ഇന്ത്യൻ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും നേർക്കാഴ്ചയായി തിയറ്ററുകളിലെത്തിയ വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന ചിത്രമായ ‘രണബാലി’ ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുന്നു. ഒക്ടോബർ 16-ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം ആഗോളതലത്തിൽ 74 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇതിൽ തെലുങ്ക് പതിപ്പിൽ നിന്ന് മാത്രം 53 കോടി രൂപ സ്വന്തമാക്കാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്.
രാഹുൽ സംകൃത്യൻ സംവിധാനം ചെയ്ത ഈ ബ്രഹ്മാണ്ഡ ചിത്രം മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യെർനേനിയും വൈ. രവിശങ്കറും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ ‘രണബാലി’ എന്ന വീരയോദ്ധാവായി വിജയ് ദേവരകൊണ്ട എത്തുമ്പോൾ, ‘ജയമ്മ’ എന്ന കഥാപാത്രമായാണ് രശ്മിക മന്ദാന എത്തുന്നത്. ഇവരുടെ പ്രണയം പശ്ചാത്തലമാക്കിയൊരുക്കിയ ‘എന്ത്‌യ്യ സാമി’ എന്ന ഗാനം ഇതിനോടകം തന്നെ പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു.
1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ നഷ്ടമായ 80 ലക്ഷത്തോളം ഇന്ത്യക്കാരുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ട് ഒരുക്കിയ ഈ ചിത്രം യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയുള്ളതാണ്. ടി-സീരീസ് അവതരിപ്പിക്കുന്ന ഈ പാൻ-ഇന്ത്യൻ ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകർഷണം ഹോളിവുഡ് താരം അർണോൾഡ് വോസ്‌ലൂവിന്റെ സാന്നിധ്യമാണ്.

