PRAVASI

പകുതി വിലക്ക് സ്കൂട്ടർ തട്ടിപ്പ് കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റും പ്രതി

Blog Image

പകുതി വിലയിൽ സ്കൂട്ടർ നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ കോൺഗ്രസ് നേതാവ് ലാലി വിൻസെൻ്റും പ്രതി. കണ്ണൂര്‍ ടൗണ്‍ പോലീസെടുത്ത കേസിൽ ഏഴാം പ്രതിയാണ്. കണ്ണൂര്‍ ബ്ലോക്കില്‍ 494 പേരില്‍ നിന്ന് മൂന്ന് കോടിയോളം രൂപ തട്ടിയെടുത്തെന്നാണ് കേസ് കേസ്. ഒന്നാം പ്രതി അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളാണുള്ളത്.

പകുതി വിലയ്ക്ക് ഇലക്ട്രിക് സ്‌കൂട്ടര്‍, തയ്യല്‍ മെഷീന്‍, ലാപ്‌ടോപ് തുടങ്ങിയവ വാഗ്ദാനം ചെയ്ത് അനന്തു കൃഷ്ണന്‍ന് സംസ്ഥാന വ്യാപകമായി നടത്തിയ തട്ടിപ്പ് 1000 കോടി കടക്കുമെന്നാണ് പോലീസ് നിഗമനം. കണ്ണൂർ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, പാലക്കാട്‌ ജില്ലകൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തട്ടിപ്പ് നടന്നിട്ടുള്ളത്. കണ്ണൂര്‍ ജില്ലയിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചിരിക്കുന്നത്. 2000 പരാതികള്‍. ഇടുക്കിയില്‍ 350 പരാതികള്‍ ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് കേസുകള്‍ എടുത്തിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നിന്നു മാത്രം 700 കോടി തട്ടിയെടുത്തെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പാലക്കാട്ടും 11 പരാതികള്‍ ലഭിച്ചിട്ടുണ്ട്.

മുവാറ്റുപുഴ പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത അനന്തു കൃഷ്ണന്റെ ഒറ്റ ബാങ്ക് അക്കൗണ്ടില്‍ മാത്രം 400 കോടി രൂപയാണ് എത്തിയത്. ഇതില്‍ അവശേഷിക്കുന്നതു മൂന്ന് കോടി രൂപ മാത്രമെന്നും പോലീസ് പറയുന്നു. എല്ലാ രാഷ്ട്രീയ കക്ഷി നേതാക്കളുമായും അടുപ്പം പുലര്‍ത്താനും പൊതുസമൂഹത്തിനു മുന്നില്‍ ഈ അടുപ്പം പ്രദര്‍ശിപ്പിക്കാനും അനന്തു കൃഷ്ണന്‍ പ്രത്യേക താല്‍പര്യം കാണിച്ചിരുന്നുവെന്നും പോലീസ് അറിയിച്ചു.

സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ നാഷനല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്റെ പേരിലായിരുന്നു തട്ടിപ്പ്. 6000 രൂപ വരെ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കിയിരുന്നു. വാങ്ങുന്ന സാധനത്തിന്റെ പകുതി വിലയും മുന്‍കൂര്‍ നല്‍കണം. ബാക്കി തുക വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ടില്‍നിന്ന് ലഭ്യമാക്കും എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ആദ്യഘട്ടത്തില്‍ കുറെപ്പേര്‍ക്കു സാധനങ്ങള്‍ നല്‍കി. ശേഷിക്കുന്നവരുടെ പണമാണ് നഷ്ടമായതെന്ന് പരാതികളില്‍ പറയുന്നു

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.