ത്രി അടക്കമുള്ള ഇടത് നേതാക്കളെ ചൊടിപ്പിച്ചു.
“കിറ്റ് രാഷ്ട്രീയത്തിൽ ഒന്നിലധികം പ്രാവശ്യം ജനങ്ങൾ വീഴില്ല, പ്രത്യേകിച്ച് കേരളത്തിൽ. തിരുത്തുമെന്ന് നേതൃത്വം പറയുന്നത് സ്വാഗതാർഹമാണ്. അത് പക്ഷേ തൊലിപ്പുറത്തുള്ള തിരുത്തൽ ആവരുത്. രോഗം ആഴത്തിലുള്ളതാണ്. ചികിത്സയും ആഴത്തിൽ തന്നെ ഇറങ്ങണം. ഇടതുപക്ഷം ‘ഇടത്’ തന്നെ നിൽക്കണം. ഇടത്തേക്ക് ഇൻഡിക്കേറ്റർ ഇട്ടിട്ട് വലത്തേക്ക് വണ്ടിയോടിച്ചാൽ അപകടം ഉണ്ടാകും. ലക്ഷ്യസ്ഥാനത്ത് എത്തില്ല. ബിജെപിയേക്കാൾ രൂക്ഷമായി രാഹുൽ ഗാന്ധിയെ ടാർജറ്റ് ചെയ്ത ഇടതുപക്ഷത്തിൻ്റെ നിലപാട് തിരിച്ചടിക്ക് കാരണമായി” -തിരഞ്ഞെടുപ്പ് കാലത്തെ പിണറായിയുടെ പ്രസംഗങ്ങളെ പരോക്ഷമായി സൂചിപ്പിച്ച് ബിഷപ്പ് ഫെയ്സ്ബുക്കിലിട്ട ഈ പോസ്റ്റ് വലിയ ചർച്ചയായി.
ഇതിനെല്ലാം തിരിച്ചടിയായിട്ടാണ് പുരോഹിതരിലും ചില വിവരദോഷികളുണ്ടെന്ന് മുഖ്യമന്ത്രി പിണറായി പ്രസംഗിച്ചത്. ഇത്രയുമായതോടെ പിണറായി സർക്കാരുമായി അടുപ്പം പുലർത്തുന്ന യാക്കോബായ സഭാ നേതൃത്വം മാർ കൂറിലോസിന് ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. തുറന്ന് പറച്ചിലും തുറന്നെഴുത്തും വേണ്ടായെന്ന് ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിന് നിർദ്ദേശം നൽകി. നിയന്ത്രണങ്ങളിൽ ശ്വാസം മുട്ടിയ അദ്ദേഹം 17 വർഷത്തെ മേൽപ്പട്ട പദവിയൊഴിഞ്ഞ് 2023 ഒക്ടോബറിലാണ് സ്ഥാനത്യാഗം ചെയ്തത്.