നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്.
നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ ശ്രീകുമാർ മേനോനെതിരെ രജിസ്റ്റർ ചെയ്ത കേസിലെ തുടർനടപടികൾ റദ്ദാക്കി ഹൈക്കോടതി. തൃശ്ശൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലുള്ള കേസിലെ തുടർനടപടികളാണ് റദ്ദാക്കിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നതടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്. എന്നാൽ, ഇതടക്കമുള്ള വകുപ്പുകൾ നിലനിൽക്കില്ലെന്നാണ് ഹൈക്കോടതിയുടെ വിലയിരുത്തൽ.
2019-ൽ സംസ്ഥാന പോലീസ് മേധാവിക്കു നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ നാല് വർഷമായി ഈ കേസിൽ മഞ്ജു വാര്യർ ഒരു മറുപടിയും ഹൈക്കോടതിയിൽ നൽകിയിട്ടില്ല, എഫ്ഐആറിൽ പറയുന്ന കുറ്റകൃത്യങ്ങൾ ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം നിലനിൽക്കില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കോടതി ഉത്തരവ്. ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടിയായിരുന്നു പരാതി.
ഇതേത്തുടർന്ന് സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും സ്ത്രീയുടെ അന്തസ്സിന് ഹാനി വരുത്തിയതിനുമുള്ള വകുപ്പുകള്‍ ചേര്‍ത്തായിരുന്നു സംവിധായകനെതിരെ കേസെടുത്തിരുന്നത്. വിവാഹശേഷം സിനിമയില്‍നിന്ന് വിട്ടുനിന്ന മഞ്ജു വാര്യര്‍ ഏറെക്കാലത്തിനു ശേഷം തിരിച്ചെത്തിയത് ശ്രീകുമാര്‍ മേനോന്റെ പരസ്യ ചിത്രത്തിലൂടെയായിരുന്നു. ശ്രീകുമാർ മേനോന്‍ സംവിധാനം ചെയ്ത ഒടിയന്‍ എന്ന സിനിമയില്‍ മഞ്ജു വാര്യര്‍ ആയിരുന്നു നായിക.