ഒരു പൂ വിരിയുന്നത് പോലെ മനോഹരമാണ് ഒരു കുഞ്ഞിന്റെ വളർച്ചാഘട്ടവും. സ്വയവും ചുറ്റുമുള്ളവരിലും സന്തോഷം നിറച്ച്, ജീവിതത്തിലേക്കുള്ള ഓരോ പാഠവും പഠിച്ച്, അങ്ങനെയങ്ങനെ. എന്നാൽ, എല്ലാ കുഞ്ഞുങ്ങളുടെയും വളർച്ച അങ്ങനെയാണോ? അല്ലെന്ന് ചുറ്റുമൊന്ന് നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും.
ഒരു പൂ വിരിയുന്നത് പോലെ മനോഹരമാണ് ഒരു കുഞ്ഞിന്റെ വളർച്ചാഘട്ടവും. സ്വയവും ചുറ്റുമുള്ളവരിലും സന്തോഷം നിറച്ച്, ജീവിതത്തിലേക്കുള്ള ഓരോ പാഠവും പഠിച്ച്, അങ്ങനെയങ്ങനെ. എന്നാൽ, എല്ലാ കുഞ്ഞുങ്ങളുടെയും വളർച്ച അങ്ങനെയാണോ? അല്ലെന്ന് ചുറ്റുമൊന്ന് നിരീക്ഷിച്ചാൽ നമുക്ക് മനസ്സിലാകും. മാനസികാഘാതമുൾപ്പെടെ പലവിധ വെല്ലുവിളികൾ അതിജീവിച്ചാണ് പല കുട്ടികളും വളരുന്നത്.
ചൈൽഡ്ഹുഡ് ട്രോമ അഥവാ ബാല്യകാല മാനസികാഘാതത്തിന് ഒരു കുഞ്ഞിന്റെ വൈകാരികവും മാനസികവും ശാരീരികവുമായ ആരോഗ്യത്തിൽ ദീർഘകാല ഫലങ്ങളുണ്ടാക്കും. ഏതെങ്കിലും വിധത്തിലുള്ള ചൂഷണമോ, അവഗണനയോ, ഏതെങ്കിലും തരത്തിലുള്ള അക്രമത്തിന് സാക്ഷിയാകുന്നതോ അങ്ങനെ വളരെ ആഴത്തിലുള്ള വേദന നൽകുന്ന അവസ്ഥയാണ് ചൈൽഡ്ഹുഡ് ട്രോമ എന്ന് അറിയപ്പെടുന്നത്. അപകടം പോലെ ഒറ്റത്തവണ പെട്ടെന്ന് നടന്നതോ അല്ലെങ്കിൽ രക്ഷിതാക്കളിൽ നിന്ന് അകലുകയോ അവരിൽ നിന്ന് നേരിടുന്ന അവഗണന പോലെ കാലങ്ങളായി തുടരുന്നതോ ആകാം. മുതിർന്ന ഒരാൾക്ക് നിസാരമെന്ന് തോന്നുന്ന സംഭവം ഒരു കുഞ്ഞിന് അവന്റെ ജീവിതത്തെ തന്നെ ബാധിക്കുന്ന ട്രോമ ആയേക്കാം. ഒരു സംഭവത്തോട് കുട്ടി പ്രതികരിക്കുന്ന രീതിയാണ് പ്രധാനം. സുരക്ഷാബോധത്തെയും വൈകാരിക ജീവിതത്തെയും അത് സാരമായി ബാധിക്കാം. ഇത്തരം സന്ദർഭങ്ങളിലാണ് ട്രോമകെയർ കുരുന്നുകളുടെ രക്ഷയ്ക്കെത്തുന്നത്. കൃത്യമായ പരിചരണവും പിന്തുണയും കൊണ്ട് കുട്ടിക്ക് തന്റെ മനസിനേറ്റ മുറിവുണക്കാനും കൂടുതൽ കരുത്തോടെ വളരാനും കഴിയും. ട്രോമ-ഇൻഫോർമ്ഡ് കെയർ എന്ന പരിചരണ വിഭാഗം സഹാനുഭൂതിയോടെ കുരുന്നുകളെ സമീപിച്ച് അവരിൽ സുരക്ഷിതത്വബോധം വളർത്തുന്നു.
ട്രോമ കുട്ടിയെ ബാധിക്കുന്നത് എങ്ങനെ?
ഒരു കുട്ടിയുടെ പ്രായം, സ്വഭാവം, അവൻ അല്ലെങ്കിൽ അവൾ നേരിട്ട ട്രോമയുടെ വിധം എന്നിവ അനുസരിച്ച് പലവിധത്തിലാണ് അവരെ ബാധിക്കുക.സ്വഭാവത്തിലുണ്ടാകുന്ന മാറ്റം- ഏതെങ്കിലും വിധത്തിലുള്ള ട്രോമയിലൂടെ കടന്നുപോയ കുട്ടികൾ പലപ്പോഴും വൈകാരികമായും സ്വഭാവത്തിലും വ്യത്യാസം പ്രകടമാക്കാറുണ്ട്. ഉത്കണ്ഠ, വിഷാദം, പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ പേടിയോ സങ്കടമോ തോന്നുക, അനാവശ്യമായ ആധി, സുഖകരമല്ലാത്ത ഉറക്കം, മറ്റു കുട്ടികളെ അപേക്ഷിച്ച് അടിക്കടി കരയുക എന്നിങ്ങനെ പലതും അവരെ ബുദ്ധിമുട്ടിക്കാറുണ്ട്. ദേഷ്യവും ആക്രമണസ്വഭാവവും സാധാരണമാണ്. ചില കുട്ടികൾ ഇടയ്ക്കിടെ പൊട്ടിത്തെറിക്കുകയോ ചെറിയ കാര്യങ്ങളിൽ പോലും അസ്വസ്ഥരാവുകയോ ചെയ്യാറുണ്ട്. വൈകാരികമായി നിയന്ത്രിക്കുക എന്നത് ബുദ്ധിമുട്ടാകും. സാധാരണഗതിയിൽ അവരെ ബാധിക്കാത്ത പ്രശ്നങ്ങളിൽ പോലും അപ്രതീക്ഷിതമായോ അമിതമായോ പ്രതികരിക്കാം. അതേസമയം, ചില കുട്ടികൾ സുഹൃത്തുക്കളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്ന് ഉൾവലിയുകയോ ഒരിക്കൽ അവർ ഇഷ്ടപ്പെട്ടിരുന്ന പ്രവൃത്തികൾ ആസ്വദിക്കാതെ ഒറ്റയ്ക്ക് ഇരിക്കാൻ ആഗ്രഹിക്കുകയും ചെയ്തേക്കാം.
പഠനത്തെ ബാധിക്കാം
ഏതെങ്കിലും ട്രോമയിലൂടെ കടന്നുപോയ കുട്ടിയുടെ സ്വഭാവത്തിൽ മാറ്റം വരുന്നതിനൊപ്പം ഒരു കാര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ ബുദ്ധിമുട്ട് നേരിടുന്നതായും കണ്ടുവരാറുണ്ട്. ഇത് ക്ലാസിൽ ശ്രദ്ധിക്കാതിരിക്കുന്നതിനും മറ്റു പഠനകാര്യങ്ങളിൽ ശ്രദ്ധ നൽകാതിരിക്കുന്നതിലേക്കും നയിക്കാം. ഓർമ്മയെ പോലും ബാധിച്ചേക്കാം. ക്ലാസിൽ പഠിപ്പിച്ച ഭാഗങ്ങൾ ഓർക്കാൻ കഴിയാതിരിക്കുക, സ്കൂളിലെ ഹോംവർക്ക് പൂർത്തിയാക്കാൻ മറന്നുപോവുക ഇതൊക്കെയും ഇതിന്റെ ഭാഗമാകാം. ഇവ കുട്ടിയുടെ പഠനമികവിനെ സാരമായി ബാധിച്ചേക്കാം.
ബന്ധങ്ങൾക്ക് തടസം
ഒരു ട്രോമ നേരിട്ടാൽ, പ്രത്യേകിച്ച് രക്ഷിതാക്കളുമായോ അത്ര അടുത്ത മറ്റാരെങ്കിലുമായോ ബന്ധപ്പെട്ടാണ് അതെങ്കിൽ കുട്ടികളിൽ ട്രസ്റ്റ് ഇഷ്യു അഥവാ മുതിർന്നവരെയോ തന്റെ പ്രായത്തിൽപ്പെട്ടവരെ പോലും വിശ്വസിക്കാത്ത അവസ്ഥ കണ്ടുവരാറുണ്ട്. ഇത് ക്രമേണ സൗഹൃദങ്ങളുണ്ടാക്കുന്നതിൽ നിന്ന് പിന്നോട്ടു വലിക്കും. അവർ നാണംകുണുങ്ങിയോ, പേടിയുള്ളവരോ, അമിതമായി ആക്രമണസ്വഭാവമോ ഉള്ളവരാവുകയും ക്രമേണ സമൂഹത്തിൽ നിന്ന് ഒറ്റപ്പെടുകയും ചെയ്യും.
ശാരീരിക, ആരോഗ്യ പ്രശ്നങ്ങൾ
വൈദ്യശാസ്ത്രപരമായി ഒരു പ്രശ്നമില്ലാതെ തന്നെ അടിക്കടിയുണ്ടാകുന്ന തലവേദന, വയർവേദന, തളർച്ച എന്നിവയൊക്കെയും ട്രോമയുടെ ഫലമായുണ്ടാകുന്നതാകാം. നേരിട്ട ട്രോമ പരിഹരിക്കപ്പെട്ടില്ലെങ്കിൽ കുട്ടി വളരുന്തോറും ലഹരിക്ക് അടിമപ്പെടുകയോ സ്വയം മുറിവേൽപ്പിക്കുന്നതിലോ ആക്രമണകാരിയാകുന്നതിലോ കലാശിക്കാം.
എന്താണ് ട്രോമ-ഇൻഫോർമ്ഡ് കെയർ?
ഒരു കുരുന്നിന്റെ ജീവിതത്തെയും പെരുമാറ്റത്തെയും ട്രോമ എങ്ങനെയൊക്കെ ബാധിക്കുന്നെന്ന് മനസ്സിലാക്കി അവർക്ക് കൃത്യമായ പിന്തുണ നൽകുന്നതാണ് ട്രോമ -ഇൻഫോർമ്ഡ് കെയർ സംവിധാനം. കുട്ടികൾക്ക് അവരെ മനസ്സിലാക്കുകയും പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന സുരക്ഷിതമായ ഇടമൊരുക്കി അവരെ അവരുടെ മനസ്സിനേറ്റ മുറിവുണക്കാൻ സഹായിക്കുകയും പൂർവസ്ഥിതി പ്രാപിക്കാനുള്ള നൈസർഗികമായ കഴിവ് വളർത്തിയെടുക്കുകയുമാണ് ചെയ്യുന്നത്. സ്കൂളിലായാലും വീട്ടിലായാലും കുട്ടിയുടെ സംരക്ഷണത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും എല്ലാ ഘട്ടങ്ങളിലും, നേരിട്ട ട്രോമ മുഖവിലയ്ക്കെടുക്കുന്നുണ്ടെന്ന് ട്രോമ- ഇൻഫോംഡ് കെയർ ഉറപ്പുവരുത്തുന്നു. കുട്ടിയുടെ ബുദ്ധിമുട്ടേറിയ പെരുമാറ്റം നന്നാക്കുക എന്നതല്ല ട്രോമ- ഇൻഫോംഡ് കെയർ ലക്ഷ്യം വയ്ക്കുന്നത്. ഈ കുട്ടിക്കെന്തോ പ്രശ്നമുണ്ട് എന്ന് ചിന്തിക്കുന്നതിന് പകരം എന്താണ് ആ കുരുന്നിന്റെ പ്രശ്നം എന്ന് അറിയാനാണ് ട്രോമ- ഇൻഫോംഡ് കെയർ ശ്രമിക്കുന്നത്.
ശാരീരികവും വൈകാരികവും സുരക്ഷിതമാണെന്ന് തോന്നലുണ്ടാക്കുന്ന ഒരിടം സൃഷ്ടിക്കുന്നതിലാണ് ട്രോമ-ഇൻഫോർമ്ഡ് കെയർ ശ്രദ്ധ നൽകുന്നത്. അവിടെ കുട്ടികൾ ശാന്തരാകും. അവരോട് സത്യസന്ധരും വിശ്വസ്തരുമാകുകയും ചെയ്യുന്നതിലൂടെ അവരുടെ വിശ്വാസം പിടിച്ചുപറ്റുന്നു. അവരുടെ ചുറ്റുപാടിൽ അവർക്ക് ആത്മവിശ്വാസം ഉണ്ടാക്കുന്നു.അദ്ധ്യാപകർ, രക്ഷിതാക്കൾ, ഡോക്ടർമാർ തുടങ്ങിയവരുമായി ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിലൂടെ കുട്ടികളെ സഹായിക്കാൻ എല്ലാ സപ്പോർട്ട് സിസ്റ്റവും ഒന്നിച്ചുണ്ടെന്ന് ഉറപ്പുവരുത്തുന്നു. കുട്ടിയുടെ സാംസ്കാരിക പശ്ചാത്തലം മനസ്സിലാക്കുന്നത് അവരുടെ കുടുംബത്തിൻ്റെ മൂല്യങ്ങളെയും പാരമ്പര്യങ്ങളെയും മാനിക്കുന്ന വിധത്തിൽ പരിചരണം നൽകുന്നതിന് സഹായിക്കുന്നു.
ട്രോമ-ഇൻഫോർമഡ് കെയറിന്റെ സഹായം
ഒരു ട്രോമ നേരിട്ട കുട്ടിയുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ ട്രോമ-ഇൻഫോർമഡ് കെയർ വലിയ പങ്കുവഹിക്കുന്നു. അവർക്ക് പിന്തുണയേകുന്ന ഒരു അന്തരീക്ഷം ഒരുക്കുന്നത് മുതൽ എല്ലാവിധത്തിലും കുട്ടികളെ സുഖപ്പെടുത്താനാണ് ശ്രമിക്കുന്നത്. സുരക്ഷിതമായ ഇടം ഒരുക്കുന്നതിലൂടെ ഉത്കണ്ഠയും വിഷാദവും കുറയ്ക്കുന്നു. പഠിക്കാനും ഭാവിയിലും ഒരു പ്രശ്നം വന്നാൽ നേരിടുന്നതിലുമുള്ള നൈസർഗിക വാസന വളർത്തുന്നു.
സ്കൂളുകൾക്ക് ചെയ്യാനാകുന്നത്-
ട്രോമ-ഇൻഫോർമഡ് കെയർ നൽകുന്നതിൽ സ്കൂളുകൾക്ക് വലിയ പങ്ക് വഹിക്കാനുണ്ട്. ഈ സമീപനത്തിൽ പരിശീലനം ലഭിച്ച അദ്ധ്യാപകർക്ക് ട്രോമ നേരിടുന്ന കുട്ടികളെ പെട്ടെന്ന് കണ്ടെത്താനും അവരെ സഹാനുഭൂതിയോടെ കൈകാര്യം ചെയ്യാനും സാധിക്കും.
സുരക്ഷിതയിടം ഒരുക്കുക- വികാരവിക്ഷോഭമുണ്ടാകുന്ന വേളകളിൽ കുട്ടികൾക്ക് ചെന്നിരിക്കാൻ സുരക്ഷിതമായ ഇടം ഒരുക്കാം
ചിട്ടയായ ദിനചര്യ - സ്ഥിരമായ ഒരു ഷെഡ്യൂൾ നിലനിർത്തുന്നത് കുട്ടികളിൽ ഉത്കണ്ഠയും കുറയ്ക്കാൻ സഹായിക്കുന്നു.
സാമൂഹിക-വൈകാരിക പഠനം: വികാരങ്ങൾ നിയന്ത്രിക്കാനും സമ്മർദ്ദം കൈകാര്യം ചെയ്യാനും ബന്ധം കെട്ടിപ്പടുക്കാനും കുട്ടികളെ പഠിപ്പിക്കുന്ന പ്രോഗ്രാമുകൾ സംഘടിപ്പിക്കാം.
രക്ഷിതാക്കൾക്ക് ചെയ്യാവുന്നത്
ക്ഷമയുണ്ടാവുക, അവരെ മനസ്സിലാക്കുക: ഒരു കുട്ടിയുടെ വെല്ലുവിളി നിറഞ്ഞ പെരുമാറ്റം മാനസികാഘാതത്തിൽ നിന്നാകാം എന്ന് തിരിച്ചറിഞ്ഞ് നിരാശയേക്കാൾ അവരോട് അനുകമ്പയോടെ പ്രതികരിക്കുക.
സുസ്ഥിരമായ അന്തരീക്ഷം സൃഷ്ടിക്കുക: ദിനചര്യകളിലും വീട്ടിലെ നിയമങ്ങളിലും അവരിലുള്ള പ്രതീക്ഷകളിലും സ്ഥിരത പുലർത്തുന്നത് കുട്ടിക്ക് സുരക്ഷിതത്വം തോന്നാനും സമ്മർദ്ദം കുറയ്ക്കാനും സഹായിക്കും.
തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക: മുൻവിധിയില്ലാതെ അവരുടെ വികാരങ്ങളെയും അനുഭവങ്ങളെയും കുറിച്ച് സംസാരിക്കാനുള്ള സ്വാതന്ത്ര്യം കുട്ടിക്ക് നിങ്ങളിലുണ്ടാക്കിയെടുക്കുക
പ്രൊഫഷണൽ പിന്തുണ തേടുക: ട്രോമ-ഇൻഫോർമഡ് കെയറിൽ പരിശീലനം ലഭിച്ച ഒരു തെറാപ്പിസ്റ്റിനോ കൗൺസിലർക്കോ കുട്ടിക്കും കുടുംബത്തിനും പ്രത്യേക സഹായം നൽകാൻ കഴിയും.
Dr. Joseph Sunny kunnacherry.
Founder Prayatna center for child development. Kochi.