ഡെട്രോയിറ്റ്: ആഗോള ക്രൈസ്തവ കൂട്ടായ്മയുടെ ഭാഗമായി ഡെട്രോയിറ്റ് മാർ തോമാ ചർച്ച് ലോക പ്രാർത്ഥനാ ദിനം ഭക്തിപുരസ്‌സരം ആചരിച്ചു. ഇടവക വികാരി റവ. സന്തോഷ് വർഗീസ്, റവ. പി. ചാക്കോ, സന്നദ്ധ സുവിശേഷികാ സംഘം സെക്രട്ടറി ആനി വർഗീസ് എന്നിവർ പ്രാർത്ഥനാ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി.
നൈജീരിയൻ വനിതകൾ തയ്യാറാക്കിയ "വരൂ, ഞാൻ നിങ്ങൾക്ക് ആശ്വാസം നൽകും" (മത്തായി 11:28) എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കിയായിരുന്നു ഈ വർഷത്തെ ചിന്താവിഷയം.
ബ്ലെസി മാത്യു മുഖ്യപ്രഭാഷണം നടത്തി. ജീവിതഭാരങ്ങൾക്കിടയിൽ ക്രിസ്തു നൽകുന്ന ആശ്വാസത്തെയും സമാധാനത്തെയും കുറിച്ച് അവർ സംസാരിച്ചു.നൈജീരിയൻ പതാകയുടെ നിറങ്ങളായ പച്ചയും വെള്ളയും വസ്ത്രങ്ങൾ ധരിച്ചാണ് വിശ്വാസികൾ ചടങ്ങിൽ സംബന്ധിച്ചത്. നൈജീരിയയിലെ സ്ത്രീകൾ നേരിടുന്ന പീഡനങ്ങൾ, ദാരിദ്ര്യം, വിശ്വാസപരമായ വെല്ലുവിളികൾ എന്നിവയെക്കുറിച്ചുള്ള സാക്ഷ്യങ്ങളും വീഡിയോ അവതരണവും ചടങ്ങിന് മാറ്റുകൂട്ടി.
സന്നദ്ധ സുവിശേഷികാ സംഘം അംഗങ്ങളായ നാല് പേർ നൈജീരിയൻ സ്ത്രീകളുടെ ജീവിതാനുഭവങ്ങൾ അവതരിപ്പിച്ചു. സബീന ചെറിയാൻ മദ്ബഹാ ശുശ്രൂഷകളിൽ സഹായിയായി.
"അറിവോടെയുള്ള പ്രാർത്ഥന, പ്രാർത്ഥനാപൂർവ്വമായ പ്രവർത്തനം" എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടുമുള്ള സ്ത്രീകൾക്കും കുട്ടികൾക്കുമായി പ്രത്യേക സ്തോത്രകാഴ്ചയും ശേഖരിച്ചു. വിവിധ തലമുറകളിൽപ്പെട്ട വിശ്വാസികളുടെ സജീവ പങ്കാളിത്തം കൊണ്ട് ഈ വർഷത്തെ പ്രാർത്ഥനാ ദിനം അർത്ഥവത്തായ ഒന്നായി മാറി..
(1).jpg)

