PRAVASI

മാരാമൺ കൺവെൻഷൻ്റെ ചരിത്ര വഴികളിലൂടെ

Blog Image

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ കൂട്ടായ്മയാണ് പത്തനംതിട്ട ജില്ലയിലെ കോഴഞ്ചേരിയിലെ മാരാമൺ പമ്പാ മണൽ പുറത്ത് നടന്നുവരുന്ന മാരാമൺ കൺവെൻഷൻ. ഏറെ പ്രത്യേകതകളും ചരിത്ര മുഹൂർത്തങ്ങളും നിറഞ്ഞതാണ് മാരാമൺ കൺവെൻഷൻ്റെ ചരിത്രം.പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാന കാലങ്ങളിൽ കേരളത്തിൽ ക്രിസ്തീയ സഭകളിൽ ഉണർവിന്റെ കാലഘട്ടങ്ങൾ ആയിരുന്നു. കേരളത്തിൻറെ പലയിടങ്ങളിലായി പ്രാർത്ഥന കൂട്ടായ്മകൾ ഉയർന്നുവന്നു. ഈ പ്രാർത്ഥന കൂട്ടായ്മകളിൽ ആളുകൾ വർദ്ധിച്ചു വന്നപ്പോൾ എല്ലാവർക്കും ഒന്നിച്ച് വരുവാൻ സാധിക്കുന്ന വിശാലമായ ഒരു ഇടത്ത് കൂടുവാൻ ആഗ്രഹിച്ചു. അങ്ങനെ ഒന്നിച്ചു കൂടുവാൻ തിരഞ്ഞെടുത്തത് പമ്പാനദിയുടെ വെളുത്ത മണൽ പരപ്പിൽ ആയിരുന്നു. ഈ വിപുലമായ ഒത്തുകൂടലിന് ക്രമീകരണങ്ങൾ ചെയ്യാൻ മാർത്തോമ സുവിശേഷ സംഘത്തിന് ഏൽപ്പിക്കുകയും 1895 മാർച്ച് മാസം ഒമ്പതാം തീയതി മുതൽ പതിനെട്ടാം തീയതി വരെ ആദ്യത്തെ മാരാമൺ കൺവെൻഷൻ നടത്തപ്പെടുകയും ചെയ്തു. V D David, L N Wordsworth എന്നിവരായിരുന്നു പ്രധാന പ്രഭാഷകർ. ഇവരുടെ ഇംഗ്ലീഷിലുള്ള പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് കാക്കാശ്ശേരി വർഗീസ് ചെമ്മാച്ചൻ ആയിരുന്നു. 15,000 ത്തോളം ആളുകൾ ഈ യോഗങ്ങളിൽ പങ്കെടുത്തു.
ആ കാലങ്ങളിൽ ശരിയായ റോഡുകൾ ഇല്ലാതിരുന്നതിനാൽ വള്ളങ്ങളിലും മറ്റുമായിരുന്നു ആളുകൾ ഈ യോഗങ്ങളിൽ സംബന്ധിക്കുവാൻ വന്നിരുന്നത്. ദൂരസ്ഥലങ്ങളിൽ നിന്ന് വന്നവരിൽ മിക്കവരും മാരാമൺ പരിസരങ്ങളിൽ ഉള്ള വീടുകളിൽ പാർത്തുകൊണ്ട് യോഗങ്ങളിൽ പങ്കെടുത്തു.

അന്നത്തെ മാർത്തോമ മെത്രാപ്പോലീത്തയായിരുന്ന തീതോസ് ഒന്നാമന്റെ നിർദ്ദേശപ്രകാരം പെന്തക്കോസ്ത് കൺവെൻഷൻ എന്ന പേരിലാണ് കൺവെൻഷൻ അറിയപ്പെട്ടത്. ഈ കാലയളവുകളിൽ അത്രയും മാരാമൺ കൺവെൻഷൻ ചരിത്രം പരിശോധിച്ചാൽ ലോകപ്രസിദ്ധരായ അനേകം പ്രസംഗകരുടെ പാദസ്പർശം മാരാമൺ മണൽ പരപ്പിൽ പതിഞ്ഞിട്ടുണ്ട്. കൺവെൻഷനിൽ അവർ പ്രഘോഷിച്ച പ്രസംഗങ്ങൾ മാരാമൺ കൺവെൻഷൻ ചരിത്രത്താളുകളിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെട്ടു.

മാരാമൺ കൺവെൻഷൻ ചരിത്രത്തിലെ ഏറെ ശ്രദ്ധേയനായ പ്രസംഗകനായിരുന്നു സാധു സുന്ദർ സിംഗ്. 1917ലെ കൺവെൻഷനിൽ ആയിരുന്നു അദ്ദേഹം സംബന്ധിച്ചത്. അദ്ദേഹത്തിൻറെ പ്രസംഗം കേൾക്കാൻ ജനം പന്തലിൽ തിങ്ങിനിറഞ്ഞപ്പോൾ പലപ്രാവശ്യം പന്തലിന്റെ വലിപ്പം കൂട്ടേണ്ടതായി വന്നു. അദ്ദേഹത്തിൻറെ ഹിന്ദിയിൽ ഉള്ള പ്രസംഗം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് തിരുവതാംകൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആയിരുന്ന എം ഒ ഉമ്മൻ ആയിരുന്നു. സമാപന യോഗത്തിൽ സുന്ദർ സിംഗിന്റെ പ്രസംഗം കേൾക്കാൻ കൂടിവന്നത് മുപ്പതിരണ്ടായിരത്തിൽ പരം ജനമായിരുന്നു.

മാരാമൺ കൺവെൻഷന്റെ ചരിത്രം പരിശോധിച്ചാൽ തമാശകൾ നിറഞ്ഞതും ഇന്നത്തെ തലമുറയ്ക്ക് അതിശയം ജനിപ്പിക്കുന്നതുമായ അനേകം കാര്യങ്ങൾ കാണാൻ സാധിക്കും. 1948 കോഴഞ്ചേരി പാലം നിർമ്മിക്കുന്നത് വരെയും പമ്പാ നദിയുടെ ഇരുകരകളെയും ബന്ധിച്ചിരുന്നത് കെട്ടു വെള്ളങ്ങൾ ആയിരുന്നു. അച്ചടിയും മറ്റും സർവ്വസാധാരണമല്ലാതിരുന്ന ആ കാലയളവുകളിൽ പാട്ടുപുസ്തകങ്ങൾ കൺവെൻഷനിൽ ഇല്ലായിരുന്നു. ആഞ്ഞിലിത്താനം വർക്കി ഉപദേശി അങ്ങാടിക്കൽ അമ്പലവേലിയിൽ വർഗീസ് ഉപദേശിയും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകി. മാരാമൺ കൺവെൻഷനിലെ ഗായകസംഘം ദിവസങ്ങളോളം ഉള്ള പരിശീലനത്തിലൂടെ വളരെ ചിട്ടയോടെയാണ് കൺവെൻഷനിൽ ഗാനങ്ങൾ ആലപിക്കുന്നത്. 1895 മുതൽ ഇന്നുവരെയും കൺവെൻഷന്റെ സമാപന ഗാനമായി പാടുന്നത് "സ്തുതിപ്പിൻ സ്തുതിപ്പിൻ യേശുദേവനെ" എന്ന ഗാനമാണ്. അക്കോടിയൻ, പിയാനോ എന്നീ സംഗീത ഉപകരണങ്ങൾ ആദ്യമായി അവതരിപ്പിച്ചത് 1953ല്‍ ഒരു മെഥഡിസ്റ് മിഷനറിയായ ഡോ ജോൺ ടി സീമാൻഡ്സ് ആയിരുന്നു.

വിശാലമായ പന്തൽ പണിക്ക് ആവശ്യമായ ഓല കോഴഞ്ചേരിക്ക് സമീപമുള്ള ഇടവകകളിൽ നിന്ന് കൊണ്ടുവന്ന ആ ഇടവകകളിലുള്ളവർ തന്നെ പന്തൽ പണി നിർവഹിക്കുകയാണ് ചെയ്യുന്നത്. പ്രധാന പന്തലിന് സമീപം കൊച്ചുകുട്ടികളുമായി വരുന്ന സ്ത്രീകൾക്ക് കുട്ടിപ്പന്തൽ ഒരുക്കുന്നതും പതിവാണ്. 1936 മുതലാണ് കൺവെൻഷനിൽ ഉച്ചഭാഷിണികൾ ഉപയോഗിച്ചു തുടങ്ങിയത്. ആ കാലയള വരെയും പ്രസംഗം പന്തലിന്റെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കപ്പെട്ടവർ ഏറ്റു പറയുന്നതായിരുന്നു പതിവ്. അന്നത്തെ കൺവെൻഷന്റെ പ്രധാന പ്രസംഗകനായിരുന്നു Dr. Stanley Johns ആണ് അമേരിക്കയിൽ നിന്ന് ഉച്ചഭാഷിണി കൊണ്ടുവന്ന കൺവെൻഷന് സമ്മാനിച്ചത്. Stanley Johns ആ വർഷങ്ങളിലെ കൺവെൻഷനുകളിലെ പ്രധാന പ്രസംഗകരിൽ ഒരാളായിരുന്നു. കേരളത്തിൽ പുകയിലയുടെ ഉപയോഗം സർവ്വസാധാരണമായി ഇരുന്ന ഒരു കാലഘട്ടമായിരുന്നു അത്. സ്റ്റാൻലി ജോൺസ് തൻറെ പ്രസംഗത്തിൽ പുകയില ഉൽപ്പന്നങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടുകയും തങ്ങളുടെ കൈയിലുള്ള പുകയില തറയിൽ മണലിൽ കുഴിച്ചിടാനും ആവശ്യപ്പെട്ടു. മറ്റൊരു സന്ദർഭത്തിൽ ജനത്തിൽ നിന്ന് പുകയില ഉൽപ്പന്നങ്ങൾ എല്ലാം ശേഖരിച്ച് പന്തലിന് സമീപം എല്ലാവരുടെയും മുൻപിൽ വച്ച് കത്തിച്ചു.

ഓരോ വർഷം കഴിയുംതോറും ജനപങ്കാളിത്തം കൺവെൻഷനിൽ കൂടി വന്നു. 1917 മുതൽ രാത്രി യോഗങ്ങളിൽ സ്ത്രീകളെ ഒഴിവാക്കി പുരുഷന്മാർക്ക് മാത്രമായി നടത്തപ്പെട്ടു. ഇത് 2018 വരെ തുടർന്നു. മതസൗഹാർദ്ദത്തിന്റെ അനേകം സന്ദർഭങ്ങളും മാരാമൺ കൺവെൻഷനിൽ ഉണ്ടായിട്ടുണ്ട്. 1936 മാർച്ച് 9ന് എസ്എൻഡിപി യോഗത്തിന്റെ പ്രമുഖ നേതാക്കളിൽ ഒരാളും കേരളകൗമുദി പത്രത്തിൻറെ സ്ഥാപകനുമായ ശ്രീ സി വി കുഞ്ഞിരാമൻ കൺവെൻഷനിൽ സംസാരിച്ചു.

മാരാമൺ കൺവെൻഷന്റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചത് 1970 ൽ ആണ്. 1995 ൽ കൺവെൻഷന്റെ ശതാബ്ദി ആഘോഷിച്ചത് നിരവധി പ്രത്യേകതകളോടു കൂടിയായിരുന്നു. 100 സുവിശേഷകർ മിഷനറി പ്രവർത്തനത്തിനായി സമർപ്പിച്ചു. 15 മിഷ്യൻ ഫീൽഡുകൾ തുറന്നു. ശതാബ്ദി സ്മരണികയായി തപാൽ വകുപ്പ് പ്രത്യേക കവറും പുറത്തിറക്കി.

കൺവെൻഷന്റെ പ്രത്യേകതകളിൽ എടുത്ത് പറയേണ്ട ഒന്നാണ് അവിടുത്തെ അച്ചടക്കവും മറ്റ് ക്രമീകരണങ്ങളും കൺവെൻഷൻ പമ്പ നദിയുടെ മണൽ പരപ്പിൽ ആയതിനാൽ പരിസ്ഥിതി സൗഹൃദത്തിന് വളരെ മുൻതൂക്കം നൽകുന്നു.മാർത്തോമ സഭയുടെ എല്ലാ സംഘടനകളുടെയും ഭദ്രാസനങ്ങളുടെയും ഓഫീസുകൾ മണൽ പുറത്ത് ചിട്ടയായി നടത്തപ്പെടുന്നു.

മാരാമൺ കൺവെൻഷൻ മാർത്തോമാ സഭയുടെ ചുമതലയിലാണ് നടത്തപ്പെടുന്നത് എങ്കിലും കേരളത്തിലെ എല്ലാ ക്രൈസ്തവ വിശ്വാസികളുടെ സമ്മേളനമായാണ് കണക്കാക്കുന്നത്.130 മത് മാരാമൺ കൺവെൻഷൻ 2025 ഫെബ്രുവരി 9 മുതൽ 16 വരെ നടക്കുകയാണ് ഏറെ പ്രതീക്ഷകളോടെ കൺവെൻഷനിൽ സംബന്ധിക്കുന്ന വിശ്വാസ സമൂഹത്തിന് അനുഗ്രഹവും ആശ്വാസവുമായി തീരും എന്ന് പ്രതീക്ഷയോടെ...

ബെൻസൺ തെങ്ങുംപള്ളിൽ

Related Posts

Disclaimer

The advertisements and articles published in Kerala Express denote the views and ideas expressed by the concerned authors or advertisers. Kerala Express is not responsible for the authenticity of articles or advertisements and readers are requested to verify any offers etc. directly with advertiser or author.