കേരളത്തെ ഒന്നാകെ നടുക്കിയ ഷാരോൺ വധക്കേസിൽ ഒന്നാം പ്രതിയായ ഗ്രീഷ്മ കുറ്റക്കാരി. കഷായത്തിൽ വിഷം കലർത്തി ഷാരോണിനെ കാമുകിയായിരുന്ന ഗ്രീഷ്‌മ കൊലപ്പെടുത്തിയെന്നാണ് കേസ്. ഗ്രീഷ്‌മയെ കൂടാതെ അമ്മ സിന്ധുവും അമ്മാവൻ നിർമ്മല കുമാരനും ഗൂഢാലോചന കേസിൽ പ്രതികളായിരുന്നു.
രണ്ടാം പ്രതിയായ ഗ്രീഷ്മയുടെ അമ്മയെ തെളിവുകളുടെ അഭാവത്തിൽ വെറുതേവിട്ടു. മൂന്നാം പ്രതിയായ അമ്മാവനും കുറ്റക്കാരനാണെന്ന് കണ്ടെത്തി. ഗ്രീഷ്മയ്ക്കും അമ്മാവനുമുള്ള ശിക്ഷ നാളെ വിധിക്കും. രണ്ടു വര്‍ഷത്തെ വിചാരണ നടപടികള്‍ക്ക് ശേഷമാണ് വിധി വരുന്നത്.
നെയ്യാറ്റിൻകര സെഷൻസ് കോടതി ജഡ്‌ജി എംഎം ബഷീറാണ് വിധി പറഞ്ഞത്. വിഷം കൊടുത്തതിനും കൊലപാതകത്തിനും അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിച്ചതിനുമുള്ള കുറ്റങ്ങളാണ് ഒന്നാം പ്രതിയായ ഗ്രീഷ്‌മയ്‌ക്കെതിരെ ചുമത്തിയിരുന്നത്. രണ്ടും മൂന്നും പ്രതികളായ അമ്മയ്‌ക്കും അമ്മാവനുമെതിരെ തെളിവ് നശിപ്പിച്ചതിനാണ് കേസെടുത്തിരുന്നത്.
2022 ഒക്‌ടോബർ 14നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഷാരോണും ഗ്രീഷ്‌മയും വർഷങ്ങളായി പ്രണയത്തിലായിരുന്നു. ഇതിനിടെ ഗ്രീഷ്‌മയ്ക്ക് മറ്റൊരു വിവാഹാലോചന വരികയും അത് ഉറപ്പിക്കുകയും ചെയ്‌തു. ഇതോടെ ഷാരോണിനെ ഒഴിവാക്കാൻ ഗ്രീഷ്‌മ ജ്യൂസ് ചലഞ്ച് നടത്തി. വിദഗ്‌ധമായി പാരസെറ്റാമോള്‍ കലർത്തിയ ജ്യൂസ് ഷാരോണിനെ കൊണ്ട് കുടിപ്പിച്ചു. ദേഹാസ്വസ്ഥ്യമുണ്ടായെങ്കിലും പക്ഷേ ഷാരോണ്‍ രക്ഷപ്പെട്ടു. പിന്നീടാണ് വീട്ടിലേക്ക് വിളിച്ച് വരുത്തി കഷായത്തിൽ കീടനാശിനി കലർത്തി കൊടുത്തത്. തുടർന്ന് ദേഹാസ്വസ്ഥ്യമുണ്ടായ ഷാരോണിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. പതിനൊന്ന് ദിവസത്തിന് ശേഷം ചികിത്സയിലായിരുന്ന ഷാരോണ്‍ ആന്തരികാവയവങ്ങൾ തകർന്ന് മരിക്കുകയായിരുന്നു.