ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗതമായിരിക്കുന്ന ക്രിസ്തുമസിനോട് അനുബന്ധിച്ച് സി എം എൽ- അറോഹ ‘24 എന്ന ആക്ടിവിറ്റിക്ക് തുടക്കം കുറിച്ചു.
ചിക്കാഗോ : ചിക്കാഗോ സെൻറ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിലെ ചെറുപുഷ്പ മിഷൻ ലീഗ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആഗതമായിരിക്കുന്ന ക്രിസ്തുമസിനോട് അനുബന്ധിച്ച് സി എം എൽ- അറോഹ ‘24 എന്ന ആക്ടിവിറ്റിക്ക് തുടക്കം കുറിച്ചു. സ്വസൃഷ്ടിപരമായ ആശയങ്ങൾ ഉൾപ്പെടുത്തി ക്രിസ്തുവിൻറെ ജനനവുമായി ബന്ധപ്പെട്ടുള്ള ദൈവവചനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ക്രിസ്മസ് ഗ്രീറ്റിംഗ് കാർഡുകൾ നിർമ്മിച്ചു കുട്ടികൾ ദേവാലയത്തിലെ ഹോൾവേയിൽ സജ്ജമാക്കിയിരിക്കുന്ന ബോക്സിൽ ഡിസംബർ ഒന്നാം തീയതി മുതൽ നിക്ഷേപിക്കുകയും തുടർന്ന് ഡിസംബർ 21ആം തീയതി കുട്ടികൾ ഉണ്ടാക്കിയ കാർഡുകൾ എല്ലാം ദേവാലയത്തിന്റെ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ സന്ദർശിച്ച് അവിടെയുള്ള അന്തേവാസികൾക്കായി ഈ ഗ്രീറ്റിംഗ് കാർഡുകൾ വിതരണം ചെയ്തു ക്രിസ്തുമസിന്റെ സന്ദേശം അവരിൽ എത്തിക്കുന്ന തരത്തിലുള്ള ഒരു സംവിധാനമാണ് CML - AROHA’24 വഴി വിഭാവനം ചെയ്തിരിക്കുന്നത്. ക്രിസ്മസ് സീസണിൽ പ്രായാധിക്യ രോഗങ്ങളാൽ നിലാരംഭരായി വൃദ്ധസദനങ്ങളിൽ കഴിയുന്ന
ആളുകളോട് സ്നേഹവും കരുതലും വളർത്തുവാൻ CML കുട്ടികൾ ചെയ്യുന്ന ഒരു കാരുണ്യ പ്രവർത്തനമാണിത്.
“സ്നേഹവും ദയയും ഒരിക്കലും പാഴാക്കപ്പെടുന്നില്ല. അവ എപ്പോഴും ഒരു വ്യത്യാസം ഉണ്ടാക്കുന്നു. അവയെ സ്വീകരിക്കുന്നവനെ അവർ അനുഗ്രഹിക്കുന്നു, ദാതാവായ നിങ്ങളെ അവർ അനുഗ്രഹിക്കുന്നു”. പ്രസ്തുത ആമുഖത്തോടെ
സി .എം .എൽ ജോയിൻ ട്രഷറർ ഡാനി വാളത്താറ്റ് മാതാപിതാക്കൾക്കായി നടത്തിയ പ്രഭാഷണത്തിൽ ക്രിസ്മസ് സീസണിൽ പ്രായമായവരോട് സ്നേഹം വളർത്തുന്നതിന് CML കുട്ടികൾ ചെയ്യുന്ന ഈ കാരുണ്യ പ്രവർത്തനത്തിൽ എല്ലാ കുട്ടികളെയും പങ്കുകാർ ആക്കണമെന്ന് അഭ്യർത്ഥിച്ചു.
ഡിസംബർ 21 ന് തങ്ങളുടെ ഇടവക ദേവാലയ പരിസരപ്രദേശങ്ങളിലുള്ള വൃദ്ധസദനങ്ങൾ സന്ദർശിച്ച് ക്രിസ്മസ് കരോളിംഗും കാർഡ് വിതരണവും നടത്തി ഞങ്ങളുടെ സ്നേഹവും ദയയും പ്രചരിപ്പിക്കാൻ ഉതകുന്ന ഈ സംരംഭത്തിൽ മാതാപിതാക്കളുടെ പ്രോത്സാഹനം വളരെ അത്യന്താപേക്ഷിതമാണെന്ന് ഡാനി തൻറെ പ്രഭാഷണത്തിൽ സൂചിപ്പിച്ചു.
ദൈവം നമുക്ക് യേശുവിനെ സമ്മാനമായി നൽകിയത് അവൻ്റെ സ്നേഹവും ദയയും കൊണ്ടാണ്. അതിനാൽ, ഈ സ്നേഹവും ദയയും ലോകമെമ്പാടും പ്രചരിപ്പിക്കാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു എന്നും, നമ്മുടെ അയൽക്കാരോട് നമ്മുടെ സ്നേഹവും ദയയും കാണിക്കാൻ ഈ സംരംഭം നമുക്ക് ഒരു അതുല്യമായ അവസരം നൽകുമെന്നും അത്തരം ആളുകളുമായി സമയം ചെലവഴിക്കുന്നത് ലോകത്തെക്കുറിച്ചുള്ള നമ്മുടെ ധാരണകൾ വിശാലമാക്കുന്നതിനുള്ള ഒരു മികച്ച മാർഗ്ഗമാണിത് എന്നും CML സെക്രട്ടറി ടോം പ്ലാത്താനത്ത് കുട്ടികൾക്കായി നടത്തിയ പ്രഭാഷണത്തിൽ പരാമർശിക്കുകയുണ്ടായി.
സി .എം .എൽ അറോഹ ‘24 എന്ന ആക്ടിവിറ്റിയുടെ തുടക്കം എന്നോണം നവംബർ 24 ആം തീയതി വിശുദ്ധ കുർബാനയ്ക്കുശേഷം CML എക്സിക്യൂട്ടീവ് അംഗങ്ങൾ ഗ്രീറ്റിംഗ് കാർഡുകൾ ഉണ്ടാക്കുകയും മിഷൻ ലീഗ് കുട്ടികൾ നിർമ്മിക്കുവാൻ പോകുന്ന ഗ്രീറ്റിംഗ് കാർഡുകൾ നിക്ഷേപിക്കുന്നതിനുള്ള പ്രത്യേക ബോക്സ് ദേവാലയത്തിന്റെ ഹോൾവെയിൽ സജ്ജമാക്കുകയും ചെയ്തു.